Saturday, July 14, 2007

വിദൂരഗ്രഹത്തില്‍ ജലബാഷ്‌പം

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തില്‍ കൂടി ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന്റെ തുടക്കം ജലത്തില്‍ നിന്നാണ്‌ ആരംഭിക്കേണ്ടതെന്ന്‌ ശാസ്‌ത്രലോകം കരുതുന്നു. ആ നിലയ്‌ക്ക്‌ പ്രാധാന്യമുള്ള കണ്ടെത്തലാണിത്‌

ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം തുടങ്ങുക ജലത്തിന്റെ സാന്നിധ്യത്തില്‍ നിന്നാകണമെന്ന്‌ ഗവേഷകലോകം കരുതുന്നു. വിദൂരഗ്രഹങ്ങളില്‍ ജീവന്റെ മുദ്ര തേടുന്ന ഗവേഷകര്‍ ആദ്യം തേടുന്നത്‌ ജലസാന്നിധ്യം തന്നെയാണ്‌. ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ പോലും, ഒരു ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നു കണ്ടാല്‍ കൗതുകമുണരും. ജലസാന്നിധ്യമുള്ള ഒരു ഗ്രഹത്തില്‍ ഒരുപക്ഷേ, ഏതെങ്കിലും രൂപത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവില്ലേ!

പുതിയ ലക്കം 'നേച്ചര്‍' വാരികയില്‍ വന്ന ഗവേഷണ റിപ്പോര്‍ട്ടിന്റെ പ്രാധാന്യവും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍. സൂര്യനില്‍ നിന്ന്‌ 64 പ്രകാശവര്‍ഷം (ഒരു പ്രകാശവര്‍ഷം= ഏതാണ്ട്‌ പത്തുലക്ഷം കോടി കിലോമീറ്റര്‍) അകലെ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തില്‍ ജലബാഷ്‌പത്തിന്റെ സാന്നിധ്യം ഗവേഷകര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നാണ്‌ റിപ്പോര്‍ട്ട്‌. നക്ഷത്രത്തിന്‌ നല്‍കിയിട്ടുള്ള പേര്‌ 'HD 189733b' എന്നാണ്‌.

യൂണിവേഴ്‌സിറ്റി കോളേജ്‌ ലണ്ടനിലെ ജിയോവാന്നി ടിനെറ്റിയും സംഘവും 'നാസ'യുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചാണ്‌ ആ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ നിരീക്ഷിച്ചത്‌. നക്ഷത്രത്തിന്‌ മുന്നിലൂടെ ഗ്രഹം കടന്നു പോകുമ്പോള്‍ (സംതരണ വേളയില്‍) നക്ഷത്രത്തിന്റെ പ്രകാശത്തിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കിയായിരുന്നു നിരീക്ഷണം. വ്യാഴത്തെപ്പോലുള്ള ഒരു വാതകഭീമനാണ്‌ ആ വിദൂരഗ്രഹമെന്ന്‌ ഗവേഷകര്‍ കണ്ടു. പകല്‍ ഗ്രഹപ്രതലത്തില്‍ 930 ഡിഗ്രി സെല്‍സിയസും രാത്രിയില്‍ 427 ഡിഗ്രിയുമാണ്‌ താപനില. 'ചൂടന്‍ വ്യാഴം' ('hot Jupiter) എന്ന ഗ്രണത്തില്‍ പെടുന്ന ഗ്രഹമാണത്‌.

മാതൃനക്ഷത്രത്തിന്‌ വളരെ അടുത്താണ്‌ അതിന്റെ സ്ഥാനം. വെറും 2.2 ദിവസംകൊണ്ട്‌ അത്‌ നക്ഷത്രത്തെ വലംവെക്കുന്നു. ഗ്രഹം ഭൂമിക്ക്‌ അഭിമുഖമായി നക്ഷത്രത്തിന്‌ മുന്നിലെത്തുമ്പോള്‍, നക്ഷത്രത്തില്‍ നിന്നുള്ള വര്‍ണരാജിയില്‍ (spectra) ഇന്‍ഫ്രാറെഡ്‌ കിരണങ്ങളില്‍ ചെറിയൊരു ഭാഗം ഗ്രഹാന്തരീക്ഷത്താല്‍ ആഗിരണം ചെയ്യപ്പെടുന്നതായി ഗവേഷകര്‍ കണ്ടു. അവിടെ ജലബാഷ്‌പമുണ്ടെങ്കില്‍ മാത്രമേ, ആ പ്രത്യേക തരംഗദൈര്‍ഘ്യമുള്ള കിരണങ്ങള്‍ ആഗിരണം ചെയ്യപ്പെടൂ. അങ്ങനെയാണ്‌ ആ വാതകഭീമന്റെ അന്തരീക്ഷത്തില്‍ ജലമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌. പക്ഷേ, ഗ്രഹത്തിന്റെ സ്വഭാവം അനുസരിച്ച്‌ അവിടെ ജീവനുണ്ടാകാന്‍ ഒരു സാധ്യതയുമില്ല.

സൗരയൂഥത്തിന്‍ വെളിയിലൊരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തുന്നത്‌ ഇത്‌ രണ്ടാം തവണയാണ്‌. ഭൂമിയില്‍ നിന്ന്‌ 150 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ ചുറ്റുന്ന ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ നീരാവിയുടെയോ ബാഷ്‌പത്തിന്റെയോ രൂപത്തില്‍ ജലമുള്ളതായി കണ്ടെത്തിയ കാര്യം മുമ്പ്‌ ലോകമറിഞ്ഞിരുന്നു. 'പെഗാസസ്‌'(Pegases) ഗണത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന്റെ ഗ്രഹത്തിലാണ്‌ ജലാംശമുള്ളതായി അന്ന്‌ തെളിവ്‌ ലഭിച്ചത്‌.

ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിന്റെ സഹായത്തോടെ, അമേരിക്കയില്‍ ഫ്‌ളാഗ്‌സ്റ്റാഫിലുള്ള ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ട്രാവിസ്‌ ബാര്‍മാനാണ്‌, ആ വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞത്‌. വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള വാതകഭീമനാണ്‌ ആ ഗ്രഹവും. 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ കഴിഞ്ഞ ഏപ്രില്‍ 11-നാണ്‌ പുറത്തു വന്നത്‌. എന്നാല്‍, ആ ഗ്രഹത്തിലും ജീവനുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്നാണ്‌ ഗവേഷക മതം.

അതേസമയം, ഭൂമിയോട്‌ സാമ്യമുള്ള ഒരു ഗ്രഹം സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തിയ കാര്യം അടുത്തയിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ജീവനുണ്ടാകാന്‍ മികച്ച സാധ്യതയുണ്ടെന്നു കരുതുന്ന ആ ഗ്രഹം ഭൂമിയില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌. 'സൂപ്പര്‍ ഭൂമി'(Super-Earth)യെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ഗ്രഹത്തിന്‌ ഭൂമിയേക്കാള്‍ അഞ്ചിരട്ടി പിണ്ഡമുണ്ട്‌. വ്യാസം ഭൂമിയുടേതിന്‌ ഒന്നര മടങ്ങ്‌ അധികം. സൗരയൂഥത്തന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ ഗ്രഹമാണത്‌. ഏപ്രില്‍ 25-നാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

ആ 'സൂപ്പര്‍ഭൂമി'യുടെ താപനില പൂജ്യത്തിനും 40 ഡിഗ്രി സെല്‍സിയസിനും മധ്യേയാണ്‌. ഭൂമിയെപ്പോലെ പാറകള്‍ നിറഞ്ഞതാകാനും അവിടെ ജലം കാണപ്പെടാനും സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ വിലയിരുത്തുന്നു. എങ്കില്‍, ജീവന്‍ ഉണ്ടാകാനും സാധ്യതയില്ലേ! സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയ ഇരുന്നൂറിലേറെ ഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി 'സൂപ്പര്‍ഭൂമി' വിലയിരുത്തപ്പെട്ടു. ലിബ്ര (Libra) നക്ഷത്രഗണത്തില്‍ 'ഗ്ലീസ്‌ 581' (Gliese 581) എന്ന നക്ഷത്രത്തെയാണ്‌ അത്‌ ചുറ്റുന്നത്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലയിലെ സ്റ്റിഫാന്‍ യുഡ്രിയുടെ നേതൃത്വത്തിലുള്ള സംഘം, ചിലിയില്‍ അറ്റകാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയില്‍ നടത്തിയ നിരീക്ഷണത്തിലാണ്‌ 'സൂപ്പര്‍ഭൂമി' കണ്ടെത്തിയത്‌.

1 comment:

JA said...

സൗരയൂഥത്തിന്‌ വെളിയില്‍ രണ്ടാമതൊരു ഗ്രഹത്തില്‍ കൂടി ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. അതെപ്പറ്റി