Monday, May 14, 2007

നീന്താനും ഇഴയാനും റോബോട്ട്‌

ജീവലോകത്തെ ആശയങ്ങള്‍ കടമെടുത്താണ്‌ മനുഷ്യന്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആധുനികശാസ്‌ത്രം തേടുന്നത്‌. കരയില്‍ ഇഴയാനും വെള്ളത്തില്‍ നീന്താനും കഴിയുന്ന റോബോട്ടിന്‌, വൈദ്യശാസ്‌ത്രത്തിലും പരിണാമപഠനത്തിലും പുതിയ ഉള്‍ക്കാഴ്‌ച നല്‍കാനാകുമെന്ന്‌ ഗവേഷകര്‍ കരുതുന്നു

സാലമാന്‍ഡറിനെ(നീര്‍പ്പല്ലി)പ്പോലെ ഇഴയാനും ആവശ്യമെങ്കില്‍ വെള്ളത്തില്‍ നീന്താനും ശേഷിയുള്ള ഒരു റോബോട്ടിന്‌ യൂറോപ്യന്‍ ഗവേഷകര്‍ രൂപം നല്‍കി. കമ്പ്യൂട്ടറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ വിവിധ വേഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇതിന്‌, പരസ്‌പരം ബന്ധിപ്പിച്ച കട്ടകളുടെ രൂപമാണുള്ളത്‌. അനുബന്ധമായി നാലുകാലുമുണ്ട്‌.

"സാലമാന്‍ഡ്ര റോബോട്ടിക്ക"(Salamandra Robotica) യെന്ന്‌ പേരിട്ടിട്ടുള്ള ഈ റോബോട്ട്‌, ശരിക്കും നട്ടെല്ലിന്റെ പ്രവര്‍ത്തനത്തെ അനുസ്‌മരിപ്പിക്കുന്നു. ഇതുപയോഗിച്ചുള്ള പഠനം നട്ടല്ലിനേല്‍ക്കുന്ന ക്ഷതങ്ങളെക്കുറിച്ചും അതിന്‌ ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനും സഹായകമാകുമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ഒരു പ്രത്യേക ഗണിതമാതൃകയുടെ സഹായത്തോടെയാണ്‌ റോബോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. പരിണാമത്തിന്റെ ഫലമായി ലക്ഷക്കണക്കിന്‌ വര്‍ഷംമുമ്പ്‌ വെള്ളത്തില്‍ നിന്ന്‌ കരയിലേക്ക്‌ കുടിയേറിയ ജീവികളുടെ ചലനങ്ങള്‍ രൂപപ്പെട്ടതെങ്ങനെയെന്നു പഠിക്കാന്‍ ഗണിതമാതൃക തുണയായേക്കുമെന്ന്‌ 'സയന്‍സ്‌' ഗവേഷണ വാരിക പറയുന്നു.

സാലമാന്‍ഡറിന്റെ ചലനങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു മത്സ്യമുണ്ട്‌; 'ലാംപ്രേ'(lamprey). ആ മത്സ്യത്തിന്റെ സിരാവ്യൂഹത്തിന്റെ പ്രവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ റോബോട്ടിനായി ഉപയോഗിച്ചിട്ടുള്ളത്‌. കരയില്‍ നിന്നു കരയ്‌ക്കെത്തിയ ആദ്യ ജീവികളുടെ ചലനത്തെ സാലമാന്‍ഡറുകള്‍ അനുസ്‌മരിപ്പിക്കുന്നു എന്നാണ്‌ ഗവേഷകരുടെ നിഗമനം.

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ലോസാനെയിലുള്ള ഫെഡറല്‍ പോളിടെക്‌നിക്കിലെ ജാന്‍ ഓക്‌ ഇജ്‌സ്‌പീര്‍റ്റും സംഘവുമാണ്‌ റോബോട്ടിനെ വികസിപ്പിച്ചത്‌. ലാംപ്രേ മത്സ്യത്തിന്റെ സിരാവ്യൂഹപ്രവര്‍ത്തനം പരിഷ്‌കരിച്ച്‌, സാലമാന്‍ഡറിനെപ്പോലെ കരയില്‍ ഇഴഞ്ഞു സഞ്ചരിക്കാന്‍ പാകത്തിലാണ്‌ റോബോട്ടിനെ രൂപപ്പെടുത്തിയിട്ടുള്ളത്‌. അതിനാല്‍, റോബോട്ടിന്‌ നീന്താനും കരയില്‍ ഇഴയാനും കഴിയും.

ലാപ്‌ടോപ്‌ കമ്പ്യൂട്ടറില്‍ നിന്നുള്ള വയര്‍ലസ്സ്‌ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവേഷകര്‍ക്കായി. റോബോട്ടിന്റെ സഞ്ചാരവേഗത്തില്‍ വ്യതിയാനം വരുത്താനും, നീന്തലില്‍ നിന്ന്‌ ഇഴയലായി ചലനം വ്യത്യാസപ്പെടുത്താനും ഇങ്ങനെ കഴിഞ്ഞു. മസ്‌തിഷ്‌കത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ശരീരം ചലിക്കുന്നതു പോലെയായിരുന്നു അത്‌.

ജീവലോകത്തെ ആശയങ്ങള്‍ പരീക്ഷണവിധേയമാക്കാന്‍ ഇത്തരം റോബോട്ടുകളെയും ഗണിതമാതൃകകളെയും പ്രയോജനപ്പെടുത്താന്‍ കഴിയും-ഇജ്‌സ്‌പീര്‍റ്റ്‌ പറയുന്നു. പുത്തന്‍ ചികിത്സാരീതികള്‍ ഇതുവഴിയാകാം ഭാവിയില്‍ കണ്ടെത്താനാവുക. മാത്രമല്ല, കൂടുതല്‍ ക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യന്‍മാരെ സൃഷ്ടിക്കാനും ഇതു സഹായിക്കും.(കടപ്പാട്‌: സയന്‍സ്‌ മാഗസിന്‍).

13 comments:

Joseph Antony said...

പ്രകൃതിയുടെ വഴി നിരീക്ഷിക്കുക വഴി പലപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. സാലമാന്‍ഡറിനെപ്പോലെ ഇഴയാനും നീന്താനും കഴിവുള്ള ഒരു റോബോട്ടിനെ രൂപപ്പെടുത്തുക വഴി, നട്ടെല്ലിന്റെ തകരാറിനുള്ള പ്രതിവിധി മുതല്‍ വെള്ളത്തില്‍ നിന്ന്‌ കരയില്‍ കയറിയ ആദ്യകാല ജീവികളുടെ ചലനങ്ങള്‍ രൂപപ്പെട്ടതു വരെ പഠനവിധേയമാക്കുകയാണ്‌ ഒരു സംഘം ഗവേഷകര്‍. അതെപ്പറ്റി..

Mr. K# said...

നന്നായിരിക്കുന്നു ലേഖനം. ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ഈ വീഡിയോ കണ്ടു.

ദേവന്‍ said...

നല്ല യാദൃശ്ചികത! ഇന്നലെ ബ്ലോഗര്‍ സിദ്ധാര്‍ത്ഥനെ കണ്ടപ്പോള്‍ ഹോണ്ടയുടെ അസിമോ നെ കുറിച്ച് സംസാരിച്ചതേയുള്ളു.

myexperimentsandme said...

ഐച്ചി എക്സ്പോയ്ക്ക് (ജപ്പാന്‍) പോയപ്പോള്‍ ടൊയോട്ടയുടെ ഹ്യൂമനോയ്ഡ് റോബോട്ട്‌സ് കണ്ടിരുന്നു. പാട്ടുപാടും, ഡാന്‍സ് കളിക്കും, നടകള്‍ കയറിയിറങ്ങും... അന്ന് അസിമോയും ഉണ്ടായിരുന്നോ എന്ന് ഓര്‍ക്കുന്നില്ല ഹോണ്ട പവിലിയനില്‍.

പതിനഞ്ച് ലക്ഷം യെന്‍ കൊടുത്താല്‍ വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരെ സ്വീകരിച്ച് അകത്തിരുത്തി ചായ വേണോ, കാപ്പി വേണോ എന്നൊക്കെ ചോദിച്ച് സല്‍ക്കരിക്കുന്ന വക്കാമാരൂ റോബോട്ടിനെയും കിട്ടുമായിരുന്നു രണ്ട് കൊല്ലം മുന്‍പ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നമുക്ക് ഒരു സാധനം വേണമെങ്കില്‍ റോബോട്ടണ്ണനോട് ചോദിച്ചാല്‍ (അല്ലെങ്കില്‍ ടൈപ്പ് ചെയ്താല്‍) മതി, അണ്ണന്‍ അതെവിടെയാണെന്ന് നമ്മളെ കാണിച്ചു തരും.

ഗൗരീ പ്രസാദ് said...

മറ്റൊരു നല്ല ലേഖനത്തിനു നന്ദി.

ദേവന്‍ said...

ഈ ജപ്പാങ്കാരുടെ ഓരോ പേര്‍! ഐച്ചി എക്സിബിഷന്‍ എന്നതു ഞാന്‍ കൊച്ചി എന്നാണു വായിച്ചത്‌. കൊച്ചിയില്‍ ഇതൊരെണ്ണം നടന്നിട്ട്‌ അറിഞ്ഞില്ലല്ലോ, ടീവി കാണില്ലെന്ന തീരുമാനം പുന:പരിശോധിക്കണോ എന്നൊക്കെ ആലോചിച്ചിരുന്നു പോയി.

ലവന്മാരുടെ പ്രദര്‍ശനം കണ്ടെങ്കില്‍ ഹ്യൂമനോയിഡ്‌ റോബോട്ടുകളെക്കുറിച്ച്‌ ഒരു ലേഖനം പൂശെന്റെ വക്കാരിമാരു റോബോട്ടേ.

Joseph Antony said...

വക്കാരി മാഷെ,
ദേവന്‍ പറഞ്ഞതിനെ ഞാനും പിന്താങ്ങുന്നു.
ഹുമനോയിഡ്‌ റോബോട്ടുകളെക്കുറിച്ച്‌ ഒരു ലേഖനം എഴുതൂ
ജോസഫ്‌

Joseph Antony said...

കുതിരവട്ടന്‍,
ആ വീഡിയോ ലിങ്ക്‌ ഇപ്പോഴാണ്‌ നോക്കിതയത്‌. തകര്‍പ്പന്‍. ഈ പോസ്‌റ്റിന്‌ ഇതിലും നല്ലൊരു വിഷ്വല്‍ കിട്ടാനില്ല.
-ജോസഫ്‌

myexperimentsandme said...

രണ്ട് കൊല്ലം മുന്‍പാണ് എക്സ്പോയ്ക്ക് പോയത്. അവരെ കണ്ടുള്ള പരിചയമേ ഉള്ളൂ. സാഹസമാകുമെങ്കിലും, ഒരു ജനറല്‍ ഹൂമനോയ്ഡ് റോബോട്ട് കുറിപ്പ് പറ്റുമോ എന്ന് നോക്കട്ടെ- ഒരു റോബോട്ടിനെക്കൊണ്ട് തന്നെ എഴുതിച്ചാലോ :)

ദേവേട്ടാ, കൊച്ചി ജപ്പാനിലുമുള്ളതറിയാമല്ലോ.

ദേവന്‍ said...

ധൈര്യമായി എഴുതെന്റെ വക്കാരീ (ഇപ്പോഴത്തെ റോബോട്ടുകളെല്ലാം വൈ ഫൈ ഇന്റര്‍നെറ്റ് ഉള്ളവരാണേ നല്ലത് മാത്രം എഴുതണം അല്ലേല്‍ ചിലപ്പോ വ്യക്തിഹത്യ, സോറി റോബോഹത്യയില്‍ പ്രതിഷേധിച്ച് റോബ്ബോട്ടന്മാര്‍ ഒരു ക്യാമ്പെയിന്‍ ബ്ലോഗ് തുടങ്ങി മാപ്പ് പറയിക്കും).

റോബന്മാരുടെ സൈറ്റില്‍ പോയി വക്കാരി കണ്ടതില്‍ നിന്നും വേര്‍ഷനുകള്‍ അപ്പ് ഗ്രേഡ് നടന്നോന്നു നോക്കാന്‍ മറക്കണ്ടാ (പച്ചാനയുടെ ബ്ലോഗില്‍ക് ഓഫടിച്ചേച്ചാണു വരുന്നത്, ഇവിടെയും ഒരു മാപ്പ്.
അസിമോ പുതിയവന്റെ ഒരു പരസ്യ വീഡിയോയില്‍ അവന്‍ ഓഫീസ് പ്യൂണായാണു ജോലി ചെയ്യുന്നത്. നാട്ടില്‍ ആര്‍ ടി ഓ ഓഫീസില്‍ നല്ല സ്കോപ്പുണ്ട്, ബുക്കില്‍ വച്ചു കിട്ടുന്ന കിമ്പളം സത്യസന്ധമായി വീതിക്കുകയും കൃത്യമായി കണക്കു കൊടുക്കുകയും ചെയ്തോളും!)

Joseph Antony said...

വക്കാരി മാഷെ,
കുറെക്കാലം മുമ്പ്‌ കോഴിക്കോട്ട്‌ ജോലികിട്ടി വന്ന സമയത്ത്‌, കൊയിലാണ്ടിക്കടുത്ത്‌ കൊല്ലം എന്നൊരു ചെറിയ സ്ഥലമുണ്ടെന്നറിഞ്ഞ്‌ ഞാന്‍ അത്ഭുതം കൂറി. ഇക്കാര്യം മേലുദ്യോഗസ്ഥനോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: "കുറെക്കൂടി സൂക്ഷ്‌മമായി അന്വേഷിക്കൂ. തിരുവനന്തപുരവും കണ്ടെത്താനായേക്കും. അങ്ങനെയെങ്കില്‍ തനിക്ക്‌ മാസാമാസം ലീവെടുത്ത്‌ കേരളത്തിന്റെ തെക്കേയറ്റം വരെ പോകേണ്ടതില്ലല്ലോ".
ഈ വാചകം മനസില്‍ വന്നതുകൊണ്ട്‌ ചോദിക്കുകയാണ്‌ വക്കാരി കൊച്ചിക്കാരനാണോ. എങ്കില്‍ എളുപ്പമായി, വിമാനം കയറി ബുദ്ധിമുട്ടണ്ടല്ലോ.
-ജോസഫ്‌

ദേവന്‍ said...

കോഴിക്കോട്ട് കൊല്ലം ഉണ്ടെന്നു മാത്രമല്ല, കൊല്ലത്ത് കോഴിക്കോടുമുണ്ട്! കൊല്ലം സ്റ്റാന്‍ഡില്‍ നിന്നും കോഴിക്കോട് ഓര്‍ഡിനറി ബസ്സില്‍ കയറുന്നയാള്‍ കരുനാഗപ്പള്ളിക്കപ്പുറത്ത് ഒരു കവലയില്‍ ട്രിപ്പ് അവസാനിക്കുമ്പോള്‍ നെഞ്ചത്തടിച്ചു പോകും.

വക്കാരീ, കൊച്ചി ജപ്പാനിനുള്ളതിനു പകരം കൊച്ചിയില്‍ വേണേല്‍ ഒരു എച്ചിയെ തുപ്പി കാണിച്ചു തരാം.

quilon എന്നു ഗൂഗിളിനു കൊടുത്താല്‍ ഒന്നാം ഹിറ്റ് ആയി വരുന്നത് ബക്കിങ് ഹാമിലെ quilon റെസ്റ്റോറന്റ് ആണ് (അംബി നാടു വിട്ടപ്പോള്‍ ലണ്ടനിലോട്ടു തന്നെ പോയത് എന്തിനാ? മൂപ്പര്‍ക്ക് ക്വൈലോണിനു അടുത്തു തന്നെ താമസിക്കണമെന്ന്). ഓഫ് അടിച്ചു ചളമാക്കി. അപ്പോ ഹ്യൂമാനിഫോം റോബോട്ടിനെക്കുറിച്ച് ലേഖനം പോരട്ട്.

myexperimentsandme said...

ഹ...ഹ... ജോസഫേ, ഞാന്‍ ജപ്പാനീന്ന് പോന്നെങ്കിലും അവിടെ വിമാനം കയറിത്തന്നെ പോകണമായിരുന്നു കൊച്ചിയിലേക്ക് :)

ദേവേട്ടാ, അപ്പോള്‍ കൊച്ചി, എച്ചി, അയ്ച്ചി...

qw_er_ty