Sunday, May 13, 2007

ഗ്രഹങ്ങളിലേക്ക്‌ ഇനി 'യന്ത്രപൊടിയന്‍മാരും'

ഗോളാന്തര പര്യവേക്ഷണത്തിന്‌ ഉപയോഗിക്കാവുന്ന 'സ്‌മാര്‍ട്ട്‌ പൊടി'യുടെ നിര്‍മാണത്തിനുള്ള കഠിന പ്രയത്‌നത്തിലാണ്‌ ഒരു സംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍. യുദ്ധരംഗത്തും ആരോഗ്യരംഗത്തുമെല്ലാം ഭാവിയില്‍ ഇത്തരം 'യന്ത്രപൊടിയന്‍'മാരെ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും

പൊടി പോലെ, കാറ്റില്‍ പറത്തി വിടാവുന്ന യന്ത്രങ്ങളെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ. ഒരു ബഹിരാകാശവാഹനത്തില്‍ കൊണ്ടുപോയി വിദൂരഗ്രഹത്തില്‍ വിതറി അവിടം പഠനവിധേയമാക്കാന്‍ കഴിഞ്ഞാലത്തെ സ്ഥിതി! സയന്‍സ്‌ഫിക്ഷന്‍ കഥകളില്‍ സംഭവിക്കാവുന്ന കാര്യമാണിതെന്നു തോന്നാം. പക്ഷേ, അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. കാറ്റില്‍ പറത്തിവിടാവുന്ന 'സ്‌മാര്‍ട്ട്‌ യന്ത്രങ്ങള്‍' യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍.

വളരെ ചെറിയൊരു കമ്പ്യൂട്ടര്‍ ചിപ്പും അതിന്റെ പ്ലാസ്റ്റിക്‌ കവചവുമടങ്ങിയതാണ്‌ യന്ത്രപ്പൊടിയന്‍മാര്‍. വോള്‍ട്ടേജിലെ വ്യതിയാനമനുസരിച്ച്‌ ആകൃതി മാറാന്‍ കഴിയുംവിധമാണ്‌ കവചത്തിന്റെ രൂപകല്‍പ്പന. വയര്‍ലെസ്സ്‌ ശൃംഗല വഴി പരസ്‌പരം ബന്ധപ്പെട്ട്‌ കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇത്തരം സൂക്ഷ്‌മയന്ത്രങ്ങളെ വികസിപ്പിക്കാന്‍, ഗ്ലാസ്‌കോ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള 'നാനോഇലക്ട്രോണിക്‌സ്‌ റിസര്‍ച്ച്‌ സെന്ററി'ലെ ഡോ. ജോണ്‍ ബാര്‍ക്കറും സംഘവുമാണ്‌ ശ്രമിക്കുന്നത്‌.

മില്ലീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള ഉപകരണങ്ങള്‍ വിദൂര പ്രദേശങ്ങളുടെ പര്യവേക്ഷണത്തിന്‌ ഉപയോഗിക്കുക എന്നത്‌ പുതിയ ആശയമല്ല. പക്ഷേ, ഇത്തരമൊരു ആശയം യാഥാര്‍ത്ഥ്യമാക്കാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌, പ്രിസ്റ്റണില്‍ അടുത്തയിടെ നടന്ന 'നാഷണല്‍ അസ്‌ട്രോണമി മീറ്റിങ്ങി'ല്‍ ഡോ. ബാര്‍ക്കര്‍ അറിയിച്ചു.

സൂക്ഷ്‌മയന്ത്രങ്ങളാകാന്‍ പാകത്തില്‍ കമ്പ്യൂട്ടര്‍ചിപ്പുകളെ മാറ്റിയാല്‍, അവയെ ഒരു ബഹിരാകാശപേടകം ഉപയോഗിച്ച്‌ വിദൂരഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ വിതറാനാകും. സൂക്ഷ്‌മയന്ത്രങ്ങളില്‍ ഓരോന്നിനും മണല്‍ത്തരിയുടെ വലുപ്പമുണ്ടാകണം. കവചത്തിന്റെ ആകൃതി വോള്‍ട്ടേജ്‌ വ്യതിയാനം അനുസരിച്ചു മാറ്റുക വഴി, ശക്തമായ കാറ്റുള്ളപ്പോള്‍ പോലും അവയെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാനാകും.

ചിപ്പിനു ചുറ്റുമുള്ള പ്ലാസ്റ്റിക്‌ കവചത്തിന്‌ ചുരുങ്ങാനും നിവരാനുമുള്ള ശേഷിയുണ്ടാകും. വയര്‍ലെസ്സ്‌ ശൃംഗല വഴി ഇവ പരസ്‌പരം ബന്ധപ്പെട്ട്‌ ഒറ്റ വ്യൂഹമായാണ്‌ പ്രവര്‍ത്തിക്കുക. ഡോ.ബാര്‍ക്കറുടെ സംഘം ഇതിനാവശ്യമായ ഗണിതമാതൃകകള്‍ സൃഷ്ടിച്ച്‌ കമ്പ്യൂട്ടറില്‍ പരീക്ഷിച്ചു കഴിഞ്ഞു. "മിക്ക സൂക്ഷ്‌മയന്ത്രങ്ങള്‍ക്കും അവയ്‌ക്കു സമീപമുള്ള മറ്റൊരെണ്ണവുമായി ആശയവിനിമയം നടത്താനേ സാധിക്കൂ. എന്നാല്‍, അവയില്‍ ചിലതിന്‌ കൂടുതല്‍ ദൂരത്തിലുള്ളവയുമായി ബന്ധം സ്ഥാപിക്കാനാകും"-ഡോ.ബാര്‍ക്കര്‍ പറയുന്നു.

ഗണിതമാതൃക പ്രകാരം പരിശോധിച്ചപ്പോള്‍, വളരെ ശക്തമായ കാറ്റില്‍ പോലും 50 യന്ത്രങ്ങള്‍ ഒറ്റ സംവിധാനം പോലെ പരസ്‌പരം ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതായി ഗവേഷകര്‍ കണ്ടു. പറക്കുമ്പോള്‍ തന്നെ എല്ലാ ചിപ്പുകളും പരസ്‌പരം ബന്ധപ്പെട്ടുണ്ടാക്കുന്ന ഡേറ്റ ഒരു 'സംഘസിഗ്നല്‍'(collective signal) ആയി മാതൃപേടകത്തിലേക്ക്‌ അയയ്‌ക്കാന്‍ കഴിയും. ഇതുവഴി ഇതുവരെ ലഭ്യമാകാത്ത വിധമുള്ള വിവരങ്ങളാകും അന്യഗ്രഹങ്ങളില്‍ നിന്ന്‌ ശേഖരിക്കാനാവുക.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍, പ്രോസസിങ്‌ ശൃംഗല, സെന്‍സറുകള്‍, വൈദ്യുതിസ്രോതസ്സുകള്‍ മുതലാവയോടു കൂടിയ ഏതാനും ഘനസെന്റീമീറ്റര്‍ വലുപ്പമുള്ള പൊടിയന്ത്രങ്ങളെ ഇതിനകം ഗവേഷകര്‍ രൂപപ്പെടുത്തി കഴിഞ്ഞു. എന്നാല്‍, യന്ത്രങ്ങളുടെ വലിപ്പം ഏതാനും മില്ലീമീറ്റര്‍ ആക്കുകയെന്നതാണ്‌ പ്രശ്‌നം.

ഒട്ടേറെ മറ്റ്‌ ഉപയോഗങ്ങളും ഇത്തരം 'സ്‌മാര്‍ട്ട്‌ പൊടി'(smart dust) ക്ക്‌ ഭാവിയില്‍ ഉണ്ടായേക്കാം. യുദ്ധഭൂമിയില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവയെ ഫലപ്രദമായി ഉപയോഗിക്കാനാവും. കെട്ടിടങ്ങളുടെ ആരോഗ്യം കൃത്യമായി അറിയാനായി, നിര്‍മാണവേളയില്‍ ഇത്തരം 'പൊടി' കൂടി കോണ്‍ക്രീറ്റില്‍ ഉപയോഗിച്ചാല്‍ മതി. ശരീരത്തില്‍ പൊടിയന്ത്രങ്ങളെ കടത്തിവിട്ട്‌ ചികിത്സ ഫലപ്രദമാക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെ എത്രയെത്ര സാധ്യതകള്‍(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

5 comments:

Joseph Antony said...

അരിമണിയോളം വലിപ്പമുള്ള 'യന്ത്രപ്പൊടിയന്‍'മാരെ ഗ്രഹപര്യവേക്ഷണത്തിന്‌ ഉപയോഗിക്കാനാവുന്ന കാലമാണ്‌ വരുന്നത്‌. കാറ്റില്‍ പൊടി പാറി വിടുംപോലെ വിവരശേഖരണത്തിന്‌ ഗ്രഹാന്തരീക്ഷത്തില്‍ വിതറാവുന്ന 'സ്‌മാര്‍ട്ട്‌ പൊടി'യുടെ കാലം. അതേപ്പറ്റി.

ഗൗരീ പ്രസാദ് said...

ഭാവിയില്‍ നൂക്ലിയാര്‍ മെഡിസിനു പകരം (പൂര്‍ണ്ണ് മായിക്കൊള്ളണമെന്നില്ല) ഈ ടെക്നൊളൊജി ഉപയോഗിച്ചെന്നു വരാം. അല്ലേ? റേഡിയോആക്റ്റീവതയുടെ ദൂഷ്യങ്ങള്‍ ഇല്ലാതെ!

സാജന്‍| SAJAN said...

വീണ്ടും അറിവിന്റെ ലോകത്തിലേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുപോയ ഒരു പോസ്റ്റിനൂടെ നന്ദി..മാഷേ!

Ajay Sreesanth said...

kalacki sare kalacki
anubhavathinte velichathilaayirickum alle mashe?

Ajay Sreesanth said...
This comment has been removed by the author.