Friday, February 02, 2007

അര്‍ധരാത്രിയിലേക്ക്‌ അഞ്ചുമിനിറ്റ്‌ മാത്രം


ആണവായുധങ്ങള്‍ക്കു മേലാണ്‌ ലോകം അടയിരിക്കുന്നത്‌. ഒപ്പം ആഗോളതാപനവും. സര്‍വനാശത്തിലേക്ക്‌ നാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ 'അന്ത്യദിനഘടികാരം' മുന്നറിയിപ്പു നല്‍കുന്നു

ശീതയുദ്ധത്തിന്റെ നിഴലിലല്ല ഇന്നു ലോകം. ആണവമിസൈലുകള്‍ പരസ്‌പരം തൊടുത്തുവിടാന്‍ വെമ്പുന്ന രണ്ട്‌ വന്‍ശക്തികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിയിരുന്ന കാലം ലോകം പിന്നിട്ടുകഴിഞ്ഞു. നിരായുധീകരണത്തെക്കുറിച്ച്‌ പറയാനാണ്‌ എല്ലാവര്‍ക്കും ഇഷ്ടം. സമാധാനസ്വപ്‌നങ്ങള്‍ അടവെച്ചിരിക്കുകയാണ്‌ വിരിയാന്‍. എല്ലാം സുരക്ഷിതമാണെന്ന തോന്നല്‍. പക്ഷേ, ലോകത്തിന്റെ സമാധാനസ്വപ്‌നങ്ങള്‍ അടയിരിക്കുന്നത്‌ എന്തിന്‌ മേലാണെന്ന്‌ കണ്ണുതുറന്നു ചുറ്റുമൊന്നു നോക്കൂ. എന്താണ്‌ കാണുന്നത്‌. 26,000 ആണവായുധങ്ങള്‍ക്കു മേലല്ലേ ഈ അടയിരിപ്പ്‌!

കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവശക്തിയാകാന്‍ വെമ്പുന്നു. ഇന്ത്യയ്‌ക്കും പാകിസ്‌താനും പിന്നാലെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിക്കഴിഞ്ഞു. ഇറാന്‍ അതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്‌. കണ്ണടച്ച്‌ പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ഇസ്രായേല്‍ സ്വന്തം ആവനാഴിയില്‍ ഇരുന്നൂറോളം ആണവായുധങ്ങള്‍ കരുതിവെച്ചിരിക്കുന്നു. സ്വന്തം കൈയില്‍ പതിനായിരത്തിലേറെ ആണവായുധം സ്റ്റോക്കുള്ള അമേരിക്ക ഇപ്പോഴും വര്‍ഷംതോറും 3500 കോടി ഡോളറോളം(1.6 ലക്ഷം കോടി രൂപ) ആണവായുധ ഗവേഷണത്തിന്‌ ചെലവിടുന്നു. റഷ്യയും ചില്ലറക്കാരല്ല, ശീതയുദ്ധകാലത്ത്‌ നിര്‍മിച്ച 5830 ആണവപോര്‍മുനകളും തോളിലേന്തിയാണ്‌ ആ രാജ്യത്തിന്റെ നില്‍പ്പ്‌. ബ്രിട്ടന്‍(ആണവായുധങ്ങളുടെ എണ്ണം 200), ഫ്രാന്‍സ്‌(350), ചൈന(130) തുടങ്ങിയവരും മോശക്കാരല്ല.

ആണവായുധങ്ങള്‍ക്കുമേല്‍ അടയിരുന്നാല്‍ വിരിയുന്നത്‌ സമാധാനമാവില്ല, സര്‍വനാശമാകും. എല്ലാമൊടുങ്ങുന്ന ആണവശിശിരം. നാഗരികതയുടെ ദിനം അവസാനിക്കുന്ന അര്‍ധരാത്രിയാവും ആണവശിശിരത്തിലൂടെ ലോകത്തിന്‌ മേല്‍ പതിക്കുക. ഇന്നത്തെ നിലയ്‌ക്ക്‌ 'അന്ത്യദിനഘടികാര'(Doomsday Clock)ത്തില്‍ അര്‍ധരാത്രിയിലേക്ക്‌ എത്ര സമയമുണ്ട്‌. വെറും അഞ്ചുമിനിറ്റ്‌ മാത്രമെന്ന്‌ ലോകത്തെ പ്രമുഖശാസ്‌ത്രജ്ഞര്‍ പറയുന്നു! അത്തരമൊരു ഘടികാരമുണ്ടോ? സംശയിക്കേണ്ട, ഉണ്ട്‌. കഴിഞ്ഞ 60 വര്‍ഷമായി അങ്ങനെയൊരു ക്ലോക്ക്‌ ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികള്‍ക്കനുസരിച്ച്‌ അതിന്റെ സൂചിയില്‍ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സര്‍വനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി 'അന്ത്യദിനഘടികാര'ത്തില്‍ ക്രമീകരിക്കപ്പെടുക.


ലോകം നേരിടുന്ന പുതിയ ഭീഷണികളുടെ വെളിച്ചത്തില്‍ കഴിഞ്ഞ ജനവരി 17-ന്‌ 'അന്ത്യദിനഘടികാര'ത്തിലെ സൂചി രണ്ടുമിനുറ്റ്‌ കൂടി അര്‍ധരാത്രിയിലേക്ക്‌ നീക്കി ക്രമീകരിക്കപ്പെട്ടു. ഘടികാരത്തില്‍ ഇപ്പോള്‍ അര്‍ധരാത്രിയിലേക്കുള്ള ദൂരം വെറും അഞ്ചു മിനുറ്റ്‌ മാത്രം! ഘടികാരസൂചിയുടെ മാറ്റത്തിന്‌ ഇത്തവണ ആണവഭീഷണി മാത്രമല്ല അടിസ്ഥാനമായത്‌; ആഗോളതാപനവും മാനദണ്ഡമായി. ആദ്യമായാണ്‌ ആഗോളതാപനം 'അന്ത്യദിനഘടികാര'സൂചിയുടെ പുനക്രമീകരത്തിന്‌ മാനദണ്ഡമാകുന്നത്‌. ആണവഭീഷണി കഴിഞ്ഞാല്‍, ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതു വരുത്തുന്ന കാലാവസ്ഥാ വ്യതിയാനവുമാണെന്ന കാഴ്‌ചപ്പാടാണ്‌ ഇതിന്‌ നിദാനമായത്‌. 2001 സപ്‌തംബര്‍ 11-ന്‌ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2002-ലാണ്‌ ഇതിനു മുമ്പ്‌ ഘടികാരസൂചി ക്രമീകരിക്കപ്പെട്ടത്‌. അന്ന്‌ രണ്ടുമിനിറ്റുകൂടി അര്‍ധരാത്രിയിലേക്ക്‌ സൂചി അടുപ്പിച്ചു. അര്‍ധരാത്രിയിലേക്കുള്ള ദൂരം ഏഴു മിനുറ്റായി.

ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഏര്‍പ്പാടാണ്‌ 'അന്ത്യദിനഘടികാരം'. 1947-ല്‍ അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. ആദ്യ അമേരിക്കന്‍ആറ്റംബോംബ്‌ നിര്‍മ്മിച്ച സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്ഞര്‍ 1945-ല്‍ തുടങ്ങിയ ഒരു പ്രസിദ്ധീകരണമുണ്ട്‌: 'ബുള്ളറ്റിന്‍ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ '. ആ പ്രസിദ്ധീകരണത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളാണ്‌ 1947-ല്‍ 'അന്ത്യദിനഘടികാര'ത്തിന്‌ രൂപം നല്‍കുന്നത്‌. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താന്‍ ചുമതലയുള്ള സംഘത്തില്‍ ഇപ്പോള്‍ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുന്നു. ജനവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അര്‍ധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനില്‍ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങാണ്‌.

1945 ആഗസ്‌ത്‌ ആറിന്‌ ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ബോയി'യെന്ന ആറ്റംബോംബിട്ടുകൊണ്ട്‌ അമേരിക്ക ആണവയുഗം ഉത്‌ഘാടനം ചെയ്‌തു. മൂന്നുദിവസത്തിന്‌ ശേഷം നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' എന്ന ബോംബുകൂടി അമേരിക്കയിട്ടു. പത്തുമുതല്‍ 20 കിലോടണ്‍ സ്‌ഫോടനശേഷിയുള്ള ബോംബുകളായിരുന്നു അവ. രണ്ടിടത്തും കൂടി രണ്ടുലക്ഷത്തോളം പേരാണ്‌ ഒറ്റയടിക്ക്‌ മരിച്ചത്‌. ആണവയുഗം പിച്ചവെച്ചു തുടങ്ങിയ അക്കാലത്തെ ബോംബുകളുടെ കഥയാണിത്‌. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ബോംബുകളുടെ സംഹാരശേഷിയെത്രയാകും. ലോകത്ത്‌ സൂക്ഷിച്ചിട്ടുള്ള 26000 ആണവായുധങ്ങള്‍ക്ക്‌ ലോകത്തെ എത്രതവണ ചുട്ടുകരിക്കാനാകും. എന്നിട്ടും കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ക്കായി വെമ്പുന്നു. ഭീകരര്‍ ആണവായുധം നേടാന്‍ തക്കംപാര്‍ക്കുന്നു. ആരും ജയിക്കാത്ത യുദ്ധങ്ങള്‍ക്കായാണ്‌ ഈ ആവേശം എന്നോര്‍ക്കുക.

സര്‍വനാശത്തിലേക്കുള്ള ദൂരമളക്കുന്ന ഘടികാരത്തിന്റെ പ്രസക്തി ഇവിടെയാണ്‌. ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കുമനുസരിച്ചാണ്‌ അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ല്‍ ഘടികാരം നിലവില്‍ വന്നപ്പോള്‍ അതിന്റെ സൂചി അര്‍ധരാത്രിയില്‍ നിന്ന്‌ ഏഴുമിനുറ്റ്‌ അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കനുസരിച്ച്‌ 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. 1949-ല്‍ സോവിയറ്റ്‌ യൂണിയന്‍ ആദ്യ ആറ്റംബോംബ്‌ പരീക്ഷിച്ച വേളയില്‍ ഘടികാരസൂചി മൂന്ന്‌ മിനുറ്റ്‌ മുന്നോട്ട്‌ നീക്കപ്പെട്ടു; അര്‍ധരാത്രിയില്‍ നിന്നുള്ള അകലം വെറും നാലു മിനുറ്റായി.

ഒന്‍പത്‌ മാസത്തെ ഇടവേളയ്‌ക്കിടയില്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തെര്‍മോന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ നടത്തിയ 1953-ലാണ്‌ അന്ത്യദിനഘടികാരസൂചി അര്‍ധരാത്രിയിലേക്ക്‌ ഏറ്റവും കൂടുതല്‍ അടുത്തത്‌. അര്‍ധരാത്രിയിലേക്കുള്ള അകലം അന്ന്‌ വെറും ഒരു മിനുറ്റു മാത്രമായി. 1991-ല്‍ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങള്‍ കുറയ്‌ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ്‌ ഘടികാരസൂചി അര്‍ധരാത്രിയില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ അകന്നത്‌. അന്ന്‌ 17 മിനുറ്റ്‌ പുനക്രമീകരിക്കപ്പെട്ടു. 1974-ല്‍ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന കോഡുനാമത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒന്‍പതു മിനുറ്റ്‌ മാറ്റി; അര്‍ധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി.

അന്ത്യദിനഘടികാരസൂചി മുമ്പ്‌ 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന്‌ വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സര്‍വനാശകാരികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ഇത്‌ വളരെ അര്‍ത്ഥവത്താണ്‌. ഈ ഉള്‍പ്പെടുത്തല്‍ അല്‍പ്പം വൈകിപ്പോയില്ലേ എന്നേ പലര്‍ക്കും സന്ദേഹമുള്ളു. കാര്‍ബണ്‍ഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതിന്‌ മുഖ്യകാരണം കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്‌. 2005-ല്‍ മാത്രം CO2-ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ അരശതമാനം ഏറിയെന്ന്‌ യു.എന്നിന്‌ കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന'(WMO) നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. CO2-ന്റെ അളവ്‌ അന്തരീക്ഷത്തില്‍ ഏറുന്നതിനനുസരിച്ച്‌ താപനില വര്‍ധിക്കും.

ഭൗമാന്തരീക്ഷത്തില്‍ പതിനായിരം തന്മാത്രയില്‍ ഒന്നു മാത്രമാണ്‌ CO2. എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസാണ്‌. അന്തരീക്ഷത്തില്‍ CO2 ന്റെ സാന്ദ്രത ഒരു ശതമാനമായാല്‍ ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെല്‍സിയസാകും എന്ന്‌ കണക്കാക്കപ്പെടുന്നു. ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകും. CO2 ന്റെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത്‌ വളരെ ഗൗരവത്തില്‍ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യവസായികവിപ്ലവം തുടങ്ങിയ 1800-ന്‌ മുമ്പ്‌ അന്തരീക്ഷ CO2-ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടണ്‍ (billion tonnes) CO2-ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്‌ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടണ്‍ CO2 -ന്‌ തുല്യമാകും അത്‌.

ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ താപനില 3 ഡിഗ്രിസെല്‍സിയസ്‌ വരെ ഉയരാമെന്നാണ്‌ യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചെയിഞ്ച്‌'(IPCC) നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍. വന്‍പ്രത്യാഘാതമാണ്‌ ഭൂമിയില്‍ ഇതു വരുത്തുക. ആവാസവ്യവസ്ഥകള്‍ നശിക്കും, കാലാവസ്ഥ തകിടം മറിയും, ധ്രുവങ്ങളിലെയും മഞ്ഞുമലകളിലെയും ഹിമപാളികള്‍ ഉരുകി കടലില്‍ ചേരുന്നതിനാല്‍ സമുദ്രനിരപ്പ്‌ ഉയരും, ലോകത്തെ പ്രമുഖനഗരങ്ങളെല്ലാം കടല്‍ത്തീരത്തായതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കിടപ്പാടം നഷ്ടപ്പെടും. ഇതൊക്കെ ആഗോളതാപനം മുന്നോട്ടുവെക്കുന്ന ഭീഷണികള്‍ ചിലതുമാത്രം.

ആഗോളതാപനം തടയാന്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തടഞ്ഞേ മതിയാകൂ. ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്ന അമേരിക്കയ്‌ക്കാണ്‌ ഇതിനുള്ള മുഖ്യ ഉത്തരവാദിത്വം. പക്ഷേ, അമേരിക്ക ഒരു വശത്ത്‌ ആണവായുധങ്ങള്‍ കുന്നുകൂട്ടുമ്പോള്‍, മറുവശത്ത്‌ ആഗോളതാപനം തടയാനുള്ള ശ്രമങ്ങളോട്‌ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്നു. പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ അധികാരത്തിലേറി ആദ്യം ചെയ്‌ത നടപടി, ആഗോളതാപനം തടയാനുദ്ദേശിച്ച്‌ യു.എന്നിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ക്യോട്ടോഉടമ്പടിയില്‍ നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്ന്‌ പ്രഖ്യാപിക്കലാണ്‌. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്ക്‌ ഉടമ്പടി എതിരായിരുന്നു എന്നതാണ്‌ അതിന്‌ കാരണമായി പറഞ്ഞത്‌. അമേരിക്കയുടെ താത്‌പര്യം ലോകതാത്‌പര്യങ്ങള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ എതിരായി വരുന്ന സമയത്ത്‌, അതിനോടുള്ള വ്യക്തമായ പ്രതികരണം കൂടിയാണ്‌ ഇത്തവണത്തെ അന്ത്യദിനഘടികാരസൂചിയുടെ ചലനവും അത്‌ നല്‍കുന്ന മുന്നറിയിപ്പും.(കടപ്പാട്‌: റോയിട്ടേഴ്‌സ്‌, ടിം ഫ്‌ളാനെറി രചിച്ച 'ദ വെതര്‍ മേക്കേഴ്‌സ്‌', വിക്കിപീഡിയ, അസോസിയേഷന്‍ ഓഫ്‌ അമേരിക്കന്‍ സയന്റിസ്റ്റ്‌സ്‌-എ.എ.എസ്‌)

5 comments:

JA said...

ആണവഭീഷണിയും ആഗോളതാപനവും-സര്‍വനാശത്തിന്റെ അര്‍ധരാത്രിയിലേക്ക്‌ ലോകം എത്രയകലെയാണ്‌..

സന്തോഷ് said...

വിജ്ഞാനപ്രദം. ഈ ഘടികാരത്തെപ്പറ്റി ആദ്യമായി കേള്‍ക്കുകയാണ്. നന്ദി!

Santhu said...

സുഹ്രുതെ വലരെ നന്നായിരിക്കുന്നു.
അഭിനന്ദനങല്‍.


സന്തു
ദബ്ലിന്‍
അയര്‍ലന്റ്

Achoos said...

good article.... അമേരിക്കയുടെ നിലപാട്‌ കഷ്ടം തന്നെ.

അരീക്കോടന്‍ said...

നന്ദി