Thursday, February 22, 2007

ക്ഷുദ്രഗ്രഹത്തിന്റെ ഗതിമാറ്റാന്‍ യു.എന്‍.


യുദ്ധവും പട്ടിണിയും ക്ഷാമവും വരള്‍ച്ചയുമൊക്ക മാത്രം ഇത്രകാലവും കൈകാര്യം ചെയ്‌തുപോന്ന ഐക്യരാഷ്ട്ര സഭ (യു.എന്‍) പുതിയൊരു ദൗത്യം ഏറ്റെടുക്കാന്‍ പോകുന്നു. വിനാശകാരിയായ ഏതെങ്കിലുമൊരു ക്ഷുദ്രഗ്രഹം (asteroid) വന്നിടിച്ച്‌ നശിക്കുന്നതില്‍ നിന്ന്‌ ഭൂമിയെ രക്ഷിക്കുക. അത്തരമൊരു ഭീഷണി ഭൂമി യഥാര്‍ത്ഥത്തില്‍ നേരിടുന്നുണ്ടോ? ഉണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. അതിന്‌ പരിഹാരം കാണാന്‍ യു.എന്‍.ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കുറഞ്ഞത്‌ ഒരു ക്ഷുദ്രഗ്രഹമെങ്കിലും സമീപഭാവിയില്‍ ഭൂമിക്ക്‌ വന്‍ഭീഷണി സൃഷ്ടിക്കുമത്രേ. 2036 ഏപ്രില്‍ 13-ന്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടാമെന്ന്‌ 'അസോസിയേഷന്‍ ഓഫ്‌ സ്‌പേസ്‌ എക്‌സ്‌പ്ലോറേഴ്‌സ്‌' എന്ന സംഘടന മുന്നറിയിപ്പു നല്‍കുന്നു. അമേരിക്കയിലെയും റഷ്യയിലെയും മുന്‍ ബഹിരാകാശസഞ്ചാരികളാണ്‌ ഈ സംഘടനയിലെ അംഗങ്ങള്‍.
ഇംഗ്ലണ്ടിന്റെയത്ര വിസ്‌തൃതിയുള്ള ഒരു പ്രദേശത്തെ ഉന്‍മൂലനം ചെയ്യാന്‍ മാത്രം വലുതാണ്‌ 2036-ല്‍ ഭൂമി നേരിടാന്‍ പോകുന്ന ക്ഷുദ്രഗ്രഹമത്രേ. 'അപോഫിസ്‌'(Apophis) എന്നു പേരുള്ള ആ ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നാല്‌പത്തി അയ്യായിരത്തില്‍ ഒന്നു മാത്രമാണ്‌. പക്ഷേ, എന്നു കരുതി അതത്ര നിസ്സാരമായി തള്ളേണ്ട ഭീഷണിയല്ലെന്ന്‌ മുന്‍ ബഹിരാകാശ സഞ്ചാരികള്‍ പറയുന്നു.
ഭൂമിക്കു ഭീഷണിയാകുന്ന ഇത്തരം ക്ഷുദ്രഗ്രഹങ്ങളുടെ ഗതിതിരിച്ചുവിട്ട്‌ ഭൂമിയെ രക്ഷിക്കാനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി യു.എന്നിന്‌ കീഴില്‍ ഉണ്ടാക്കാനാണ്‌ മുന്‍ബഹിരാകാശ സഞ്ചാരികള്‍ ശ്രമിക്കുന്നത്‌. ഇതിനായി വിവിധ തുറയിലുള്ളവരുമായി രണ്ടുവര്‍ഷക്കാലം ചര്‍ച്ച നടത്തി ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്‌ അംഗീകാരത്തിനായി 2009-ല്‍ അവര്‍ യു.എന്നിന്‌ സമര്‍പ്പിക്കും.
"കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന നിലയ്‌ക്കാവണം നിങ്ങളുടെ നടപടികള്‍. എല്ലാം ഉറപ്പായ ശേഷം പ്രവര്‍ത്തിക്കാമെന്നു കരുതി കാത്തിരുന്നാല്‍, വളരെ വൈകിപ്പോകും"-'അപ്പോളോ 9'ലെ ബഹിരാകാശസഞ്ചാരിയായിരുന്ന ഡോ.റസ്സല്‍ ഷ്വവിക്കാര്‍റ്റ്‌ പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യു.എന്നിനാണ്‌ ഉത്തരവാദിത്വമുള്ളതെന്ന്‌ കരുതുന്നതായി അദ്ദേഹം പറഞ്ഞു.
ഭൂമിക്കു ഭീഷണിയാകുന്ന ക്ഷുദ്രഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ 'നാസ'യോട്‌ അടുത്തയിടെ യു.എസ്‌.കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. ഭൂമിക്കടുത്തുകൂടി കടന്നു പോകുന്ന ക്ഷുദ്രഗ്രഹങ്ങളെ 'നിയര്‍ എര്‍ത്ത്‌ ഒബ്‌ജക്ട്‌സ്‌ '(near-Earth objects, NEO) എന്നാണ്‌ വിളിക്കുക. അത്തരം 127 ക്ഷുദ്രഗ്രങ്ങളെ നാസ ഇപ്പോള്‍ നിരീക്ഷിച്ചു വരികയാണ്‌. 700 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയാണ്‌ നാസ നിരീക്ഷിക്കുന്ന ക്ഷുദ്രഗ്രഹങ്ങളെല്ലാം.
നാസ കൂടുതല്‍ ശ്രദ്ധചെലുത്തണം എന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടതോടെ, 70 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഇത്തരം വസ്‌തുക്കളെയെല്ലാം നിരീക്ഷിക്കാന്‍ പദ്ധതിയിടുകയാണ്‌ നാസ. അതിന്‌ കൂടുതള്‍ ശക്തമേറിയ ടെലിസ്‌കോപ്പുകള്‍ വേണ്ടിവരും. ഭൂമിക്കു ഭീഷണിയാകുന്ന 20,000 ക്ഷുദ്രഗ്രഹങ്ങള്‍ കൂടിയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ്‌ നാസയുടെ നിഗമനം.
ഭൂമിക്കു നേരെ വെടിയുണ്ടയുടെ വേഗത്തില്‍ ചീറിപാഞ്ഞുവരുന്ന ക്ഷുദ്രഗ്രഹങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന്‌ ഹോളിവുഡ്ഡിനറിയാം; 'ആര്‍മഗഡോണ്‍', 'ഡീപ്‌ ഇംപാക്ട്‌' തുടങ്ങിയ സിനിമകളില്‍ അത്‌ നമ്മള്‍ കണ്ടതുമാണ്‌. പക്ഷേ, യു.എന്നിന്‌ ഇക്കാര്യം പുതുമയാണ്‌. ബഹിരാകാശസഞ്ചാരികളെ അയച്ച്‌ ക്ഷുദ്രഗ്രഹത്തില്‍ കയറ്റി ബോംബ്‌ വെച്ച്‌ തകര്‍ക്കാമെന്നാണ്‌ ഹോളിവുഡ്ഡ്‌ കാട്ടിത്തന്നത്‌.
ക്ഷുദ്രഗ്രഹത്തിലേക്ക്‌ ദൗത്യസംഘത്തെ അയയ്‌ക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. ആണവമിസൈലോ ഉപഗ്രഹമോ ഉപയോഗിച്ച്‌ അവയെ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്താവും ഫലമെന്നും പ്രവചിക്കാനാവില്ല. ആ നിലയ്‌ക്ക്‌ ഭൂമിക്കുനേരെ വരുന്ന ക്ഷുദ്രഗ്രഹങ്ങളുടെ ഗതിമാറ്റിവിടാനുള്ള ഏതെങ്കിലും മാര്‍ഗ്ഗമായിരിക്കും നല്ലതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.
ക്ഷുദ്രഗ്രഹത്തിനു സമീപത്തുകൂടി സഞ്ചരിച്ച്‌ ഗുരുത്വാകര്‍ഷണ ബലത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌, അതിന്റെ സഞ്ചാരപാതയില്‍ വ്യത്യാസമുണ്ടാക്കി ഗതിമാറ്റിവിടാന്‍ കഴിവുള്ള 'ഗ്രാവിറ്റി ട്രാക്ടേഴ്‌സ്‌'(Gravity Tractors) ഉപയോഗിക്കുന്നതിനെയാണ്‌ വിദഗ്‌ധര്‍ അനുകൂലിക്കുന്നത്‌. കാണുക: ഒഴിഞ്ഞുപോയ കൂട്ടിയിടി, ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌ (കടപ്പാട്‌: എ.ബി.സി.ന്യൂസ്‌, റോയിട്ടേഴ്‌സ്‌)

3 comments:

Joseph Antony said...

2036 ഏപ്രില്‍ 13-ന്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിയുടെ പാതയിലെത്തുകയാണ്‌. അത്‌ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ വന്‍ദുരന്തമാവും ഫലം. അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ യു.എന്‍.രംഗത്തെത്തുകയാണ്‌.

myexperimentsandme said...

ജപ്പാന്‍ ഹയാബുസ എന്ന unmanned spacecraft ഇറ്റക്കോവാ എന്ന asteroid ലേക്കയച്ചിരുന്നു. ഉദ്ദേശലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുമോ എന്ന് സംശയമുണ്ടെങ്കിലും (ഒത്തിരി പ്രശ്‌നങ്ങള്‍ ഓട്ടോമാറ്റിക് ലാന്‍ഡിംഗിന്റെ സമയത്തുണ്ടായി) കുറച്ച് സാമ്പിളൊക്കെ ശേഖരിച്ച് 2010-ല്‍ ഹയാ‍ബുസ തിരിച്ച് വരുമെന്നാണ് പ്രതീക്ഷ (2007-ല്‍ വരേണ്ടതായിരുന്നു). അങ്ങിനെയാണെങ്കില്‍ ആദ്യമായിട്ടായിരിക്കും ഒരു asteroid സാമ്പിള്‍ ഭൂമിയിലെത്തുന്നത്.

നല്ല ലേഖനം, നന്ദി.

Siju | സിജു said...

ഏപ്രില്‍ 13, എന്റെ പിറന്നാള്‍ :-)

നല്ല ലേഖനം. ഇതിനെ പറ്റി നേരത്തെ വായിച്ചിരിന്നു. ഒരു പക്ഷേ, ലോകം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ ഇങ്ങനെയായിരിക്കാം. ഇതല്ലെങ്കില്‍ വേറൊന്ന്..

കുറച്ചു നാള്‍ മുമ്പിറങ്ങിയ ഒരു ഫോര്‍വേഡ് മെയില്‍ ഓര്‍മ്മ വന്നു. വിജയകാന്തിന്റ്റെ പുതിയ തമിഴ് പടം. ഭൂമിക്ക് നേരെ പാകിസ്ഥാന് ഭീകരര്‍ വിട്ട ആസ്റ്ററോയിഡിനെ തകര്‍ക്കാന്‍ ആയുധവുമായി വിജയകാന്ത് പോകുന്നു. വെടിവെക്കാന്‍ പോകുമ്പോഴേക്കും തോക്ക് താഴെ പോയി. ഉടന്‍ വിജയകാന്ത് റോക്കറ്റില്‍ നിന്നും ചാടിയിറങ്ങി ഒരു കാല്‍ റോകറ്റില്‍ ചവിട്ടി നിന്ന് മറ്റേ കാല്‍ വെച്ച് ആസ്റ്ററോയിഡിനെ തട്ടി തെറുപ്പിച്ചു ഭൂ‍മിയെ രക്ഷിച്ചു

ഓഫിനു മാപ്പ് :-)