Thursday, February 15, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍ -7: ധന്വന്തരി

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി(അഷ്‌ടാംഗം) വിഭജിച്ചു.

സുശ്രുതന്‍, ഔപധേനവന്‍, ഔരദ്രന്‍, പൗഷ്‌കലാവതന്‍, കരവീര്യന്‍, ഗോപുര രക്ഷിതന്‍, വൈതരണന്‍, ഭോജന്‍, നിമി, കങ്കായണന്‍, ഗാര്‍ഗ്യന്‍, ഗാലവന്‍ എന്നിവര്‍ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയയെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂര്‍ച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങള്‍ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയില്‍ നിന്ന്‌ മനസിലാക്കാം.

സ്‌കന്ദ-ഗരുഡ-മാര്‍ക്കണ്ഡേയ പുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാല്‍, വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

എ.ഡി. നാലാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ്‌ പില്‍ക്കാലത്ത്‌ ധന്വന്തരിയെന്ന പേരില്‍ പ്രശസ്‌തയാര്‍ജ്ജിച്ചതെന്നു കരുതുന്നു.

ധന്വന്തരി നിഘണ്ടു, ചികിത്സാദര്‍ശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

5 comments:

Joseph Antony said...

സുശ്രുതന്‍ ഉള്‍പ്പടെയുള്ളവരുടെ ഗുരുവായിരുന്നു ധന്വന്തരി. 'ഭാരതീയശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയിലെ ഏഴാംഭാഗം.

കുറുമാന്‍ said...

Ja താങ്കളുടെബ്ലോഗ് ഇന്നാണ് കണ്ടത്. എല്ലാം വായിക്കട്ടെ

Joseph Antony said...

നന്ദി, കുറുമാന്റെ ഒരു ആരാധകനാണ്‌ ഈയുള്ളവന്‍...

അശോക് said...

Read a few of your posts. Nice, balanced and to the point. Thank you.

One of the problems we are facing now is, there are people who knowingly or unknowingly exaggerated the contribution of ancient India in field of science and philosophy so much so that now people are overly skeptical even toward the genuine facts about our heritage and contributions.

അനംഗാരി said...

ഭാരതീയ ശാസ്ത്രജ്ഞന്‍‌മാരെകുറിച്ചുള്ള ഓരോ ഭാഗവും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.അല്‍പ്പം കൂടി വിശദമായി എഴുതിയാല്‍ നന്നായിരുന്നു.നന്ദി.