ഒരു ജീവിവര്‍ഗ്ഗം അസ്തമിക്കുക എന്നു പറഞ്ഞാല്‍, ഭൂമി അത്രകൂടി ദരിദ്രമാകുന്നു എന്നാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് പല സംരക്ഷണപ്രവര്‍ത്തനവും ഉടലെടുക്കുന്നത്. നിസ്സാരമെന്നു കരുതുന്ന ഒരിനം ഉറുമ്പിന്റെ സംരക്ഷണത്തിന് ഒരു നൂതന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് ബ്രിട്ടനില്‍
കുഞ്ഞുറുമ്പുകളാണെങ്കിലും അവയുടെ സംരക്ഷണം വന്‍പ്രശ്നമാണ്. ബ്രിട്ടനില്‍ നാശത്തിന്റെ വക്കിലെത്തിയ ഒരിനം ഉറുമ്പകളെ സംരക്ഷിക്കാന്‍ അനുവദിച്ചിട്ടുള്ള തുകയെത്രയെന്നോ, 50,000 പൗണ്ട്. എന്നുവെച്ചാല്‍ ഏതാണ്ട് 43 ലക്ഷം രൂപ.
ഒരിനം ചുവപ്പന്‍ ഉറുമ്പുകളാണ് ബ്രിട്ടനില്‍ അപൂര്‍വമായി മാറിയിരിക്കുന്നത്. ആവാസവ്യവസ്ഥയ്ക്കുണ്ടായ നാശം മൂലം അവയിപ്പോള്‍ ബ്രിട്ടനില്‍ സറിയെന്ന സ്ഥലത്തു മാത്രമായി ചുരുങ്ങിയിരിക്കുന്നു. അവയെ കൂട്ടില്‍ വളര്‍ത്തി പെരുപ്പിച്ച് സങ്കേതങ്ങളില്‍ തുറന്നു വിടാനുള്ള പദ്ധതിയാണ് ലണ്ടനില്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്. 'നാഷണല്‍ ഹെറിറ്റേജ് ലോട്ടറി ഗ്രാന്റ്' ആണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്.
ബ്രിട്ടനില്‍ തനതായി കാണപ്പെടുന്ന അപൂര്‍വ്വയിനം ഉറുമ്പാണ് 'ഫോര്‍മിക്ക റൂഫിബാര്‍ബിസ്'(Formica rufibarbis). ബ്രിട്ടീഷ് വന്‍കരയില്‍ ആ ഉറുമ്പകള്‍ സറിയിലെ ഒറ്റ കോളനിയിലേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. അകലെ സിലി ദ്വീപിലാണ് വേറെ ചില കോളനികള്‍ കാണപ്പെടുന്നത്.
ഈ ഉറുമ്പുകളുടെ അസാധാരണത്വം ആണുറുമ്പുകളുടെയും പെണ്ണുറുമ്പുകളുടെയും വെവ്വേറെ കോളനികള്‍ കാണപ്പെടുന്നു എന്നതാണ്. സറിയില്‍ അവശേഷിക്കുന്ന കോളനി പെണ്ണുറുമ്പുകളുടേതാണ്-ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ എമിലി ബ്രെന്നന് അറിയിക്കുന്നു. ആണുറുമ്പുകളുടെ ഏതാനും കോളനികള്‍ കൂടി ഉണ്ടായില്ലെങ്കില്‍, ബ്രിട്ടീഷ് വന്‍കരയില്‍ ഉറമ്പുകള്‍ അന്യംനില്‍ക്കുമെന്നത് വ്യക്തമാണ്-അവര്‍ അറിയിക്കുന്നു.
ഉറുമ്പുകളെ കൂട്ടില്‍ വളര്‍ത്താനാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഉറപ്പില്ലാത്ത ഒരു കാര്യത്തിനാണ് ഗവേഷകര്‍ ഒരുങ്ങുന്നതെന്നു സാരം. സിലി ദ്വീപില്‍ നിന്ന് ആണുറുമ്പുകളെയും, സറിയിലെ കോളനിയില്‍ നിന്നു കുറെ പെണ്ണുറുമ്പുകളെയും ഒരുമിച്ച് വളര്‍ത്താനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. അങ്ങനെ വംശോത്പാദനം സാധ്യമാക്കാമെന്നാണ് പ്രതീക്ഷ.
ഈ ഉറുമ്പുവംശം നാശത്തിന്റെ വക്കിലെത്തിയതിന് മുഖ്യകാരണം അവയുടെ ആവാസവ്യവസ്ഥകള്‍ നശിച്ചതാണ്. 'അടിമ-ഉത്പാദക ഉറുമ്പുകള്‍'(slave maker ants) എന്നയിനത്തിന്റെ അധിനിവേശമാണ് മറ്റൊരു ഭീഷണി. ഇത്തരം ഉറുമ്പുകള്‍ ബ്രിട്ടനിലാകെ വ്യാപിക്കുകയാണ്. 'റൂഫിബാര്‍ബിസ്' ഉറുമ്പുകളുടെ കൂട്ടില്‍ നിന്ന് ചെറുകുഞ്ഞുങ്ങളെ (പ്യൂപ്പകളെ) അവ സ്വന്തം കൂടുകളിലേക്ക് ചുമന്നുകൊണ്ടുപോകും. എന്നിട്ട് അവയെ അടിമ-ഉത്പാദക ഉറുമ്പുകളായി വളര്‍ത്തും-എമിലി ബ്രെന്നന് പറയുന്നു.
'നാച്ചുറല്‍ ഇംഗ്ലണ്ട്' എന്ന സംഘടനയ്ക്കും രണ്ട് വൈല്‍ഡ്ലൈഫ് ട്രസ്റ്റുകള്‍ക്കും ഉറുമ്പുസംരക്ഷണ പദ്ധതിയില്‍ പങ്കാളിത്വമുണ്ട്. കൃത്രിമമായി വളര്‍ത്തിയെടുത്ത 40 ഉറുമ്പുകോളനികളെ വീതം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വര്‍ഷം തോറും സ്ഥാപിക്കാനാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം ഈ പ്രവര്‍ത്തനം ആരംഭിക്കും. (കടപ്പാട്: ബിബിസ് ന്യൂസ്)
7 comments:
ബ്രിട്ടനില്‍ കാണപ്പെടുന്ന ഒരിനം ഉറുമ്പ് വംശനാശത്തിന്റെ വക്കിലാണ്. ഒറ്റ കോളനിയേ അത്തരം ഉറുമ്പുകള്‍ ബ്രിട്ടനില്‍ അവശേഷിച്ചിട്ടുള്ളൂ. അവയുടെ സംരക്ഷണത്തിന് ആവിഷ്ക്കരിച്ചിരിക്കുന്ന നൂതനപദ്ധതിയെക്കുറിച്ച്.
ഇതെന്താണീയിടെയായി എല്ലാവരും ലക്ഷത്തെ കോടിയാക്കുന്നത് :-)
50,000 പൗണ്ട് = 43 ലക്ഷം രൂപയല്ലേ.
ലക്ഷം ലക്ഷം പിന്നാലേ എന്നല്ലെ.. എല്ലവരും കണക്കപ്പിള്ളമാരല്ലല്ലോ .. ബാക്കി ലക്ഷങ്ങള്‍ പിന്നാലെ :-)
തീര്‍ച്ചയായും പിശകുപറ്റി. പൗണ്ട് രൂപയാക്കയപ്പോള് സംഭവിച്ചു പോയതാണ്. ഖേദിക്കുന്നു.
ഉറുമ്പുകളുടെ ഇക്കഥ വായിച്ചപ്പോള്‍ അത്ഭുതം തോന്നുന്നു.
ഉറുമ്പുകളുടെ കഥ വായിച്ചു. കൊള്ളാം ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
ഓ.ടോ.പച്ചാളം ഈയിടെ ഉറുമ്പുകളുടെ ഫോട്ടോ എടുക്കുന്നത് നിര്‍ത്തിയോ ;)
ചെറുപ്പത്തില്‍ കടുക്കാച്ചി മാങ്ങ പറിക്കാന്‍ മാവേല് വലിഞ്ഞു കേറുമ്പോള്‍ കിട്ടിയ ഉറുമ്പുകടികളുടെ നീറ്റല്‍ ഇപ്പോഴും മാറിയിട്ടില്ല.
അന്നൊക്കെ സകലതിനെയും തീയിട്ട് പുകച്ചുകളയാനായിരുന്നു തോനുക.
(ക്ഷമിച്ചിരിക്കുന്നു. പാവം, വംശനാശം നേരിടുകയല്ലേ :)
Post a Comment