Friday, February 16, 2007

തൊലിയില്‍ നിന്ന്‌ എലി!


ചര്‍മകോശങ്ങളില്‍ നിന്ന്‌ കേടുവന്ന ശരീരഭാഗങ്ങള്‍ വളര്‍ത്തിയെടുക്കാവുന്ന കാലമാണോ വരുന്നത്‌? എങ്കില്‍ പ്രമേഹവും അല്‍ഷൈമേഴ്‌സുമൊക്കെ വൈദ്യശാസ്‌ത്രത്തിന്‌ മുന്നില്‍ കീഴടങ്ങുന്ന കാലമാവുമത്‌. തൊലിയിലെ കോശത്തില്‍ നിന്ന്‌ ക്ലോണിങിലൂടെ എലിയെ സൃഷ്ടിക്കാനായത്‌ വലിയ സാധ്യതകളാണ്‌ വൈദ്യശാസ്‌ത്രത്തിന്‌ മുന്നില്‍ തുറക്കുന്നത്‌

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. പക്ഷേ, സത്യമാണ്‌. തൊലിയില്‍ നിന്ന്‌ ശാസ്‌ത്രജ്ഞര്‍ എലിയെ സൃഷ്ടിച്ചിരിക്കുന്നു. ക്ലോണിങ്‌ മേഖലയില്‍ മറ്റൊരു വിജയം. ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ വര്‍ഷങ്ങളോളം നടത്തിയ തപസ്യയാണ്‌ എലിയുടെ രൂപത്തില്‍ വിജയം കണ്ടിരിക്കുന്നത്‌. ചിലയിനം ചര്‍മ്മകോശങ്ങള്‍ വിത്തുകോശങ്ങളു(stem cells)ടെ സ്വഭാവം കാട്ടുന്നുവെന്ന കണ്ടെത്തലില്‍ നിന്നാണ്‌ ഈ വിജയകഥയുടെ തുടക്കം. ചികിത്സാര്‍ത്ഥമുള്ള ക്ലോണിങ്‌(തെറാപ്യൂട്ടിക്‌ ക്ലോണിങ്‌) രംഗത്ത്‌ സാധ്യതകളുടെ നവലോകം തുറക്കുകയാണ്‌ ഈ ഗവേഷണം.
റോക്ക്‌ഫെല്ലര്‍ സര്‍വകലാശാല, ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്‌ ചര്‍മവിത്തുകോശങ്ങളില്‍(skin stem cells) നിന്ന്‌ എലിയെ സൃഷ്ടിച്ചത്‌. ഇലയ്‌ന്‍ ഫുച്‌സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. തൊലിപ്പുറത്തെ രോമകൂപങ്ങളില്‍ ഒരിനം കോശങ്ങള്‍ കാണപ്പെടുന്നു. 'കെരാറ്റിനോസൈറ്റ്‌ ' (keratinocyte) എന്നാണവയുടെ പേര്‌. ഇവയ്‌ക്ക്‌ സാധാരണ ചര്‍മകോശങ്ങള്‍, രോമകൂപങ്ങള്‍, സ്‌നേഹഗ്രന്ഥികള്‍ എന്നിങ്ങനെ വിവിധ കോശഭാഗങ്ങളായി മാറാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ കണ്ടു.
ഇതാണ്‌ വിത്തുകോശങ്ങളുടെയും സവിശേഷത. ശരീരത്തിലെ വിവിധയിനം കോശഭാഗങ്ങളായി രൂപപ്പെടാന്‍(അല്ലെങ്കില്‍ രൂപപ്പെടുത്താന്‍) കഴിയുന്നവയാണ്‌ വിത്തുകോശങ്ങള്‍. കെരാറ്റിനോസൈറ്റ്‌ കോശങ്ങളുടെ ഈ സവിശേഷത ഇതുവരെയും വെളിപ്പെട്ടിരുന്നില്ല. ഇക്കാര്യം വ്യക്തമായപ്പോഴാണ്‌ ഈ ചര്‍മകോശങ്ങളുപയോഗിച്ച്‌ 'മര്‍മ മാറ്റം'(nucleus transfer) എന്ന ക്ലോണിങ്‌ സങ്കേതത്തിലൂടെ എലിയെ സൃഷ്ടിക്കാന്‍ ഗവേഷകര്‍ തുനിഞ്ഞതെന്ന്‌, 'പ്രൊസിഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
ലൈംഗീക പ്രക്രിയയിലൂടെയല്ലാതെ ഒരു ജീവിയുടെ തനിപ്പകര്‍പ്പ്‌ സൃഷ്ടിക്കാനുള്ള ജൈവസങ്കേതമാണ്‌ ക്ലോണിങ്‌. മരച്ചീന്‌ കമ്പ്‌ മുറിച്ച്‌ നട്ടാല്‍ പുതിയ മരച്ചീനി മുളച്ചു വരാറില്ലേ. അതിന്‌ തുല്യമായി ജിവികളെ സൃഷ്ടിക്കുന്നതിനുള്ള വിദ്യയാണിത്‌. സാധാരണഗതിയില്‍ ലൈംഗീക പ്രക്രിയ വഴിയാണ്‌ പുതിയ സന്തതികള്‍ പിറക്കുന്നത്‌. എന്നാല്‍, ലൈംഗീകപ്രക്രിയ ക്ലോണിങിന്റെ കാര്യത്തില്‍ ആവശ്യമില്ല. ക്ലോണിങിലൂടെ പിറക്കുന്ന സന്തതിയെ ക്ലോണ്‍ എന്നു പറയുന്നു. തത്വത്തില്‍ ഏത്‌ ശരീരകോശമുപയോഗിച്ചും ക്ലോണിങ്‌ നടത്തി പുതിയ സന്തതിയെ സൃഷ്ടിക്കാം. പക്ഷേ, അതിനുള്ള വൈദഗ്‌ധ്യം ഗവേഷകര്‍ ആര്‍ജിച്ചിട്ടില്ല.
പത്തുവര്‍ഷം മുമ്പ്‌ ക്ലോണിങിലൂടെ ആദ്യസസ്‌തനിയെ സൃഷ്ടിക്കുന്നതില്‍ ശാസ്‌ത്രലോകം വിജയിച്ചതായിരുന്നു, ക്ലോണിങ്‌ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവ്‌. സ്‌കോട്ട്‌ലന്‍ഡില്‍ റോസ്‌ലിന്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഇയാന്‍ വില്‍മുട്ടും സംഘവും ഡോളിയെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ചതായിരുന്നു ആ വഴിത്തിരിവ്‌. ഒരു ആടിന്റെ അകിടിലെ കോശമുപയോഗിച്ചാണ്‌ ഡോളിക്ക്‌ ജന്മം നല്‍കിയത്‌. അതിന്‌ ശേഷം ഒട്ടേറെ മൃഗങ്ങളെ ക്ലോണിങിലൂടെ സൃഷ്ടിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ വിജയിച്ചു. ആ വിജയങ്ങളൊക്കെ തിരഞ്ഞെടുത്ത ചില പ്രത്യേക കോശങ്ങളുപയോഗിച്ചുള്ള ക്ലോണിങ്‌ വഴിയായിരുന്നു.
എന്നാല്‍, ചര്‍മകോശങ്ങളുപയോഗിച്ച്‌ ക്ലോണിങ്‌ നടത്താനാകുമെന്നു വരുന്നത്‌ ആദ്യമായാണ്‌. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്‌ ചര്‍മം. ആ നിലയ്‌ക്ക്‌ ചര്‍മവിത്തുകോശങ്ങള്‍ സുലഭവുമാണ്‌. അതാണ്‌ ഇത്തരം ക്ലോണിങിന്റെ സാധ്യത അപാരമാക്കുന്നത്‌. എലിയുടെ അണ്ഡത്തില്‍ നിന്ന്‌ മര്‍മം(nucleus) നീക്കം ചെയ്‌ത ശേഷം, കെരാറ്റിനോസൈറ്റ്‌ വിത്തുകോശത്തിന്റെ മര്‍മം അവിടെ സ്ഥാപിച്ച്‌ യോജിപ്പിച്ച്‌ ഭ്രൂണകോശമാക്കി, ഒരു എലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്‌ വളര്‍ത്തിയെടുക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌.
പക്ഷേ, ചര്‍മവിത്തുകോശങ്ങളുപയോഗിച്ച്‌ 'മര്‍മ മാറ്റ' വിദ്യയിലൂടെ ക്ലോണിങ്‌ നടത്തിയപ്പോള്‍ വിജയശതമാനം വളരെ കുറവായിരുന്ന കാര്യം ഗവേഷകര്‍ സമ്മതിക്കുന്നു. പെണ്ണെലികളുടെ ചര്‍മകോശമുപയോഗിച്ചപ്പോള്‍ വിജയശതമാനം വെറും 1.6 മാത്രമായിരുന്നു; അതേസമയം ആണെലികളുടെ കോശമുപയോഗിച്ചപ്പോള്‍ അത്‌ 5.4 ശതമാനമായി. പുതിയ വിദ്യ കുറ്റമറ്റതാകണമെങ്കില്‍ ഏറെ മുന്നേറേണ്ടതുണ്ട്‌ എന്നു സാരം.
ഈ ഗവേഷണത്തിന്റെ പ്രാധാന്യം മറ്റൊരു തരത്തിലാണെന്ന്‌ ഇലയ്‌ന്‍ ഫുച്‌സ്‌ അഭിപ്രായപ്പെടുന്നു. ചര്‍മകോശങ്ങളെ ക്ലോണ്‍ ചെയ്‌ത്‌ എലികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍, ചര്‍മകോശങ്ങളെ ഭ്രൂണവിത്തുകോശങ്ങളാ(embryonic stem cells)ക്കി മാറ്റാനും കഴിയും. ഭ്രൂണവിത്തുകോശങ്ങളെ ശരീരത്തിലെ ഏതിനം കോശഭാഗങ്ങളായി വേണമെങ്കിലും രൂപപ്പെടുത്താന്‍ കഴിയും. അങ്ങനെയായാല്‍ വൈദ്യശാസ്‌ത്രത്തിന്‌ വലിയ അനുഗ്രഹമാകും അത്‌. പ്രമേഹവും അല്‍ഷൈമേഴ്‌സും പോലെ ഇനിയും ചികിത്സ കണ്ടെത്താത്ത പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത്‌ വഴിതുറക്കും.
ഒരു ഉദാഹരണം പരിഗണിക്കാം. പ്രമേഹം ബാധിച്ചയാളുടെ കാര്യമെടുക്കുക. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്‌പാദകരായ ബീറ്റാകോശങ്ങളുടെ നാശമാണ്‌ പ്രമേഹം വരുത്തുന്നത്‌. എന്നാല്‍, രോഗിയുടെ ചര്‍മത്തില്‍ നിന്നെടുക്കുന്ന കോശങ്ങളെ ഭ്രൂണവിത്തുകോശങ്ങളാക്കി മാറ്റുകയും, അവയെ വളര്‍ത്തി രോഗിയുടെ തന്നെ ബീറ്റാകോശങ്ങള്‍ രൂപപ്പെടുത്താനും കഴിഞ്ഞാലോ. ആ കോശങ്ങള്‍ പാന്‍ക്രിയാസില്‍ സന്നിവേശിപ്പിച്ച്‌ ഇന്‍സുലിന്‍ ഉത്‌പാദനം പുനരാരംഭിക്കാന്‍ കഴിയും. പ്രമേഹം ചികിത്സയില്ലാത്ത രോഗമല്ലാതാകുമെന്നു സാരം.
കേടുവന്ന അവയവം മാറ്റിവെയ്‌ക്കേണ്ടി വരുന്നവര്‍ക്കും ഈ രീതി ഏറെ സഹായകമാവും. അവയവമാറ്റത്തിലെ ഇനിയും പരിഹരിക്കാത്ത വെല്ലുവിളി, അന്യ അവയവങ്ങളെ ശരീരം തിരസ്‌കരിക്കും എന്നതാണ്‌. എന്നാല്‍, സ്വന്തം തെലിയില്‍ നിന്നുള്ള കോശമുപയോഗിച്ചുണ്ടാക്കുന്ന ഭ്രൂണവിത്തുകോശങ്ങളെ ആവശ്യത്തിനുള്ള അവയവമാക്കി വളര്‍ത്തിയെടുത്തതാണെങ്കിലോ, അത്‌ സ്വന്തം കോശമുപയോഗിച്ചുള്ളതാകയാല്‍ തിരസ്‌കരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. സൃഷ്ടിച്ചത്‌ എലിയെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച്‌ വലിയ പ്രാധാന്യമുള്ളതാണ്‌ ഈ ഗവേഷണം എന്നു സാരം.(അവലംബം: 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌', റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയുടെ പത്രക്കുറിപ്പ്‌)

2 comments:

Joseph Antony said...

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാമെങ്കിലും, സംഗതി സത്യമാണ്‌. തൊലിയിലെ കോശങ്ങളുപയോഗിച്ച്‌ എലിയ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരിക്കുന്നു; ക്ലോണിങ്‌ എന്ന വിദ്യയിലൂടെ.

അശോക് said...

ഗവേഷണങ്ങള്‍ എബ്രയോണിക്ക് സ്റ്റെം സെല്ലില്‍ നിന്ന് അകന്നതോടെ പ്രതിഷേധക്കാരും കുറഞ്ഞെന്ന് തൊന്നുന്നു.