തീരെ ചെറിയ പൂക്കളുടെ കുടുംബത്തില്‍ നിന്നാണത്രേ ലോകത്തെ ഏറ്റവും വലിയ പൂവിന്റെ വരവ്. പരിണാമത്തിനിടെ 'റഫ്‌ളേഷ്യ'യെന്ന പൂവ് 79 മടങ്ങ് വലുതായെന്നാണ് ഗവേഷകരെത്തിയ അമ്പരപ്പിക്കുന്ന നിഗമനം. മനുഷ്യനാണ് ഇത്തരമൊരു പരിണാമം സംഭവിച്ചതെങ്കില്‍, നമുക്കോരോരുത്തര്‍ക്കും ഇപ്പോള്‍ ഗിസയിലെ പിരമെഡിനെക്കാള്‍ ഉയരമുണ്ടാകുമായിരുന്നു
ഭൂമുഖത്തെ ഏറ്റവുംവലിയ പുഷ്‌പമായ 'റഫ്‌ളേഷ്യ' (Rafflesia)യുടെ ലിഖിതചരിത്രം തുടങ്ങുന്നത് 180 വര്‍ഷംമുമ്പ് സുമാത്രയിലെ മഴക്കാടുകളില്‍ നിന്നാണ്. അന്ന് ഈസ്റ്റിന്ത്യാകമ്പനിയുടെ ഗവര്‍ണറായിരുന്ന സര്‍ സ്റ്റാംഫോര്‍ഡ് റഫിള്‍സും പ്രകൃതിശാസ്‌ത്രജ്ഞനായ ജോസഫ് ആര്‍നോള്‍ഡും ചേര്‍ന്നു സുമാത്രന്‍കാടുകളില്‍ നടത്തിയ പര്യവേക്ഷത്തിനിടെയാണ്, അവിശ്വസനീയമെന്നു കരുതാവുന്നത്ര വലുപ്പമുള്ള ആ പൂവിനെ ആദ്യമായി കണ്ടത്. ആ പര്യവേക്ഷണവേളയില്‍ തന്നെ മലമ്പനി പിടിച്ച് ആര്‍നോള്‍ഡ് മരിച്ചു. മരിക്കുംമുമ്പ് അദ്ദേഹം അസാധാരണമായ ആ പൂവിനെപ്പറ്റി ഇങ്ങനെ എഴുതി: "സസ്യലോകത്തെ ഏറ്റവും പെരുത്തദൂര്‍ത്താണ് ഈ ചെടി. നിങ്ങളോട് സത്യംപറയട്ടെ, ഞാന്‍ ഒറ്റയ്‌ക്കായിരുന്നെങ്കില്‍, സാക്ഷികളാരുമില്ലായിരുന്നെങ്കില്‍, ഈ ചെടിയുടെ വലുപ്പത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ഭയക്കുമായിരുന്നു. ഞാന്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്‌ത സര്‍വ്വ ചെടികളെയും ഇത് അതിലംഘിക്കുന്നു".
ആര്‍നോള്‍ഡിനെ ഭയപ്പെടുത്തിയ ആ പുഷ്‌പത്തിന്റെ 'റഫ്‌ളേഷ്യ'യെന്ന നാമം സര്‍ റഫിള്‍സിന്റെ പേരില്‍നിന്നാണ് വന്നത്. അസാധാരണമായ ഒരു ചെടിയാണത്; ചെടിയെന്നു പറയുന്നത് പൂര്‍ണമായി ശരിയല്ല, പൂവെന്നു പറയണം. വെറും പൂവല്ല, പരാന്നഭോജി(parasite). സസ്യലോകത്തെ പരാന്നഭോജികളുടെ റാണി. മുന്തിരിവര്‍ഗ്ഗത്തില്‍പെട്ട വള്ളിച്ചെടിയിലാണ് റഫ്‌ളേഷ്യ വളരുന്നത്. പൂവിന്റെ മൊട്ടിന് ബാസ്‌കറ്റ്‌ബോളിന്റ വലുപ്പം! പൂര്‍ണമായി വിടരുമ്പോള്‍ പൂവിന് ഒരു മീറ്ററോളം വ്യാസവും ഏഴുകിലോഗ്രാം ഭാരവും. കടുംചുവപ്പ് നിറം. അഴുകുന്ന മാംസത്തിന്റെ ഗന്ധമാണ് റഫ്‌ളേഷ്യക്ക്. ശരിക്കുള്ള ശവംനാറിപ്പൂവ്. പരാഗണത്തിന് ചെറുപ്രാണികളെ ആകര്‍ഷിക്കുന്നത് ഈ ദുര്‍ഗന്ധം വഴിയാണ്. ചിലപ്പോള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ പൂവ് ചെറിയ അളവില്‍ താപം പുറപ്പെടുവിക്കുകയും ചെയ്യും.
കണ്ടെത്തിയിട്ട് രണ്ടുനൂറ്റാണ്ടാകുന്നുവെങ്കിലും, റഫ്‌ളേഷ്യയുടെ കാര്യത്തില്‍ ഗവേഷകലോകം വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു; അതിനെ ഏത് സസ്യകുടുംബത്തില്‍ പെടുത്തണമെന്നറിയാതെ. പരാന്നഭോജിയാണെന്നത് പോകട്ടെ, സാധാരണ സസ്യങ്ങളുടെ ഒരു ഘടനയും അതിനില്ല. ഇലയില്ല, തണ്ടില്ല, വേരില്ല. മാത്രമല്ല, പരാന്നഭോജനം നടത്തുന്ന ആതിഥേയസസ്യമായ വള്ളിച്ചെടിയുടെ ജനിതകദ്രവ്യത്തില്‍ കുറെ ഭാഗവും ഈ ചെടിയിലുണ്ടാകും. ഇതിന്റെ കുലം നിശ്ചയിക്കാന്‍ വര്‍ഷങ്ങളായി ഗവേഷകര്‍ നടത്തിവന്ന ശ്രമങ്ങളൊക്കെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍മൂലം പരാജയപ്പെട്ടു. പരാജയങ്ങളുടെ കഥയിപ്പോള്‍ അവസാനിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ റഫ്‌ളേഷ്യയുടെ കുടുംബമേതെന്ന് തിരിച്ചറിയാന്‍ ഗവേഷക്ക് കഴിഞ്ഞിരിക്കുന്നു. ഡി.എന്‍.എ.യിലെ ചില സവിശേഷസൂചനകളുപയോഗിച്ചാണ് ഇത് സാധിച്ചത്. റബ്ബറും മരച്ചീനിയും ഉള്‍പ്പെടുന്ന 'യൂഫോര്‍ബിയാസിയേ'(Euphorbiaceae) കുടുംബത്തിലാണത്രേ റഫ്‌ളേഷ്യയുടെയും സ്ഥാനം! വളരെ ചെറിയ പൂക്കളുള്ള ഈ സസ്യകുടുംബത്തില്‍ നിന്നാണത്രേ ഈ പുഷ്‌പഭീമന്‍ പരിണമിച്ചുണ്ടായത്.
വളരെ കഷ്ടപ്പെട്ടിട്ടാണെങ്കില്‍കൂടി റഫ്‌ളേഷ്യയ്‌ക്ക് കുടുംബമുണ്ടാക്കിക്കൊടുത്തത് ഹാര്‍വാഡ്‌സര്‍വകലാശാലയിലെ ഗവേഷകനായ ചാള്‍സ് സി. ഡേവിസും സംഘവുമാണ്. യൂഫോര്‍ബിയാസിയേ കുടുംബത്തിലാണ് ആ ഭീമന്‍പൂവ് പെടുന്നതെന്ന അറിവ് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന്, ഡോ.ഡേവിസ് പറയുന്നു. 460 ലക്ഷം വര്‍ഷംകൊണ്ട് പൂവിന്റെ വലിപ്പം 79 മടങ്ങ് വര്‍ധിച്ചുവെന്നാണ് ഗവേഷകരെത്തിയ നിഗമനം. ഇതും അമ്പരിപ്പിക്കുന്ന വസ്‌തുതയാണ്. മനുഷ്യന്റെ കാര്യത്തിലാണ് ഇത്തരമൊരു പരിണാമവ്യതിയാനം സംഭവിച്ചതെങ്കില്‍, സാധാരണ മനുഷ്യര്‍ക്കിപ്പോള്‍ കുറഞ്ഞത് 146 മീറ്റര്‍ ഉയരം കാണുമായിരുന്നു; ഗിസയിലെ ഭീമന്‍പിരമിഡിന്റെയത്രം പൊക്കം! ചെറുപൂവുകളുള്ള ചെടികളുടെ കുടുംബക്കാരില്‍ നിന്ന് ഇത്ര വലിയൊരു ഭീമന്‍ എങ്ങനെ പരിണമിച്ചു എന്നകാര്യം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് 'സയന്‍സ്' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പാരമ്പര്യം നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ചില ജീനുകളുണ്ട്. അത്തരം ജീനുകള്‍ റഫ്‌ളേഷ്യയിലില്ല എന്നതാണ് അതിന്റെ കുടുംബം കണ്ടെത്താന്‍ തടസ്സമായത്. ചെടിയുടെ ജിനോമിലേക്ക് കൂടുതല്‍ ആഴത്തില്‍ ഗവേഷകര്‍ക്ക് മൂങ്ങാംകുഴിയിടേണ്ടിവന്നു പ്രശ്‌നത്തിന് പരിഹാരം കാണാന്‍. ഒരു ജിവിയുടെയോ സസ്യത്തിന്റെയോ ആകെ ജനിതകസാരത്തെയാണ് ജിനോം(Genome) എന്ന് വിളിക്കുക. റഫ്‌ളേഷ്യയുടെ ജിനോമിലെ 11,500 രാസാക്ഷരജോഡികളെ ഗവേഷകര്‍ വിശകലനത്തിന് വിധേയമാക്കി. സമീപകാലത്ത് ജിനോംസങ്കേതങ്ങളിലുണ്ടായ മുന്നേറ്റമാണ് ഇത്തരമൊരു കാര്യം സാധ്യമാക്കിയത്. ഏതാനും മില്ലിമീറ്റര്‍ മാത്രം വ്യാസമുള്ള പുഷ്‌പങ്ങളുടെ കുടുംബത്തിലാണ് ഈ ഭീമന്‍ പെടുന്നതെന്ന് അങ്ങനെയാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. സസ്യകുടുംബത്തില്‍ റഫ്‌ളേഷ്യയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുപോലും ചില ഗവേഷകര്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം പുതിയ ഗവേഷണത്തോടെ തിരുത്തപ്പെടുകയാണ്.(ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: സയന്‍സ്, ഹാര്‍വാഡ് സര്‍വകലാശാലയുടെ പത്രക്കുറിപ്പ്)
3 comments:
പരിണാമമാണ് പ്രകൃതിയുടെ വഴി. അത് പലപ്പോഴും കെട്ടുകഥകളെക്കാള്‍ വിചിത്രമായിരിക്കും. ലോകത്തെ ഏറ്റവും വലിയ പൂവിന്റെ പരിണാമവും ഇക്കാര്യം അടിവരയിടുന്നു.
പേടിതോന്നുന്നു
ഇത്രയും വലിപ്പവും, മാംസം അഴുകിയ ദുര്‍ഗന്ധവും കൂടിയുണ്ടെങ്കില്‍ ആരും ഒന്ന് പേടിയ്ക്കും.
ലേഖനം നന്നായി.
Post a Comment