
കാസ്സിനി ഇമേജിങ് ടീമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. കാസ്സിനി വാഹനം 2007 മെയ് 30-ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അറുപതാം ഉപഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് തുണവുകയായിരുന്നു. "അങ്ങേയറ്റം മങ്ങിയ ഒരു വസ്‌തുവിന്റെ സാന്നിധ്യമാണ് ആദ്യം കണ്ടത്"-ഇമേജിങ് ടീമിലെ അംഗവും യൂണിവേഴ്‌സിറ്റ് ഓഫ് ലണ്ടനിലെ ഗവേഷകനുമായ പ്രൊഫ.കാള്‍ മുറെയ് അറിയിക്കുന്നു. ആ സൂചനയുടെ വെളിച്ചത്തില്‍ കാസ്സിനിയെടുത്ത ചിത്രങ്ങളിലൂടെ ശ്രമകരമായ ഒരു പര്യവേക്ഷണം തന്നെ നടത്തേണ്ടി വന്നു ഉപഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍- അദ്ദേഹം അറിയിക്കുന്നു. ശനിക്ക് ഇനിയും ഉപഗ്രഹങ്ങള്‍ കണ്ടെത്താന്‍ ബാക്കിയുണ്ട് എന്നാണിത് വ്യക്തമാക്കുന്നത്.
ശനിഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും അടുത്തറിയാനായി 1997-ലാണ് 'കാസ്സിനി-ഹൈജന്‍സ്' (Cassini-Huygens) ദൗത്യം യാത്ര തിരിച്ചത്. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ 'നാസ'(NASA), യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയായ 'ഇസ'(Esa), ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയായ 'എ.എസ്.ഐ'(ASI) എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ആ ദൗത്യം. 2004-ല്‍ ദൗത്യവാഹനം ശനിക്കു സമീപമെത്തി. 2005 ആദ്യം ഹൈജന്‍സ് വാഹനം വേര്‍പെട്ട്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ടൈറ്റാനി'(Titan)ല്‍ പതിച്ചു. സൗരയൂഥത്തില്‍ ഭൂമിയുടെ അപരനെന്നറിയപ്പെടുന്ന ടൈറ്റാന്റെ രഹസ്യങ്ങളറിയുക എന്നതായിരുന്നു ഹൈജന്‍സ് വാഹനത്തിന്റെ ലക്ഷ്യം.
ബ്രീട്ടനില്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫെസിലിറ്റീസ് കൗണ്‍സില്‍ (STFC) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രൊഫ. കെയ്‌ത്ത് മാസന്‍ അറിയിക്കുന്നതു പ്രകാരം, 1997-ല്‍ കാസ്സിനി-ഹൈജന്‍സ് ദൗത്യം പുറപ്പെടുന്ന സമയത്ത് ശനിയുടെ 18 ഉപഗ്രഹങ്ങളെക്കുറിച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു. കാസ്സിനി വാഹനവും ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളും ചേര്‍ന്ന് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 48 ഉപഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. കണ്ടെത്തിയ 60 ഉപഗ്രഹങ്ങളില്‍ 48 എണ്ണത്തിനേ പേരിട്ടിട്ടുള്ളു. അറുപതില്‍ 34 ഉപഗ്രങ്ങള്‍ വെറും പത്തു കിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ളവയാണ്. ശനിയുടെ ഉപഗ്രഹങ്ങളില്‍ ഏഴെണ്ണം മാത്രമാണ് ഗുരുത്വാകര്‍ഷണത്താല്‍ ഗോളാകൃതി പ്രാപിക്കാന്‍ മാത്രം പിണ്ഡമുള്ളവ.(കടപ്പാട്: ബി.ബി.സി.ന്യൂസ്, വിക്കിപീഡിയ).
1 comment:
ശനിയുടെ ഉപഗ്രഹങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. അറുപതാമതൊരു ഉപഗ്രഹം കൂടി കണ്ടെത്തിയിരിക്കുന്നു ശനിക്ക്. കാസ്സിനി വാഹനമെടുത്ത ദൃശ്യങ്ങളില്‍ നിന്നാണ് ആ ഉപഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
Post a Comment