Thursday, January 04, 2007

ഭൂകമ്പം പ്രവചിക്കാന്‍ പാമ്പുനിരീക്ഷണം

ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ പാമ്പുകളുടെ പെരുമാറ്റം നിരീക്ഷിച്ച്‌ ഭൂകമ്പം പ്രവചിക്കാനുള്ള ശ്രമത്തിലാണ്‌ ചൈനീസ്‌ ഗവേഷകര്‍

ഭൂകമ്പം മുന്‍കൂട്ടിയറിയാന്‍ പാമ്പുകളെ നിരീക്ഷിക്കുകയോ? തമാശയല്ല, ചൈനീസ്‌ ശാസ്ത്രജ്ഞരാണ്‌ ഈ നൂതനമാര്‍ഗ്ഗം ആവിഷ്ക്കരിച്ചിരിക്കുന്നത്‌. ചൈനയിലെ നാനിങ്ങിലുള്ള ഭൂകമ്പബ്യൂറോ, ഇന്റര്‍നെറ്റ്‌ വീഡിയോസങ്കേതമുപയോഗിച്ച്‌ മൃഗശാലകളിലെ പാമ്പുകളെ 24 മണിക്കൂറും നിരീക്ഷിക്കുകയാണ്‌; അവയുടെ സ്വഭാവത്തില്‍ വിചിത്രമായ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ എന്നറിയാന്‍.

പാമ്പുകളുടെ പെരുമാറ്റത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും മാറ്റം വരുന്നുവെങ്കില്‍, അകാരണമായി അവ വെപ്രാളം കാട്ടുകയോ രക്ഷപ്പെടാന്‍ വേണ്ടി കൂടുകളുടെ ഭിത്തികളില്‍ ഇടിക്കുകയോ ചെയ്താല്‍, അത്‌ ഭൂകമ്പത്തിന്റെ മുന്നറിയിപ്പാകാമത്രേ. പക്ഷിമൃഗാദികളുടെ ചേഷ്ടകളും പെരുമാറ്റവും നിരീക്ഷിച്ച്‌ ഭൂകമ്പം പ്രവചിക്കാന്‍ ഏറെക്കാലമായി ലോകത്ത്‌ ശ്രമം നടക്കുന്നുണ്ട്‌. നായയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട്‌ വീട്ടിന്‌ പുറത്തിറങ്ങിയതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞവരുടെ കഥകള്‍ പല ഭൂകമ്പവേളയിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌.

ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ വരവു മനസിലാക്കുന്നതില്‍ പാമ്പുകളോളം കഴിവുള്ള മറ്റ്‌ ജീവികളില്ലെന്ന്‌ ശാസ്ത്രജ്ഞര്‍ പറയുന്നു. തറയിലുണ്ടാകുന്ന നേരിയചലനം പോലും പാമ്പുകള്‍ക്ക്‌ മനസിലാക്കാനാവും. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ രാത്രികാലത്ത്‌ നടക്കുന്നവര്‍ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ കൈയില്‍ വടി കരുതുന്നത്‌ നന്നെന്ന്‌ കാരണവന്‍മാര്‍ ഉപദേശിക്കാറുള്ളത്‌ ഇതുകൊണ്ടാണ്‌. തറയില്‍ ഇടയ്ക്കിടെ വടി ഇടിച്ചു നടന്നാല്‍, വഴിയിലുള്ള പാമ്പുകള്‍ മണ്ണിലുണ്ടാകുന്ന ആ ചലനം തിരിച്ചറിഞ്ഞ്‌ മാറിപ്പൊയ്ക്കൊള്ളും.

പാമ്പുകളെപ്പോലുള്ള ഇഴജന്തുക്കള്‍ക്ക്‌ ഭൂമിയിലുണ്ടാകുന്ന ഏത്‌ സൂക്ഷ്മചലനവും വ്യക്തമായി മനസിലാക്കാന്‍ കഴിയും. 120 കിലോമീറ്റര്‍ അകലെയുണ്ടാകാന്‍ പോകുന്ന ഭൂകമ്പം അഞ്ചുദിവസം മുമ്പുതന്നെ തിരിച്ചറിയാന്‍ പാമ്പുകള്‍ക്കു കഴിയുമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. 'ഭൂകമ്പം ഉടന്‍ സംഭവിക്കുമെങ്കില്‍ പാമ്പുകള്‍ അവയുടെ കൂടുവിട്ട്‌ പുറത്തിറങ്ങും, ശൈത്യകാലമാണെങ്കില്‍ പോലും'-നാനിങ്‌ ബ്യൂറോയുടെ ഡയറക്ടര്‍ ജിയാങ്ങ്‌ വീസോങ്ങ്‌ പറയുന്നു.

ഭൂപ്രതലത്തിലെ ഫലകങ്ങളുടെ(പ്ലേറ്റുകളുടെ) ചലനമാണ്‌ ഭൂകമ്പത്തിന്‌ കാരണം. ശരിക്കുള്ള ഭൂകമ്പം ഉണ്ടാകുന്നതിന്‌ ദിവസങ്ങള്‍ക്കു മുമ്പുതന്നെ ചെറിയ പ്രകമ്പനങ്ങള്‍ ഭൂപ്രതിലത്തിലുണ്ടാകും. ഭൂകമ്പമാപിനിപോലുള്ള ഉപകരണങ്ങളുപയോഗിച്ച്‌ അത്‌ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും, പാമ്പുകള്‍ക്കും മറ്റ്‌ പല ജിവികള്‍ക്കും അത്‌ തിരിച്ചറിയാന്‍ കഴിയും. പേടിയോടെയും അറപ്പോടെയും കാണുന്ന പാമ്പുകളാകും നാളെ ഒരുപക്ഷേ, ഭൂകമ്പനാശം തടയാന്‍ മനുഷ്യനു തുണയായെത്തുക(കടപ്പാട്‌: ബിബിസി ന്യൂസ്‌).

2 comments:

Joseph Antony said...

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പാമ്പുകളെ നിരീക്ഷിച്ച്‌ ഭൂകമ്പം പ്രവചിക്കാന്‍ ശ്രമിക്കുകയാണ്‌ ചൈനീസ്‌ ഗവേഷകര്‍.

സു | Su said...

പാമ്പിനെ നോക്കിയും, അതിന്റെ ചലനം നിരീക്ഷിച്ചും, ഭാവവ്യത്യാ‍സം നിരീക്ഷിച്ചും ഭൂകമ്പം തടയാന്‍ ‍ കഴിഞ്ഞാല്‍ നല്ലത് തന്നെ. പാമ്പ്, സമീപത്തുണ്ടെങ്കില്‍, പക്ഷികള്‍ കൂട്ടത്തോടെ ചിലച്ച് ശബ്ദമുണ്ടാക്കും. അങ്ങനെ നമ്മള്‍ക്ക്, പാമ്പ് ഉണ്ടെന്ന് അറിയാന്‍ പറ്റും. അതുപോലെ പാമ്പിനെക്കൊണ്ടും ഉപകാരമുണ്ടാവട്ടെ. :)