Friday, July 20, 2007

ബ്രിട്ടന്‍ എങ്ങനെ ദ്വീപായി; ഉത്തരവുമായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍

യൂറോപ്പില്‍ നിന്ന്‌ വേര്‍പെട്ട്‌ ഒരു ദ്വീപായി ബ്രിട്ടന്‍ നിലകൊള്ളുന്നതെന്തുകൊണ്ട്‌. ഒട്ടേറെ നിഗമനങ്ങള്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെങ്കിലും, വേണ്ടത്ര തെളിവുകളില്ലാതെ അവയൊക്കെ അസ്‌തമിക്കുകയാണുണ്ടായത്‌. എന്നാല്‍, സഞ്‌ജീവ്‌ ഗുപ്‌തയെന്ന ഇന്ത്യന്‍ ഗവേഷകന്‍ ഈ പ്രശ്‌നത്തിന്‌ ഉത്തരം കണ്ടെത്തയിരിക്കുന്നു, തെളിവുകളുടെ പിന്‍ബലത്തോടെ. പ്രാചീനകാലത്തെ മഹാപ്രളയമാണത്രെ ബ്രിട്ടനെ അടര്‍ത്തി മാറ്റി ദ്വീപാക്കിയത്‌

വിഖ്യാത ദാര്‍ശനികനും ഗണിതശാസ്‌ത്രജ്ഞനുമായിരുന്ന ബര്‍ട്രാന്റ്‌ റസ്സല്‍ തന്റെ ആത്മകഥയില്‍ കുട്ടിക്കാലത്തെ ഒരു സംഭവം വിവരിച്ചിട്ടുണ്ട്‌. ബ്രിട്ടനിലെ കുലീന പ്രഭുകുടുംബത്തില്‍ ജനിച്ച റസ്സല്‍ ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ളപ്പോള്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലൂടെ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ആ കുട്ടിയുടെ അനുഭവസീമയ്‌ക്കു പുറത്തുള്ള അജ്ഞാത ഭൂമികളിലൂടെ തീവണ്ടി സഞ്ചാരം തുടര്‍ന്നു. തങ്ങള്‍ ഏറെസമയം യാത്ര ചെയ്‌തതായി അവന്‌ തോന്നി.

കുറെ കഴിഞ്ഞപ്പോള്‍ താന്‍ രാജ്യാതിര്‍ത്തി പിന്നിട്ട്‌ മറ്റേതോ നാട്ടിലെത്തിയതായി കുട്ടി കരുതാന്‍ തുടങ്ങി. അത്‌ ഒരത്ഭുതമായി ആ കുഞ്ഞുമനസ്സിനെ കീഴടക്കിയപ്പോള്‍, "നമ്മള്‍ വേറെ ഏതോ രാജ്യത്തെത്തി അല്ലേ" എന്ന്‌ അവന്‍ ഉറക്കെ ചോദിച്ചു. ആ ചോദ്യം കേട്ട, തീവണ്ടി മുറിയില്‍ കൂടെ യാത്രചെയ്‌തിരുന്ന മുതിര്‍ന്ന സ്‌ത്രീകള്‍ തന്നെ ദയനീയമായി നോക്കിയ കാര്യം ജീവിതത്തിലൊരിക്കലും റസ്സലിന്‌ മറക്കാനായില്ല. മുതിര്‍ന്ന ഒരു സ്‌ത്രീ വളരെ അനുകമ്പ കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു: "കഷ്ടം, നമ്മുടെ രാജ്യം ഒരു ദ്വീപാണെന്ന കാര്യം ഈ കുട്ടിക്ക്‌ അറിയില്ലല്ലോ"!

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ആ കുട്ടി പോലും അല്‍പ്പസമയത്തേക്ക്‌ സ്വന്തം രാജ്യം ഒരു ദ്വീപാണെന്നു മറന്നുപോയി. ഭൂമിശാസ്‌ത്രം അങ്ങനെയാണ്‌. ചിലപ്പോള്‍ നമ്മള്‍ അത്‌ മറക്കും. ഒരുകാലത്ത്‌ ലോകത്തെയാകെ കോളനിയാക്കി അടക്കി ഭരിച്ച ബ്രിട്ടന്‍ ഒരു ദ്വീപാണെന്ന്‌ പലരും കരുതാറില്ല എന്നതാണ്‌ വാസ്‌തവം. എന്നു പറഞ്ഞ്‌ സത്യം സത്യമല്ലാതാകുന്നില്ല. യൂറോപ്യന്‍ വന്‍കരയില്‍ നിന്ന്‌ അല്‍പ്പം മാറി നാലുവശവും കടലിനാല്‍ ചുറ്റപ്പെട്ടാണ്‌ ബ്രിട്ടന്റെ കിടപ്പ്‌. എന്തുകൊണ്ട്‌ ബ്രിട്ടന്‍ യൂറോപ്പില്‍നിന്ന്‌ വേര്‍പെട്ടു നില്‍ക്കുന്നു എന്നത്‌ ഭൗമശാസ്‌ത്രജ്ഞരെ ഏറെക്കാലമായി അലോസരപ്പെടുത്തുന്ന ചോദ്യമാണ്‌. ആര്‍ക്കും ഇതിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, ഈ പ്രശ്‌നത്തിന്‌ തൃപ്‌തികരമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ്‌ സഞ്‌ജീവ്‌ ഗുപ്‌തയെന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍. പ്രാചീനകാലത്തുണ്ടായ വന്‍പ്രളയമാണ്‌ ബ്രിട്ടനെ ദ്വീപാക്കി മാറ്റിയതത്രേ. ഇക്കാര്യം സ്ഥിരീകരിക്കാനാവശ്യമായ തെളിവും അദ്ദേഹം നിരത്തുന്നു. ലണ്ടനില്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകനാണ്‌ ഡോ. ഗുപ്‌ത. അദ്ദേഹവും സഹപ്രവര്‍ത്തകരും നടത്തിയ സോണാര്‍ പഠനമാണ്‌, ബ്രിട്ടനെ സംബന്ധിച്ച്‌ സുപ്രധാനമായ ഭൗമശാസ്‌ത്രരഹസ്യം വെളിവാക്കിയത്‌. ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടില്‍ ആഴത്തില്‍ അവശേഷിക്കുന്ന ചില പാടുകള്‍ സോണാര്‍ ദൃശ്യങ്ങളില്‍ നിന്ന്‌ അവര്‍ കണ്ടെത്തി. പൊടുന്നനെ വന്‍തോതില്‍ വെള്ളം ഒഴുകിയതിന്റെ ഫലമായാണ്‌ ആ പാടുകളുണ്ടായതെന്ന്‌ 'നേച്ചര്‍' ഗവേഷണ വാരിക പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

ഇപ്പോള്‍ 'നോര്‍ത്ത്‌ സീ'(North Sea) എന്നറിയപ്പെടുന്ന സ്ഥലമുള്‍പ്പെടുന്ന പ്രാചീന തടകത്തില്‍ നിന്നാകണം ഇങ്ങനെയൊരു പെരുവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭൂകമ്പം പോലുള്ള ഏതോ ഭൗമപ്രതിഭാസം മൂലം തടാകത്തിന്റെ ഭിത്തി തകര്‍ന്നാകാം അത്‌ സംഭവിച്ചത്‌. സമീപകാല ഭൗമചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണത്‌. "ഇത്തരമൊരു സംഭവമോ, സംഭവപരമ്പരയോ ആകാം ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ ഗതിമാറ്റിയത്‌"-ഡോ.ഗുപ്‌ത പറയുന്നു. "ആ മഹാപ്രളയം സംഭവിച്ചില്ലായിരുന്നെങ്കില്‍, ബ്രിട്ടന്‍ യൂറോപ്പിന്റെ ഉപദ്വീപായി നിലകൊണ്ടേനെ. 'ചാനല്‍ ടണലി' (Channel Tunnel)ന്റെ ഒരാവശ്യവും വരില്ലായിരുന്നു. പ്രളയത്തിന്‌ മുമ്പ്‌ ആദിമ മനുഷ്യര്‍ ചെയ്‌തിരുന്നതുപോലെ, ആര്‍ക്കും ഫ്രാന്‍സില്‍ നിന്ന്‌ നടന്ന്‌ ബ്രിട്ടനിലെത്താമായിരുന്നു."

പ്രളയത്തിന്റെ ഫലമായാണ്‌ ബ്രിട്ടന്‍ ദ്വീപായി മാറിയതെന്ന വാദം പുതിയതല്ല. 1985-ല്‍ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രാചീന പ്രളയത്തിന്റെ ഫലമാണ്‌ ഇംഗ്ലീഷ്‌ ചാനല്‍ എന്നാണ്‌ ആ പ്രബന്ധം വാദിച്ചത്‌. എന്നാല്‍, അതിന്‌ മതിയായ തെളിവ്‌ അന്നില്ലായിരുന്നു. ആധുനിക ത്രിമാനവിശകലന സംവിധാനങ്ങളുടെ സഹായത്തോടെ, 24 വര്‍ഷത്തെ ഉന്നത റസല്യൂഷനിലുള്ള സോണാര്‍ ദൃശ്യങ്ങള്‍ വിശകലനം ചെയ്‌ത ഡോ.ഗുപ്‌തയും കൂട്ടരുമാണ്‌ ഇക്കാര്യത്തില്‍ വിജയം കണ്ടത്‌. മാത്രമല്ല, 1878 മുതല്‍ നിലനില്‍ക്കുന്ന മറ്റൊരു വാദഗതിക്കും സ്ഥിരീകരണമായി പുതിയ ഗവേഷണം. ഇപ്പോള്‍ നോര്‍ത്ത്‌ സീ സ്ഥിതിചെയ്യുന്നിടത്ത്‌ പ്രാചീനകാലത്ത്‌ ഒരു ഭീമന്‍ തടാകം നിലനിന്നിരിക്കാനുള്ള സാധ്യതയാണത്‌.

മരുഭൂമിയിലെ ശിലാരൂപീകരണത്തെക്കുറിച്ചു പഠിക്കാന്‍ തന്റെ ഗവേഷണ ജീവിതത്തില്‍ അധിക സമയവും മാറ്റിവെച്ച ഡോ.ഗുപ്‌ത, ഒരിക്കലും ബ്രിട്ടനെങ്ങനെ ദ്വീപായി എന്നു പഠിക്കേണ്ടി വരുമെന്ന്‌ കരുതിയിരുന്നില്ല. ഈ പ്രശ്‌നം സംബന്ധിച്ച വിവിധ അനുമാനങ്ങളടങ്ങിയ ഒരു പുസ്‌തകം 2003-ല്‍ പുറത്തുവന്നതാണ്‌ അദ്ദേഹത്തെ ഈ വിഷയത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താനാകുമെന്ന്‌ അദ്ദേഹം കരുതി. ഇതു സംബന്ധിച്ച്‌ ജിയോഫിസിസ്റ്റ്‌ ജെന്നി കൊളിയറുമായും, ആന്‍ഡി പാമര്‍ ഫെല്‍ഗേറ്റുമായും അദ്ദേഹം ചര്‍ച്ച നടത്തി. സമുദ്രത്തിന്റെ അടിത്തട്ട്‌ മാപ്പ്‌ ചെയ്യുന്നതില്‍ വൈദഗ്‌ധ്യം നേടിയയാളാണ്‌ കൊളിയര്‍.

പക്ഷേ, ഏത്‌ സങ്കേതമുപയോഗിച്ചും ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിനെക്കുറിച്ച്‌ വ്യക്തമായ ഡേറ്റ ശേഖരിക്കണമെങ്കില്‍ ഒരു ബോട്ടില്‍ തകൃതിയായി അതുവഴി സഞ്ചരിച്ചേ തീരൂ. ലോകത്തേറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ അവിടെ അങ്ങനെ സഞ്ചരിക്കുക അസാധ്യം. അതിന്‌ പരിഹാരം നിര്‍ദ്ദേശിച്ചത്‌ യു.കെ.ഹൈഡ്രോഗ്രാഫിക്‌ ഓഫീസിലെ ഗ്രെയേം പോട്ടറാണ്‌. കപ്പലുകള്‍ക്ക്‌ സുരക്ഷിതമായി കടന്നു പോകാനായി 24 വര്‍ഷമായി പോട്ടറുടെ ഓഫീസ്‌ ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ട്‌ സോണാര്‍ സര്‍വെയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. ആ ഡേറ്റായ്‌ക്കൊപ്പം, ഡോ.ഗുപ്‌തയ്‌ക്കും സംഘത്തിനും, ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിന്റെ ആദ്യ ഭൂപടവും പോട്ടര്‍ നല്‍കി. ആ ഡേറ്റായാണ്‌ ത്രിമാന വിശകലനസംവിധാനങ്ങളുപയോഗിച്ച്‌ ഗുപ്‌തയുടെ സംഘം പഠിച്ചത്‌.

പെരുവെള്ളപ്പാച്ചില്‍ കൊണ്ട്‌ മാത്രം രൂപപ്പെടാവുന്ന സവിശേഷ ഘടനകള്‍ ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിലെ ചുണ്ണാമ്പുകല്ല്‌ പ്രതലത്തില്‍ ഡോ.ഗുപ്‌തയും സംഘവും തിരിച്ചറിഞ്ഞു. പ്രളയത്തിന്റെ പാരമ്യതയില്‍ വെള്ളപ്പാച്ചില്‍ മാസങ്ങളോളം നീണ്ടുനിന്നിരിക്കണം. സെക്കന്‍ഡില്‍ പത്തുലക്ഷം ഘനമീറ്റര്‍ വെള്ളം എന്ന തോതിലാകണം ഒഴുകിയിരിക്കുക (മിസിസ്സിപ്പി നദിയിലെ ജലപ്രവാഹത്തിന്റെ നൂറുമടങ്ങ്‌ വരുമിത്‌). നാലുലക്ഷം വര്‍ഷം മുമ്പുണ്ടായ ആദ്യപ്രളയത്തില്‍ പ്രാചീന തടാകത്തെ തടഞ്ഞുനിര്‍ത്തിയിരുന്ന ഡോവര്‍ കരയിടുക്കിലെ ഭിത്തി തകര്‍ന്നിരിക്കണം. തെക്കുപടിഞ്ഞാറ്‌ ഭാഗത്തേക്കുള്ള വെള്ളപ്പാച്ചിലില്‍ ഇംഗ്ലീഷ്‌ കനാലിന്റെ ആദ്യരൂപമുണ്ടാവുകയും, ബ്രിട്ടന്‍ വന്‍കരയില്‍നിന്ന്‌ വേര്‍പെടാന്‍ തുടങ്ങുകയും ചെയ്‌തു. 1.8 ലക്ഷം വര്‍ഷത്തിനു മുമ്പുണ്ടായ മറ്റൊരു മഹാപ്രളയത്തില്‍ ബ്രിട്ടന്‍ പൂര്‍ണമായും വന്‍കരയില്‍ നിന്ന്‌ വേര്‍പെട്ടുവെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

പ്രളയത്തിനിടയാക്കിയ ശുദ്ധജല തടാകം, ഹിമയുഗത്തില്‍ ഉത്തരധ്രുവത്തില്‍ നിന്നെത്തിയ മഞ്ഞുപാളികളാല്‍ ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ രൂപപ്പെട്ടതാകാമെന്നാണ്‌ നിഗമനം. ഇപ്പോള്‍ നോര്‍ത്ത്‌ സീയെന്നറിയപ്പെടുന്ന കടലിന്റെ തെക്കന്‍ പ്രദേശത്താകണം ആ തടാകം രൂപപ്പെട്ടിരിക്കുക. റിനെ, തെംസ്‌, മറ്റ്‌ യൂറോപ്യന്‍ നദികളുടെ പ്രാചീനരൂപങ്ങളൊക്കെ ഈ തടാകത്തിലേക്ക്‌ വന്‍തോതില്‍ വെള്ളമൊഴുക്കിക്കൊണ്ടിരുന്നു. 640 കിലോമീറ്റര്‍ വിസ്‌തൃതിയുണ്ടായിരുന്ന ആ പ്രാചീന തടാകം കിഴക്കന്‍ ഇംഗ്ലണ്ട്‌ മുതല്‍ നെതര്‍ലന്‍ഡിലേക്കും ജര്‍മനിയിലേക്കും വ്യാപിച്ചു കിടന്നു. തടാകത്തെ തടുത്തുനിര്‍ത്തിയിരുന്ന ഡോവര്‍ കരയിടുക്ക്‌ ഭൂകമ്പത്തിലോ മറ്റോ തകര്‍ന്നപ്പോള്‍ ആ മഹാപ്രളയമുണ്ടാവുകയായിരുന്നു; ഇംഗ്ലണ്ടിന്റെ ഭൗമചരിത്രവും ഭാവിസംസ്‌കാരവും മാറ്റിമറിക്കാന്‍.

കഴിഞ്ഞ അഞ്ചുലക്ഷം വര്‍ഷത്തിനിടെ ബ്രിട്ടന്റെ നാച്ചുറല്‍ ഹിസ്റ്ററി, യൂറോപ്പിന്റെ ഇതരഭാഗങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി രൂപപ്പെടുന്നതില്‍ ഇംഗ്ലീഷ്‌ ചാനല്‍ ഒരു മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന്‌ ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില മൃഗങ്ങളെ മാത്രം ബ്രിട്ടനിലേക്ക്‌ കടത്തി വിടുകയും മറ്റുള്ളവയെ തടയുകയും വഴി, ശരിക്കൊരു അരിപ്പ പൊലെയാണത്രേ ചാനല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. ബ്രിട്ടന്‍ ഇന്ന്‌ എന്താണോ, അത്‌ ആ രൂപത്തിലായതില്‍ ഇംഗ്ലീഷ്‌ ചാനലിന്‌ കാര്യമായ പങ്കുണ്ടെന്നു സാരം.

ഡോ.ഗുപ്‌തയുടെ പഠനത്തിന്റെ പ്രാധാന്യം ഭൂമിയില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന്‌ 'നേച്ചര്‍' വാരിക പറയുന്നു. ചൊവ്വാഗ്രഹത്തില്‍ പോലും ഇത്തരം പഠനരീതി പ്രയോജനപ്പെടുത്താമത്രേ. ചൊവ്വായില്‍ ജലമൊഴുകിയതിന്റെയും പ്രളയമുണ്ടായതിന്റെയും അവശേഷിപ്പുകള്‍ പോയ വര്‍ഷങ്ങളില്‍ വിവിധ ബഹിരാകാശ പേടകങ്ങള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിഭാസം അടുത്തറിയാന്‍ പുതിയ പഠനരീതി സഹായിച്ചേക്കും. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക)

8 comments:

JA said...

ബ്രിട്ടന്‍ എങ്ങനെ ദ്വീപായി. തൃപ്‌തികരമായി ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഒരു ബ്രിട്ടീഷ്‌ സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഗവേഷകന്‍ ആദ്യമായി ഈ രഹസ്യം അനാവരണം ചെയ്‌തിരിക്കുന്നു, മതിയായ തെളിവുകളോടെ. അതെപ്പറ്റി.

തമ്പിയളിയന്‍ said...

JA, ഡോവര്‍ കരയിടുക്കിലെ ഭിത്തി തകര്‍ന്നിരിക്കാന്‍ കാരണം ഭൂകമ്പമാണെന്നു കരുതാന്‍ വ്യക്തമായ തെളിവുമറ്റോ ഉണ്ടോ? ഇല്ലായെങ്കില്‍, കത്രീനയില്‍ വന്ന പ്രളയത്തില്‍ ന്യൂഓര്‍ളിയന്‍സില്‍ സംഭവിച്ചതുപോലെ കാലാവസ്ഥ മാറുന്നതുകൊണ്ടാണോ, അതോ ഇന്തോനേഷ്യയില്‍ ഭൂകംബത്താല്‍ പ്രളയം ഉണ്ടായതുപോലാണോ എന്ന ചോദ്യം വരില്ലേ?

അതായത് industrialization ഇല്ലാഞ്ഞ കാലത്തും കാലാവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാം എന്നു കരുതുന്നതില്‍ തെറ്റില്ലല്ലോ എന്നൊരു സംശയം..
അല്ലായെങ്കില്‍ ഭൂകമ്പമാണു കാരണം എന്ന് നിസ്സംശയം പറയാന്‍ പറ്റണ്ടേ?

G.manu said...

cheers for this article

കുട്ടന്‍സ്‌ | S.i.j.i.t.h said...

JA,
Really informative..
Thanks for the Post

chithrakaran ചിത്രകാരന്‍ said...

പ്രിയ ജ ,
വിജ്ഞാനപ്രദമായ ഈ കുറിപ്പു വായിച്ചു, നന്ദി. :)

സു | Su said...

:) നന്ദി.

ഉറുമ്പ്‌ /ANT said...

Nice article.
Thanks

മുക്കുവന്‍ said...

pachil indayalum illelum, ippol london is an island.

whats use of this history? I just cant understand it.