Thursday, May 03, 2007

ജനിതകതകരാറും ഹൃദ്രോഗവും

ഹൃദ്രോഗവും ജനിതക തകറാറുകളും സംബന്ധിച്ച്‌ ഇനിയും ഏറെ മനസിലാക്കാനുണ്ടെന്നാണ്‌, ഹൃദ്രോഗമരണത്തിന്റെ ചരിത്രമുള്ള ഒരു ഇറാനിയന്‍ കുടുംബത്തെ പഠനവിധേയമാക്കിയ ഗവേഷകര്‍ എത്തിയിരിക്കുന്ന നിഗമനം
ദിവാസികളെ ബാധിക്കുന്ന 'അരിവാള്‍ രോഗ'(sickle cell aneamia)ത്തെപ്പറ്റി കേട്ടിട്ടില്ലേ. ഒറ്റ ജനിതക ഉല്‍പരിവര്‍ത്തനം(mutation) ആണ്‌ ആ രോഗത്തിന്‌ കാരണം. അതുപോലെ ഒരു ജീനിലെ ഏകഉല്‍പരിവര്‍ത്തനം ഹൃദ്രോഹത്തിന്‌ കാരണമാകുമോ? കാരണമാകാമെന്ന്‌ പുതിയൊരു പഠനം പറയുന്നു. പാരമ്പര്യമായി ഹൃദ്രോഗം പിടികൂടുന്ന ഒരു ഇറാനിയന്‍ കുടുംബത്തിന്റെ ദുര്‍വിധിക്കു കാരണം തേടിയിറങ്ങിയ ഗവേഷകരാണ്‌, ഹൃദ്രോഗപഠനത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍ നടത്തിയത്‌. ഹൃദ്രോഗത്തിന്‌ കാരണമായ ഒരു ജനിതകതകരാര്‍ അസ്ഥിദ്രവീകരണത്തിനും കാരണമായേക്കാമെന്ന സൂചനയും ഈ പഠനം നല്‍കി.

മിക്ക അംഗങ്ങളും ഹൃദ്രോഗം മൂലം അകാലത്തില്‍ മരണമടയുന്ന ദയനീയ ചരിത്രമാണ്‌, പഠനവിധേയമാക്കിയ ഇറാനിയന്‍ കുടുംബത്തിന്റേത്‌. ശരാശരി 52 വയസിലാണ്‌ ഹൃദയാഘതത്തിന്റെ രൂപത്തില്‍ കുടുംബാംഗങ്ങളെ മരണം പിടികൂടുക. രക്താതിസമ്മര്‍ദ്ദം, രക്തത്തില്‍ ചീത്തകൊളസ്‌ട്രോളിന്റെ ആധിക്യം, പ്രമേഹം - ഇങ്ങനെ ഹൃദ്രോഗത്തിലേക്ക്‌ നയിക്കുന്ന 'കൊറോണറി ആര്‍ട്ടറി ഡിസീസി'ന്‌ ആവശ്യമായ എല്ലാ അപകടഘടകങ്ങളും ആ കുടുംബാംഗങ്ങളെ ബാധിക്കാറുമുണ്ട്‌. എന്തുകൊണ്ട്‌ ആ കുടുംബത്തെ മാത്രം ഹൃദ്രോഗത്തിന്റെ രൂപത്തില്‍ ദുരന്തം വേട്ടയാടുന്നു എന്നാണ്‌ ഗവേഷകര്‍ അന്വേഷിച്ചത്‌.

അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയ്‌ക്കു കീഴിലെ 'ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെയും മൂന്ന്‌ ഇറാനിയന്‍ സര്‍വകലാശാലകളിലെയും ഗവേഷകരുടെ സംയുക്ത സംരംഭമായിരുന്നു ഈ അന്വേഷണം. ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ റിച്ചാര്‍ഡ്‌ പി.ലിഫ്‌ടന്‍ പഠനത്തിന്‌ നേതൃത്വം നല്‍കി. അതേ സ്ഥാപനത്തിലെ തന്നെ കാര്‍ഡിയോളജിസ്‌റ്റായ ആര്യ മണി ഗവേഷണത്തില്‍ മുഖ്യപങ്കു വഹിച്ചു. ഒരു കുടുംബത്തിന്റെ ജനിതകപാരമ്പര്യമാണ്‌ പഠനവിഷയമെങ്കിലും, ഹൃദ്രോഗത്തിന്റെ കടന്നുവരവു സംബന്ധിച്ച്‌ തന്മാത്രാതലത്തില്‍ പുതിയ ഉള്‍ക്കാഴ്‌ച ലഭിക്കാന്‍ സഹായിക്കുന്ന ഗവേഷണമാണിതെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഹൃദ്രോഗത്തിന്റെ രൂപത്തില്‍ ദുരന്തം വേട്ടയാടുന്ന ആ കുടുംബത്തെപ്പറ്റി, ഏറെ മുമ്പുതന്നെ ഇറാനിയന്‍ ഗവേഷകര്‍ക്ക്‌ അറിവുണ്ടായിരുന്നു. ആദ്യം തിരിച്ചറിഞ്ഞ രോഗിയുടെ രക്തബന്ധത്തില്‍ പെട്ട ഇരുപത്തിയെട്ടില്‍ 23 പേരും ഇതിനകം ഹൃദയാഘാതത്താല്‍ മരിച്ചു കഴിഞ്ഞു. കുടുംബത്തില്‍ ഇപ്പോഴുള്ള മുഴുവന്‍ പേരുടെയും മെഡിക്കല്‍രേഖകളും രക്തവും ഗവേഷകര്‍ പഠനത്തിനായി ശേഖരിച്ചു. അതില്‍ രോഗം ബാധിച്ചവരുടെയും അല്ലാത്തവരുടെയും ജനിതകഘടനയിലെ വ്യത്യാസമാണ്‌ സൂക്ഷ്‌മതലത്തില്‍ താരതമ്യം ചെയ്‌തത്‌. ശ്രമകരമായ ദൗത്യമായിരുന്നു അത്‌. ഒടുവില്‍ രോഗബാധിതരുടെ ക്രോമസോം 12-ലാണ്‌ പ്രശ്‌നം എന്നവര്‍ തിരിച്ചറിഞ്ഞു.

ക്രോമസോം 12-ല്‍ 'എല്‍.ഡി.എല്‍.റിസെപ്‌ടര്‍ റിലേറ്റഡ്‌ പ്രോട്ടീന്‍ 6'-ന്‌ കാരണമായ ജീനി (LRP6 ജീന്‍) ലാണ്‌ ഉല്‍പരിവര്‍ത്തനം സംഭവിച്ചിട്ടുള്ളതെന്ന സൂചന ഗവേഷകരുടെ ശ്രദ്ധ മറ്റൊരു സംഗതിയിലേക്ക്‌ തിരിച്ചുവിടാന്‍ കാരണമായി. 'ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍ ബോസ്‌റ്റണി'ലെ ഡോ.മാത്യു വാര്‍മാന്‍ 2001-ല്‍ LRP ജീന്‍ കുടുംബത്തെക്കുറിച്ച്‌ ഒരു കണ്ടെത്തല്‍ നടത്തിയിരുന്നു. ഈ ജീനുകള്‍ അസ്ഥിവളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നായിരുന്നു ആ കണ്ടെത്തല്‍. "ഇറാനിയന്‍ കുടുംബത്തില്‍ ഹൃദ്രോഹം ബാധിച്ചു മരിച്ച പലരും ചെറുപ്പത്തില്‍ വിശദീകരിക്കാനാവാത്ത വിധം ഇടുപ്പെല്ല്‌ പൊട്ടി ദുരിതം അനുഭവിച്ചിരുന്നു എന്ന കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചു"-ഡോ.ലിഫ്‌ടിന്‍ അറിയിക്കുന്നു. "തുടക്കത്തില്‍ ഇക്കാര്യം ഞങ്ങള്‍ പരിഗണിച്ചില്ല. എന്നാല്‍, LRP രംഗപ്രവേശം ചെയ്‌തതോടെ അത്‌ ഞങ്ങളുടെ ജിജ്ഞാസ ഉണര്‍ത്തി. LRP6 ജീന്‍ തന്നെയാകണം ഇതിലും പ്രതി എന്നുവന്നു".

രോഗബാധിതരുടെ LRP6 ജീന്‍ അപകോഡീകരിച്ചപ്പോള്‍ അതില്‍ ഒറ്റ അമിനോആസിഡിന്റെ സ്ഥാനത്താണ്‌ ജനിതക ഉല്‍പരിവര്‍ത്തനം സംഭവിച്ചിട്ടുള്ളതെന്ന്‌ ഗവേഷകര്‍ കണ്ടു. കോശങ്ങള്‍ കള്‍ച്ചര്‍ ചെയ്‌ത്‌ പഠിച്ചപ്പോള്‍, ആ ജനിതകവ്യതികരണം മൂലം 'Wnt സൂചകപാത'(Wnt signaling pathway)യില്‍ LRP6 പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകുന്നതായി തെളിഞ്ഞു. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ഒട്ടേറെ ശരീരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ചിട്ടപ്പെടുത്തുന്ന സുപ്രധാന ഉപാപചയ സൂചകമാണ്‌ 'Wnt പാത'. ഹൃദ്രോഗത്തെ സംബന്ധിച്ചിടത്തോളം, വിട്ടുവീഴ്‌ചയ്‌ക്ക്‌ വിധേയമാകുന്ന 'Wnt സൂചകപാത' വരുംനാളുകളില്‍ ഒരു പ്രധാന പഠനലക്ഷ്യമായി മാറുമെന്ന്‌ ഡോ. ലിഫ്‌ടിന്‍ കരുതുന്നു. ഈ സൂചകപാതയുടെ തകരാര്‍ മാറ്റുക വഴി ഹൃദ്രോഗം ചികിത്സിക്കാമെന്നു വന്നുകൂടായ്‌കയില്ലെന്ന്‌ സാരം.

മാത്രമല്ല, ഹൃദ്രോഗവും അസ്ഥിദ്രവീകരണവും(osteoporosis) തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണ്‌ LRP ജീനിലെ ഉല്‍പരിവര്‍ത്തനം. വര്‍ധിച്ച ഹൃദ്രോഗത്തിനും അസ്ഥിദ്രവീകരണത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന ചിന്താഗതി വൈദ്യശാസ്‌ത്രഗവേഷണരംഗത്ത്‌ വര്‍ധിച്ചു വരുന്ന കാലമാണിത്‌. ആ നിലയ്‌ക്കും പുതിയ കണ്ടെത്തലിന്‌ പ്രധാന്യമുണ്ട്‌. "ഒരുപക്ഷേ, 'Wnt സൂചകപാത'യുടെ തകരാര്‍ പരിഹരിക്കുക വഴി അസ്ഥിദ്രവീകരണവും ഹൃദ്രോഗവും ഒരേ സമയം ചെറുക്കാന്‍ കഴിഞ്ഞെന്നും വരാം"- ഡോ. ലിഫ്‌ടിന്‍ പറയുന്നു. ഓരോ കണ്ടെത്തലും പുതിയൊരു ലോകമാണ്‌ തുറന്നു തരുന്നതെന്നു പറയുന്നത്‌ ഈ ഗവേഷണത്തിലും ശരിയാകുന്നു. ഭാവിപഠനങ്ങള്‍ക്കുള്ള ഒട്ടേറെ ലക്ഷ്യങ്ങളും സാധ്യതകളും ഈ പഠനം മുന്നോട്ടു വെയ്‌ക്കുന്നു.(കടപ്പാട്‌: സയന്‍സ്‌ ഗവേഷണ വാരിക)

2 comments:

Joseph Antony said...

ആദിവാസികളെ ബാധിക്കുന്ന 'അരിവാള്‍രോഗ'ത്തിന്റെ കാര്യത്തിലെന്ന പോലെ, ഒരു ജീനിലെ ഒറ്റ ഉല്‍പരിവര്‍ത്തനം ഹൃദ്രോഗത്തിന്‌ കാരണമാകുമോ? കാരണമാകാമെന്ന്‌, ഹൃദ്രോഗബാധയുടെ ശാപം പാരമ്പര്യമായി വേട്ടയാടുന്ന ഒരു ഇറാനിയന്‍ കുടുംബത്തെക്കുറിച്ചു നടത്തിയ പഠനം സൂചിപ്പിക്കുന്നു. അതെപ്പറ്റി..

ദേവന്‍ said...

കറക്റ്റ്‌ യുവര്‍ ഡയറ്റ്‌, കറക്റ്റ്‌ യുവര്‍ വര്‍ക്കൌട്ട്‌, കറക്റ്റ്‌ യുവര്‍ മൈന്‍ഡ്‌ ആന്‍ഡ്‌ കറക്റ്റ്‌ യുവര്‍ ആന്‍സെസ്റ്റ്രി എന്ന് പണ്ട്‌ ലൈഫ്സ്റ്റൈല്‍ പ്രസംഗം അവസാനിപ്പിക്കുന്നവര്‍ തമാശയായി പറയാറുണ്ടായിരുന്നു.(എന്തു ചെയ്താലും പാരമ്പര്യം കുരിശായി ചിലര്‍ക്കു കിട്ടുമെന്ന് ധ്വനി)

ഹൃദ്രോഗത്തിന്റെ പാരമ്പര്യം വളരെ ശക്തമായതിനാല്‍ ദശകങ്ങളായി അതിന്റെ ജീനുകളെക്കുറിച്ച്‌ ഗവേഷണം നടക്കുന്നുണ്ടായിരുന്നു. ഈ നൂറ്റാണ്ടിനു മുന്നേ തന്നെ ഹൃദ്രോഗം താവഴിയും താതന്‍ വഴിയും കിട്ടാനുള്ളതെന്ന് സംശയിക്കുന്ന 250ഓളം റിസ്കി ജീനുകളെ ശാസ്ത്രജ്ഞര്‍ പഠിച്ചുവരികയുമായിരുന്നു, ഗവേഷണം വളരെ പുരോഗമിച്ചെന്നറിഞ്ഞതില്‍ സന്തോഷം. പരിഷ്കൃത ലോകത്തിലെ ഏറ്റവും വലിയ മരണഹേതുവാണ്‌ ഹൃദ്രോഗം.

ഇതിനും ആശ്വാസം തരുന്ന ഒന്ന് 100% ഹൃദ്രോഗികള്‍ക്കും ലൈഫ്‌ സ്റ്റൈല്‍ കറക്ഷന്‍ കൊണ്ട്‌ ഹൃദ്രോഗം വഷളാകുന്നതിനെ നൂറു ശതമാനം പിടിച്ചു നിര്‍ത്താമെന്ന് ഡോ. എസ്സത്സ്റ്റിന്‍ തെളിയിച്ചതാണ്‌. ലൈഫ്സ്റ്റൈല്‍ കൊണ്ട്‌ ഹൃദ്രോഗം ചികിത്സിക്കുന്ന രീതി തുടങ്ങിയത്‌ ഡോക്റ്റര്‍മാരല്ല, പ്രിറ്റിക്കിന്‍ എന്ന രോഗി തന്നെയായിരുന്നെങ്കിലും ഡീന്‍ ഓര്‍ണിഷിനെപ്പോലെയുള്ളവര്‍ ആശാവഹമായ ഗവേഷണം നടത്തിയിരുന്നു, ലോകമെങ്ങും പിന്തുടര്‍ന്നും വന്നിരുന്നു. എസ്സത്സ്റ്റീനാകട്ടെ, പാരമ്പര്യം കൊണ്ടും അല്ലാതെയും ഏതു നിലയിലായ ഹൃദ്രോഗത്തെയും ജീവിതചര്യ മാറ്റി
അപകടത്തില്‍ നിന്നും തിരിച്ചു പോകുകയോ അല്ലെങ്കില്‍ വഷളാകുന്നത്‌ നിര്‍ത്തുകയോ ചെയ്യാമെന്ന് സംശയരഹിതമായി തെളിയിച്ചു അദ്ദേഹത്തിന്റെ രോഗികളില്‍ വൈദ്യം എഴുതിത്തള്ളിയ ലോകപ്രശസ്തനായ ക്ലീവ്ലന്‍ഡ്‌ ക്ലിനിക്കിന്റെ ചീഫും കൂടി ഉള്‍പ്പെടുന്നു (ഇദ്ദേഹം പരമ്പരാഗതമായി ഹൃദ്രോഗം കിട്ടിയ ഒരു ഡോക്റ്ററാണ്‌)