Friday, July 27, 2007

സമയമെന്ന വ്യാമോഹം

സമയമെന്ന പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍ ശ്രമപ്പെട്ടിട്ടുള്ളത്‌. നൂറ്റാണ്ടുകളായി എത്രയോ ദാര്‍ശനികന്മാരുടെ മുഖ്യചിന്താവിഷയം അതായിരുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നടന്ന അന്വേഷണങ്ങളായിരുന്നു
മയം മൂന്നു പൊയ്‌ക്കാലുള്ള ഒരു വിചിത്ര ജീവിയെപ്പോലെയാണ്‌. ഭൂതകാലത്തിന്റെ കാരുണ്യരഹിതമായ ഭൂമികയിലാണ്‌ അത്‌ ഒരു കാല്‍ വെച്ചിരിക്കുന്നത്‌. വര്‍ത്തമാനത്തിന്റെ വ്യാമോഹങ്ങളില്‍ രണ്ടാമത്തേതും, ഭാവിയുടെ അവ്യക്തതകളിലും അനിശ്ചിതങ്ങളിലും മൂന്നാമത്തെ കാലും ഊന്നിയാണ്‌ അതിന്റെ നില്‍പ്പ്‌. സെക്കന്‍ഡും മണിക്കൂറും ദിവസവുമൊക്കെയായി സമയത്തെ മുറിച്ചു സൗകര്യപ്പെടുത്താന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, അതിനെയൊക്കെ പരാജയപ്പെടുത്തി സമയം നീങ്ങിക്കൊണ്ടിരിക്കും; നമുക്കിഷ്‌ടമായാലും ഇല്ലെങ്കിലും. ശരാശരി ആയുസ്സുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍, ഏതാണ്ട്‌ 650,000 മണിക്കൂര്‍ നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ജീവിച്ച്‌ മറയാം. അതില്‍ കൂടുതല്‍ സമയവുമായി ഏറ്റുമുട്ടാന്‍ മനുഷ്യനെന്ന നിലയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ കഴിയില്ല.

സമയമെന്ന പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍ ശ്രമപ്പെട്ടിട്ടുള്ളത്‌. നൂറ്റാണ്ടുകളായി എത്രയോ ദാര്‍ശനികന്മാരുടെ മുഖ്യചിന്താവിഷയം അതായിരുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നടന്ന അന്വേഷണങ്ങളായിരുന്നു. ഭൂമിയുടെ പ്രായമോ പ്രപഞ്ചത്തിന്റെ ആയുസ്സോ ഒക്കെ അടുത്തയിടെ മാത്രം മനുഷ്യന്‍ അറിഞ്ഞെടുത്ത വസ്‌തുതകളാണ്‌. പ്രപഞ്ചത്തിന്റെ പിറവിയെയും വികാസത്തെയും വിധിയെയും പറ്റി സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍, വിഖ്യാത ശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌ എണ്‍പതുകളില്‍ രചിച്ച പുസ്‌തകത്തിന്റെ പേര്‌ `എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം'(കാലത്തിന്റെ ഒരു ഹൃസ്വചരിത്രം) എന്നായത്‌ യാദൃശ്ചികമല്ല.

1865 ഏപ്രില്‍ 15-ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ വധിക്കപ്പെട്ട കാര്യം `റോയിട്ടേഴ്‌സി'ന്റെ ലേഖകന്‍ അയച്ച റിപ്പോര്‍ട്ടിലൂടെ പുറംലോകം (അന്ന്‌ പുറംലോകം എന്നതിനര്‍ത്ഥം യൂറോപ്പ്‌ എന്നായിരുന്നു) അറിഞ്ഞത്‌ ഒരു മാസം കഴിഞ്ഞാണ്‌. റിപ്പോര്‍ട്ടുമായി കപ്പല്‍ അത്‌ലാന്റിക്‌ കടന്നെത്താന്‍ അത്രയും സമയമെടുത്തു. അത്തരമൊരു `വൈകല്‍' ഇന്നില്ല. തത്സമയമാണിപ്പോള്‍ കാര്യങ്ങള്‍. കാലത്തിന്റെ ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ മായ്‌ച്ചുകളയാന്‍ സാങ്കേതിക മുന്നേറ്റം മനുഷ്യനെ സഹായിച്ചു. മറ്റെല്ലാ ജീവികളും സമയത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെടുമ്പോള്‍, മനുഷ്യന്‍ മാത്രം അതിനെ പരിമിതമായ തോതിലെങ്കിലും അതിജീവിക്കാന്‍ ശ്രമിച്ച്‌ വിജയം നേടിയിരിക്കുന്നു. ഭൂമിയില്‍ മനുഷ്യന്‍ നേടിയ ആധിപത്യത്തിന്റെ മുഖ്യലക്ഷണം തന്നെ അവന്‌ സമയത്തെ മെരുക്കാന്‍ കഴിഞ്ഞതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

അഞ്ഞൂറ്‌ കോടി വര്‍ഷം പ്രായമുള്ള ഇടത്തരം നക്ഷത്രമായ സൂര്യനെ ചുറ്റുന്ന, ഏതാണ്ട്‌ 460 കോടി വര്‍ഷം പഴക്കമുള്ള ഗ്രഹമാണ്‌ ഭൂമി. ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹമെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഏകസ്ഥലം. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്റെ ഉത്തരം, എത്രകാലമായി മനുഷ്യന്‍ ഭൂമിയില്‍ ആധിപത്യം നേടിയിട്ടെന്ന ചോദ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഭൂമിയുടെ പ്രായമായ 460 കോടി വര്‍ഷത്തെ കേവലമൊരു ദിവസമായി സങ്കല്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന കാര്യം 'എ ഷോര്‍ട്ട്‌ ഹിസ്‌റ്ററി ഓഫ്‌ നിയര്‍ലി എവരിതിങ്‌' എന്ന ഗ്രന്ഥത്തില്‍ ബില്‍ ബ്രൈസന്‍ വിവരിച്ചിട്ടുണ്ട്‌. രാത്രി പന്ത്രണ്ടു മുതല്‍ അടുത്ത രാത്രി പന്ത്രണ്ടു മണി വരെ നീളുന്ന സമയം. അങ്ങനെയെങ്കില്‍ പുലര്‍ച്ചെ നാലുമണിക്ക്‌ ഭൂമുഖത്ത്‌ ജീവന്റെ ആദ്യനാളങ്ങള്‍ പ്രത്യക്ഷപ്പെട്ടു; അങ്ങേയറ്റം ലളിതമായ ഏകകോശ ജീവികളുടെ ആഭിര്‍ഭാവത്തോടെ. ജീവന്റെ ചരിത്രം അവിടെയാണ്‌ തുടങ്ങുന്നത്‌. പിന്നീട്‌ 16 മണിക്കൂര്‍ നേരത്തേക്ക്‌ (വൈകുന്നേരം 8.30 വരെ) വലിയ മാറ്റമൊന്നുമുണ്ടായില്ല. അപ്പോഴേക്കും ദിവസത്തിന്റെ ആറില്‍ അഞ്ചു ഭാഗവും കഴിഞ്ഞിരുന്നു. ആ സമയം വരെ ഭൂമി സൂക്ഷ്‌മജീവികളുടെ മാത്രം ഗ്രഹമായിരുന്നു.

അവശേഷിച്ചിരുന്ന നാലുമണിക്കൂറിനുള്ളിലാണ്‌ ബാക്കിയെല്ലാം സംഭവിച്ചത്‌. രാത്രി 8.30-ന്‌ ആദ്യ സമുദ്രസസ്യങ്ങള്‍ ആവര്‍ഭവിച്ചു. 20 മിനിറ്റിന്‌ ശേഷം ആദ്യ ജല്ലിഫിഷുകള്‍ പ്രത്യക്ഷപ്പെട്ടു. സങ്കീര്‍ണ്ണജീവികളുടെ പ്രാചീനരൂപങ്ങളായ ട്രിലോബൈറ്റുകള്‍ (trilobites) 9.04-ഓടെ രംഗത്തെത്തി. ഏതാണ്ട്‌ അതേസമയത്തു തന്നെ പ്രത്യേക ആകൃതികളോടുകൂടിയ ജീവികളും ഉടലെടുത്തു തുടങ്ങി. രാത്രി പത്തുമണിക്കു തൊട്ടുമുമ്പായി കരയില്‍ വളരുന്ന സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദിവസം തീരാന്‍ കഷ്‌ടിച്ച്‌ രണ്ടു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കരയിലെ ആദ്യജീവികള്‍ പ്രത്യക്ഷപ്പെട്ടു. 10.24 -ഓടെ ഭൂമുഖത്തു മുഴുവന്‍ വന്‍ കാര്‍ബോണിഫെറസ്‌ കാടുകള്‍(Carboniferous forests) നിറഞ്ഞു. ഇന്ന്‌ നമുക്കു ലഭിക്കുന്ന കല്‍ക്കരി മുഴുവന്‍ ആ കാടുകളുടെ അവശിഷ്‌ടമാണ്‌. ആ സമയത്തു തന്നെ ചിറകുള്ള ആദ്യപ്രാണികളും രംഗത്തെത്തി. ഡിനോസറുകള്‍ ആധിപത്യം സ്ഥാപിക്കുന്നത്‌ 11 മണിക്ക്‌ അല്‍പ്പം മുമ്പാണ്‌. മണിക്കൂറിന്റെ മൂന്നിലൊന്നു സമയമേ അവയുടെ ആധിപത്യം നീണ്ടുള്ളൂ. അതോടെ നാമാവശേഷമായി. ദിവസം തീരാന്‍ 21 മിനിറ്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ ഡിനോസറുകള്‍ പൂര്‍ണമായി അരങ്ങൊഴിഞ്ഞു. സസ്‌തനികളുടെ യുഗം അപ്പോഴാണ്‌ ആരംഭിക്കുന്നത്‌. അര്‍ധരാത്രിക്ക്‌ വെറും ഒരു മിനിറ്റും 17 സെക്കന്റും അവശേഷിക്കുമ്പോഴാണ്‌ മനുഷ്യന്റെ രംഗപ്രവേശം! ഒരു മനുഷ്യായുസ്‌ എന്നുവെച്ചാല്‍ ഇതില്‍ ഒരു സെക്കന്റിന്റെ എത്ര നിസ്സാരമായ അംശമായിരിക്കും എന്നു ചിന്തിച്ചു നോക്കുക.

ഇത്‌ ഭൂമിയുടെ കാര്യം. പ്രപഞ്ചത്തിന്റെ കാര്യത്തില്‍ കഥ ആരംഭിക്കുന്നത്‌ 1370 കോടി വര്‍ഷം മുമ്പെന്നാണ്‌ ഏറ്റവുമൊടുവില്‍ ശാസ്‌ത്രലോകം എത്തിയിരിക്കുന്ന നിഗമനം. തുടക്കം ഒരു കണത്തില്‍ നിന്നായിരുന്നു. അതിന്‌ സംഭവിച്ച മഹാവിസ്‌ഫോടനത്തിന്റെ(Big bang) ഫലമാണ്‌ പ്രപഞ്ചം എന്നതാണ്‌, പ്രപഞ്ചസൃഷ്‌ടിയെപ്പറ്റിയുള്ള പ്രബല സിദ്ധാന്തം. മഹാവിസ്‌ഫോടനത്തോടെയാണ്‌ സമയമുള്‍പ്പടെ നമുക്ക്‌ അനുഭവേദ്യമായ എല്ലാറ്റിന്റെയും ആരംഭം. കെട്ടുകഥയെക്കാള്‍ വിചിത്രമെന്നു തോന്നാവുന്ന ഈ സിദ്ധാന്തത്തിന്‌ വേണ്ടുവോളം തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു എന്നറിയുക. പ്രപഞ്ചം ഇതിനകം പിന്നിട്ട 1370 കോടിവര്‍ഷത്തില്‍ ഏറ്റവും നിര്‍ണ്ണായകമെന്നു പറയാവുന്ന സമയം, പക്ഷേ മഹാവിസ്‌ഫോടനം കഴിഞ്ഞുള്ള ആദ്യ സെക്കന്‍ഡിന്റെ ആദ്യഭാഗമായിരുന്നു എന്നറിയുമ്പോഴാണ്‌ സമയത്തിന്റെ അതിസൂക്ഷ്‌മാംശത്തിന്റെ സ്വാധീനം പ്രപഞ്ചത്തെ എങ്ങനെ രൂപപ്പെടുത്തി എന്നു മനസിലാവുക.

പ്രപഞ്ചത്തിലെ ബലങ്ങളും ദ്രവ്യവും മറ്റ്‌ ഭൗതീകഗുണങ്ങളുമെല്ലാം ഉരുത്തിരിയാന്‍ കാരണമായത്‌, ആദ്യ സെക്കന്റിന്റെ ആദ്യഭാഗത്ത്‌ സംഭവിച്ച `മഹാവികാസ'മെന്നു തന്നെ പറയാവുന്ന 'മഹാവികാസം' (Inflation) ആയിരുന്നു എന്നാണ്‌ കരുതുന്നത്‌. 'മഹാവികാസ സിദ്ധാന്തം' എന്നറിയപ്പെടുന്ന ഈ നിഗമനം മുന്നോട്ടുവെച്ചത്‌ അലന്‍ ഗുഥ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌; 1979-ല്‍. ആദ്യസെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊരംശം സമയം കൊണ്ടാണ്‌ ആ 'മഹാവികാസം' നടന്നതെന്ന്‌ അലന്‍ ഗുഥ്‌ സമര്‍ത്ഥിച്ചു. ആ സമയം കൊണ്ട്‌ ഒരു പ്രാപഞ്ചിക കണികയില്‍ നിന്ന്‌ കൈക്കുള്ളില്‍ ഒതുങ്ങുന്ന വലുപ്പത്തില്‍, ഒരുപക്ഷേ 10,000,000,000,000,000,000,000,000 മടങ്ങ്‌ വലുപ്പത്തിലേക്ക്‌ പ്രപഞ്ചം വളര്‍ന്നു! ആ സ്ഥിതിയില്‍ നിന്നാണ്‌ ഇപ്പോള്‍ നൂറ്‌ ബില്ല്യണ്‍ (ഒരു ബില്ല്യണ്‍ = നൂറു കോടി) പ്രകാശവര്‍ഷം വിസ്‌തൃതിയുള്ള ഒന്നായി പ്രപഞ്ചം മാറിയത്‌.തലചുറ്റലുണ്ടാക്കുന്ന കണക്കുകളാണിവ. അതിവിടെ നിര്‍ത്താം. ഇനി സമയത്തിന്റെ മറ്റൊരു വശം പരിഗണിച്ചു നോക്കാം. ഇന്ന്‌, ഇന്നലെ, നാളെ എന്നൊക്കെ ക്ലിപ്‌തമായി നിര്‍ണ്ണയിക്കാവുന്ന ഒന്നാണോ സമയം.

ഭൂമിയില്‍ നിന്ന്‌ നൂറ്‌ പ്രകാശവര്‍ഷമകലെ (ഒരു പ്രകാശവര്‍ഷമെന്നത്‌ പ്രകാശം സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ എന്ന തോതില്‍ ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ്‌. ഇത്‌ ഏതാണ്ട്‌ 9.5 ലക്ഷം കോടി കിലോമീറ്റര്‍ വരും) സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ 2005-ല്‍ നിരീക്ഷിക്കുന്ന വ്യക്തി എന്താണ്‌ യഥാര്‍ത്ഥത്തില്‍ കാണുന്നത്‌? ഏതൊരു വസ്‌തുവിലെയും പ്രകാശം നോക്കുന്നയാളുടെ കണ്ണിലെത്തുമ്പോഴാണ്‌ കാഴ്‌ച സാധ്യമാവുക. അതനുസരിച്ചാണെങ്കില്‍, മേല്‍പ്പറഞ്ഞ നക്ഷത്രത്തെ 2005-ല്‍ കാണുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ദര്‍ശിക്കുന്നത്‌ 1905-ലെ നക്ഷത്രത്തെയാണ്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയില്‍ തന്റെ വിഖ്യാതമായ വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നതേയുള്ളൂ അപ്പോള്‍. ആ നക്ഷത്രത്തിന്റെ `ഇന്നത്തെ' കാഴ്‌ച കിട്ടണമെങ്കിലോ. നിങ്ങള്‍ നൂറുവര്‍ഷം കാത്തിരിക്കണം. അപ്പോള്‍ ഭൂതകാലത്തെ ഏതോ മായക്കാഴ്‌ചയാണോ ആ നക്ഷത്രത്തെ നോക്കിയയാള്‍ കണ്ടത്‌. ഇപ്പോഴത്തെ കാഴ്‌ചയെന്നത്‌ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു അനിശ്ചിതത്വമാണോ?

സമയമെന്നത്‌ കൃത്യതയാര്‍ന്ന ഒന്നാണെന്ന ധാരണ തിരുത്തിയെഴുതിയത്‌ ഐന്‍സ്റ്റയിന്‍ ആണ്‌. സമയമെന്നത്‌ ആപേക്ഷികമാണെന്നും അത്‌ നിരീക്ഷിക്കുന്നയാളെ ആശ്രയിച്ചാണ്‌ അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി തന്നു. സ്ഥലകാലങ്ങളുടെ അഴിയാചുഴിയില്‍ മുങ്ങിനീന്താനാണ്‌ പ്രപഞ്ചത്തിന്റെ വിധിയെന്ന്‌ ഐന്‍സ്റ്റയിന്‍ നിഗമനത്തിലെത്തി. അതുകൊണ്ടു തന്നെ ``സമയമെന്നത്‌ ഒരു വ്യാമോഹം മാത്രമാണെ''ന്ന്‌ പറയാന്‍ ഏറ്റവു അര്‍ഹതയുള്ള വ്യക്തിയും ഐന്‍സ്റ്റയിന്‍ തന്നെയായിരുന്നു.(2005 നവംബര്‍ 12-ന്റെ 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌).

5 comments:

JA said...

മറ്റെല്ലാ ജീവികളും സമയത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെടുമ്പോള്‍, മനുഷ്യന്‍ മാത്രം അതിനെ പരിമിതമായ തോതിലെങ്കിലും അതിജീവിക്കാന്‍ ശ്രമിച്ച്‌ വിജയം നേടിയിരിക്കുന്നു. ഭൂമിയില്‍ മനുഷ്യന്‍ നേടിയ ആധിപത്യത്തിന്റെ മുഖ്യലക്ഷണം തന്നെ അവന്‌ സമയത്തെ മെരുക്കാന്‍ കഴിഞ്ഞതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. സമയത്തെപ്പറ്റി ചില ചിന്തകള്‍

ഉത്സവം : Ulsavam said...

ലേഖനം നന്നായിരിക്കുന്നു.
എബ്രഹാം ലിങ്കണ്‍ അന്തരിച്ച തീയതി എഴുതിയിരിക്കുന്നതില്‍ ചെറിയ പിശകുണ്ട്, തിരുത്തുമല്ലോ.

JA said...

ഉത്സവം, ആ പിശക് ചൂണ്ടിക്കാട്ടിയത് നന്നായി, ശരിയാക്കിയി്ട്ടുണ്ട്.
-ജോസഫ്

വേണു venu said...

സമയം. നിര്‍വ്വചിക്കാന്‍‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്.

ലേഖനം വളരെ നന്നായിരിക്കുന്നു.:)

ഇത്തിരിവെട്ടം said...

ജ.. ഒത്തിരി നന്നായി ഈ ലേഖനം. കാലം എന്ന സമസ്യ നിര്‍വചിക്കുന്നതില്‍ മനുഷ്യ ചിന്ത പരാജയപ്പെട്ടാതായാണ് എനിക്ക് തോന്നീട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒത്തിരി ഫിലോസഫികള്‍ കണ്ടിട്ടുണ്ടെങ്കിലും.

ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് ഒരിക്കല്‍ മുഹമ്മദ് നബി ദൈവം അറിയിച്ചതായിട്ട് പറഞ്ഞ ഒരു കാര്യമാണ് ... “നിങ്ങള്‍ കാലത്തെ പരിഹസിക്കരുത്. ഞാന്‍ തന്നെയാണ് കാലം.

ഈശ്വരന്‍ തന്നെ കാലമാവുന്ന മഹാത്ഭുതമാവാം ചിലപ്പോള്‍‍ തൃകാലജഞന്‍ എന്ന വിശേഷണത്തിധാരം എന്നും തോന്നീട്ടുണ്ട്.

ഏതായാലും എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വിഷയമാണിത്... അതിലേക്ക് ഒരു കൊച്ചു ജാലകം തുറന്നതിന് നന്ദി.