Sunday, July 22, 2007

ശരീരഭാരം മിതപ്പെടുത്തി ആയുസ്സ്‌ വര്‍ധിപ്പിക്കാം

ശരീരഭാരം മിതപ്പെടുത്തിയാല്‍ ആയുസ്സ്‌ വര്‍ധിപ്പിക്കാമെന്ന്‌ പഠനഫലം. ശരീരഭാരം കുറഞ്ഞിരിക്കുമ്പോള്‍ മസ്‌തിഷ്‌ക്കത്തിലേക്കു ഇന്‍സുലിന്‍ എത്തുന്നത്‌ പരിമിതപ്പെടും. ഇതാണ്‌ ആയുസ്സ്‌ വര്‍ധിക്കാനിടയാക്കുന്നതെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കി. മിതമായ ഭക്ഷണക്രമത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതാണ്‌ ഈ പഠനഫലമെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു.

പൊണ്ണത്തടിയും അമിത ശരീരഭാരവും പ്രമേഹവും രക്താതിസമ്മര്‍ദ്ദവും പോലുള്ള ഒട്ടേറെ പ്രശ്‌നങ്ങളിലേക്കുള്ള എളുപ്പവഴിയാണെന്ന്‌ വൈദ്യശാസ്‌ത്രം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്‌. അതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്‌ ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മൊറിസ്‌ വൈറ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനം. പുതിയ ലക്കം'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.

ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ മിതപ്പെടുത്തിയാല്‍ ആയുസ്സ്‌ കൂടുമെന്ന്‌, പഴയീച്ചയിലും വിരകളിലും മുമ്പ്‌ നടത്തിയ പരീക്ഷണങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുള്ള പരീക്ഷണമാണ്‌ ഡോ.വൈറ്റും സംഘവും നടത്തിയത്‌. ഇതിനായി ഇന്‍സുലിന്‍ സൂചകങ്ങള്‍ മസ്‌തിഷ്‌കത്തിലെത്തിക്കുന്ന 'ഐ.ആര്‍.എസ്‌.2'(IRS2) എന്ന പ്രോട്ടീനിന്റെ പ്രവര്‍ത്തനം ഗവേഷകര്‍ സൂക്ഷ്‌മായി പരിശോധിച്ചു. എലികളില്‍ ഈ പ്രോട്ടീനിന്റെ അളവ്‌ പകുതിയായി കുറച്ചപ്പോള്‍ അവയുടെ ആയുസ്സ്‌ 18 ശതമാനം വര്‍ധിച്ചതായി കണ്ടു. ഈ

പ്രോട്ടീനിന്റെ അളവ്‌ പകുതി മാത്രം ഉത്‌പാദിപ്പിക്കുന്ന എലികളെ ജനിതക എഞ്ചിനയറിങ്ങ്‌ വഴി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. അര്‍ബുദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊക്കെ ഇവയ്‌ക്ക്‌ കുറച്ചേ ഉണ്ടായുള്ളൂ. അതാണ്‌ ആയുസ്സ്‌ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന്‌ ഗവേഷകര്‍ കരുതുന്നു. വ്യായാമം, മിതഭക്ഷണം, ആരോഗ്യകരമായ ശരീരഭാരം-ഇവയും ഇന്‍സുലിന്‍ മസ്‌തിഷ്‌കത്തില്‍ കൂടുതലായി എത്തുന്നത്‌ ചെറുക്കും; ആയുസ്സ്‌ വര്‍ധിക്കും.

'ഐ.ആര്‍.എസ്‌.2' പ്രോട്ടീനിന്റെ പ്രവര്‍ത്തനം മിതപ്പെടുത്താന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്തുക വഴി, പൊണ്ണത്തടയുള്ളവര്‍ക്കു പോലും ഭാവിയില്‍ ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഈ ഗവേഷണഫലം സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. പൊണ്ണത്തടിക്കും വര്‍ധിച്ച ഇന്‍സുലിന്‍ തോതിനും പ്രജ്ഞാനാശ(ഡിമെന്‍ഷ്യ) വുമായി ബന്ധമുണ്ടെന്ന്‌ കണ്ടിട്ടുണ്ട്‌. ഐ.ആര്‍.എസ്‌.2 പ്രോട്ടിനിന്റെ സാന്നിധ്യം കുറച്ച്‌ ഇന്‍സുലിന്‍ തോത്‌ പരിമിതപ്പെടുത്തി ഡിമെന്‍ഷ്യക്ക്‌ പരിഹാരം കാണാന്‍ കഴിയുമോ എന്ന്‌ അന്വേഷിക്കാനും ഈ ഗവേഷണം പ്രേരണ നല്‍കിയേക്കും.(അവലംബം: സയന്‍സ്‌ ഗവേഷണ വാരിക, കടപ്പാട്‌: മാതൃഭൂമി).

9 comments:

Joseph Antony said...

ഭക്ഷണം മിതപ്പെടുത്തുക, വ്യായാമം പതിവാക്കുക, അതുവഴി ശരീരഭാരം മിതപ്പെടുത്തി ആയുസ്സ്‌ വര്‍ധിപ്പിക്കാം. പുതിയ അറിവല്ലായിരിക്കാം ഇത്‌. പക്ഷേ, ഇതിനൊരു ശാസ്‌ത്രീയ വിശദീകരണം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. അതെപ്പറ്റി..

കരിപ്പാറ സുനില്‍ said...

നമസ്ക്കാരം,
താങ്കളുടെ ലേഖനങ്ങള്‍ വളരേ നന്നാവുന്നുണ്ട്. പക്ഷെ, ഒരിടത്തും താങ്കളുടെ ഇ- മെയില്‍ അഡ്രസ്സ് കണ്ടില്ല്യ.
ഒരു അഭ്യര്‍ത്ഥനയുണ്ട് .ഞങ്ങളുടെ സ്ക്കൂളിന്റെ ബ്ലോഗിലെയ്ക്ക് താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് ഇടുവാനുള്ള അനുവാദം തരണം. കുട്ടികള്‍ക്ക് അത് ഏറെ പ്രയോജനം ചെയും.
മറുപടി പ്രതീക്ഷിയ്ക്കുന്നു.
സവിനയം,
karipparasunil@yahoo.com

Joseph Antony said...

പ്രിയ സുനില്‍ സന്തോഷം,

തീര്‍യായും ലങ്ക് നല്‍കിക്കോളൂ. അതിന് അനുവാദത്തിന്‍റെ പ്രശ്നമേ ഉദിക്കുന്നില്ല.
ജോസഫ് ആന്‍റണി

സു | Su said...

ഇത് പണ്ടേ പറയുന്ന കാര്യമാണെങ്കിലും പരീക്ഷണമൊക്കെ നടത്തി തെളിയിക്കാന്‍ ശ്രമിച്ചത് നല്ല കാര്യം തന്നെ.

വേണു venu said...

അറിയാവുന്ന ശരികളെ അക്കമിട്ടു സമര്ഥിക്കുന്ന നല്ല ലേഖനം.:)

അപ്പു ആദ്യാക്ഷരി said...

പ്രയോജനകരമായ ലേഖനം മാഷേ.

ജസീര്‍ പുനത്തില്‍ said...

very very nice topic sir!!
http://ideapc.blogspot.com

musthu said...

hfsc \ÃXv

musthu said...

nice topic