Friday, February 09, 2007

പല്ലിനെ രക്ഷിക്കന്‍ 'അണു'ബോംബ്‌


വരുന്നത്‌ മിത്രങ്ങളാണോ ശത്രുക്കളാണോ എന്ന്‌ ആദ്യം തിരിച്ചറിയുക. മിത്രങ്ങളാണെങ്കില്‍ അവരെ ഉപദ്രവിക്കാതെ വിടുക; ശത്രുക്കളാണെങ്കില്‍ ബോംബിട്ട്‌ തകര്‍ക്കുക. ഇത്‌ യുദ്ധതന്ത്രം. പല്ലുകളില്‍ തുളവീഴ്‌ത്തുന്ന ബാക്ടീരിയകളെ നേരിടാന്‍ ശരിക്കും ഇതേതന്ത്രം സ്വീകരിച്ചിരിക്കുകയാണ്‌ ഒരു സംഘം അമേരിക്കന്‍ ഗവേഷകര്‍. ദന്തദ്രവീകരണത്തിന്‌ കാരണമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ രാസപരമായി നിയന്ത്രിക്കപ്പെടുന്ന ഒരു 'സൂക്ഷ്‌മാണുബോംബ്‌ ' തന്നെ വികസിപ്പിച്ചിരിക്കുന്നു അവര്‍.


ഏതാണ്ട്‌ എഴുന്നൂറോളം ഇനം ബാക്ടീരിയകള്‍ നമ്മുടെ വായ്‌ക്കുള്ളില്‍ കുടിയേറിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. അവയില്‍ നല്ലവരും ശത്രുക്കളുമുണ്ട്‌. പല്ലിനെ ദ്രവിപ്പിക്കുകയും തുളവീഴ്‌ത്തുകയും ചെയ്യുന്ന രോഗാണുക്കള്‍ക്കെതിരെ സാധാരണ ഔഷധങ്ങള്‍ പ്രയോഗിക്കുമ്പോള്‍, ഉപകാരികളായ മറ്റ്‌ ബാക്ടീരിയകളും കൂട്ടത്തോടെ നശിക്കും. ഈ പ്രശ്‌നം ഒഴിവാക്കിയാണ്‌ പുതിയ ചികിത്സ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന്‌, 'ആന്റിമൈക്രോബിയല്‍ ഏജന്റ്‌സ്‌ ആന്‍ഡ്‌ കീമോതെറാപ്പി'യെന്ന ഗവേഷണപ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട പഠനറിപ്പോര്‍ട്ട്‌ പറയുന്നു.
'സ്‌പെസിഫിക്കലി ടാര്‍ജറ്റഡ്‌ ആന്റിമൈക്രോബിയല്‍ പെപ്‌റ്റൈഡ്‌സി'ന്റെ ചുരുക്കപ്പേരായ 'സ്റ്റാമ്പ്‌ ' എന്നാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചിട്ടുള്ള ചികിത്സാരീതിക്ക്‌ പേരിട്ടിട്ടുള്ളത്‌. സാധാരണ സ്റ്റാമ്പുകളുടേതുപോലെ, ഈ ചികിത്സയ്‌ക്കും രണ്ട്‌ വശമുണ്ട്‌. ശത്രുബാക്ടീരിയയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്‌ ഒരു വശം; അതിന്‌ ബാക്ടീരിയയുടെ ജനിതകമുദ്ര പതിഞ്ഞിട്ടുള്ള ഫിറോമോണ്‍ സഹായിക്കുന്നു. രണ്ടാമത്തെ വശം ഒരു ചെറു'സൂക്ഷ്‌മാണുബോംബാ'ണ്‌. രാസപരമായി ഈ ബോംബ്‌ ശത്രുക്കളെ മാത്രമേ നശിപ്പിക്കൂ. വളരെ നല്ല ഫലമാണ്‌ പരീക്ഷണശാലയില്‍ 'സ്റ്റാമ്പ്‌ ' നല്‍കിയതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

വായ്‌ക്കുള്ളില്‍ കാണപ്പെടുന്ന നൂറുകണക്കിന്‌ ബാക്ടീരിയകളെ ഗ്രൂപ്പുകളായി വളര്‍ത്തിയെടുത്ത ഒരു ജൈവപാട (ബയോഫിലിം) ഉപയോഗിച്ചാണ്‌ പുതിയ ചികിത്സാമാര്‍ഗ്ഗം പരീക്ഷിച്ചത്‌. പല്ലുകളില്‍ തുളവീഴ്‌ത്തുന്ന 'സ്റ്റെപ്‌റ്റോകോക്കസ്‌ മ്യൂട്ടാന്‍സ്‌ '(എസ്‌.മ്യൂട്ടാന്‍സ്‌) എന്നയിനം ബാക്ടിയകളെ വെറും 30 സെക്കന്‍ഡ്‌ കൊണ്ട്‌ 'സ്റ്റാമ്പ്‌ ' വകവരുത്തി. മറ്റ്‌ സൂക്ഷ്‌മജീവികള്‍ക്കൊന്നും കുഴപ്പമുണ്ടായതുമില്ല. ടൂത്ത്‌പേസ്റ്റിനൊപ്പമോ, മൗത്ത്‌വാഷിനൊപ്പമോ 'സ്‌റ്റാമ്പ്‌ ' സന്നിവേശിപ്പിച്ച്‌ ചികിത്സ നടത്താന്‍ കഴിയുമെന്ന്‌, ഗവേഷകനായ ഡോ.വെനിയുവാന്‍ ഷി പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയ്‌ക്കു കീഴിലെ ലോസ്‌ ആഞ്‌ജിലസ്‌ സ്‌കൂള്‍ ഓഫ്‌ ദന്തിസ്‌ട്രിയിലെ ഗവേകനാണ്‌ ഷി.

പല്ലില്‍ തുളവീഴ്‌ത്തുന്ന എസ്‌.മ്യൂട്ടാന്‍സ്‌ ബാക്ടീരിയയുടെ പൂര്‍ണ ഡി.എന്‍.എ.സാരം ഇന്ന്‌ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. അതുപയോഗിച്ചാണ്‌ രോഗാണുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഫിറോമോണിനാവശ്യമായ 21 രാസമുദ്രകള്‍ തിരഞ്ഞെടുത്തതെന്ന്‌, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ, കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. റാന്‍ഡല്‍ ഇക്കെര്‍ക്ക്‌ അറിയിക്കുന്നു. ആ നിര്‍ദ്ദേശങ്ങളുടെ സാഹായത്തോടെയാണ്‌ 'സ്‌റ്റാമ്പ്‌ ' വികസിപ്പിച്ചത്‌. ആറ്‌ പേരില്‍ നിന്നു ശേഖരിച്ച ഉമിനീര്‍ ഉപയോഗിച്ച്‌ വായ്‌ക്കുള്ളിലെ നൂറുകണക്കിന്‌ ബാക്ടീരിയകള്‍ അടങ്ങിയ ജൈവപാട രൂപപ്പെടുത്തി. പല്ലുകളെ ദ്രവിപ്പിക്കുന്ന മറ്റ്‌ ബാക്ടീരിയകളുടെ ഡി.എന്‍.എ.സാരം വെളിവാകുന്നതനുസരിച്ച്‌ അവയെ തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കാനും പുതിയ മാര്‍ഗ്ഗം സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. (കടപ്പാട്‌: മാതൃഭൂമി)

1 comment:

Joseph Antony said...

ഉപദ്രവം ചെയ്യാത്ത ബാക്ടീരിയകളെ ഒഴിവാക്കി പല്ലില്‍ തുള വീഴ്‌ത്തുന്നവയെ മാത്രം തിരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന ഒരു വിദ്യയ്‌ക്ക്‌ രൂപം നല്‍കിയിരിക്കുകയാണ്‌ ഗവേഷകര്‍. ദന്തചികിത്സയില്‍ ഇത്‌ വലിയ മാറ്റമുണ്ടാക്കിയേക്കാം.