Saturday, January 20, 2007

സ്റ്റീഫന്‍ ഹോക്കിങ്‌ ബഹിരാകാശത്തേക്ക്‌

ലോകത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞന്‍ ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ചലനശേഷിയില്ലാതെ ചക്രക്കസേരയില്‍ കഴിഞ്ഞുകൊണ്ട്‌, ശാസ്ത്രത്തിന്റെ അത്യുന്നതിയിലെത്തിയ സ്റ്റീഫന്‍ ഹോക്കിങ്‌ വീണ്ടും ലോകത്തെ വിസ്മയിപ്പിക്കാന്‍ പോവുകയാണ്‌


ലോ
കത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനും, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ അത്ഭുതവും ഒരാള്‍ തന്നെയായത്‌ യാദൃശ്ചികമാകാം-സ്റ്റീഫന്‍ ഹോക്കിങ്‌. അദ്ദേഹം ലോകത്തെ വീണ്ടും അമ്പരിപ്പിക്കാന്‍ പോകുന്നു. ഹോക്കിങ്‌ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയാണ്‌. 2009-ല്‍ താന്‍ ഗഗനചാരിയാകുമെന്ന്‌ അദ്ദേഹം തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. അതിനുമുന്നോടിയായി ഈ വര്‍ഷം ഗുരുത്വാകര്‍ഷണരഹിതവിമാനത്തില്‍ ഹോക്കിങ്‌ സവാരി നടത്തും.


അറുപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച്‌ 'ഡെയ്‌ലി ടെലഗ്രാഫ്‌' പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഭാവിപരിപാടിഹോക്കിങ്‌ വെളിപ്പെടുത്തിയത്‌. സര്‍ റിച്ചാര്‍ഡ്‌ ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള 'വിര്‍ജിന്‍ ഗാലക്ടിക്‌ സ്പേസ്ടൂറിസ'ത്തിന്റെ ഭാഗമായാണ്‌ ഹോക്കിങ്‌ ബഹിരാകാശയാത്ര നടത്തുക. ആറ്‌ യാത്രികരെ താഴ്‌ന്ന ഭൂഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന 'സ്പേസ്ഷിപ്പ്‌ ടു' വാഹനമാണ്‌ ബഹിരാകാശ ടൂറിസത്തിന്‌ ഉപയോഗിക്കുക. 2008 മുതല്‍ സര്‍ റിച്ചാര്‍ഡിന്റെ സ്പേസ്‌ ടൂറിസം ആരംഭിക്കും.

നിലവില്‍ ആളൊന്നിന്‌ ഒരുലക്ഷം പൗണ്ട്‌ (ഏതാണ്ട്‌ 76 ലക്ഷംരൂപ) വേണം 'സ്പേസ്ഷിപ്പ്‌ ടു'വിലെ യാത്രയ്ക്ക്‌. ഹോക്കിങ്ങിന്റെ യാത്ര പക്ഷേ, സര്‍ റിച്ചാര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്യും. ഏതാണ്ട്‌ 50,000 അടി ഉയരത്തില്‍ മാതൃവാഹനത്തില്‍ നിന്ന്‌ വേര്‍പെടുന്ന സ്പേസ്ഷിപ്പ്‌ ടു വാഹനം, 1.8 ലക്ഷംഅടി മുകളില്‍ വെച്ച്‌ ബഹിരാകാശത്ത്‌ പ്രവേശിക്കും. 3.6 ലക്ഷം അടി ഉയരം വരെയെത്തുന്ന വാഹനം, അതിനുശേഷം തിരികെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. അത്രസമയവും ഭാരമില്ലാത്ത അവസ്ഥയിലായിരിക്കും യാത്രക്കാര്‍.

പ്രായമായെന്നു കരുതി താന്‍ വിശ്രമജീവിതത്തിലേക്ക്‌ ഒതുങ്ങില്ലെന്നും ഹോക്കിങ്‌ അറിയിച്ചു. കേംബ്രിഡ്ജിലെ 'ലൂക്കാസിയന്‍ പ്രൊഫസറാ'യ ഹോക്കിങ്ങിന്‌ ജനവരി എട്ടിനാണ്‌ 65 തികഞ്ഞത്‌. കേംബ്രിഡ്ജിലെ വിരമിക്കല്‍പ്രായം 67 വയസ്സാണെങ്കിലും, താന്‍ അതിനൊരുക്കമല്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 'എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഹോക്കിങ്‌ ഇപ്പോള്‍ രണ്ടു ഗ്രന്ഥങ്ങളുടെ കൂടി രചനയിലാണ്‌; കുട്ടികള്‍ക്കായുള്ള 'ജോര്‍ജ്ജ്സ്‌ സീക്രട്ട്‌ കീ ടു ദ യൂണിവേഴ്സ്‌' എന്ന പുസ്തകത്തിന്റെയും, 'ദ ഗ്രാന്‍ഡ്‌ ഡിസൈന്‍' എന്ന ശാസ്ത്രദാര്‍ശനികഗ്രന്ഥത്തിന്റെയും. ഇതില്‍ ആദ്യഗ്രന്ഥം ഈ ഒക്ടോബറിലും രണ്ടാമത്തേത്‌ അടുത്ത വര്‍ഷവും പുറത്തുവരും.

ഇരുപത്തിയൊന്നാം വയസില്‍ 'മോട്ടോര്‍ ന്യൂറോണ്‍ രോഗ'(എം.എന്‍.ഡി)ത്തിന്റെ പിടിയിലായ ഹോക്കിങ്‌ വൈദ്യശാസ്ത്രത്തെ വിസ്മയിച്ചുകൊണ്ടാണ്‌ ഇന്നും ജീവിക്കുന്നത്‌. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അദ്ദേഹത്തിന്‌ അന്ന്‌ ഡോക്ടര്‍മാര്‍ വിധിച്ചത്‌ പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തെ ജീവിതമാണ്‌. ആ പ്രവചനമെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ്‌ ഹോക്കിങ്‌ 65 പിന്നിടുന്നത്‌.

രോഗം മൂര്‍ച്ഛിച്ച അന്നുമുതല്‍ ചക്രക്കസേരയില്‍ ചലനശേഷിയില്ലാത്ത ശരീരവുമായി കഴിയുന്ന ഹോക്കിങ്‌ പക്ഷേ, ലോകത്തെ ഏറ്റവും ചലനാത്മകമായ മനസിനുടമയാണ്‌. ഹോക്കിങ്ങിന്‌ എണീറ്റുനില്‍ക്കാന്‍ കഴിയില്ലെങ്കിലും, അദ്ദേഹം മുന്നോട്ടുവെച്ച പല ഭൗതീകശാസ്ത്രസിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി. ഇന്നും നിഗൂഢ പൂര്‍ണമായി മാറിയിട്ടില്ലാത്ത തമോഗര്‍ത്തങ്ങളുടെ (ബ്ലാക്ഖോളുകള്‍) രഹസ്യം അനാവരണം ചെയ്യുന്നതിലാണ്‌ ഹോക്കിങ്‌ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്‌. (കടപ്പാട്‌: ടെലഗ്രാഫ്‌, മാതൃഭൂമി)

3 comments:

Joseph Antony said...

ഒരാള്‍ ബഹിരാകാശയാത്ര നടത്തുന്നു എന്നു കേട്ടാല്‍ അത്ഭുതം തോന്നിയെന്നു വരില്ല. പക്ഷേ, ബഹിരാകാശയാത്ര നടത്താന്‍ പോകുന്നയാള്‍ സ്റ്റീഫന്‍ ഹോക്കിങ്‌ ആണെന്നറിയുമ്പോഴോ...അതെ ആ വിഖ്യാതശാസ്ത്രജ്ഞന്‍ ലോകത്തെ വീണ്ടും അമ്പരിപ്പിക്കാനൊരുങ്ങുന്നു.

വിഷ്ണു പ്രസാദ് said...

അത്ഭുതകരം.21വയസ്സില്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിട്ടും 65 വയസ്സു വരെ ജീവിക്കുക,ലോക പ്രശസ്തനായ ശാസ്ത്രജ്ഞനാവുക,മരണത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ തെറ്റിക്കുക,ഇതാ ഇപ്പോള്‍ ...ബഹിരാകാശത്തേക്ക്..ആ മഹാനുഭാവന് ആശംസകള്‍ നേരുന്നു.
ഈ പോസ്റ്റ് തന്നതിന് നന്ദി.

വേണു venu said...

ജീവിച്ചിരിക്കുന്ന ഈ മഹാത്ഭുതത്തിന്‍റെ മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്ത അറിയിച്ച ഈ പോസ്റ്റിനു് അഭിനന്ദനങ്ങള്‍.