Tuesday, May 29, 2007

കോള അകാലവാര്‍ധക്യം വരുത്തും-പഠനം

കോളകള്‍ പോലുള്ള കാര്‍ബൊണേറ്റഡ്‌ ലഘുപാനീയങ്ങളില്‍ പ്രിസര്‍വേറ്റീവായി ഉപയോഗിക്കുന്ന ഒരിനം രാസവസ്‌തു, ഡി.എന്‍.എയ്‌ക്കു തകരാര്‍ വരുത്താമെന്നും കോശനാശത്തിനും അകാലവാര്‍ധക്യത്തിനും ഇടയാക്കാമെന്നും മുന്നറിയിപ്പ്

കോളകള്‍ പോലുള്ള ലഘുപാനീയങ്ങള്‍ അകാലവാര്‍ധക്യവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വരുത്തുമെന്ന്‌ പഠനം. ഇത്തരം ലഘുപാനീയങ്ങളില്‍ പ്രിസര്‍വേറ്റീവ്‌ ആയി ഉപയോഗിക്കുന്ന ഒരിനം രാസവസ്‌തുവാണ്‌ പ്രശ്‌നകാരിയെന്ന്‌, ബ്രിട്ടനില്‍ ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ നടന്ന പഠനം പറയുന്നു. 'ഇന്‍ഡിപെന്‍ഡന്റ്‌' പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്‌തത്‌.

സുരക്ഷിതമെന്ന്‌ ലോകാരോഗ്യസംഘടന (ഡബ്യു.എച്ച്‌.ഒ) ഏഴുവര്‍ഷം മുമ്പ്‌ സാക്ഷ്യപ്പെടുത്തിയ 'ഇ221' എന്ന സോഡിയം ബെന്‍സൊയേറ്റ്‌ ആണ്‌ അതീവഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. കോശങ്ങളിലെ ഒരു വിഭാഗം ഡി.എന്‍.എയുടെ പ്രവര്‍ത്തനം നിലയ്‌ക്കാനും അതുവഴി കോശനാശത്തിനും ഈ രാസവസ്‌തു കാരണമാകുമത്രേ.

ആഗോള കാര്‍ബൊണേറ്റഡ്‌ പാനീയ വ്യവസായരംഗത്ത്‌ പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന പ്രിസര്‍വേറ്റീവാണ്‌ സോഡിയം ബെന്‍സൊയേറ്റ്‌. ബെന്‍സോയിക്‌ ആസിഡില്‍നിന്നാണ്‌ ഇത്‌ നിര്‍മിക്കുന്നത്‌. ലഘുപാനീയങ്ങളില്‍ മാത്രല്ല, അച്ചാറുകളിലും സോസുകളിലും ഇതുപയോഗിക്കാറുണ്ട്‌.

ലഘുപാനീയങ്ങളില്‍ ചേര്‍ക്കുന്ന 'ജീവകം സി'യുമായി പ്രവര്‍ത്തിച്ച്‌ അര്‍ബുദകാരിയായ ബെന്‍സീന്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന ഭീതി ഇപ്പോള്‍ തന്നെ സോഡിയം ബെന്‍സൊയേറ്റിനെക്കുറിച്ചുണ്ട്‌.എന്നാല്‍, ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ മോളിക്യുലാര്‍ ബയോളജി ആന്‍ഡ്‌ ബയോടെക്‌നോളജി പ്രൊഫസറായ പീറ്റര്‍ പിപ്പെര്‍ നടത്തിയ പഠനത്തിന്റെ ഫലം ഇതിനെക്കാള്‍ ഉത്‌ക്കണ്‌ഠാജനകമാണ്‌.

സോഡിയം ബെന്‍സൊയേറ്റിനെക്കുറിച്ച്‌ 1999 മുതല്‍ ഗവേഷണം നടത്തുന്നയാളാണ്‌ പ്രൊഫ. പിപ്പെര്‍. പരീക്ഷണശാലയില്‍ ജീവനുള്ള യീസ്റ്റ്‌ കോശങ്ങളില്‍ അദ്ദേഹം ഈ രാസവസ്‌തു പരീക്ഷിച്ചപ്പോള്‍, കോശങ്ങളിലെ 'പവര്‍ഹൗസുകള്‍' എന്നറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയിലെ ഡി.എന്‍.എയ്‌ക്ക്‌ അത്‌ തകരാര്‍ വരുത്തുന്നതായി കണ്ടു.

മൈറ്റോകോണ്‍ഡ്രിയയിലെ ഡി.എന്‍.എയെ ഏതാണ്ട്‌ പൂര്‍ണമായി തന്നെ സോഡിയം ബെന്‍സൊയേറ്റ്‌ നിശ്ചലമാക്കുന്നതായാണ്‌ കണ്ടതെന്ന്‌ പ്രൊഫ. പിപ്പെര്‍ പറയുന്നു. ഓക്‌സിജന്റെ സഹായത്തോടെ ശരീരത്തിനാവശ്യമായ ഊര്‍ജോത്‌പാദനം നടക്കുന്നത്‌ മൈറ്റോകോണ്‍ഡ്രിയകളിലാണ്‌. അതിലെ ഡി.എന്‍.എ. പ്രവര്‍ത്തനരഹിതമാവുക എന്നുവെച്ചാല്‍ മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം തകരാറിലാവുകയെന്നാണ്‌ അര്‍ത്ഥം. പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള സിരാനാശരോഗങ്ങളും അകാലവാര്‍ധക്യവുമാകും ഫലം-പ്രൊഫ.പിപ്പെര്‍ അറിയിക്കുന്നു.

ഈ രാസവസ്‌തു സുരക്ഷിതമാണെന്ന്‌ 2000-ല്‍ നടത്തിയ അവലോകനത്തില്‍ വിലയിരുത്തിയിരുന്നെങ്കിലും, ഇതിന്റെ സുരക്ഷിതത്വത്തെ സാധൂകരിക്കുന്ന ശാസ്‌ത്രവസ്‌തുതകളുടെ ലഭ്യത 'പരിമിത'മാണെന്ന്‌ ഡബ്യു.എച്ച്‌.ഒ. വ്യക്തമാക്കയിരുന്നു. ബ്രിട്ടനില്‍ സോഡിയം ബെന്‍സൊയേറ്റ്‌ ഉപയോഗിക്കുന്നതിന്‌ ഫുഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഏജന്‍സി (എഫ്‌.എസ്‌.എ) പിന്തുണ നല്‍കിയിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്റെ അനുമതിയും ഈ രാസവസ്‌തുവിനുണ്ട്‌. എന്നാല്‍, പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇതെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തണമെന്ന്‌ ഒരുവിഭാഗം ബ്രിട്ടീഷ്‌ എം.പിമാര്‍ ആവശ്യപ്പെട്ടു.

"യു.എസ്‌.ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ സോഡിയം ബെന്‍സൊയേറ്റുമായി ബന്ധപ്പെട്ടു നടത്തുന്ന ടെസ്റ്റുകള്‍ കാലഹരണപ്പെട്ടതാണ്‌". ഇത്തരം രാസസംയുക്തങ്ങള്‍ പരിശോധന നടത്തി പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ ഭക്ഷ്യവ്യവസായരംഗം ചെയ്യേണ്ടതെന്ന്‌ പ്രൊഫ.പിപ്പെര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ റിസര്‍ച്ച്‌ കൗണ്‍സിലിന്റെ ധനസഹായത്തോടെയാണ്‌ പ്രൊഫ.പിപ്പറിന്റെ ഗവേഷണം.

ഇത്തരം പ്രിസര്‍വേറ്റീവുകളടങ്ങിയ ലഘുപാനീയങ്ങള്‍ കുട്ടികള്‍ക്ക്‌ വാങ്ങി കൊടുക്കുന്നതിനെക്കുറിച്ച്‌ രക്ഷിതാക്കള്‍ വീണ്ടുവിചാരം നടത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍, പാനീയങ്ങളില്‍ ഇത്തരം രാസവസ്‌തുക്കളുടെ അളവ്‌ അപകടരഹിതമായ പരിധിക്കുള്ളിലാണെന്ന്‌ ബോധ്യം വരുത്തുകയെങ്കിലും വേണം. "വലിയ അളവില്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെക്കുറിച്ചാണ്‌ ഏറെ ഉത്‌ക്കണ്‌ഠ"-പ്രൊഫ.പിപ്പര്‍ പറയുന്നു.(കടപ്പാട്‌: മാതൃഭൂമി)

3 comments:

JA said...

കോളകള്‍ പോലുള്ള ലഘുപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഒരിനം പ്രിസര്‍വേറ്റീവ്‌ പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള സിരാനാശരോഗങ്ങളും അകാലവാര്‍ധ്യക്യവും വരുത്തുമെന്ന്‌ പുതിയൊരു ഗവേഷണം മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം പാനീയങ്ങള്‍ കുട്ടികള്‍ക്ക്‌ വങ്ങി നല്‍കുന്ന മാതാപിതാക്കള്‍ വീണ്ടുവിചാരം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇക്കാര്യം വിരല്‍ചൂണ്ടുന്നത്‌. അതെപ്പറ്റി.

മൂര്‍ത്തി said...

Thanks...sorry for English..my Key man is not working.

വിഷ്ണു പ്രസാദ് said...

നല്ല ലേഖനം.കോളകളെക്കുറിച്ചുള്ള ഈ പുതിയ വിവരം പങ്കുവെച്ചതിന് നന്ദി.