Saturday, May 12, 2007

അര്‍ബുദകോശങ്ങളെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ മാര്‍ഗ്ഗം

അര്‍ബുദകോശങ്ങളെ വീണ്ടും സാധാരണകോശങ്ങളാക്കി മാറ്റുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയം കണ്ടു. സീബ്രാമത്സ്യം ഉപയോഗിച്ചു നടത്തിയ ഈ പരീക്ഷണത്തിന്റെ ഫലം മനുഷ്യരിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, അര്‍ബുദചികിത്സയില്‍ അത്‌ വിപ്ലവം സൃഷ്ടിക്കും.

ചര്‍മാര്‍ബുദ കോശങ്ങള്‍
ചര്‍മാര്‍ബുദമായ 'മെലനോമ'(melanoma) ബാധിച്ച കോശങ്ങളിലെ ചില പ്രോട്ടീനുകള്‍ ഭ്രൂണവിത്തുകോശങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലാണ്‌ ഇക്കാര്യത്തില്‍ മുന്നേറ്റമായത്‌. അമേരിക്കയില്‍ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഡോ.മേരി ജെ.സി.ഹെന്‍ട്രിക്‌സും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലം, അടുത്തയിടെ വാഷിങ്‌ടണില്‍ നടന്ന 'എക്‌സ്‌പെരിമെന്റല്‍ ബയോളജി 2007' എന്ന സിമ്പോസിയത്തില്‍ അവതരിപ്പിക്കപ്പെട്ടു.


ശരീരത്തില്‍ ഇരുന്നൂറിലേറെ വ്യത്യസ്‌ത കോശങ്ങളുണ്ട്‌. അവയില്‍ ഏതിനം കോശമായും മാറാന്‍ ശേഷിയുള്ളവയാണ്‌ ഭ്രൂണവിത്തുകോശങ്ങള്‍. വിത്തുകോശങ്ങള്‍ക്ക്‌ സൂക്ഷ്‌മപരിസ്ഥിതിയില്‍ തന്മാത്രാതലത്തില്‍ ലഭിക്കുന്ന സന്ദേശമനുസരിച്ചായിരിക്കും അവ ഏതിനം കോശമായി മാറണം എന്നു നിശ്ചയിക്കപ്പെടുക. സന്ദേശമനുസരിച്ച്‌ അവ പിളര്‍ന്ന്‌ വളര്‍ന്ന്‌ പ്രത്യേകയിനം കോശപാളിയായിരൂപപ്പെടുന്നു.


മെലനോമയുടെ കാര്യത്തിലും അര്‍ബുദകോശങ്ങള്‍ അവയുടെ സൂക്ഷ്‌മപരിസ്ഥിതിയില്‍ നിന്ന്‌ സന്ദേശം സ്വീകരിച്ചാണ്‌ അപകടകരമായി വളര്‍ന്നു പെരുകുന്നത്‌. അതൊടുവില്‍ ട്യൂമറുകള്‍ക്കു കാരണമാകുന്നു. സീബ്രാമത്സ്യത്തെ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍, സൂക്ഷ്‌മപരിസ്ഥിതിയില്‍ അര്‍ബുദകോശങ്ങള്‍ക്ക്‌ ഭ്രൂണവിത്തുകോശങ്ങളുമായി ആശയവിനിമയം നടത്താനാകുമോ എന്ന്‌ ഗവേഷകര്‍ പരിശോധിച്ചു.
സീബ്രാമത്സ്യം. ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖലയില്‍ കാണപ്പെടുന്ന ഈ മത്സ്യം വളരെ വേഗം വളരുന്ന ഒന്നായതിനാല്‍, വൈദ്യശാസ്‌ത്ര പരീക്ഷണങ്ങള്‍ക്ക്‌ ഇവയെ കാര്യമായി ഉപയോഗിക്കാറുണ്ട്‌

തീവ്രമായി വളര്‍ന്നു പെരുകുന്ന അര്‍ബുദകോശങ്ങള്‍ ഭ്രൂണസൂക്ഷ്‌മപരിസ്ഥിതിയുമായി ആശയവിനിമയം നടത്താന്‍ 'നോഡല്‍' എന്നൊരു സന്ദേശഘടകം പുറപ്പെടുവിക്കുന്നതായി കണ്ടു. ഭ്രൂണവിത്തുകോശങ്ങളുടെ വളര്‍ച്ചയ്‌ക്കു പ്രേരകമായ 'നോഡല്‍' ഘടകം ('മോര്‍ഫോജിന്‍' എന്നും ഇതിന്‌ പേരുണ്ട്‌) ഉത്‌പാദിപ്പിക്കാന്‍ തീവ്രവളര്‍ച്ചയുള്ള ട്യൂമര്‍കോശങ്ങള്‍ക്കും ശേഷിയുണ്ട്‌ എന്ന കണ്ടെത്തല്‍ ഗവേഷകരെ അമ്പരപ്പിച്ചു.

'നോഡല്‍' സന്ദേശഘടകത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയപ്പോള്‍, അര്‍ബുദ കോശങ്ങളുടെ പെരുകല്‍ കുറഞ്ഞു. മാത്രമല്ല, മെലനോമ കോശങ്ങള്‍ അപകടകാരികളാല്ലാത്ത ചര്‍മകോശങ്ങളായി വീണ്ടും മാറുന്നതും ഗവേഷകര്‍ കണ്ടു. അര്‍ബുദത്തിന്റെ വളര്‍ച്ച തടയാന്‍ മാത്രല്ല, അര്‍ബുദബാധിത കോശങ്ങളെ സാധാരണ നിലയിലെത്തിക്കാനുമുള്ള സാധ്യതയും ഈ ഗവേഷണഫലം മുന്നോട്ടുവെയ്‌ക്കുന്നു.


മറ്റ്‌ ജീവികളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലും ഇക്കാര്യം വിജയിച്ചാല്‍, മനുഷ്യ ഭ്രൂണവിത്തുകോശങ്ങളുപയോഗിച്ച്‌ ഇത്‌ പരീക്ഷിക്കാനാണ്‌ ഉദ്ദേശമെന്ന്‌ ഡോ. ഹെന്‍ട്രിക്‌സ്‌ അറിയിച്ചു. അര്‍ബുദം വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങുന്നതിന്റെ തുടക്കമാകാമിത്‌. ഏതായാലും അത്‌ വ്യക്തമാകാന്‍ അല്‍പ്പം കൂടി കാക്കണം. (അവലംബം: നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയുടെ പത്രക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി).

4 comments:

JA said...

അര്‍ബുദത്തിന്റെ വളര്‍ച്ച തടയാന്‍ മാത്രല്ല, അര്‍ബുദകോശങ്ങളെ വീണ്ടും സാധാരണ നിലയിലെത്തിക്കാനും വഴിതെളിയുന്നു. അമേരിക്കന്‍ ഗവേഷകര്‍ ഇക്കാര്യത്തില്‍ ആദ്യവിജയം നേടിക്കഴിഞ്ഞു. അര്‍ബുദചികിത്സയില്‍ അത്ഭുതം സൃഷ്ടിച്ചേക്കാവുന്ന ആ ഗവേഷണത്തെപ്പറ്റി..

ഗൗരീ പ്രസാദ് said...

ജെ ഏ,

വളരെ വിജ്നാനപ്രദമായ ലേഖനത്തിനു നന്ദി.
താങ്കളുടെ എല്ലാ ലേഖനങ്ങളും വായിക്കാറുണ്ട്.
ഈ ലേഖനം വായിച്ച് വളരെ സന്തോഷം തോന്നുന്നു.
തീര്‍ച്ചയായും ഇതു മനുഷ്യരാശിക്കു ഒരു നല്ല മുന്നേറ്റമാണ്.

തമ്പിയളിയന്‍ said...

ക്യാന്‍സര്‍ റിസെര്‍ച്ച് ഫീല്‍ഡുമായി ബെന്തപ്പെട്ട കമ്പനിയില്‍ ജോലിചെയ്യുന്നകൊണ്ട് ഒരു നെഗറ്റീവ് കമന്റ്..ക്ഷമിക്കൂ..

ഈ സിസ്റ്റെംസ് ബയോളജി ഒത്തിരി കോമ്പ്ലിക്കേറ്റഡാണു മാഷെ..കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ട്യൂമര്‍ സെല്ലുകള്‍ക്കു വേണ്ട രക്തയോട്ടം നിര്‍ത്തി അതിന്റെവളര്‍ച്ച തടയാം എന്നൊരു ആശയത്തിനു വളരെ പ്രാധാന്യം ലഭിച്ചതാണു..ഇപ്പോഷും റിസെര്‍ച്ച് നടക്കുന്നുണ്ട്...
ഏതായാലും അര്‍ബുദചികിത്സക്ക് എന്നെങ്കിലും ഒരു ബ്രേക്ക്-ത്രൂ കിട്ടും എന്നു കരുതാം!

അപ്പു said...

വിജ്ഞാനപ്രദം. അര്‍ബുദം വൈദ്യശാസ്ത്രത്തിന് ഒരുദിവസം കീഴടങ്ങുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.