Monday, July 09, 2007

ഹോമിയോപ്പതി-വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌

'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഹോമിയോപ്പതിയെപ്പറ്റി രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ച ചെയ്യാനും അതെക്കുറിച്ച്‌ പ്രതികരിക്കാനും സമയവും മനസും കണ്ടെത്തിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ഭാഗത്തു നിന്ന്‌ പ്രതികരണമുണ്ടായില്ല എന്നത്‌ ഒരു പോരായ്‌മയായി തോന്നാം. അതിനാല്‍, പ്രതികരിച്ച എല്ലാവരുടെയും വാക്കുകളും വാദഗതികളും അംഗീകരിച്ചു കൊണ്ട്‌, എന്റെ പ്രതികരണം ഈ പോസ്‌റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇത്‌ ആര്‍ക്കെങ്കിലുമുള്ള മറുപടിയല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഹോമിയോയെക്കുറിച്ച്‌ ഉയരാറുള്ള പതിവു വാദഗതികള്‍ എത്ര ശരിയാണെന്ന്‌ ചില അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള പരിശോധന മാത്രം.

-ആദ്യമേ സൂചിപ്പിക്കട്ടെ, ഞാനെഴുതിയത്‌ ഹോമിയോപ്പതിയെന്ന ചികിത്സാസമ്പ്രദായത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചാണ്‌. അല്ലാതെ ആയുര്‍വേദത്തെയും മറ്റ്‌ സമാന്തര ചികിത്സാരീതികളെയും കുറിച്ചല്ല; അവയുടെ കാര്യത്തിലും വിരുദ്ധ വാദഗതികള്‍ ഉണ്ടാകാമെങ്കിലും. ഹോമിയോ എത്ര ഫലപ്രദമാണ്‌. സാമാന്യയുക്തിക്കു പോലും നിരക്കാത്ത അതിന്റെ പിന്നാലെ സാധാരണക്കാര്‍ എന്തുകൊണ്ട്‌ പോകുന്നു. എത്രവലിയ തട്ടിപ്പാണ്‌ ഈ ചികിത്സാരീതിക്കു പിന്നിലുള്ളതെന്ന്‌ ബോധമുള്ള എത്ര ശതമാനം പേര്‍ നമ്മുക്കിടിയിലുണ്ടാകും എന്നൊക്കെയുള്ള സംഗതികള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നു തോന്നുന്നു.

ഹോമിയോ ചികിത്സയെ ആശ്രയിക്കുന്ന ഒട്ടേറെപ്പേരെ എനിക്ക്‌ നേരിട്ടറിയാം. മുഖക്കുരു മുതല്‍ ഗര്‍ഭാശയമുഴയ്‌ക്കു വരെ ഹോമിയോ മരുന്നു കഴിക്കുന്നവര്‍ അതില്‍ പെടുന്നു. സൈനസൈറ്റിസ്‌, ആസ്‌ത്മ തുടങ്ങി എത്രയോ രോഗങ്ങള്‍ ഹോമിയോപ്പതി മൂലം ചികിത്സിച്ചു ഭേദമായതിന്റെ സാക്ഷ്യങ്ങള്‍ സുലഭം. ഈ മാതിരി സാക്ഷ്യങ്ങള്‍ കേട്ട്‌ പലരും ശുപാര്‍ശ ചെയ്യും; 'കുട്ടികള്‍ക്ക്‌ ഹോമിയോപ്പതിയാണ്‌ എപ്പോഴും നല്ലത്‌. അലോപ്പതിയില്‍ പോയി വെറുതെയെന്തിന്‌ ആന്റിബയോട്ടിക്ക്‌ നല്‍കി കുഴപ്പത്തില്‍ ചാടുന്നു". അല്ലെങ്കില്‍, "സൈനസൈറ്റിസോ, അതിന്‌ ഹോമിയോപ്പതിയിലേ മരുന്നുള്ളൂ". "സര്‍ജറിയല്ലേ മോഡേണ്‍ മെഡിസിനിലെ അവസാന ആശ്രയം, ഹോമിയോയുടെ കാര്യം അതല്ല."

ഈ അഭിപ്രായം പറഞ്ഞവരോട്‌ ചോദിച്ചുനോക്കൂ, എന്തുകൊണ്ട്‌ അവര്‍ ഇങ്ങനെയൊരു അഭിപ്രായപ്പെട്ടുവെന്ന്‌. കൃത്യമായി മറുപടി കിട്ടണമെന്നില്ല. "എനിക്ക്‌ അനുഭവമുള്ളതാണ്‌", അല്ലെങ്കില്‍, "ചേച്ചിയുടെ കുടുംബത്തിലെല്ലാവരും ഹോമിയോയാണ്‌ ചികിത്സിക്കുന്നത്‌", "അപ്പുറത്തെ വീട്ടിലെ സാറ്‌ പറഞ്ഞല്ലോ ഹോമിയോപ്പതിയാണ്‌ നല്ലതെന്ന്‌", "ഇന്ന മാസികയില്‍ വായിച്ചല്ലോ ഇതിന്‌ ഹോമിയോ ഫലപ്രദമാണെന്ന്‌"- ഇമ്മാതിരി മറുപടികളാവും കിട്ടുക. കാന്തക്കിടക്ക, കോണി ബയോ തുടങ്ങിയ മോഹചികിത്സകളുടെ കാര്യത്തിലും ഇത്തരം മറുപടികളാണ്‌ സാധാരണഗതിയില്‍ ലഭിക്കുകയെന്നത്‌ കൗതുകമുണര്‍ത്തുന്നു.

ഈ കുറിപ്പ്‌ തയ്യാറാക്കുന്ന വേളയിലുണ്ടായ ഒരു സംഭവം വിവരിക്കട്ടെ. കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലായ്‌ 6) വൈകുന്നേരം കോഴിക്കോട്‌ നഗരപരിസരത്ത്‌ ഒരു വനിതാ ഹോമിയോ ഡോക്ടറുടെ ഒരു വയസ്സു തികയാത്ത കുഞ്ഞിന്‌ പനി കലശലായി. മൂന്നുനാലു ദിവസം മുമ്പ്‌ തുടങ്ങിയതാണ്‌ അസുഖം. ഹോമിയോമരുന്നു നല്‍കി വരികയായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ പനി കടുത്തു, ജന്നിയിളകുന്ന ഘട്ടത്തിലെത്തി. ആ സമയത്താണ്‌ ഹോമിയോ ഡോക്ടറുടെ ബന്ധുവായ ജേര്‍ണലിസം വിദ്യര്‍ത്ഥി അവിടെ എത്തുന്നത്‌. രാത്രി ഒന്‍പതു മണിയായിക്കാണും. കുഞ്ഞിന്റെ അവസ്ഥ കണ്ട്‌ പന്തികേടു തോന്നിയ വിദ്യാര്‍ത്ഥി ഡോക്ടറോട്‌ കുഞ്ഞിന്റെ പനി കുറയ്‌ക്കാന്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യാന്‍ ആവശ്യപ്പെട്ടു.

"കുഞ്ഞ്‌ പനി മൂത്ത്‌ ഞെരിപിരി കൊള്ളുകയായിരുന്നു, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ശരീരത്തിന്റെ വിറ മാറുന്നില്ല"-ഇക്കാര്യം പിറ്റേന്ന്‌ എന്നോടു വിവരിക്കുമ്പോള്‍ ആ വിദ്യാര്‍ത്ഥിയുടെ മുഖത്തെ സംഭ്രമം എനിക്ക്‌ നേരിട്ടറിയാനായി. ഡോക്ടര്‍ക്കും അറിയാം കുഞ്ഞിന്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന്‌. "പക്ഷേ, ഹോമിയോ ഡോക്ടറായ ഞാനെങ്ങനെ മെഡിക്കല്‍ സ്‌റ്റോറില്‍ പോയി പാരസെറ്റാമോള്‍ സിറപ്പ്‌ വാങ്ങും"-അവര്‍ നിസ്സഹായതയോടെ ചോദിച്ചു. ഒടുവില്‍ ആ വിദ്യാര്‍ത്ഥി തന്നെ ബൈക്കില്‍ പോയി മരുന്നു വാങ്ങിക്കൊണ്ടുവന്നു. കുഞ്ഞിന്‌ മരുന്നു നല്‍കി തണുത്ത വെള്ളം കൊണ്ട്‌ ശരീരമൊക്കെ തുടര്‍ച്ചയായി തുടച്ച്‌ ഒടുവില്‍ രാവിലെയായപ്പോഴേക്കും പനിക്ക്‌ ശമനമായി.

ആ ഡോക്ടറെ ഹോമിയോപ്പതി പഠിപ്പിക്കാന്‍ അയച്ച രക്ഷിതാക്കള്‍ ഒരിക്കലെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടാവുമോ തങ്ങളുടെ മകള്‍ക്ക്‌ ഇത്തരമൊരു സങ്കടാവസ്ഥ ഉണ്ടാകുമെന്ന്‌. ഡോക്ടറാകാന്‍ അയയ്‌ക്കുക എന്നത്‌ അന്തസ്സായല്ലേ എല്ലാവരും കാണുന്നത്‌; അതിന്‌ ഹോമിയോ ഡോക്ടറായാല്‍ എന്ത്‌ അല്ലേ. പനിക്ക്‌ ചികിത്സയ്‌ക്കു ചെല്ലുമ്പോള്‍, പനി വര്‍ധിച്ചാല്‍ പാരസെറ്റാമോള്‍ കഴിച്ചോളൂ എന്ന്‌ ഉപദേശിക്കുന്ന ഹോമിയോപ്പതി ഡോക്ടര്‍മാര്‍ വിരളമല്ല. അവരുടെ ആ നിസ്സഹായവസ്ഥയ്‌ക്ക്‌ ആരാണ്‌ ഉത്തരവാദി. രണ്ടു വര്‍ഷം മുമ്പ്‌ ഹോമിയോപ്പതി വിവാദത്തെക്കുറിച്ച്‌ 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ ഒരു ലേഖനമെഴുതിയപ്പോള്‍, ഹോമിയോരംഗത്തുള്ള ഒട്ടേറെപ്പേര്‍ അതിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തിയിരുന്നു. പലരും എന്നെ ശപിച്ചു. ചിലര്‍ പ്രാകി. (മലയാളം ബ്ലോഗര്‍മാരായി അധികം ഹോമിയോ വിദഗ്‌ധര്‍ ഇതുവരെ എത്താത്തത്‌ എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ശാപങ്ങളും ഏല്‍ക്കേണ്ടി വരുമായിരുന്നു).

അത്തരം പ്രതികരണത്തിനിടയില്‍ ഇടുക്കി സ്വദേശിയായ ഒരു ഹോമിയോ ഡോക്ടര്‍ എഴുതിയ കത്ത്‌ വ്യത്യസ്‌തമായിരുന്നു. താന്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അപേക്ഷാഫോറത്തില്‍ 'ഡോക്ടര്‍' എന്ന്‌ വെയ്‌ക്കാറില്ല എന്നാണ്‌ അദ്ദേഹം തുറന്നെഴുതിയത്‌. കാരണം, ട്രെയിനില്‍ വെച്ച്‌ ഏതെങ്കിലും യാത്രക്കാരന്‌ നെഞ്ചുവേദനയോ ഹൃദയസ്‌തംഭനമോ വന്നാല്‍ തന്റെ പക്കല്‍ അതിന്‌ പരിഹാരമൊന്നുമില്ല- ആ ഡോക്ടര്‍ എഴുതി. ഈ നിസ്സഹായാവസ്ഥ സൃഷ്ടിക്കുന്നതില്‍ ഹോമിയോ കോളേജുകള്‍ തുടങ്ങുന്നവര്‍ക്കും ഇതൊരു ചികിത്സാ സമ്പ്രദായമായി അംഗീകരിച്ച്‌ കൊണ്ടുനടക്കുന്ന സര്‍ക്കാരിനുമൊക്കെ പങ്കില്ലേ. പണ്ട്‌ കൊല്‍ക്കത്തയില്‍ നിന്ന്‌ മൂന്നാഴ്‌ച കൊണ്ട്‌ തപ്പാല്‍ വഴി പഠിക്കാന്‍ കഴിഞ്ഞിരുന്ന ഈ ചികിത്സയെ ഔദ്യോഗികമാക്കി മാറ്റിയവര്‍ക്ക്‌ ഇതെപ്പറ്റി എത്ര ധാരണയുണ്ടായിരുന്നിരിക്കണം.

ജനങ്ങള്‍ക്കെല്ലാം ഹോമിയോ ചികിത്സയെപ്പറ്റി ശരിയായ ധാരണയുണ്ടെന്ന വാദവും പരിശോധിക്കേണ്ടതുണ്ട്‌. ഒരു മാസമായിക്കാണും, രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ എന്നോട്‌ ഭാര്യ വളരെ രോക്ഷത്തോടെ ഒരു സംഭവം വിവരിച്ചു. തൊട്ടുമുകളിലെ ഫ്‌ളാറ്റിലെ ഒരു വയസ്സുകാരന്‍ വിഷ്‌ണുദാസിന്‌ ഒരാഴ്‌ചയായി പനിയും വയറിളക്കവുമാണ്‌. "ഇതറിഞ്ഞു കുഞ്ഞിനെ കാണാന്‍ ചെന്ന ഞാന്‍ നടുങ്ങിപ്പോയി"-ഭാര്യ പറഞ്ഞു. തീപോലെ പനിക്കുകയാണ്‌ കുഞ്ഞിന്‌. തെര്‍മോമീറ്റര്‍ വെച്ചു നോക്കിയപ്പോള്‍ 102 ഡിഗ്രിക്ക്‌ മുകളില്‍ ശരീരതാപനില. കുഴപ്പമില്ല, ഹോമിയോമരുന്ന്‌ കൊടുക്കുന്നുണ്ട്‌ എന്നായിരുന്നു, വിഷ്‌ണുദാസിന്റെ അമ്മയുടെ അല്‍പ്പവും ആശങ്കയില്ലാത്ത മറുപടി. കുഞ്ഞിന്‌ ഹോമിയോ ചികിത്സ മതിയെന്ന്‌ നിര്‍ദ്ദേശിച്ച അവളുടെ നാത്തൂന്‍ പറഞ്ഞത്രേ, മരുന്നു കൊടുക്കുന്നുണ്ടല്ലോ കുറഞ്ഞോളും എന്ന്‌.

ഒരാഴ്‌ചയായി മരുന്നു തുടര്‍ന്നിട്ടും കുഞ്ഞിന്റെ രോഗം വഷളാകുന്നതിനെപ്പറ്റി ആ ചെറുപ്പക്കാരിയായ അമ്മയ്‌ക്ക്‌ അല്‍പ്പവും വേവലാതിയില്ല എന്നതാണ്‌ എന്റെ ഭാര്യയെ കുപിതയാക്കിയത്‌."കുഞ്ഞ്‌ വാടി തളര്‍ന്നിരുന്നു. എനിക്ക്‌ സങ്കടം തോന്നി"-ഭാര്യ എന്നോടു പറഞ്ഞു. " ഇവരുടെ വിവരക്കേടിന്‌ ആ കുഞ്ഞ്‌ എന്തുപിഴച്ചു. ഒരാഴ്‌ചയായി അവര്‍ ആ കുഞ്ഞിനെ കഷ്ടപ്പെടുത്തുകയല്ലേ". ഏതായാലും, കുഞ്ഞിന്റെ സ്ഥിതി അപകടാവസ്ഥയിലേക്ക്‌ എത്തുകയാണെന്നും, ഉടന്‍ നല്ലൊരു പീഡിയാട്രീഷ്യനെ കാട്ടണമെന്നും ആ അമ്മയെ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞു. വിഷ്‌ണുദാസിന്റെ അമ്മ ഭര്‍ത്താവിനെ ഫോണ്‍ചെയ്‌ത്‌ വരുത്തി കുഞ്ഞിനെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഹോമിയോമരുന്നു കൊണ്ട്‌ കുഞ്ഞിന്റെ വയറിളക്കവും പനിയും മാറും എന്ന്‌ ആ യുവദമ്പതികള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരിക്കുകയായുന്നു. കുഞ്ഞാണെങ്കില്‍ നിര്‍ജലീകരണവും (ഡീഹൈഡ്രേഷനും) വയറിലെ അണുബാധയും കൊണ്ട്‌ കൂടുതല്‍ അവശനാവുകയും. കുഞ്ഞുങ്ങള്‍ക്ക്‌ ഹോമിയോ ചികിത്സ ഫലിക്കുന്നത്‌ പ്ലാസിബോ ഇഫക്ട്‌ കൊണ്ടാവില്ലല്ലോ എന്ന സ്ഥിരം വാദം ഈ സംഭവം കേട്ടപ്പോള്‍ ഞാനോര്‍ത്തു.

ഞങ്ങളുടെ അയല്‍വക്കത്ത്‌ താമസിച്ചിരുന്ന രണ്ട്‌ മധ്യവയസ്‌ക്കരായ സ്‌ത്രീകളുടെ ഉദാഹരണം കൂടി പറയാം. ഒരാള്‍ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ചീഫ്‌ പ്രൂഫ്‌ റീഡറായി വിരമിച്ചയാളുടെ ഭാര്യ. രണ്ടാമത്തെയാള്‍ ഒരു മലയാളം വര്‍ത്താചാനലിലെ റിപ്പോര്‍ട്ടറുടെ ചെറിയമ്മ. രണ്ടുപേരുടെയും പ്രശ്‌നം ഗര്‍ഭാശയ മുഴയായിരുന്നു. ആദ്യ സ്‌ത്രീ ഹോമിയോപ്പതിയും കൂടെ റെയ്‌ക്കിയും പ്രയോഗിച്ചു രോഗശമനത്തിന്‌ ശ്രമിച്ചു. അല്‍പ്പമൊക്കെ പൊതുപ്രവര്‍ത്തനവും പൊതുജന സമ്പര്‍ക്കവുമുണ്ടായിരുന്ന ആ സ്‌ത്രീ ആ ബാഹ്യലോകത്തുനിന്ന്‌ തീര്‍ത്തും അകന്നു. കഠിനമായ വേദന അവര്‍ക്കു സഹിക്കാനാവുന്നില്ല, രക്തസ്രവവുമുണ്ട്‌ എന്ന്‌ അവരെ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോള്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഹോമിയോ ഡോക്ടര്‍ ഉപദേശിച്ചു, ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണാന്‍. അങ്ങനെ ഗൈനക്കോളജിസ്‌റ്റിനെ കണ്ടു, ശസ്‌ത്രക്രിയ വഴി ഗര്‍ഭാശയം നീക്കംചെയ്‌തു. ഇപ്പോള്‍ കുറെയൊക്കെ പഴയ നിലയിലേക്ക്‌ അവര്‍ എത്തിക്കഴിഞ്ഞു.

രണ്ടാമത്തെ സ്‌ത്രീയുടെ കാര്യം കുറച്ചുകൂടി അടുത്തറിയാം. കാരണം അവര്‍ ഞങ്ങളുടെ തൊട്ട്‌ അയല്‍വാസിയായിരുന്നു. പല ദിവസങ്ങളിലും ആ ചേച്ചി വേദനകൊണ്ട്‌ പുളയുന്നതു കണ്ട്‌ കണ്ണുനിറഞ്ഞെത്തുന്ന എന്റെ ഭാര്യയില്‍ നിന്ന്‌ ഒന്നും പറയാതെ തന്നെ കാര്യങ്ങള്‍ എനിക്കു ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. ഹോമിയോചികിത്സയാണ്‌ അവര്‍ നടത്തുന്നത്‌. ഇത്രയും പ്രായവും വിവരമുള്ള സ്‌ത്രീയല്ലേ, അവരെ നമ്മള്‍ എങ്ങനെ ഉപദേശിക്കും, ഭാര്യ എന്നോട്‌ ചോദിക്കുമായിരുന്നു. എതായാലും അഞ്ചുമാസക്കാലം ആ സ്‌ത്രീ കഠിനവേദന തിന്നു. അത്രയുമായപ്പോള്‍ അവരെ ചികിത്സിച്ചിരുന്ന ഹോമിയോ ഡോക്ടര്‍ പറഞ്ഞു, ഒരു ഗൈനക്കോളജസ്‌റ്റിനെ കാണാന്‍. ആദ്യ സ്‌ത്രീയുടെ അനുഭവത്തിന്റെ തനിയാവര്‍ത്തനം. സര്‍ജറി കഴിഞ്ഞ്‌ സുഖം പ്രാപിച്ച്‌ തിരികെയെത്തിയ അവര്‍ അധിക കാലം കോഴിക്കോട്ട്‌ ഉണ്ടായിരുന്നില്ല. തിരികെ നാട്ടിലേക്ക്‌ തന്നെ പോയി.

ആ സ്‌ത്രീകള്‍ മാസങ്ങളോളം അനുഭവിച്ച വേദന ഏത്‌ കണക്കില്‍ പെടുത്തും. രണ്ടുപേരും കാര്യവിവരമുള്ള സ്‌ത്രീകള്‍. പക്ഷേ, ഹോമിയോമരുന്നു കൊണ്ട്‌ എന്തു ഫലം ഉണ്ടാകും എന്നുമാത്രം അവര്‍ക്ക്‌ അറിയില്ലായിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്ത്‌ ആത്മാര്‍ത്ഥമായി ആ ചികിത്സയെ അവര്‍ സ്വീകരിക്കുകയായിരുന്നു. കഠിനമായ വേദന അവര്‍ അനുഭവിക്കുന്നത്‌ അറിഞ്ഞുകൊണ്ട്‌ അവരെ വഞ്ചിക്കുകയല്ലായിരുന്നോ, ആ ഡോക്ടര്‍മാര്‍. ഇതല്ലേ പച്ചയായ ക്രൂരത. ഈ ക്രൂരതയ്‌ക്ക്‌ ആര്‌ സമാധാനം പറയും. സമാന്യവത്‌ക്കരിക്കുകയാണെന്നു തോന്നാം. എന്റെ തൊട്ടടുത്ത്‌ ഇത്രയും അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ കേരളത്തിലാകമാനം എത്രമാത്രം പേര്‍ ഹോമിയോയില്‍ വിശ്വസിച്ച്‌ ഇതുപോലെ ക്രൂരതയ്‌ക്ക്‌ ഇരയാവുന്നുണ്ടാകാം.കുഞ്ഞുങ്ങളെ വിധിക്കു വിടുന്നുണ്ടാകും. ഒരു പത്രവും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യില്ല. ഒരു ചാനലും ഈ വേദന ദൃശ്യവത്‌ക്കരിക്കില്ല. ഹോമിയോയുടെ അപദാനങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ കേള്‍ക്കൂ. അല്ലെങ്കില്‍ എടുത്താല്‍ പൊന്താത്ത അവകാശവാദങ്ങള്‍. ബ്ലോഗിന്റെ സാധ്യത ഒന്നുകൊണ്ടു മാത്രമാണ്‌ എന്നെപ്പോലൊരാള്‍ക്ക്‌ ഇക്കാര്യങ്ങള്‍ ആരെങ്കിലുമായി പങ്കുവെക്കാന്‍ കഴിയുന്നത്‌ എന്നും പറയട്ടെ.

നീണ്ടുപോകുന്ന ഈ കുറിപ്പ്‌ ഒരു അനുഭവം കൂടി എഴുതി അവസാനിപ്പിക്കാം. ഇത്‌ എന്റെ ഉറ്റ സുഹൃത്തായ പത്രപ്രവര്‍ത്തകനും ഭാര്യയ്‌ക്കും ഉണ്ടായ അനുഭവമാണ്‌. വിവാഹം കഴിഞ്ഞ്‌ അധികനാള്‍ കഴിയും മുമ്പ്‌ സുഹൃത്തിന്റെ ഭാര്യയുടെ കൈമുട്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു മുഴ ആ ദമ്പതിമാരെ അലോസരപ്പെടുത്തി. വേദനയോ മറ്റ്‌ അസ്വസ്ഥതകളോ ഇല്ല. ഒരു എല്ല്‌ പുറത്തേക്ക്‌ തള്ളി വന്നതു മാതിരിയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ ഉടന്‍ വിദഗ്‌ധോപദേശം നല്‍കി, ഇതിന്‌ (എന്താണതെന്ന്‌ ആര്‍ക്കും പിടിയില്ല) അലോപ്പതിയില്‍ ശസ്‌ത്രക്രിയ മാത്രമേ പരിഹാരം ഉള്ളൂ, ഹോമിയോയിലാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ശരിയായ ചികിത്സയുള്ളത്‌. ബന്ധുക്കളുടെ ഉപദേശം അവഗണിക്കാനാവില്ലല്ലോ. ഇരുവരും കൂടി കോഴിക്കോട്ടെ ഒരു പ്രശസ്‌ത ഹോമിയോ ഡോക്ടറെ അഭയം പ്രാപിച്ചു. ഡോക്ടര്‍ കാര്യങ്ങളെല്ലാം വളരെ ക്ഷമാപൂര്‍വ്വം കേട്ടു. "കുഴപ്പമില്ല'', എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം അറിയിച്ചു. "കുറഞ്ഞത്‌ അഞ്ചാറു മാസത്തെ ചികിത്സ വേണ്ടിവരും, മരുന്നു കൃത്യമായി കഴിക്കണം".

സുഹൃത്തും ഭാര്യയും എല്ലാം സമ്മതിച്ചു.മരുന്നും വാങ്ങി വീട്ടിലെത്തി. അപ്പോഴാണ്‌ പ്രശ്‌നം. മരുന്നു ദിവസവും ഏഴുനേരം വീതം കഴിക്കണം, അതും കൃത്യമായ ഇടവേളകളില്‍ അഞ്ചാറു പൊതിയിലെ പഞ്ചസാര ഗുളികള്‍. മൂന്നുനേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്ക്‌ ക്ഷമ നശിച്ചു. അവള്‍ പ്രഖ്യാപിച്ചു, എനിക്കിതു വയ്യ. അങ്ങനെ ചികിത്സ അവിടെ നിന്നു.(കൂടെ പറയട്ടെ, സുഹൃത്തിന്റെ ഭാര്യ ഫാര്‍മസിയില്‍ ബിരുദം നേടിയ പെണ്‍കുട്ടിയാണ്‌. അവള്‍ക്കും പക്ഷേ, ഹോമിയോ മരുന്നിനെക്കുറിച്ച്‌ ഒരു സംശയവും തോന്നിയില്ല. ആ നിലയ്‌ക്ക്‌ സാധാരണക്കാര്‍ ഈ ചികിത്സയെ സംശയിക്കാത്തതില്‍ അത്ഭുതമുണ്ടോ). വേദനയില്ലാത്തതു കൊണ്ട്‌ കൈക്കുഴയിലെ പ്രശ്‌നം അങ്ങനെ തന്നെ വിട്ടു. ഒരു മാസം കഴിഞ്ഞു കാണും, കൈമുട്ടിലെ മുഴ തനിയെ അപ്രത്യക്ഷമായി. ഒരു മരുന്നും കഴിക്കാതെ തന്നെ. "ഹോമിയോ മരുന്ന്‌ കഴിച്ചിരുന്നെങ്കിലോ", സുഹൃത്ത്‌ ചോദിക്കുന്നു. "ഞാനും ഭാര്യയും ഹോമിയോയുടെ നിത്യവക്താക്കളായി മാറിയേനെ".

മാറാത്ത പലതും ഹോമിയോ കൊണ്ട്‌ മാറിയെന്ന അവകാശവാദങ്ങള്‍ ഉയരുമ്പോള്‍ എന്റെ മനസില്‍ ഈ സുഹൃത്തിന്റെ വാക്കുകള്‍ എത്തും. നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവ്‌ ആര്‍ക്കെല്ലാം മുതലെടുപ്പിനും പണമുണ്ടാക്കാനും മാര്‍ഗ്ഗമാകുന്നു അല്ലേ. 
കാണുക -
അഴിമതി മാറ്റാന്‍ ഹോമിയോപ്പതി
ഹോയോപ്പതി - സത്യവും മിഥ്യയും

 

21 comments:

Joseph Antony said...

ഒരു വിശ്വാസത്തിന്റെ പുറത്ത്‌ രണ്ടു സ്‌ത്രീകളും ആ ചികിത്സയെ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയായിരുന്നു. ഗര്‍ഭാശയമുഴ ഹോമിയോമരുന്നുകൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം. മാസങ്ങളോളം കഠിനമായ വേദന അവര്‍ അനുഭവിക്കുന്നത്‌ അറിഞ്ഞുകൊണ്ട്‌ അവരെ വഞ്ചിക്കുകയല്ലായിരുന്നോ, ആ ഡോക്ടര്‍മാര്‍. ഇതല്ലേ പച്ചയായ ക്രൂരത. ഈ ക്രൂരതയ്‌ക്ക്‌ ആര്‌ സമാധാനം പറയും. സമാന്യവത്‌ക്കരിക്കുകയാണെന്നു തോന്നാം. എന്റെ തൊട്ടടുത്ത്‌ ഇത്രയും അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ കേരളത്തിലാകമാനം എത്രപേര്‍ ഹോമിയോയില്‍ വിശ്വസിച്ച്‌ ഇതുപോലെ ക്രൂരതയ്‌ക്ക്‌ ഇരയാവുന്നുണ്ടാകാം. ഒരു പത്രവും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്യില്ല. ഒരു ചാനലും ഈ വേദന ദൃശ്യവത്‌ക്കരിക്കില്ല. ഹോമിയോയുടെ അപദാനങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ കേള്‍ക്കൂ. അല്ലെങ്കില്‍ എടുത്താല്‍ പൊന്താത്ത അവകാശവാദങ്ങള്‍- ഹോമിയോപ്പതിയെക്കുറിച്ചുള്ള പ്രതികരണം.

myexperimentsandme said...

ജോസഫ് മാഷേ, മോഡേണ്‍ മെഡിസിനിലുമില്ലേ ഇത്തരം ധാരാളം പ്രശ്‌നങ്ങള്‍? അതുകൊണ്ട് മോഡേണ്‍ മെഡിസിന്‍ ശരിയല്ലാതാവുന്നില്ലല്ലോ.

ഹോമിയോ ഒരു ഒറ്റമൂലിയാണെന്നല്ലല്ലോ. മോഡേണ്‍ മെഡിസിന് മൊത്തത്തില്‍ പകരം വെയ്ക്കാനുള്ള ഒരു ചികിത്സാവിധിയുമല്ല ഹോമിയോ. സര്‍ജറി, അല്ലെങ്കില്‍ അടിയന്തിരമായി ചെയ്യേണ്ട ചികിത്സകള്‍ ഇവയൊക്കെ മോഡേണ്‍ മെഡിസിനില്‍ കൂടി തന്നെ ചെയ്യണം താനും. പക്ഷേ എന്റെ പിന്നത്തെയും സംശയം പല വികസിത രാജ്യങ്ങളും ഹോമിയോ മൊത്തത്തില്‍ തട്ടിപ്പാണ് എന്ന് പറയാത്തതിനു കാരണമെന്താണ്? കഴിഞ്ഞ പോസ്റ്റിലെ ലിങ്കുകളില്‍ കൊടുത്തതുപോലെ അമേരിക്കയിലെ എന്‍.ഐ.എച്ചും മറ്റും ഇപ്പോഴും ഹോമിയോയില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന് ഫണ്ടിംഗ് കൊടുക്കുന്നത് എന്തുകൊണ്ടാണ്?

നാട്ടിലെ അറിവിന്റെ കാര്യമെടുത്താല്‍ മോഡേണ്‍ മെഡിസിനിലെ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി അറിവുള്ള എത്രപേരുണ്ട് നമ്മുടെ നാട്ടില്‍? (ഈ പറഞ്ഞത് ഹോമിയോയ്ക്കുള്ള ന്യായീകരണമായിട്ടല്ല)

Inji Pennu said...

ജോസഫ് മാഷേ, ഇതേ അനുഭവങ്ങള്‍ ഹോമിയോമരുന്നായി കോര്‍ട്ടിസോണ്‍ ആസ്മക്ക് കൊടുക്കുന്ന പ്രശ്സതനായ ബാംഗ്ലൂറിലെ ഹോമിയോ ഡോക്ടറെ എനിക്കറിയാം.
ഇതേ തട്ടിപ്പുകള്‍ കാണിക്കുന്ന ഇഷ്ടം പോലെ ആയുര്‍വേദ ഡോക്ട്രമാരേയും നമുക്കൊക്കെ നേരിട്ടും പരിചയം കാണും. അതേ പോലെ തന്നെ അല്ലോപ്പതിയേയും ചൂഷണം ചെയ്യുന്നവരേയും. അല്ലോപ്പതിക്ക് ശാസ്ത്രീയ അടിത്തറയുണ്ടല്ല്ലൊ? എന്നിട്ടും രോഗികള്‍ മരിക്കുന്നു, ചൂഷണം ചെയ്തു ചെയ്യപ്പെടാതെയും.

ഒരു രോഗി പലരോടും അഭിപ്രായം ചോദിച്ചു തന്നെയായിരിക്കും അലോപ്പതിയായാലും ഹോമിയോ ആയാലും ആയുര്‍വേദം ആയാലും പോവുക. ഇന്ന ഡോക്ടര്‍ ഇന്ന അസുഖം മാറ്റി, അദ്ദേഹം ഒന്ന് തൊട്ടാ‍ല്‍ മതിയെന്ന് പറയപ്പെടുന്ന ഇഷ്ടം പോലെ അലോപ്പതി ഡോക്ട്രര്‍മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാവും.

നടുവേദന എന്ന് ചെന്ന് പറഞ്ഞാല്‍, സര്‍ജറി ഉപദേശിക്കാത്തെ അല്ലോപതി ഡോക്ടര്‍മാര്‍ തീരെ കുറവ്. അതുകൊണ്ട് ചൂഷണം എല്ലായിടത്തും ഒരുപോലെ തന്നെ. ഒട്ടും വ്യത്യാസമില്ല.

>>ഒരു പത്രവും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യില്ല.

ഇതെന്തു കൊണ്ട് എന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. എന്തായാലും അലോപ്പതിയോളം വലിയ ലോബിയിങ്ങൊ സിന്‍ഡിക്കേറ്റൊ ഹോമിയോപ്പതിക്കാര്‍ക്ക് ഉണ്ടാവില്ല. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ട്? മാഷെങ്കിലും ഇതുപോലെയുള്ള കാര്യങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് തന്നെ അപേക്ഷിക്കുന്നു. ഇവിടെ എഡിറ്ററുടെ കത്രിക പേടിക്കണ്ടല്ലൊ.

മാഷ് പറയുന്ന ശരീരത്തിന്റെ സ്വയം ചികിത്സാ ശക്തി കാന്‍സര്‍ രോഗികളോട് അലോപ്പതിക്കാര്‍ എപ്പോഴും പറയുന്ന, “ഈഫ് യൂ ഹാവ് വില്പവര്‍” എന്ന സാധനം അല്ലെ? ചില മാരക കാന്‍സര്‍ രോഗികള്‍ വില്‍പവര്‍ കൊണ്ട് രക്ഷപ്പെടുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഇഷ്ടം പോലെ ഓണ്‍കോളജിസ്റ്റുകള്‍ നമുക്കിടയില്‍ ഉണ്ടല്ലൊ?

പക്ഷെ എന്റെ സംശയം ഇതൊന്നുമല്ല. ഹോമിയോ വഴി ഫൈബറോയിട് മാറി എന്ന് പറയുന്നത് പ്ലാസിബോ ഇഫക്റ്റാണൊ? ചിക്കന്‍പോക്സ് വരാതെ ഇരിക്കാന്‍ ആളുകള്‍ കഴിക്കുന്ന ഹോമിയോ മരുന്ന് പ്ലാസിബോ ഇഫക്റ്റാണൊ? പച്ചവെള്ളതിനു ഇത് രണ്ടും ക്യുവര്‍ ചെയ്യാന്‍ പറ്റുമൊ? ഇത് രണ്ടും അലോപ്പതി ഡോക്ടേര്‍സ് പറയുന്നത് ഇവരെല്ലാം ചേര്‍ന്ന് നടത്തുന്ന ഒരു റാക്കറ്റാണൊ? ഇത് ശുദ്ധ തട്ടിപ്പാണെങ്കില്‍ എന്തു കൊണ്ട് ഈ അസുഖങ്ങള്‍ മാറി? ഇത് പലരും പറയുന്നു, ഇതിനു രണ്ടിനും ഹോമിയോയില്‍ ചികിത്സ ഉണ്ടെന്ന്. പലരും പരീക്ഷിക്കുന്നു, വിജയിക്കുന്നു? അതിനൊരുത്തരം ആരെങ്കിലും തരാതെ എനിക്കെന്തോ പൂര്‍ണ്ണമായി കണ്‍വിന്‍സ്ഡ് ആവാന്‍ സാധിക്കുന്നില്ല.
എനിക്കും ഈ ശാ‍സ്ത്രീയ തെളിവെല്ലാം കാണുമ്പോള്‍ നേരു പറഞ്ഞാല്‍ തട്ടിപ്പാണെന്ന് വിശ്വസിക്കണമെന്നുണ്ട്. but i am willing to give benefit of the doubt

oru blogger said...
This comment has been removed by the author.
Santhosh said...

വാദത്തില്‍ ഏതെങ്കിലും ഒരു വശം ചേരുകയല്ല, എന്നാലും:

ഈ അഭിപ്രായം പറഞ്ഞവരോട്‌ ചോദിച്ചുനോക്കൂ, എന്തുകൊണ്ട്‌ അവര്‍ ഇങ്ങനെയൊരു അഭിപ്രായപ്പെട്ടുവെന്ന്‌.


"എനിക്ക്‌ അനുഭവമുള്ളതാണ്‌" എന്നത് എങ്കിലും കൃത്യമായ ഉത്തരമായി കരുതിക്കൂടേ?

Unknown said...

ഹോമിയോപ്പതിയുടെയും ആയുര്‍വേദത്തിന്റെയും കാതല്‍ എന്നു പറയുന്നത് അവയുടെ ഹോളിസ്റ്റിക്‍ കാഴ്ചപ്പാടാണ് എന്നു കരുതാം.പൊതുവെ ഇതിന് വിരുദ്ധമായ നിലപാടുള്ള അലോപ്പതിയില്‍ ഉറച്ച വിശ്വാസവും പ്രതീക്ഷയും ഉള്ള ഒരാള്‍ക്ക് മുന്‍പറഞ്ഞ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്.ഹോമിയോപ്പതിയെ നിരാകരിക്കുന്ന താങ്കള്‍ സ്വാഭാവികമായും ആയുര്‍വേദത്തെയും എതിര്‍ക്കേണ്ടതാണ്.ആവര്‍ത്തിച്ച ക്ഷീരബലയൊക്കെ ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധമല്ലെ?

അലോപ്പതി ചികിത്സ ഓട്ടക്കലം അടയ്ക്കുന്നതു പോലെയാണ്.ചോര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതില്‍ വ്യക്തമായ ധാരണ പലപ്പോഴും ഇല്ലാത്തതിനാല്‍ ഓരോ ദ്വാരവും തെരഞ്ഞുപിടിച്ച് അടയ്ക്കുക എന്ന രീതിയാണ് കൂടുതലായി അലോപ്പതി അവലംബിക്കുന്നത്.പ്രായോഗികത കൂടുതലായതിനാലും പെട്ടെന്നുള്ള ശമനത്തിന്(താല്ക്കാലികമാണെങ്കില്‍ കൂടി) ഉതകുന്നതുകൊണ്ടും ഈ രീതിയ്ക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയും പ്രസിദ്ധിയും കൂടുതല്‍ കിട്ടി.

അനുഭവക്കുറിപ്പുകള്‍ കൊണ്ടുള്ള സാക്ഷ്യം കൊണ്ട് ഒരു ചികിത്സാ പദ്ധതിയെ വിലയിരുത്താനാവില്ല.എല്ലാ രംഗത്തും കള്ളനാണയങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, വ്യാജന്മാര്‍ തങ്ങള്‍ക്ക് ഏറ്റവും എളുപ്പതിലും താരതമ്യേന സുരക്ഷിതമായും പ്രയോഗിക്കവുന്ന ഹോമിയോപ്പതി ഉപയോഗിക്കുന്നു എന്ന ക്രൂരയാഥാര്‍ത്ഥ്യം തന്നെ കാരണം.

oru blogger said...
This comment has been removed by the author.
Joseph Antony said...

പ്രിയ സുഹൃത്തുക്കളെ,
ഈ പോസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌, ഹോമിയോയെക്കുറിച്ച്‌ വന്ന രണ്ട്‌ മുന്‍ലേഖനങ്ങളുടെ അനുബന്ധമായാണ്‌. തീര്‍ച്ചയായും നിങ്ങളെല്ലാം പ്രതികരിച്ചതും അങ്ങനെ തന്നെയെന്നു കരുതുന്നു.

ഹോമിയോ ശാസ്‌ത്രീയമായി അപ്രസക്തമാണെന്ന്‌ ചൂണ്ടിക്കാട്ടുമ്പോഴെല്ലാം ഉയരുന്നത്‌, വ്യക്തിപരമായി ഉണ്ടായ വിജയങ്ങള്‍ സംബന്ധിച്ച ചില സാക്ഷ്യപ്പെടുത്തലുകളോ, അവകാശവാദങ്ങളോ ആണ്‌. അതിനൊരു മറുവശമുണ്ടെന്ന്‌ കാട്ടിത്തരിക മാത്രമാണ്‌ ഈ പോസ്‌റ്റിന്റെ ഏക ഉദ്ദേശം. എന്റെ തൊട്ടടുത്ത്‌, ചുറ്റുവട്ടത്ത്‌ പെട്ടന്ന്‌ ചൂണ്ടിക്കാട്ടാവുന്ന എത്ര ദുരനുഭവങ്ങള്‍ ഹോമിയോയുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്നു എന്നു സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശം.

മോഡേണ്‍ മെഡിസനോ മറ്റ്‌ ചികിത്സാസമ്പ്രദായങ്ങളോ കുറ്റമറ്റതല്ല എന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എളുപ്പം ഉയരാറുള്ള ചോദ്യമാണ്‌ മോഡേണ്‍ മെഡിസിന്‍ കുറ്റമറ്റതാണോ എന്നത്‌. പക്ഷേ, ശാസ്‌ത്രീയ അടിത്തറയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന എന്തിനെയും തിരുത്താനും നവീകരിക്കാനുമുള്ള സാധ്യതകള്‍ അതില്‍ തന്നെയുണ്ട്‌. ശാസ്‌ത്രീയ അടിത്തറയില്ലാത്ത ഒന്നില്‍ അത്തരമൊരു തിരുത്തലിനോ നവീകരണത്തിനോ സാധ്യതയില്ല. അതുകൊണ്ടാണ്‌ 300 വര്‍ഷത്തെ ശാസ്‌ത്രീയ മുന്നേറ്റങ്ങള്‍ക്കു പുറന്തിരിഞ്ഞാണ്‌ ഹോമിയോപ്പതിയുടെ നില്‍പ്പ്‌ എന്ന വിമര്‍ശനം ഉയരാന്‍ കാരണം.

വക്കാരി മാഷ്‌ ഉന്നയിച്ച ഒരു കാര്യം വളരെ പ്രസക്തമാണ്‌. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ (എന്‍.ഐ.എച്ച്‌) പോലുള്ള ഏജന്‍സികള്‍ ഹോമിയോഗവേഷണത്തെ തുണയ്‌ക്കുന്ന കാര്യം. ഇതു മനസിലാക്കാന്‍ അത്ര പ്രയാസമില്ല. ഔദ്യോഗിക ചികിത്സാസമ്പ്രദായങ്ങള്‍ക്കൊപ്പം ഹോമിയോപ്പതി അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികള്‍ സ്വാഭാവികമായും ഇത്തരം ഗവേഷണങ്ങള്‍ക്ക്‌ പണം നല്‍കും. കേരളത്തിലെ ആരോഗ്യവകുപ്പ്‌ ഹോമിയോപ്പതിയെ തള്ളപ്പറയും എന്നു പ്രതീക്ഷിക്കുന്നതു പോലെയേ ഉള്ളൂ, എന്‍.ഐ.എച്ച്‌. പോലുള്ള ഏജന്‍സികളും അങ്ങനെ ചെയ്യും എന്ന്‌ കരുതുന്നത്‌.

പിന്നെ വിശ്വാസം കൊണ്ട്‌ രോഗം മാറുമെന്നത്‌ പുതിയ കാര്യമല്ല. മന്ത്രവാദം കൊണ്ടും, പോട്ടയില്‍ പോയി ധ്യാനിച്ചുമൊക്കെ, ഇഞ്ചിപ്പെണ്ണ്‌ പറയുന്നതിലും മാരകമായ പ്രശ്‌നങ്ങള്‍ മാറിയതിന്റെ എത്രയോ സാക്ഷ്യങ്ങളുണ്ട്‌. മനസിന്റെ ശക്തി അംഗീകരിക്കുന്നതുകൊണ്ടാണ്‌, ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ ഒരു പ്രമുഖശാഖയായിത്തന്നെ മനശാസ്‌ത്രവും മനശാസ്‌ത്രപഠനവുമൊക്കെ വളര്‍ന്നിരിക്കുന്നത്‌.
-ജോസഫ്‌ ആന്റണി

Inji Pennu said...
This comment has been removed by the author.
അശോക് said...

എന്.സി.സി.എ ഫണ്ട് ചെയ്യുന്നത് അലോപ്പതിയല്ലാതെയുള്ള മരുന്നുകളുടെയും പ്രയോഗരീതികളുടേയും ശാത്രീയ അടിത്തറ പരീക്ഷിച്ചറിയുന്നതിന് വേണ്ടിയാണ്. 200 വര്ഷങ്ങാളായി പ്രയോഗത്തിലിരിക്കുന്ന ഒരു ചികിത്സാ രീതിയുടെ ശാത്രീയത നിരീക്ഷിക്കാനായി പരീക്ഷണങ്ങള് എന്.സി.സി.എ ആരഭിച്ചത് 1991 ആണ്. പരീക്ഷണങ്ങള് നടത്താന് ഫണ്ട് ചെയ്യുന്നതിനെ അഗീകാരമായി കാണാനും കഴിയില്ല.( ശീത സമരകാലത്ത് റഷ്യന് ജനറല് മാരുടെ മനസ്സിലിരുപ്പ് 'ടെലിപ്പതി' വഴി അറിയാന് കഴിഞ്ഞേക്കുമെന്ന് കരുതി അതിലും പരീക്ഷണങ്ങള് നടത്തിയിട്ടുണ്ടല്ലോ). അതുപോലെ തന്നെ പരീക്ഷണങ്ങള് നടത്തുന്നതിനെ തള്ളിപറയാനും വയ്യ.

NCCAM - The National Center for Complementary and Alternative Medicine – A Federal agency for scientific research on complementary and alternative medicine under National Institutes of Health (NIH)

എന്.സി.സി.എ വെബ സൈറ്റില് തന്നെ ചില പരീക്ഷണ ഫലങ്ങള് അപ്പെന്ടിക്സായി കൊടുത്തിട്ടുണ്ട്.

Appendix I - shows 'Clinical Trials on Homeopathy Published from 1998 to 2002' which generally says some medicines showed results better than what just placebo can explain ( along with some failures).

Also see the Appendix II - 'Systematic Reviews and Meta-Analyses of Clinical Trials of Homeopathy' where all the results came out as NEGATIVE.

Now, what is the important of 'Systematic Reviews and Meta-Analyses' - it is the method by which things are studied more than once, often by different research teams in different locations. (Single /isolated/ small scale clinical trials can be positively biased is a known fact)

(There are also people who argue that NCCA never be able to prove any of the Alternative Medicines since its inception in 1991 and it is a huge waste of federal money)

പക്ഷേ അതല്ല ഇവിടെ പ്രശ്നം. ഇങ്ങനെ പുകമറയില് നില്ക്കുന്ന ഒന്നിനെ പരീക്ഷണ നീരീക്ഷണങ്ങളിലൂടെ തെളിയിക്കാന് പ്രേരിപ്പിക്കുകയാണോ വേണ്ടത്, അതോ ഇതൊരു ഉത്തമ ചികിത്സാരീതിയാണന്ന് വിശ്വസിച്ച് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണോ വേണ്ടത്.

ഒരു അലോപ്പതി മരുന്നിന്റെ നിരീക്ഷണ ഫലങ്ങള് ഇതുമാതിരിയായിരുനെങ്കില് എഫ്.ടി.എ. അതിന് അനുമദി കൊടുക്കാന് സാധ്യതയുണ്ടോ? വ്യക്തമായ ക്ലിനിക്കല് ട്രയല്സിന് ശേഷം എഫ്.ടി.എ യുടെ സ്വതന്ത്ര നിരീക്ഷണങ്ങളം കഴിഞ്ഞ് മൂന്നോ നാലോ വര്ഷങ്ങള് കോണ്ടാണ് ഒരു മരുന്നിന് അനിമതി കിട്ടുന്നത്.

എന്നാല് ഹോമിയോയുടെകാര്യത്തില് എഫ്.ടി.എ. നിലപാടെന്തെന്ന് നോക്കാം.

From FDA – web site…

FDA regulates homeopathic drugs in several significantly different ways from other drugs (actually it is almost like dietary supplements). Manufacturers of homeopathic drugs are deferred from submitting new drug applications to FDA. Their products are exempt from good manufacturing practice requirements related to expiration dating and from finished product testing for identity and strength. Homeopathic drugs in solid oral dosage form must have an imprint that identifies the manufacturer and indicates that the drug is homeopathic. The imprint on conventional products, unless specifically exempt, must identify the active ingredient and dosage strength as well as the manufacturer.

"The reasoning behind [the difference] is that homeopathic products contain little or no active ingredients," explains Edward Miracco, a consumer safety officer with FDA's Center for Drug Evaluation and Research. "From a toxicity, poison-control standpoint, [the active ingredient and strength] was deemed to be unnecessary."


However, homeopathic products are not exempt from all FDA regulations. If a homeopathic drug claims to treat a serious disease such as cancer it can be sold by prescription only (fortunately there is no such medicines are available).

ഇനി കുട്ടികള്‍ക്ക് ഹോമിയോമരുന്ന് വളരെ ഫലപ്രദമാണെന്നണ് മറ്റോരു വാദം. ആരാ ഈ പഠനം നടത്തിയത്? എവിടെയാണ് ആ ഫലങ്ങള് ?

എന്.സി.സി.എ യില് കുട്ടികള്‍ക്കുണ്ടാകുന്ന ഡയറിയായെക്കുറിച്ചോരു പഠനം കണ്ടൂ.

Let see what FDA has to say about this.
from FDA web site..

" has conducted a clinical trial the results of which suggest that homeopathic treatment might be useful in the treatment of acute childhood diarrhea. The results were published in the May 1994 issue of Pediatrics. In the article, Jacobs concluded that further studies should be conducted to determine whether her findings were accurate. A subsequent article appearing in the November 1995 issue of Pediatrics indicated that Jacobs' study was flawed in several ways."

Just because an article appears in a scientific journal does not mean that it's absolute fact and should be immediately incorporated into therapeutic regimens. It just means that the study is [published] for critique and review and hopefully people will use that as a stepping stone for further research.


A few more Facts ( copied from FDA web site)


1) Even with the dearth of clinical research, homeopathy's popularity in the United States is growing. The 1995 retail sales of homeopathic medicines in the United States were estimated at $201 million and growing at a rate of 20 percent a year, according to the American Homeopathic Pharmaceutical Association
The number of homeopathic practitioners in the United States has increased from fewer than 200 in the 1970s to approximately 3,000 in 1996.

2) The American Medical Association does not accept homeopathy, but it doesn't reject it either.

3) Similarly, the American Academy of Pediatrics has no specific policy on homeopathy. If an adult asked the academy's Sanders about homeopathy, he would tell that person to "do your own investigation. I don't personally prescribe homeopathic remedies, but I would be open-minded."


ഇനിയും തെളിയിക്കപ്പെടാത്ത കാര്യങ്ങളെ ഒരു ആസിഡ് ടെസ്റ്റിന് പ്രേരിപ്പിക്കുകയാണോ വേണ്ടത്, അതോ സംശയത്തിന്റെ ആനുകൂല്യം നല്കി പ്രചരിപ്പിക്കുകയോ ഉത്തമം?


മെഡിക്കല് കോളേജുകളില് നിന്നും ഈ വിദ്യയില് ബിരിദവുമായി ഇറങ്ങുന്ന ലക്ഷങ്ങളുള്ള നമ്മുടെനട്ടില്, ഇത് വെറും വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല, വയറ്റിപിഴപ്പിന്റേയും കൂടിയാണ്. അവിടെയാണ് പ്രശ്നം സങ്കീര്ണ്ണമാകുന്നത്.

payyans said...

Joseph mashe,
It was tragic, the experience i witnessed.i loose my sense of humer and infact my blood gets boiled when i think about it, even now..
location- bangalore..
death took place- 4 years back

She was a homeo doctor . later she acheived some certificates from 'so so'.. institutes on alternative medicines like accupressure...magnetic therappy...Reiki... things like that..and she was making lot of money marketing it well...in her targeted clients...

Her own husband, one i liked as a gentle man and later as a friend - from a train journey...., got killed because of her. Her treatment. Her belief in that system of medicine...her arrogance!! over confidence!! i don't know..what to say..!!
the man fell sickk...jundice..heppetite..and he had heart problem...as she told me..
she was administrating medicine...
when i visited him last he was at the edge..i sensed..death..i appealed her to try some other places...some other system..
she did not heed me, like she did not listen many others..
THIS MAN WAS KILLED....
( i was following your posts in the past one month. what you say make sense to me.. seeing the rational...seeing the logic..and from my experience)
i don't this post relevant. there is a lot of emotion is involved here.forgive me for that...

കൈയൊപ്പ്‌ said...

പ്രിയ ജെ.എ,

ഹോമിയോപതിയുടെ അടിസ്ഥാന പ്രമാണമായ 'simila similibus curantur'(Like Cures Like) എന്നതും 'മോളിക്യുലാര്‍ മെമ്മറി'യും അസംബന്ധമാണെന്നു സയന്‍സ്‌ തെളിയിച്ചതാണല്ലോ.(രോഗകാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളെ കുറിച്ചും ശരീര ഘടനയെക്കുറിച്ചും വിവരം ലഭിക്കുന്നതിനും മുമ്പാണു ഹാനിമാന്‍ ഈ സങ്കല്‍പങ്ങളിലെത്തിയത്.) ശരീരത്തെയോ മനസ്സിനെയോ അല്ല, മറിച്ച് പ്രാണ ശക്തി (Vital Force) യെയാണു ക്ലാസ്സിക് ഹോമിയോപ്പതിയില്‍ 'ചികിത്സിക്കുന്നത്'. നമ്മുടെ നാട്ടിലെ അദ്രിശ്യ ശക്തികളെ ആവാഹിച്ച് ആലില്‍ തറക്കുന്ന ആചാരം പോലെ വളരെ കാല്പനികമായ ഒരു ചികിത്സ!

ഒരു ഔഷധം മുപ്പതാവര്‍ത്തി നേര്‍പ്പിച്ച് അവോഗാഡ്രോ ലിമിറ്റും കടന്ന് ആദ്യം ചേര്‍ത്ത പദാര്‍ത്ഥത്തിന്റെ ഒരു മോളിക്യൂള്‍ പോലും നില നില്ക്കാത്ത അവസ്ഥയില്‍ നമ്മുടെ ഓടകളിലും കിണറ്റിലും പുഴകളിലും കടലിലും ചെന്നെത്തുന്ന ബാക്കി വരുന്ന ദശലക്ഷക്കണക്കിനു ലിറ്റര്‍ ജലം (വെറും ഒരു തുള്ളി മരുന്നിന്റെ അനുപാതത്തില്‍ മാത്രം!) എന്തേ ഇവയെയൊന്നും ഔഷധമയമാക്കുന്നില്ല!

നേര്‍പ്പിക്കലിന്റെ അനുപാതം പതിനെട്ടാവര്‍ത്തിയിലും കുറയരുതെന്ന് ഔഷധ നിര്‍മ്മാണത്തില്‍ നിബന്ധനയുണ്ട്. 'ഔഷധം തയാറാക്കാനുപയോഗിക്കുന ഒരു പദാര്‍ത്ഥത്തിന്റെ (സ്വര്‍ ണ്ണം,ആഴ്‌സനിക് തുടങ്ങിയവ) ഒരു കണമെങ്കിലും മരുന്നില്‍ കാണുമെന്നും ഇത് രോഗിയുടെ ശരീരത്തില്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും കരുതുന്നതു കൊണ്ടാണിത്.

നിഷ്‌ക്രിയ മൂലകങ്ങളാണു ഹോമിയോ മരുന്നുകള്‍ക്കുപയോഗിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ജൈവ വസ്തുക്കളും ആയുര്‍ വേദ മരുന്നുകളും മിക്സ് ചെയ്ത ഔഷധങ്ങളും 'ഹോമിയോ' എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണു. ഈ മരുന്നുകള്‍ക്ക് പാസിബോ ഇഫക്റ്റിനു പുറമേ രോഗിയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ തീര്‍ച്ചയായും സാധിച്ചേക്കാം. എന്നാല്‍ ഇത് ഹോമിയോപ്പതി എന്ന ലേബലിനു പൂറത്തു നിര്‍ത്തപ്പെടേണ്ടതാണു.

allos, pathos ('opposite' and 'suffering') എന്ന ഗ്രീക്ക് വാക്കുകളില്‍ നിന്നാണു അലോപ്പതി എന്ന വാക്കിന്റെ ജനനം. അലോപ്പതി എന്ന രീതി കാലഹരണപ്പെട്ടിട്ടും ആധുനിക ചികിത്സാ രീതിയെ ഇന്നും ആളുകള്‍- വിശേഷിച്ചും ഹോമിയോപ്പതിയുടെ പ്രചാരകര്‍- അലോപ്പതി എന്നു തന്നെ വിളിച്ചു വരുന്നു!

മാഗ്നറ്റോ തെറാപ്പി, റെക്കി തുടങ്ങിയ സ്യൂഡോ സയന്‍സ് ശാഖകളെക്കൂടി ഹോമിയോപ്പതിയുടെ കൂടെ ചേര്‍ത്തു വായിക്കണം. അഭിവാദ്യങ്ങള്‍!

കെ. രിയാസ് അഹമദ്

chithrakaran ചിത്രകാരന്‍ said...

പ്രിയ ജ,
സത്യങ്ങള്‍ പങ്കുവക്കുന്ന താങ്കള്‍ക്ക്‌ ചിത്രകാരന്റെ നന്ദി.

Joseph Antony said...

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഹോമിയ ലേഖനങ്ങള്‍ വായിച്ച് മൈന ഉമൈബാന്‍ സര്‍പ്പഗന്ധി എന്ന ബ്ലോഗില്‍ സ്വന്തം ഹോമിയോ അനുഭവം എഴുതിയിരിക്കുന്നു:ഹോമിയ എന്ന സുന്ദരമോഹന വാഗ്ദാനം. അറിയപ്പെടുന്ന വിഷചികിത്സകയാണ് മൈന. നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുള്ളയാള്‍.

യാദൃശ്ചികമെന്നു പറയാം, ഞങ്ങളുടെ അയല്‍ക്കാരനായ ബാബുവിന് കഴിഞ്ഞ ദിവസമാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ കഴിഞ്ഞത്. മൂക്കില്‍ ഉണ്ടായ വളര്‍ച്ച തലച്ചോര്‍ വരെ എത്തിയത്രേ. ഞാനും ഭാര്യയും രോഗിയെ സന്ദര്‍ശിച്ച വേളയില്‍ ചോദിച്ചു, എന്തുകൊണ്ട് ഇത്രയും വൈകിച്ചു, ശസ്ത്രക്രിയയ്ക്ക് എന്ന്. പേടിയായിരുന്നുവെന്ന് മിഠായിത്തെരുവില്‍ കട നടത്തുന്ന ബാബു പറഞ്ഞു. മാത്രമല്ല, കോഴിക്കോട്ടെ ഒരു പ്രമുഖ ഹോമിയോ ഡോക്ടര്‍ അഞ്ചു മാസം കൊണ്ട് മൂക്കിനുള്ളിലെ വളര്‍ച്ച മാറ്റിത്തരമെന്ന് ഉറപ്പു തരികയും ചെയ്തിരുന്നവത്രേ. ആറുമാസമായപ്പോഴും സംഭവം കൂടുന്നതേയുള്ളൂ എന്ന് ബോധ്യമായപ്പോള്‍ മറ്റൊരു ഹോമിയോ ഡോക്ടറെ സമീപിച്ചു. അദ്ദേഹമാണ് ബാബുവിനോട് ശസ്ത്രക്രിയയ്ക്ക് ഉപദേശിച്ചത്.

ഒരു മാസം കൂടി ഹോമിയോചികിത്സ തുടങ്ങിയിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്‍റെ തലച്ചോറിലേക്ക് വളര്‍ച്ച കടന്നു കയറി മാരകമാകുമായിരുന്നുവത്രേ. രക്ഷപ്പെട്ട ഒരാളുടെ ആശ്വാസം ആ ചെറുപ്പക്കാരന്‍റെ മുഖത്ത് ഞങ്ങള്‍ കണ്ടു.
-ജോസഫ് ആന്‍റണി

Suraj said...

ബാത് റൂം കവിതകളും, പൈങ്കിളി ഓര്‍മ്മക്കുറിപ്പുകളും അര്‍മ്മദിച്ചു നടക്കുന്ന മലയാളം ബ്ലോഗ് ലോകത്ത് കഴമ്പുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ഇടം കണ്ടതിന്റെ സന്തോഷം അതിരില്ലാത്തതാണ് : ആദ്യമേ അതിനു “കുറിഞ്ഞി” ക്കു നല്ല നമസ്കാരം.

ഒരു “അലോപ്പതി” ഡോക്റ്റര്‍ (ചരിത്രപരമായി ആ പേരു തന്നെ തെറ്റാണു) എന്നതിലുപരി ഒരു ശാസ്ത്ര വിദ്യാര്‍ഥി എന്ന നിലക്ക് ചില കാര്യങള്‍ ഇവിടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.

1. ഹോമിയൊപ്പതിയുടെ ‘ശാസ്ത്രീയ’ അടിസ്ഥാനമായി പറയുന്ന ഒരു തിയറിയും നാം പഠിച്ചിട്ടുള്ള ഫിസിക്സോ കെമിസ്ട്ട്രിയോ ബയോളജിയോ സാധൂകരിക്കുന്നില്ല എന്നത് നൂറുകണക്കിനു പരീക്ഷണ നിരീക്ഷണങ്ങളിലായി ലോകമെമ്പാ‍ടും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹോമിയൊ പറയുന്ന തിയറികള്‍ ശരിയാണെങ്കില്‍ നമ്മുടെ ആധുനിക ശാസ്ത്രം അമ്പേ തെറ്റാണെന്നു വരും.

2 ഇന്നു ഹോമിയോക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന “വാട്ടര്‍ മെമ്മറി” (water memmory) അഥവാ “ജല സ്മ്യതി” സിദ്ധാന്തപ്രകാരം ആയിരമോ പതിനായിരമോ അതിലേറെയൊ മടങ്ങു നേര്‍പ്പിക്കുന്ന മരുന്നുകളുടെ ‘രോഗ ചികിത്സാശക്തി‘ അതു ലയിപ്പിക്കന്‍ ഉപയോഗിക്കുന്ന ജലത്തില്‍ അലിഞ്ഞുചേരുന്നത്രെ.
ഇങ്ങനെ നേര്‍മ്മ കൂടിക്കൂടി വരുംതോറും ഒരു രാസ ലായനിയുടെ “ചികിത്സാ ശക്തി” വര്‍ദ്ധിക്കുകയാണെങ്കില്‍ നമ്മുടെ കിണറ്റിലെയോ പുഴകളിലെയോ വെള്ളം തൊടാന്‍ പോലും ഭയക്കേണ്ടുന്ന വിഷങ്ങളുടെ ഒരു സങ്കലനമായി മാറണമല്ലൊ..! കാരണം ഹോമിയൊയുടെ like cures like എന്ന തത്വപ്രകാരം രോഗമില്ലാ‍ത്തവര്‍ ഹോമിയോ മരുന്നു കഴിച്ചാല്‍ അവര്‍ക്കു രോഗം വരണം. നൂറ്റാണ്ടുകളായി പലതരം രാസവസ്തുക്കള്‍ ഒഴുകുന്ന, ലയിച്ചു ചേരുന്ന, ജലസ്രോതസ്സുകള്‍ അങ്ങനെയാകുമ്പോള്‍ ഭീകര “മരുന്നു”കളുടെയും സംഭരണികളാകുമല്ലൊ.

3. ശാസ്ത്രമെന്നാല്‍ കുറെ പഴയ ഗ്രന്ഥക്കെട്ടുകളില്‍ നിന്നും അന്ദ്ധമായി സ്വീകരിക്കപ്പെടുന്ന വിജ്ഞാന നുറുങ്ങുകള്‍ അല്ലെന്നു ജനസാമാന്യം ഇനിയെങ്കിലും മനസ്സിലാക്കത്തതു കഷ്ടമാണ്. മോഡേണ്‍ സയന്‍സില്‍ ഒരു രോഗത്തെക്കുറിച്ചു പഠിക്കുമ്പോള്‍ അതിന്റെ പുറമ്പൂച്ചുകള്‍ മാത്രമല്ല അതിനെ അടിമുടി - മോളിക്യൂളുകളുടെയോ ആറ്റങ്ങളുടെയോ വരെ തലത്തില്‍ നാം ഇഴകീറി പഠിക്കുന്നുണ്ട്. ഓരോ മരുന്നും ഏതേതൊക്കെ അവയവങ്ങളില്‍ ചെന്നു ഏതൊക്കെ കണികകളിലും തന്മാത്രകളിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നുവരെ നാം കണ്ടെത്തി രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. ഹ്യദയത്തിലെ ഒരു കുഞ്ഞുരക്തക്കുഴലില്‍ ചെന്ന് അതു വികസിപ്പിക്കാന്‍ വരെ ആധുനിക കെമിസ്ട്രിയുടെ സഹായത്തോടെ നമുക്ക് ഇന്നു കഴിയും. ഒരു മരുന്ന് ഉള്ളില്‍ച്ചെന്നാല്‍ അത് വയറ്റില്‍ നിന്നും അടുത്ത മണിക്കൂറില്‍ എവിടെ പോകും എന്നും അതിന്റെ അടുത്ത മണിക്കൂറില്‍ എവിടേക്കുപൊകുമെന്നും അതിന്റെ പ്രതികൂല ഫലങ്ങള്‍ (സൈഡ് ഇഫക്റ്റുകള്‍)എന്തൊക്കെയാണെന്നുമൊക്കെ ക്യത്യമായി രേഖപ്പെടുത്താതെ ഒരൊറ്റ് മരുന്നുപോലും അലോപ്പതിയില്‍ പുറത്തിറങ്ങില്ല. (അത് ശരിക്കു മനസ്സിലാക്കിയൊന്നുമല്ല നമ്മുടെ മിക്ക അലോപ്പതി ഡോക്റ്റര്‍മാരും മരുന്നെഴുതുന്നതു എന്നതു ദു:ഖകരമായ മറ്റൊരു സത്യം!) എന്നാല്‍ ഈ ഗഹനതകളൊന്നും മനസ്സിലാക്കതെ ആധുനിക ശാസ്ത്രം ഒരു കറക്കിക്കുത്തുകളിയാണെന്നൊക്കെ അടിച്ചു വിടുന്നതു വിവരക്കേടായിട്ടേ കാണാനാവൂ.

4.ഹോമിയോ മരുന്നുകളുടെ ശരീരത്തിലുള്ള ആക്ഷന്‍ ഹോമിയോകോളജില്‍ പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയോടും ചോദിച്ചു നോക്കൂ - ഇമ്മാതിരി ഒരു മോളിക്ക്യുലാര്‍ വിശദാംശവും നിങ്ങള്‍ക്കു കിട്ടില്ല. പകരം കിട്ടുക “മയാസം” എന്നും “ഹ്യൂമര്‍” എന്നുമൊക്കെയുള്ള ഒരു തരം ഉരുണ്ടു കളിയേ മറുപടിയായിക്കിട്ടൂ. ഇന്ന മരുന്ന് ഇന്ന ഡോസില്‍ ഇന്ന സമയത്തു കൊടുക്കുമ്പോള്‍ ഇന്ന ഫലം കിട്ടും എന്നു മാത്രം ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് കൊടുക്കുന്നതു മരുന്നാവണമെന്നില്ല, രോഗം മാറുന്നത് അതു കൊടുത്തതു കൊണ്ടാവണമെന്നുമില്ല.

5.പിന്നെ എങ്ങനെയാണ് പല “രോഗങ്ങളും” ഹോമിയൊ മാറ്റുന്നാത് ?
അതറിയാന്‍ “പ്ലാസീബോ“ എന്ന “ഡമ്മി മരുന്നു” ശരിക്കും ശരീരത്തില്‍ ചെയ്യുന്നതെന്താണെന്നറിയണം.

ഒരു യഥാര്‍ഥ വൈദ്യശാസ്ത്ര ഉദാഹരണം ലളിതമാക്കി പറഞ്ഞ് ഈ കുറിപ്പ് നിര്‍ത്തിയേക്കാം :

200 നടുവേദനക്കാരായ രോഗികളെ എടുത്തു. 100 പേര്‍ക്കു ബ്രൂഫന്‍ എന്ന അലോപ്പതി വേദന സംഹാരി നല്‍കുന്നു. ബാക്കി 100 പേര്‍ക്കു വേദനസംഹാരി ഗുളികയാണെന്നും പറഞ്ഞ് ഗുളികരൂപത്തിലുള്ള ‘മരുന്നില്ലാമരുന്നും‘ (ഇതാണ് പ്ലാസീബോ) നല്‍കുന്നു. നിശ്ചിത സമയം കഴിഞ്ഞാല്‍ എത്രപേര്‍ക്കു വേദന മാറിയെന്നു കണക്കെടുക്കാം . ബ്രൂഫന്‍ നല്‍കിയ 100 പേരില്‍ 55 പേര്‍ക്കു വേദന മാറി (ഇതിനെ 55% ഇഫക്റ്റീവ് എന്നു പറയാം).

എന്നാല്‍ പ്ലസീബോ എന്ന ‘മരുന്നില്ലാമരുന്നു‘ കിട്ടിയവരില്‍ 18 പേര്‍ക്ക് വേദന മാറി (18 % ഇഫക്റ്റീവ്). അതായതു മരുന്നില്ലാതെ തന്നെ, മരുന്നു കഴിച്ചുവെന്ന വിശ്വാസം കൊണ്ടു മാത്രം 100ല്‍ 18 പേര്‍ക്കു വേദന മാറി ! അപ്പോള്‍ ബ്രൂ‍ഫന്‍ എന്ന മരുന്നിന്റെ യ്ഥാര്‍ഥ ഇഫക്ടോ? അതു 55%ത്തില്‍ നിന്നും 18% കിഴിച്ചാല്‍ കിട്ടുന്ന സംഖ്യയാണ്. അതായത് 37%. ഇങ്ങനെ ഒരു ശാസ്ത്രീയ പഠനം കൊണ്ട് നാം ഒരു മരുന്നിന്റെ ശക്തി അളക്കുകയാണു ചെയ്തതെന്നു മനസ്സിലായില്ലേ..? നടു വേദനയുള്ള 100 പേര്‍ക്കു ബ്രൂഫന്‍ കൊടുത്താല്‍ 37 പേര്‍ക്ക് ബ്രൂഫന്റെ ശക്തി കൊണ്ടു മാത്രം വേദന മാറുമെന്നു അവസാനവാക്യം.

മരുന്നില്ലാതെ വേദന മാറിയവരുടെ കാര്യമോ ?

അവര്‍ക്കു എല്ലാക്കാലവും ഇങ്ങനെ പ്ലസീബോ കൊണ്ട് അസുഖം മാ‍റുകയില്ല. ചില സമയത്ത് ചിലര്‍ക്കു മാത്രം ഒട്ടും പ്രവചനീയമല്ലാതെ ആണ് പ്ലസീബോ ഇഫക്റ്റ് അനുഭവപ്പെടുക. ഒരേ അസുഖത്തിനു കുറേക്കാലം ഡമ്മി മരുന്നു കഴിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ പ്ലസീബോ ഇഫക്റ്റിന്റെ ശക്തിയും കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും...രോഗം പിടിച്ചാല്‍ കിട്ടാതാകുകയും ചെയ്യും. ആധുനിക ശാസ്ത്രം കണ്ടെത്തിയതനുസരിച്ചു പ്ലസീബോ ഇഫക്റ്റ് മനോബലത്താല്‍ ഉണ്ടാകുന്നതാണ് , രോഗത്തെ ജയിക്കാനാവും എന്ന വിശ്വാസത്തില്‍ നിന്നും ഉണ്ടാവുന്ന ഇഫക്റ്റ് - ചില മന്ത്രവാദപ്രയോഗങ്ങള്‍ കൊണ്ട് “ബാധ” ഇറങ്ങുന്നതും , ചെറിയ പനിയും മറ്റും ഹോമിയോ കൊണ്ട് മാറുന്നതും ഇതേ പ്ലസീബോ ഇഫക്റ്റിനാല്‍ തന്നെ.


ആ ഇഫക്റ്റ് സ്ഥിരമോ ക്യത്യമോ ഒന്നുമല്ലാത്തതിനാല്‍ അതിനെ മാത്രം വിശ്വസിച്ചു രോഗത്തെ ചികിത്സിക്കാതെ വിടുന്നതു ആപത്കരവും വിഡ്ഡിത്തവുമാണ്. ഇതു നന്നായി അറിയാവുന്നതു കൊണ്ടാണ് നമ്മുടെ വിഖ്യാത ഹൊമിയോ വീരന്മാര്‍ ഒരു പരിധിക്കപ്പുറം ഒരു രോഗവും വച്ചുകൊണ്ടിരിക്കാത്തതും. സ്വന്തം ബന്ദ്ധുക്കള്‍ക്കു വരുന്ന ന്യുമോണിയയോ പക്ഷാഘാതമോ, ഹാര്‍ട്ട് അറ്റാക്കോ ഒന്നും ഒറ്റ ഹോമിയൊ വൈദ്യനും ചികിത്സിക്കുകേല ... അതിനൊക്കെ ആന്റീബയോട്ടിക്കും ഹെപ്പാരിനും ബീറ്റാ ബ്ലോക്കറും തന്നെ വേണം ...!


പിന്‍ കുറിപ്പു:
തിരുവനന്തപുരത്തെ പ്രശസ്തനായ ( ഈ ലേഖകന്റെ ബന്ധുവാണു ടിയാന്‍) ഹോമിയോ വൈദ്യനു നട്ടല്ലില്‍ ട്യൂബര്‍ക്കുലോസിസ് (ക്ഷയം) വന്നപ്പോള്‍ രായ്ക്കുരാമാനം “അലൊപ്പൊതി” യില്‍ കാണിച്ചു പഴുപ്പു സര്‍ജ്ജറി ചെയ്തു നീക്കിയതും പിന്നെ ക്ഷയരോഗത്തിനുള്ള ശക്തിയേറിയ അലോപ്പതി മരുന്നുകള്‍ കഴിച്ചു സുഖപ്പെട്ടതും, രോഗശയ്യയിലായിരുന്ന കാലമത്രയും ടിയാന്‍ ബന്ധുക്കളെപ്പൊലും കാണാതെ ഒളിച്ചു താമസിച്ച കഥയും കൂടി കേട്ടിട്ട് പോകൂ വായനക്കാരാ... :)

dr felix said...

എന്‍റെ ഇളയ പെങ്ങള്‍ക്ക് 2 വയസ്സുള്ളപ്പോള്‍ (1980 ല്‍ )ഒരു സാധാരണ പനിയ്ക്ക് അലോപ്പതി ഇന്‍ജക്ഷന്‍ എടുത്തതിനു ശേഷം ശരീരത്തില്‍ വലിയ കുമിളകള്‍ പോലുള്ള അലര്‍ജി പ്രത്യക്ഷപ്പെടുകയും, ദൈവാനുഗ്രഹമൊന്നു കൊണ്ട് മാത്രം മരണവക്രത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമുണ്ടായി. അതിനു ശേഷം ശാസ്ത്രീയ അടിത്തറയുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ യാതൊരു മരുന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.പാലായിലുള്ള ഒരു ഹോമിയോഡോക്ടറുടെ സഹായത്താല്‍ പിന്നീടങ്ങോട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനായി.കഴഞ്ഞവര്‍ഷം (2007) പ്രസവത്തിനു വേണ്ടി ഒരു പ്രൈവറ്റാശുപത്രിയില്‍ അഡ്മിറ്റായപ്പോള്‍ അലര്‍ജി ഉണ്ടെന്നു പറഞ്ഞിട്ടും, മതിയായ ടെസ്റ്റ് ഡോസ് നല്‍കാതെയെടുത്ത ഇജക്ഷന്‍ അമ്മയ്ക്കും കുഞ്ഞിനും കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. അന്നും രക്ഷക്കെത്തിയത് ഹോമിയോപ്പതിയാണ്.

ജോസഫ് മാഷേ, ശാസ്ത്രം വളര്‍ന്നുകൊണടേയിരിക്കുന്നു.10 വര്‍ഷം മുന്‍പത്തെ കണ്ടെത്തലുകള്‍ പാടേ മാറ്റിപ്പറഞ്ഞുകൊണ്ടും, ഇന്നത്തെകണ്ടെത്തലുകള്‍ വിശ്വസ്പ്പിചുമുള്ള ശാസ്ത്രത്തിന്‍റെ പോക്ക് യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ്? 10 വര്‍ഷം മുമ്പ് നാം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ കുറേയൊക്കെ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നു. ഇന്ന് നാം കഴിക്കുന്ന മരുന്നുകളുടെ നാളകളെക്കുറിച്ച്..... അതുപോലെ തന്നെ ഇപ്പോള്‍ നാം ഉപയോഗിക്കുന്ന പല മരുന്നുകളും അമേരിക്ക പോലുള്ള പല പാശ്ചാത്യ നാടുകളിലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ശാസ്ത്രത്തിന് ഈ രണ്ട് ദേശക്കാരിലും ഒരുപാട് വ്യത്യാസം കണ്ടെത്താനാവുമല്ലോ.....

അതുകൊണ്ട്, മനുഷ്യനെ മനുഷ്യനായി കാണാനും,രോഗാവസ്ഥയെ പൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യാനും കെല്‍പ്പുള്ളതും പ്രകൃത്യനുസരണമായ നിയമങ്ങളില്‍ അടിപതറാതെ നിലകൊള്ളുന്ന ഹോമിയോപ്പതി പോലുള്ള വൈദ്യശാസ്ത്രശാഖകളെ കൂടുതല്‍​മനസ്സിലാക്കാനും, അര്‍പ്പണബോധവും, കഴിവുമുള്ള വ്യക്തികളെ ഈ ചികിത്സരീതി അവലംബിക്കുന്നതിന് പ്രോല്‍സാഹിപ്പിക്കുവാനും സാറിന്‍റെ വിലപ്പെട്ട സമയവും, സ്വാധീനവും ഉപയോഗിക്കുകയാണെങ്കില്‍, അത് മാനവരാശിക്കെന്നും വിലപ്പെട്ട ഒരു മാര്‍ഗ്ഗരേഖയായിരിക്കും. നന്ദി

Dr. Harish. M. Tharayil said...

JA, Thanks for forwarding this post to FEC. You have done a work that has to be appreciated by all of us and emulated by other media men who have slightest concern about health of people. As you rightly say, the worst is the plight of bright students who narrowly miss MBBS and join for this ridiculous course.

lijojosephmulackal said...

അലോപ്പതി ചികിത്സ മൂലം മരണപ്പെട്ടവർ എത്ര?

lijojosephmulackal said...

അലോപ്പതി ചികിത്സ മൂലം മരണപ്പെട്ടവർ എത്ര?

സുമേഷ് വൈക്കത്ത് said...

ഞാനൊരു ഫ്രീ തിങ്കർ ാആണ് സയിൻ്റിഫിക്ക് . ആയി ചിന്തിച്ചാൽ ഹോമിയോപ്പതി ഉടായിപ്പ് തന്നെയാണ് . പക്ഷേ കുട്ടിക്കാലം മുതൽ ഞാൻ ഹോമിയോ ാആണ് കാണിക്കുന്നത് . ാഅതിനെ പറ്റി മനസ്സിലാക്കിയപ്പോൾ പലപ്പോഴും മാറ്റി കാണിച്ചിരുന്നു അലോപ്പതിയിൽ ിഎന്നാല് ഹോമിയോ കഴിക്കുമ്പോൾ രണ്ടു ദിവസം കൊണ്ട് മാറുന്ന പനിയും ചുമയും അലോപതിയിൽ ഒരാഴ്ച കഴിഞ്ഞാലും ശമ നം കിട്ടുന്നില്ല . എൻ്റെ വീട്ടിൽ ഉള്ളവര്ക്ക്. ആർക്കും ഇത്തരം കുഴപ്പം ിഇല്ല. എനിക്ക് െഎന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് െഎന്ന് മനസിലാകുന്നില്ല


കഴിഞ്ഞ മാസം ആദ്യം തുടങ്ങിയ ചുമ ഒരു മാസത്തോളം അലോപ്പതിയിൽ ചികിത്സിച്ചിട്ടും ഒരു കുറവും ിഇല്ലa എന്നാല് ഹോമിയോ കഴിച്ചപ്പോൾ ഒറ്റ അടിക്കു കുറഞ്ഞു. .

അറിയാൻ വേണ്ടിയാണ് െഎന്താണ് ഇതിനു പിന്നിലുള്ള കാരണം െഎന്ന് പറയാമോ

GV files said...

sariyanu