Wednesday, July 18, 2007

ആഗോളതാപനം: സൂര്യന്‍ നിരപരാധി

ഭൂമിക്കു ചൂടുപിടിക്കുന്നതിന്‌ സൂര്യനാണോ ഉത്തവാദി. ശാസ്‌ത്രീയ തെളിവുകള്‍ അവഗണിച്ച്‌ സൂര്യനെ പഴിചാരുന്നവരുടെ വാദത്തിന്‌ പ്രസക്തിയില്ലെന്ന്‌ കണ്ടെത്തല്‍

ഭൂമിയില്‍ ചൂടു വര്‍ധിക്കുന്നതില്‍ മുഖ്യപ്രതി മനുഷ്യനാണെന്നു വ്യക്തമാക്കുന്ന യു.എന്‍.റിപ്പോര്‍ട്ട്‌ പുറത്തു വന്നത്‌ ഈ വര്‍ഷമാണ്‌. ആഗോളതാപനത്തിന്‌ 90 ശതമാനവും ഉത്തരവാദി മനുഷ്യപ്രവര്‍ത്തനങ്ങളാണെന്ന്‌ 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി'(ഐ.പി.സി.സി)ന്റെ പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. രണ്ടായിരത്തിഅഞ്ഞൂറോളം ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന്‌ എത്തിയ ഈ നിഗമനം വിശ്വസിക്കാത്തവര്‍ ഉണ്ട്‌; ശാസ്‌ത്രസമൂഹത്തില്‍ തന്നെ. സൗരചക്രത്തില്‍ (solar cycle) വരുന്ന മാറ്റങ്ങളും സൂര്യന്റെ വര്‍ധിക്കുന്ന തീഷ്‌ണതയുമാണ്‌ ഭൂമിയില്‍ ചൂട്‌ കൂടാന്‍ മുഖ്യകാരണമെന്ന്‌ അത്തരക്കാര്‍ വാദിക്കുന്നു.

അങ്ങനെ കരുതിയാല്‍ പിന്നെ സംഗതികള്‍ എളുപ്പമാണ്‌. സൂര്യനാണ്‌ പ്രതിയെങ്കില്‍ ആഗോളതാപനം ചെറുക്കാന്‍ മനുഷ്യന്‍ എന്തിന്‌ മിനക്കെടണം; വരുന്നത്‌ വിധിയെന്നു കരുതി സഹിക്കുക, അത്രതന്നെ. എന്നാല്‍, സൂര്യനെ പ്രതിയാക്കിയുള്ള ഇത്തരം വാദങ്ങള്‍ക്ക്‌ ഇനി നിലനില്‍പ്പില്ലെന്ന്‌ പുതിയൊരു പഠനഫലം പറയുന്നു. കഴിഞ്ഞ കാല്‍നൂറ്റണ്ടായി സൗരതീഷ്‌ണത മുമ്പത്തെക്കാള്‍ കുറഞ്ഞു വരികയാണത്രേ.

സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണക്കാരനെങ്കില്‍, 25 വര്‍ഷത്തിനിടെ ഭൂമിയിലെ ചൂട്‌ കുറയേണ്ടതായിരുന്നു. പകരം ഈ കാലയളവില്‍ ഭൗമതാപനില ഉയരുകയാണ്‌ ചെയ്‌തത്‌. മാത്രമല്ല, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പത്തു വര്‍ഷങ്ങളും ഈ കാലയളവിലായിരുന്നു. ചൂടേറിയ മറ്റൊരു വര്‍ഷമാകും 2007 എന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കണക്കറ്റ്‌ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണമെന്ന നിഗമനത്തിന്‌ അടിവരയിടുന്നു ഈ പഠനം.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'വേള്‍ഡ്‌ റേഡിയേഷന്‍ സെന്ററി'ലെ ക്ലോസ്‌ ഫ്രോയ്‌ലികിന്റെ സഹായത്തോടെ, ബ്രിട്ടനില്‍ 'റുഥര്‍ഫോര്‍ഡ്‌-അപ്ലെറ്റൊണ്‍ ലബോറട്ടറി'യിലെ മൈക്ക്‌ ലോക്‌വുഡാണ്‌ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ സൗരപ്രവര്‍ത്തനം വിശകലനം ചെയ്‌തത്‌. സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണമെന്ന വാദം ഈ കണ്ടെത്തലോടെ അവസാനിക്കേണ്ടതാണ്‌-'പ്രൊസീഡിങ്‌സ്‌ ഓഫ്‌ ദി റോയല്‍ സൊസൈറ്റി'യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ലോക്‌വുഡ്‌ പറയുന്നു. സൂര്യനില്‍ നിന്നു കഴിഞ്ഞ 30-40 വര്‍ഷത്തെ ഊര്‍ജബഹിഷ്‌കരണ തോതും പ്രാപഞ്ചിക കിരണങ്ങളുടെ (cosmic rays) വരവും വിശകലനം ചെയ്യുകയാണ്‌ ലോക്‌വുഡും കൂട്ടരും ചെയ്‌തത്‌.

ഒരു സൗരചക്രം എന്നത്‌ പതിനൊന്നു വര്‍ഷമാണ്‌. സൂര്യന്റെ കാന്തികമണ്ഡലത്തലുണ്ടാകുന്ന വ്യതിയാനമാണ്‌ ഇതിന്‌ ആധാരം. സൗരചക്രം മാറുമ്പോള്‍ ചിലപ്പോള്‍ സൗരതീഷ്‌ണത വര്‍ധിക്കും. ഇങ്ങനെ മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലും സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം വര്‍ധിക്കാറുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തീഷ്‌ണതയില്‍ നേരിയ വര്‍ധനവിന്റെ പ്രവണത സൗരമണ്ഡലം കാട്ടിയിരുന്നു. എന്നാല്‍, 1985 ആയപ്പോഴേക്കും അത്‌ വിപരീത ദിശയിലായി. എന്നുവെച്ചാല്‍, സൗരതീഷ്‌ണതയില്‍ നേരിയ കുറവ്‌ ദൃശ്യമാകാന്‍ തുടങ്ങി-ലോക്‌വുഡിന്റെ പഠനം പറയുന്നു. "കഴിഞ്ഞ 20-30 വര്‍ഷത്തിനിടെ ഭൂമിയുടെ ചൂട്‌ വര്‍ധിച്ചതിന്‌ സൂര്യനല്ല ഉത്തരവാദിയെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു"- പുതിയ ഐ.പി.സി.സി.റിപ്പോര്‍ട്ട്‌ തയ്യാറാക്കിയവരില്‍ പ്രധാനിയായ ലീഡ്‌സ്‌ സര്‍വകലാശാലയിലെ ഡോ.പിയേഴ്‌സ്‌ ഫോസ്‌റ്റര്‍ പറയുന്നു.

കാര്‍ബണ്‍ഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ(green house gases) വ്യാപനമാണ്‌ ഭൗമാന്തരീക്ഷം ചൂടുപിടിക്കുന്നതിന്‌ മുഖ്യകാരണം എന്നാണ്‌ ശാസ്‌ത്രസമൂഹം പൊതുവെ എത്തിയിട്ടുള്ള നിഗമനം. പെട്രോളിയം ഉത്‌പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ കണക്കറ്റ ഉപയോഗം, അന്തരീക്ഷത്തില്‍ അപകടകരമാം വിധം ഹരിതഗൃവാതകം വ്യാപിക്കാന്‍ ഇടയാക്കുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജപ്രവാഹത്തെക്കാള്‍ ആഗോളതാപനത്തിന്‌ 13 മടങ്ങ്‌ കൂടുതല്‍ ഉത്തരവാദി ഹരിതഗൃഹവാതകങ്ങളാണെന്ന്‌, കഴിഞ്ഞ ഫിബ്രവരിയില്‍ പുറത്തുവന്ന ഐ.പി.സി.സി.റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍, ഈ വസ്‌തുത അംഗീകരിക്കാത്ത സംശയാലുക്കള്‍ ഉണ്ട്‌. സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണം എന്നതാണ്‌ അത്തരക്കാരുടെ മുഖ്യവാദഗതി. ഡാനിഷ്‌ നാഷണല്‍ സ്‌പേസ്‌ സെന്ററിലെ ഗവേഷകനായ ഈജില്‍ ഫ്രീസ്‌ ക്രിസ്റ്റെന്‍സന്‍, ഹെന്റിക്‌ സ്വെന്‍സ്‌മാര്‍ക്ക്‌ തുടങ്ങിയവര്‍ ചേര്‍ന്നു രൂപം നല്‍കിയിട്ടുള്ള 'പ്രാപഞ്ചികകിരണ അനുമാനം' (cosmic ray hypothesis) അത്തരമൊരു വാദഗതി മുന്നോട്ടുവെക്കുന്നു. ഈ അനുമാനം ഐ.പി.സി.സി.കണക്കിലെടുത്തിട്ടില്ല എന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌.

ഭൗമാന്തരീക്ഷത്തില്‍ ജലബാഷ്‌പം സാന്ദ്രീകരിക്കാന്‍ പാകത്തില്‍ ചെറുകണങ്ങള്‍ കൂട്ടിച്ചേര്‍ച്ച്‌ മേഘങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ സൂര്യനില്‍ നിന്നുള്ള പ്രാപഞ്ചിക കിരണങ്ങള്‍ സാഹായിക്കും. മേഘങ്ങള്‍ ഭൂമിയെ തണുപ്പിക്കും. സൗരകാന്തികമണ്ഡലത്തിന്റെ തീഷ്‌ണത വര്‍ധിക്കുമ്പോള്‍, അവിടെ നിന്നുള്ള പ്രാപഞ്ചിക കിരണങ്ങള്‍ ഭാഗികമായി തടയപ്പെടാറുണ്ട്‌. അത്തരം കാലങ്ങളില്‍ സ്വാഭാവികമായും ഭൂമിക്കു മുകളില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ അവസരം കുറയും, ഭൂമി ചൂടാകും. 'പ്രാപഞ്ചികകിരണ അനുമാന'ത്തിന്റെ കാതല്‍ ഇതാണ്‌.

ഈ വര്‍ഷം ആദ്യം ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടെലിവിഷന്‍ 'ദി ഗ്രേറ്റ്‌ ഗ്ലോബല്‍ വാമിങ്‌ സ്വിന്‍ഡില്‍' എന്നൊരു വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണം എന്നായിരുന്നു ആ ഡോക്യുമെന്ററിയുടെ കാതല്‍. അതിനുള്ള മറുപടിയെന്ന നിലയ്‌ക്കു കൂടിയാണ്‌ മൈക്ക്‌ ലോക്‌വുഡും സംഘവും സൗരതീഷ്‌ണതയെക്കുറിച്ചു പഠനം നടത്തിയത്‌.(കടപ്പാട്‌: ഗാര്‍ഡിയന്‍, ബി.ബി.സി.ന്യൂസ്‌).

9 comments:

Joseph Antony said...

ആഗോളതാപനത്തിന്‌ മുഖ്യകാരണം മനുഷ്യ പ്രവര്‍ത്തനങ്ങളല്ല, സൂര്യനാണെന്ന്‌ കരുതുന്നവരുണ്ട്‌. എന്നാല്‍, അത്തരം വാദഗതികളില്‍ കഴമ്പില്ലെന്ന്‌ പുതിയൊരു കണ്ടെത്തല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൂര്യന്റെ തീഷ്‌ണതയില്‍ കുറവുണ്ടായത്രേ. സൂര്യനാണ്‌ പ്രതിയെങ്കില്‍, ഈ കാലയളവില്‍ ഭൗമാന്തരീക്ഷത്തിന്റെ ചൂട്‌ കുറയണമായിരുന്നു. പക്ഷേ, സംഭവിച്ചത്‌ നേരെ തിരിച്ചാണ്‌.

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ, ഈ വിഷയം അല്‍പ്പം കൂടി വിശദമായി മനസ്സിലാക്കുന്നതിന് സൌരകിരണങ്ങളിലെ എനര്‍ജി എങ്ങനെയാണ് അത് പതിക്കുന്ന ഗ്രഹങ്ങളില്‍ താപമായി മാറുന്നത്, അന്തരീക്ഷതാപനില ക്രമീകരിക്കപ്പെട്ടിരിക്കുന്നതെങ്ങിനെ എന്നൊക്കെ വിശദമാക്കുന്ന ഒരു ലേഖനം കൂടി വേണം.

ഈ ലേഖനം നന്നായി. അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
അപ്പു

oru blogger said...

എഡോ ജോസഫേ :)
താന്‍ യാര്?

ഈ environmentalism എന്നു പറഞ്ഞാല്‍ത്തന്നെ ഒരു തരം ഭീകരവാദമാ..സൂര്യന്റെ താപം cyclical ആയി കൂടുകയും കുറയുകയും ഒക്കെ ചെയ്യും എന്നു പറയുന്ന സയന്റിസ്റ്റുകളുമുണ്ട്...

ഒന്നുകില്‍ മഴ, അല്ലെങ്കില്‍ സൂര്യന്‍...മറ്റെന്തെങ്കിലും എഴുതെടോ ..എന്തോന്ന് മാഷ്:)

oru blogger said...

great that you have news-link from Kurinji. Now no need to go to mathrubhumi to read the news. All in one!

But I still object your extreme enviornmentalism and blaming Bush for that.:)

vimathan said...

പ്രിയ ജോസഫ് ആന്റണി മാഷേ, ഐ പി സി സി യെയും ആഗോളതാപനത്തെയും പറ്റി ഒരു വിമതാഭിപ്രായത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നൂ:
http://www.spiked-online.com/index.php?/site/article/3540/

keralafarmer said...

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്‌ കുറയണമെങ്കില്‍ പച്ചിലകള്‍ ധാരാളം വേണം. കാട്‌ വെട്ടിത്തെളിച്ചും, രാസ സ്വഭാവമുള്ള നൈട്രജ്ന്‍ വളങ്ങള്‍ മണ്ണില്‍ വാരി വിതറി മണ്ണിന്റെ pH വര്‍ദ്ധിപ്പിച്ച്‌ ഇലകളില്‍ ഹരിതകത്തില ലോഹമൂലകമായ മഗ്നീഷ്യത്തിന്റെ അളവ്‌ കുറച്ചും, കളനാശിനി എന്ന പേരില്‍ പച്ചിലകളെ നശിപ്പിക്കുന്ന റൌണ്ടപ്പ്‌ ഉപയോഗിച്ചും, ഓര്‍ഗാനിക്‌ റീ സൈക്ലിംഗിന് തടസം സൃഷ്ടിച്ചും, മണ്ണിന്റെ ജൈവ സമ്പുഷ്ടി എന്ന ഹ്യൂമസ്‌ ഇല്ലാതെ മണ്ണിരകളെയും മണ്ണിനെയും കൊന്നും എന്നു വേണ്ട ഈ മനുഷ്യ കുലത്തെപ്പറ്റി കൂടുതല്‍ എഴുതിയാല്‍ ആരെങ്കിലും ചോദിക്കും നീ ഏത്‌ ശാസ്ത്രജ്ഞനെടേ എന്ന്‌. അതുകൊണ്ട്‌ മൌനം വിദ്വാന് ഭൂഷണം. കേരളത്തില്‍ വെള്ളപ്പൊക്കം യു.പി യില്‍ മഴദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ അര്‍ധ് നഗ്നരായി നിലമുഴുന്ന സ്ത്രീകള്‍ പഞ്ച ഭൂതങ്ങളെ നശിപ്പിച്ചിട്ട്‌ കാശുള്ളവര്‍ക്ക്‌ പോക്കാന്‍ അങ്ങ്‌ ദൂരെ ഒരു ഗ്രഹത്തില്‍ അല്പം ജലം കണ്ടെത്തിയിട്ടുണ്ട്‌.

മുസാഫിര്‍ said...

നല്ല ലേഖനം ജോ‍സഫ് മാഷേ.
(തലക്കെട്ട് ആഗോള താപനം എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലെ )
ചന്ദ്രേട്ടന്റെ കന്റ്റ്റും ശ്രദ്ധേയമായി.

Joseph Antony said...

അപ്പു, തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത്‌ വിലപ്പെട്ട നിര്‍ദ്ദേശമാണ്‌. ഇതൊരു റിപ്പോര്‍ട്ടു മാത്രമാണ്‌. അതിനാല്‍, എനിക്കു തോന്നുന്നു താങ്കള്‍ക്ക്‌ ഈക്കാര്യത്തില്‍ ചിലതു ചെയ്യാനാകുമെന്ന്‌. മഴക്കാല പോസ്‌റ്റുകള്‍ പോലെ...

തമ്പിയളിയന്‍, പിണറായി സ്റ്റൈലിലാണല്ലോ. കസറുന്നുണ്ട്‌...ബൂലോകത്തുള്ള ഒരേയൊരു അളിയനായതുകൊണ്ട്‌ കൂടുതലൊന്നും പറയാന്‍ വയ്യ!

വിമതന്‍, ആ ലിങ്ക്‌ നല്‍കിയത്‌ നന്നായി. ഏത്‌ എതിരഭിപ്രായവും വിലമതിക്കപ്പെടേണ്ടതാണ്‌.

ചന്ദ്രേട്ടാ, കമന്റ്‌ നന്നായി.

മുസാഫിര്‍, എനിക്ക്‌ ഡിസ്‌ലെക്‌സിയ എന്ന രോഗമാണോ എന്നു പോലും ചിലപ്പോള്‍ സംശയം തോന്നുന്നു. ഇതിനു മുമ്പും ഹെഡ്ഡിങില്‍ ഇതുപോലൊരു തെറ്റുവന്നു. ഏതായാലും അത്‌ ചൂണ്ടിക്കാട്ടിയതു നന്നായി.

Unknown said...

Uncle kurinji is great

Cijo