Tuesday, February 06, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-6: പതഞ്‌ജലി

കലുഷിതമായ മനസിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. 'മഹാഭാഷ്യ'മെന്ന ഭാഷാവ്യാകരണ ഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌

ധുനികലോകത്തെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ള ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ്‌ യോഗ. മനസ്സിനും ശരീരത്തിനും സ്വാസ്ഥ്യം നല്‍കാനുള്ള യോഗയുടെ കഴിവില്‍ ഇന്നാര്‍ക്കും സംശയമില്ല. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസികപരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. ഈ പശ്ചാത്തലത്തില്‍, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വേറൊരു ഭാഗത്ത്‌ ഊര്‍ജ്ജിതമാണ്‌. പെരുപ്പിച്ചു കാട്ടുന്ന ഫലങ്ങളും അതിശയോക്തികളും ഗുണത്തെക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന സാമാന്യതത്വം എല്ലാവരും ഓര്‍മിക്കുന്നത്‌ നന്ന്‌.

ഉപനിഷത്തുകളിലും അഥര്‍വവേദത്തിലും `യോഗ'യെപ്പറ്റി പരാമര്‍ശമുണ്ട്‌. എന്നാല്‍, സ്വാസ്ഥ്യം നല്‍കുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാര്‍ഗ്ഗമായി യോഗ ആദ്യം അവതരിപ്പിക്കപ്പെടുന്നത്‌ ബി.സി.രണ്ടാം നൂറ്റാണ്ടിലാണ്‌. പതഞ്‌ജലി മഹര്‍ഷിയാണ്‌ അതിന്‌ കാരണമായത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ശരീരത്തിലെ നാഡികളെയും `നാഡീ'കേന്ദ്രങ്ങളായ `ചക്ര'ങ്ങളെയും ഉദ്ദീപിപ്പിച്ചാല്‍, മറഞ്ഞിരിക്കുന്ന ഊര്‍ജമായ `കുണ്ഡലിനി'യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാര്‍ജ്ജിക്കാം എന്ന്‌ പതഞ്‌ജലി വാദിച്ചു. കലുഷിതമായ മനസിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ്‌ പതഞ്‌ജലി ആവിഷ്‌ക്കരിച്ചത്‌. അദ്ദേഹം രൂപംനല്‍കിയ 195 യോഗസൂത്രങ്ങള്‍ പില്‍ക്കാലത്ത്‌ 'പതഞ്‌ജലിയോഗ'യെന്ന പേരില്‍ പ്രശസ്‌തമായി.

യോഗാചാര്യന്‍ മാത്രമായിരുന്നില്ല പതഞ്‌ജലി. ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തിലും ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പാണിനീയസൂത്രങ്ങള്‍ വിശദീകരിക്കുന്ന 'ചൂര്‍ണി'യെന്ന ഗ്രന്ഥം രചിച്ചയാളാണ്‌ പതഞ്‌ജലിയെന്ന,്‌ ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങിന്റെ (എ.ഡി.691) കുറിപ്പുകളില്‍ കാണുന്നു. പാണിനീയസൂത്രങ്ങള്‍ക്കും കാത്യായന വാര്‍ത്തികത്തിനുമുള്ള വ്യഖ്യാനമായ 'മഹാഭാഷ്യ'ത്തിന്റെ മറ്റൊരു പേരാണ്‌ 'ചൂര്‍ണി'. വ്യാകരണ സമ്പ്രദായങ്ങള്‍ ഒന്‍പതെന്നാണ്‌ കണക്കാക്കുന്നത്‌; ആദ്യത്തേത്‌ ഐന്ദ്രവും അവസാനത്തേത്‌ പാണിനീയവും. 'മഹാഭാഷ്യ'ത്തിലാണ്‌ ഐന്ദ്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ പരാമര്‍ശമുള്ളത്‌. നാഗശ്രേഷ്‌ഠനായ ആദിശേഷന്റെ അവതാരമാണ്‌ പതഞ്‌ജലിയെന്ന്‌ രാമഭദ്രദീക്ഷിതരുടെ പതഞ്‌ജലീചരിതത്തില്‍ പറയുന്നു.

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്‌. ബി.സി.185-ല്‍ ചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനര്‍ദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌. പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളില്‍ മുഖ്യപുരോഹിതന്‍ അദ്ദേഹമായിരുന്നു എന്നു ചില രേഖകള്‍ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതര്‍ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.

2 comments:

Joseph Antony said...

സ്വാസ്ഥ്യം നല്‍കുന്ന ഒരു ആരോഗ്യപരിപാലന മാര്‍ഗ്ഗമായി യോഗയെ ആദ്യം അവതരിപ്പിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. 'ഭാരതീയശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയിലെ ആറാം ഭാഗം

കാളിയമ്പി said...

ആരോഗ്യ പരിപാലനത്തിനായി പറയപ്പെടുന്ന യോഗാസനങ്ങള്‍ മാത്രമാണോ..ആ അര്‍ത്ഥത്തിലാണോ“ യോഗ “..എന്ന് പതഞ്ജലിമഹര്‍ഷിയുടേ യോഗസൂത്രങ്ങളില്‍ പറഞ്ഞിരിയ്ക്കുന്നതെന്ന് ഒരു സംശയമുണ്ട്.

ശരീരക്ഷേമത്തിനായാണൊ യോഗ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നതെന്നതിലും ചില സംശയങ്ങളുണ്ട് ..ഒരു വ്യായാമ മാര്‍ഗ്ഗമായി യോഗാസനങ്ങള്‍ ഉപയോഗിയ്ക്കുവാന്‍ തുടങ്ങിയിട്ട് ഇരുനൂറ് കൊല്ലത്തിനപ്പുറമായിട്ടില്ലന്നാണ് ചിലയിടത്തുനിന്ന് കേട്ടിരിയ്ക്കുന്നത്.

ഈ ലിങ്ക് ഒന്നു ശ്രദ്ധിയ്ക്കുമല്ലോ
http://en.wikipedia.org/wiki/Yoga_Sutra

ഈ ലിങ്കില്‍ യോഗ സൂത്രങ്ങളുടെ പരിഭാഷയുണ്ട്
http://hrih.hypermart.net/patanjali/

അഷ്ടാംഗയോഗത്തെപ്പറ്റി ശ്രീ ബീ കേ എസ്സ് അയ്യങ്കാര്‍ കുറേയേറെ ആധികാരികമായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.അദ്ദേഹത്തെപ്പറ്റിയുള്ള വിക്കി ലേഖനത്തില്‍ നിന്ന് ആ പുസ്തകങ്ങളേപ്പറ്റിയുള്ള വിവരങ്ങളും ലിങ്കുകളും ലഭ്യമാണ്
http://en.wikipedia.org/wiki/B_K_S_Iyengar