ശരീരത്തിന്റെ ചലനശേഷി നഷ്ടമായവര്‍ക്ക് തുണയാകത്തക്ക വിധം പുതിയൊരു സംവിധാനം നിലവില്‍ വരികയാണ്. വിചാരങ്ങള്‍ക്കനുസരിച്ച്, പ്രതീതിയാഥാര്‍ഥ്യത്തിന്റെ പുത്തന്‍ലോകം സൃഷ്ടിക്കാനുള്ള സംവിധാനമാണ് ഒരു സംഘം യൂറോപ്യന്‍ ഗവേഷകര്‍ ഒരുക്കുന്നത്
മസ്തിഷ്കാഘാതം, വാഹനാപകടങ്ങള്‍ മുതലായ പ്രശ്‌നങ്ങളാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും, ഭാവിയില്‍ ഒരുപക്ഷേ അവരുടെ വൈദഗ്‌ധ്യം വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന പുതിയ സംവിധാനം വരുന്നു. രോഗിയുടെ മസ്‌തിഷ്‌കത്തിലുണ്ടാകുന്ന സിഗ്നലുകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ (വിര്‍ച്വല്‍ റിയാലിറ്റി) പുത്തന്‍ലോകമാണ് ഈ സംവിധാനത്തിന്റെ കാതല്‍. മനസിലെ വിചാരങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും എന്നതിനാല്‍, ചക്രക്കസേരയിലോ കിടക്കയിലോ ജീവിതം തളച്ചിടേണ്ട അവസ്ഥയിലെത്തിയ രോഗിക്ക്, ആ വിര്‍ച്വല്‍ ലോകത്ത് ഇഷ്ടാനുസരണം നടക്കാനും കൈകാലുകള്‍ ചലിപ്പിക്കാനുമൊക്കെ കഴിയും.
വിര്‍ച്വല്‍ ലോകത്താണെങ്കില്‍ പോലും, തന്റെ ശരീരചലനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും എന്നു വരുന്നത്, മസ്‌തിഷ്‌ക്കാഘാതം (സ്‌ട്രോക്ക്) പോലുള്ള പ്രശ്‌നങ്ങള്‍ ബാധിച്ച് ശരീരം സ്‌തംഭിച്ചു പോയവര്‍ക്ക് ശരീരത്തിന്റെ ശേഷി വീണ്ടെടുക്കാന്‍ ഉത്തേജകമായേക്കും. മാത്രമല്ല, നിസ്സഹായതയുടെ കയത്തില്‍നിന്ന് കരകയറാനും ഇത് സഹായിക്കും. ഇത്തരം പ്രശ്‌നം ബാധിച്ചവര്‍ക്ക് ഭാവിയില്‍ തന്റെ വിചാരങ്ങള്‍ക്കനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും, കുറയൊക്കെ അന്യസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും പുതിയ സംവിധാനം സഹായകമായേക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. മാത്രല്ല, വിചാരങ്ങള്‍ വിനിമയം ചെയ്യാനാകുമെന്നു വന്നാല്‍, ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടമായവര്‍ക്കു പോലും സ്വന്തം കഴിവുകളും വൈദഗ്‌ധ്യവും ഉപയോഗിക്കാന്‍ അത് അവസരമൊരുക്കുമെന്ന് 'ന്യൂ സയന്റിസ്റ്റ്' വാരികയിലെ റിപ്പോര്‍ട്ട് പറയുന്നു.
മസ്‌തിഷ്‌കസിഗ്നലുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പൂട്ടര്‍ പ്രോഗ്രാമാണ് പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ഓസ്‌ട്രിയയിലെ ഗ്രാസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ബ്രിട്ടനില്‍ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകസംഘങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ കണ്‍സോഷ്യം (PRESENCCIA) ആണ് പുതിയ വിര്‍ച്വല്‍ സംവിധാനം രൂപപ്പെടുത്തുന്നത്. ഇലക്ട്രോണുകള്‍ വഴിയോ നാട്ടികള്‍ (ഇംപ്ലാന്റുകള്‍) ഉപയോഗിച്ചോ മസ്‌തിഷ്‌ക സിഗ്നലുകള്‍ ബാഹ്യഉപകരണത്തിലേക്ക് വിനിമയം ചെയ്യുന്നതില്‍ വൈദഗ്‌ധ്യം നേടുന്നത് ഓസ്‌ട്രിയന്‍ സംഘമാണ്. രോഗിയുടെ തലയോട്ടിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോഡുകളിലൂടെയെത്തുന്ന സിഗ്നലുകള്‍, 'ഇലക്ട്രോഎന്‍സെഫലോഗ്രാം' (EEG) എന്ന നൂതന ഉപകരണത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യും. ആ സിഗ്നലുകള്‍ക്കനുസരിച്ചുള്ള ശക്തമായ വിര്‍ച്വല്‍ലോകം സൃഷ്ടിക്കുന്നത് ബ്രിട്ടീഷ് സംഘമാണ്.
മുന്നോട്ടു നടക്കുക, കൈകള്‍ ചലിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെപ്പറ്റി രോഗി ചിന്തിക്കുമ്പോള്‍, സിരാപ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ മാര്‍ഗ്ഗത്തിലൂടെ മനസിലാക്കാനാകും. ത്രിമാനദൃശ്യസംവിധാനത്തിന്റെ പ്രതീതിയുണ്ടാക്കിയിട്ടുള്ള മുറിയിരുന്ന്, പുതിയ സംവിധാനത്തിലൂടെ വിചാരങ്ങള്‍ പ്രതീതിയാഥാര്‍ത്ഥ്യമാക്കാന്‍ രോഗിക്കു കഴിയും. മുന്നിലെ സ്‌ക്രീനില്‍ കാണുന്ന കഥാപാത്രത്തെ (അവതാരത്തെ) മുന്നിലേക്കോ വശങ്ങളിലേക്കോ വിചാരങ്ങളിലൂടെ രോഗിക്ക് ചലിപ്പിക്കാനുമാകും. ആരോഗ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെയുപയോഗിച്ച്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ ഈ സംവിധാനം ആദ്യം പരീക്ഷിച്ചു. അതിനുശേഷം, ശരീരം ഏതാണ്ട് പൂര്‍ണമായി തളര്‍ന്നയാള്‍ ഈ സംവിധാനം ഉപയോഗിച്ചു നോക്കി. സ്‌ക്രീനിലെ അവതാരങ്ങളെ മുന്നോട്ടു നടത്തിച്ച് ഓരോന്നും 'ഹലോ' പറയുംവരെ കാത്തിരിക്കാന്‍ രോഗിക്ക് നിര്‍ദ്ദേശം നല്‍കി. ഭൂരിപക്ഷം വേളയിലും രോഗി അത് ഏതാണ്ട് (90ശതമാനം സമയത്തിനുള്ളില്‍) കൃത്യമായി സാധിച്ചെന്ന് ഗവേഷകര്‍ അറിയിക്കുന്നു.
"രോഗി അത് ഇഷ്ടപ്പെട്ടു"-പരീക്ഷണം നടത്തിയ യൂണിവേഴ്‌സിറ്റി കോളേജ് സംഘത്തിലെ അംഗമായിരുന്ന ഡോറോന്‍ ഫ്രീഡ്‌മാന്‍ അറിയിക്കുന്നു. തന്റെ ചുവടുകള്‍ മുന്നോട്ടു ചലിക്കുന്നതായി ചിന്തിക്കുന്നതും, പുതിയ സംവിധാനം വഴി യഥാര്‍ത്ഥത്തില്‍ 'ചലിക്കുന്നതും' വലിയ അനുഭവമായിരുന്നു എന്നാണ് രോഗി അറിയിച്ചത്. കായികവും മനശാസ്‌ത്രപരവുമായ പുനരധിവാസം വേണ്ട സാഹചര്യങ്ങളില്‍ വിര്‍ച്വല്‍ റിയാലിറ്റി വൈദ്യശാസ്‌ത്രരംഗത്തെ പുതിയ സാധ്യതയായി മാറുകയാണെന്ന്, ഇസ്രായേലിലെ 'ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഹെര്‍സ്‌ലിയ'യില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഫ്രീഡ്‌മാന്‍ പറയുന്നു. നിയന്ത്രിതമായ ഒരു പരിസ്ഥിതിയാണ് വിര്‍ച്വല്‍ റിയാലിറ്റി ഒരുക്കിത്തരുന്നത്. രോഗികള്‍ക്ക് ഏത് തരം പ്രവര്‍ത്തനം നടത്തുന്നതായും സ്വന്തമായി 'അനുഭവി'ക്കാന്‍ കഴയും-അദ്ദേഹം അഭിപ്രായപ്പെടുന്നു. (അവലംബം: ന്യൂ സയന്റിസ്‌റ്റ് വാരിക)
5 comments:
കായികവും മനശാസ്‌ത്രപരവുമായ പുനരധിവാസം വേണ്ട സാഹചര്യങ്ങളില്‍ 'വിര്‍ച്വല്‍ റിയാലിറ്റി' വൈദ്യശാസ്‌ത്രരംഗത്തെ പുതിയ സാധ്യതയായി മാറുകയാണ്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും, ഭാവിയില്‍ ഒരുപക്ഷേ അവരുടെ വൈദഗ്‌ധ്യം വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന പുതിയ സംവിധാനം ഇത്തരത്തില്‍ നിലവില്‍ വരികയാണ്.
3D സിനിമകള്‍ പോലെ വിര്‍ച്വല്‍ റിയാലിറ്റി സിനിമകളും വരുമായിരിക്കും :-)
കുതിരവട്ടന്‍,
ശരിയാണ്. അതൊരു സാധ്യതയാണ്. വിര്‍ച്വല്‍ റിയാലിറ്റി സിനിമ...കൊള്ളാം
മാതൃഭുമി ആഴ്ച്ചപതിപ്പില്‍ ബ്ലോഗുകളെ കുറിച്ചു വന്ന ലേഖനത്തിലൂടെ ആണ് ഞാന്‍ താങ്കളുടെ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞത് .വാസ്ഥവത്തില്‍ താങ്കളെ കുറിച്ചായിരുന്നു വീക്കിലി ഫീച്ചര്‍ തയാറാക്കെണ്ടിയിരുന്നത്.വിശാലമനസ്കന്‍ വളരെ പരിമിതമായ വിഷയങ്ങളെ കുറിച്ചു മാത്രമെ ബ്ലോഗില്‍ എഴുതിയിട്ടുള്ളൂ .താങ്കള്‍ ആണെന്കില്‍ കൈ വെക്കാത്ത വിഷയങ്ങള്‍ കുറവും. യു ആര്‍ റിയലി എ ജീനിയസ് .
സ്പോര്‍ത്സും സിനിമയും ഒഴികെ എല്ലാം താങ്കള്ക്ക് നന്നായി വഴങ്ങുന്നു . പക്ഷെ ഒരു സംശയം ...താങ്കള്‍ക്കു ഹോമിയോപ്പതിക്കരോട് എന്താ ഒരു ആലോഹ്യം ? ...ഭാര്യ അലോപ്പതി ഡോക്ടര്‍ ആണോ
Post a Comment