Saturday, January 13, 2007

ഗൂഗിള്‍ വിസ്മയം-3

തിന്മ ചെയ്യാതെ പണമുണ്ടാക്കാന്‍ വഴി
ഗൂഗിളിന്റെ ഭൂരിപക്ഷം സര്‍വീസുകളും ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുന്നത്‌ സൗജന്യമായാണ്‌. പിന്നെയെങ്ങനെ ഗൂഗിള്‍ വരുമാനമുണ്ടാക്കുന്നു. പരസ്യമാണ്‌ ഗൂഗിളിന്റെ വരുമാനമാര്‍ഗ്ഗം. പരസ്യത്തിന്റെ പുത്തന്‍യുഗമാണ്‌ ഗൂഗിളിലൂടെ ഉത്ഘാടനം ചെയ്യപ്പെട്ടത്‌

ഗൂഗിളിന്റെ ഹോംപേജിന്റത്ര ലളിതമായ ഒരു സ്ഥലം നെറ്റില്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. വെള്ള പ്രതലത്തില്‍ അടിസ്ഥാനവര്‍ണങ്ങളിലുള്ള ലോഗോയോടെ ഗൂഗിളിന്റെ ഹോംപേജ്‌ അങ്ങനെ രൂപകല്‍പ്പന ചെയ്തത്‌ സെര്‍ജിയാണ്‌. സെര്‍ച്ച്‌ ചെയ്യാനെത്തുന്നവര്‍ക്ക്‌ മാത്രം സ്ഥാനമുള്ളതെന്ന്‌ തോന്നിക്കുന്ന ഒരിടം. ഇന്റര്‍നെറ്റിലെ ഏറ്റവും വിലയേറിയ 'റിയല്‍ എസ്റ്റേറ്റാ'ണ്‌ ഗൂഗിള്‍ ഹോംപേജ്‌. ആ പേജില്‍ പരസ്യം ചെയ്യാനാഗ്രഹിക്കാത്ത ഒരു സ്ഥാപനവും ലോകത്തുണ്ടാവില്ല. പക്ഷേ, തങ്ങളുടെ ഹോംപേജ്‌ പണത്തിനായി ഉപയോഗിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഗൂഗിളിന്റെ പ്രഖ്യാപിത മുദ്രാവാക്യത്തെ സാധൂകരിക്കുന്നു ഈ നിലപാട്‌.

'തിന്‍മ അരുത്‌ '(Don't be Evil) എന്നതാണ്‌ ഗൂഗിളിന്റെ പ്രമാണവാക്യം. സെര്‍ച്ച്‌ ഉള്‍പ്പടെ ഗൂഗിളിന്റെ ഭൂരിപക്ഷം സര്‍വീസുകളും സൗജന്യമാണ്‌. ആരും പണം കൊടുത്ത്‌ ഗൂഗിള്‍ ഉപയോഗിക്കേണ്ടതില്ല. ആ നിലയ്ക്ക്‌ ഗൂഗിള്‍ എങ്ങനെ പണമുണ്ടാക്കുന്നു എന്നത്‌ പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. വെറുതെ പണമുണ്ടാകില്ലല്ലോ. ഒന്നുമില്ലായ്മയില്‍ നിന്ന്‌ വെറും എട്ടുവര്‍ഷം കൊണ്ട്‌ പതിനായിരംകോടി ഡോളര്‍ കമ്പനിയായി മാറാന്‍ പണം കൊയ്താലേ കഴിയൂ. ശരിക്കു പറഞ്ഞാല്‍ ഗൂഗിള്‍ അതാണ്‌ ചെയ്യുന്നത്‌; തിന്‍മയരുതെന്ന മുദ്രാവാക്യം മുറുകെ പിടിച്ചുകൊണ്ടു തന്നെ. ലാറിയും സെര്‍ജിയും ഇന്ന്‌ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ കൂട്ടത്തിലാണ്‌.

ഗൂഗിള്‍ വരുമാനമുണ്ടാക്കാന്‍ തുടങ്ങുന്നത്‌ 2000-ലാണ്‌. സെര്‍ച്ചില്‍ നിന്ന്‌ എങ്ങനെ കാശുണ്ടാക്കാം എന്നതിന്‌ ഒരു മാതൃക കണ്ടെത്തുകയാണ്‌ ഗൂഗിള്‍ ചെയ്തത്‌. കമ്പനിയുടെ ചരിത്രത്തില്‍ നിര്‍ണായകമുന്നേറ്റമായിരുന്നു അത്‌. GoTo.com എന്ന കമ്പനി (പിന്നീടത്‌ 'ഓവര്‍ടൂര്‍' എന്ന്‌ പേരുമാറ്റി. യാഹൂ അതിനെ വിലയ്ക്കു വാങ്ങുകയും ചെയ്തു) തുടങ്ങിവെച്ച പരസ്യമാതൃകയാണ്‌ തങ്ങളുടെ സെര്‍ച്ച്‌എഞ്ചിന്റെ സാധ്യതയുപയോഗിച്ച്‌ ഗൂഗിള്‍ പരിഷ്ക്കരിച്ചത്‌. സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം 'സ്പോണ്‍സേര്‍ഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയാണത്‌. സെര്‍ച്ച്‌ ചെയ്യുന്ന വിഷയം എന്താണോ അതിനനുസരിച്ചുള്ള സ്പോണ്‍സേഡ്‌ ലിങ്കായിരിക്കും സ്ക്രീനിന്റെ വലതുവശത്ത്‌ പ്രത്യക്ഷപ്പെടുക.

പരസ്യം അതിന്റെ ഏറ്റവും നിര്‍ണായകമായ വേളയില്‍ (ഒരാള്‍ വിവരം തേടുന്ന സമയത്ത്‌) മുന്നിലെത്തിക്കുകയെന്നതാണ്‌ ഇതിലൂടെ സംഭവിക്കുക. ആരെങ്കിലും പരസ്യലിങ്കില്‍ ക്ലിക്കു ചെയ്താല്‍ പരസ്യം നല്‍കിയ സ്ഥാപനം ഗൂഗിളിന്‌ ഒരു നിശ്ചിതസംഖ്യ കൊടുക്കണം. അങ്ങനെ സ്പോണ്‍സേഡ്‌ ലിങ്കുകളിലെ ഓരോ ക്ലിക്കും ഗൂഗിളിന്റെ അക്കൗണ്ടിലേക്ക്‌ പണമായെത്തുന്നു. സെര്‍ച്ച്‌ ചെയ്യുന്നയാള്‍ ക്ലിക്കു ചെയ്താല്‍ മാത്രം കാശുകൊടുത്താല്‍ മതി. അതിനാല്‍ കമ്പനികള്‍ക്കും അതാണ്‌ നല്ലത്‌.

മാത്രമല്ല, 'ആഡ്സെന്‍സ്‌'(AdSense) എന്ന പേരിലുള്ള ഗൂഗിളിന്റെ സേവനം സ്വന്തമായി വെബ്ബ്സൈറ്റോ ബ്ലോഗോ ഉള്ള ആര്‍ക്കും ഉപയോഗപ്പെടുത്താം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പ്രതിയോഗികള്‍ മനസിലാക്കുമ്പോഴേക്കും ആയിരക്കണക്കിന്‌ കമ്പനികളുമായി ലാറിപേജും സെര്‍ജിബ്രിന്നും പരസ്യദാതാക്കളെന്ന നിലയില്‍ കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ പരസ്യദാതാവു കൂടിയായി.

നമുക്ക്‌ പരിചിതമായ പരസ്യരീതി തുടങ്ങുന്നത്‌ 1870-കളില്‍ ജോണ്‍ വാനാമേക്കര്‍ എന്ന കച്ചവടക്കാരനില്‍ നിന്നാണ്‌. ഡിപ്പാര്‍ട്ടുമെന്റ്സ്റ്റോറുകളും പ്രൈസ്ടാഗുകളും 'കണ്ടുപിടിച്ച' ഫിലാഡെല്‍ഫിയക്കാരനായ വാനാമേക്കര്‍ തന്നെയാണ്‌, ആധുനിക പരസ്യരീതിയും ആദ്യമായി നടപ്പില്‍ വരുത്തിയത്‌. തന്റെ സ്റ്റോറുകളുടെ പരസ്യം അദ്ദേഹം പത്രങ്ങളില്‍ നല്‍കി. അങ്ങനെ പരസ്യത്തിന്റെ 'വാനാമേക്കര്‍യുഗം' ആരംഭിച്ചു. പത്രങ്ങളില്‍ നിന്ന്‌ പരസ്യങ്ങള്‍ റേഡിയോയിലേക്കും ടിവിയിലേക്കും ചെക്കേറി.

ആ യുഗമാണ്‌ ഗൂഗിളിന്റെ കടന്നുവരവോടെ അവസാനിക്കുന്നത്‌. ഗൂഗിളില്‍ സെര്‍ച്ചു ചെയ്യപ്പെടുന്ന വാക്കുകള്‍ക്കൊപ്പം തങ്ങളുടെ പരസ്യം പ്രത്യക്ഷപ്പെടാന്‍ ഏത്‌ കമ്പനിക്കും ഗൂഗിളിന്റെ ലേലത്തില്‍ പങ്കുചേരാം. 'ആഡ്‌വേഡ്സ്‌ '(AdWords) എന്ന പേരിലാണ്‌ ഈ സേവനം അറിയപ്പെടുന്നത്‌. ആഡ്‌വേഡ്സും ആഡ്സെന്‍സും കൂടി 2005-ല്‍ മാത്രം ഗൂഗിളിന്‌ നേടിക്കൊടുത്ത വരുമാനം 610 കോടി ഡോളര്‍(27450 കോടി രൂപ) ആണ്‌. ഇന്റര്‍നെറ്റ്‌ യുഗത്തിന്‌ ചേര്‍ന്ന പുതിയൊരു ബിസിനസ്‌ മാതൃകയാണ്‌ ഗൂഗിള്‍ നടപ്പാക്കിയതെന്നു സാരം.
ക്ലിക്ക്‌, ക്ലിക്ക്‌, ക്ലിക്ക്‌,...ഡോളറിന്റെ ശബ്ദം

ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോളകമ്പോളമാണ്‌ ഗൂഗിള്‍. അതിലേക്ക്‌ പണം നിലയ്ക്കാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌

തികച്ചും സൗജന്യമായി ഗൂഗിള്‍ ഉപയോഗിക്കുന്നവരാണ്‌ സാധാരണ ഇന്റര്‍നെറ്റ്‌ പ്രജകള്‍. ഗൂഗിളിന്റെ ഹോംപേജിന്റെ ശുഭ്രതയ്ക്കുള്ളില്‍ പണമുണ്ടാക്കാന്‍ ഏതെങ്കിലുമൊരു മാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നു എന്ന്‌ മിക്കവരും കരുതാറില്ല. പക്ഷേ, സത്യം അതല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോള കമ്പോളമാണ്‌ ഗൂഗിള്‍. നിര്‍ത്താതെ പണം പ്രവഹിക്കുന്ന ഒന്ന്‌. ക്രിയാത്മകമായ ഒരു പുത്തന്‍ ഓണ്‍ലൈന്‍ ബിസിനസ്തന്ത്രം സെര്‍ച്ചിങ്ങിന്റെ മാന്ത്രികച്ചെപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചാണ്‌ ഗൂഗിള്‍ ഇതു സാധിക്കുന്നത്‌. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിക്കുകയാണ്‌.

'വാക്കിന്‌ വിലവേണം' എന്നത്‌ ഒരു ഭാഷാപ്രയോഗമാണ്‌. ഈ പ്രയോഗത്തില്‍ കവിഞ്ഞ്‌ വാക്കുകള്‍ക്ക്‌ എന്തെങ്കിലും വില ഉണ്ടെന്ന്‌ പലരും കരുതുന്നില്ല. പക്ഷേ, ഗൂഗിളിന്റെ കാര്യത്തില്‍ ഇത്‌ നെരെ തിരിച്ചാണ്‌. വാക്കുകള്‍ക്കാണ്‌ വില. ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കള്‍ സെര്‍ച്ചിങ്ങിനുപയോഗിക്കുന്ന നൂറുകണക്കിന്‌ വാക്കുകള്‍, അണിയറയില്‍ ലേലം ചെയ്ത്‌ വില്‍ക്കുകയാണ്‌ ഗൂഗിള്‍ ചെയ്യുന്നത്‌. ഒരു പ്രത്യേക വാക്കുപയോഗിച്ച്‌ ഗൂഗിളില്‍ സെര്‍ച്ച്‌ നടത്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫലങ്ങള്‍ക്കൊപ്പം, വലതുവശത്തായി 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരിലുള്ള ഫലങ്ങളും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നത്‌ കണ്ടിട്ടില്ലേ. നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യാനുപയോഗിച്ച വാക്കുകളുമായി ബന്ധമുള്ളവയായിരിക്കും ആ സ്പോണ്‍സേഡ്‌ ലിങ്ക്സ്‌. അവ പരസ്യങ്ങളാണ്‌. നിങ്ങള്‍ സെര്‍ച്ചിങ്ങിനുപയോഗിച്ച വാക്കുകള്‍ ഗൂഗിളില്‍ നിന്ന്‌ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ കമ്പനികളുടെ പരസ്യങ്ങള്‍. ഒരു വാക്ക്‌ കൂടുതല്‍ പേര്‍ സെര്‍ച്ച്‌ ചെയ്യാനുപയോഗിക്കുമ്പോള്‍ ആ വാക്കിന്‌ ലേലത്തില്‍ വില വര്‍ധിക്കുന്നു. വാക്കുകളെ ലേലം ചെയ്ത്‌ വിറ്റ്‌ കാശാക്കാം എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗൂഗിള്‍ ആയിരിക്കാം.

'ആഡ്‌വേഡ്സ്‌ ' എന്ന സര്‍വീസ്‌ വഴിയാണ്‌ ഗൂഗിള്‍ ഇടതടവില്ലാതെ വാക്കുകള്‍ ലേലം ചെയ്തു വില്‍ക്കുന്നത്‌. ഗൂഗിളിന്റെ അണിയറയില്‍ ഇത്തരമൊരു സംഗതി നടക്കുന്നു എന്ന കാര്യം ഗൂഗിള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കറിയില്ല. ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്ന പതിനായിരക്കണക്കിന്‌ പരസ്യങ്ങള്‍ക്ക്‌ ന്യായമായ പ്രിതിഫലം ഗൂഗിള്‍ ഈ ലേലത്തിലൂടെ ഉറപ്പാക്കുന്നു. വമ്പന്‍മാര്‍ക്കു മാത്രല്ല, ചെറുകിട കമ്പനികള്‍ക്കും വാക്കുകള്‍ ലേലത്തില്‍ പിടിക്കാം. പക്ഷേ, വലിയ വിലയ്ക്കു ലേലംപിടിച്ചു എന്നു കരുതി ഒരു പരസ്യം സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഒന്നാമത്‌ വന്നു കൊള്ളണമെന്നില്ല. പരസ്യങ്ങളുടെ കാര്യത്തിലും 'പേജ്‌റാങ്ക്‌ ' ഗൂഗിള്‍ ഉപയോഗിക്കുന്നു. എന്നുവെച്ചാല്‍, പരസ്യത്തിന്റെ ജനപ്രീതി കൂടി കണക്കിലെടുത്തേ അത്‌ ആദ്യമെത്തുമോ എന്ന്‌ തീരുമാനിക്കപ്പെടൂ.

'ഡിജിറ്റല്‍ ക്യാമറ' എന്ന്‌ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായും സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍, സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ എന്ന പേരില്‍ സ്ക്രീനിലെത്തും. സെര്‍ച്ചു ചെയ്യുന്നയാള്‍ സ്പോണ്‍സേഡ്‌ ലിങ്കില്‍ ഏതിലെങ്കിലും ക്ലിക്കു ചെയ്താല്‍, ആ പരസ്യം ഏത്‌ സ്ഥാപനത്തിന്റേതാണോ ആ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന്‌ ഒരു നിശ്ചിത തുക ഗൂഗിളിന്റെ അക്കൗണ്ടിലെത്തും.

ആസ്ബറ്റോസ്‌ മൂലമുണ്ടാകുന്ന ഒരിനം അര്‍ബുദമാണ്‌ 'mesothelioma'. ആസ്ബറ്റോസ്‌ കമ്പനികളില്‍ നിന്ന്‌ കോടികള്‍ നഷ്ടപരിഹാരം നേടാനുള്ള വഴിയാണ്‌ ഈ രോഗം തുറന്നു തരുന്നത്‌. അതിനാല്‍, ഈ വാക്കിനായി വന്‍കിട നിയമകമ്പനികളും അഭിഭാഷകരും എത്ര പണം വേണമെങ്കിലും ലേലത്തില്‍ നല്‍കാന്‍ തയ്യാറാണ്‌. 30ഡോളര്‍(1350 രൂപ) ആണ്‌ ഈ വാക്കിനുള്ള ഗൂഗിളിലെ ക്ലിക്ക്‌ വില. ഗൂഗിളില്‍ ഏറ്റവും വിലയേറിയ വാക്കുകളിലൊന്നാണിത്‌. ഓരോ ക്ലിക്കും ഇങ്ങനെ ഗൂഗിളിന്റെ വരുമാനം വര്‍ധിപ്പിക്കുന്നു. ജി-മെയിലിലും, യുടൂബിലും, ഓര്‍ക്കുടിന്റെ കമ്മ്യൂണിറ്റി പേജുകളിലുമൊക്കെ ഇത്തരം സ്പോണ്‍സേഡ്‌ ലിങ്കുകള്‍ സന്നിവേശിപ്പിക്കുക വഴി പണത്തിനുള്ള പുതിയ പുതിയ വഴികള്‍ ഗൂഗിള്‍ തുറക്കുകയാണ്‌.
നിങ്ങള്‍ക്കും പണം കൊയ്യാം

ഭാവനയും അധ്വാനശേഷിയുമുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍ ഗൂഗിളിലൂടെ നിങ്ങള്‍ക്കും പണമുണ്ടാക്കാം. ഒരു വെബ്സൈറ്റ്‌ തുടങ്ങിയാല്‍ മതി. ബ്ലോഗ്‌ സൈറ്റായാലും കുഴപ്പമില്ല. ആ സൈറ്റില്‍ ഗൂഗിളിന്റെ 'ആഡ്സെന്‍സി'(AdSense)ന്റെ സേവനം തേടുക. ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ രജസ്റ്റര്‍ ചെയ്താല്‍ മതി. നിങ്ങളുടെ വെബ്സൈറ്റിന്റെ ഉള്ളടക്കം ഗൂഗിളിന്റെ കമ്പ്യൂട്ടറുകള്‍ ഓട്ടോമാറ്റിക്കായി മനസിലാക്കി, ആ ഉള്ളടക്കത്തിന്‌ അനുയോജ്യമായ പരസ്യങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഗൂഗിള്‍ തരും. സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആരെങ്കിലും ഗൂഗിള്‍ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്താല്‍, അതില്‍ നിന്നുള്ള പണത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്കുള്ളതാണ്‌. അത്‌ ചെക്കായി ഗൂഗിള്‍ നിങ്ങള്‍ക്ക്‌ കൃത്യമായി അയച്ചു തരും. പക്ഷേ, ഇത്‌ എത്ര ശതമാനമാണ്‌ എന്ന്‌ ഗൂഗിള്‍ വെളിപ്പെടുത്താറില്ല.

വെറുതെ സൈറ്റ്‌ നിര്‍മിച്ച്‌ ആഡ്സെന്‍സിന്റെ സേവനം തേടിയിട്ടു കാര്യമില്ല. നിങ്ങളുടെ സൈറ്റ്‌ ആളുകള്‍ സന്ദര്‍ശിക്കണം. അതിന്‌ സൈറ്റ്‌ സജീവമായി നിലനിര്‍ത്തുകയും തുടര്‍ച്ചയായി നവീകരിക്കുകയും വേണം. അധ്വാനം കൂടിയേ തീരൂ എന്നു സാരം. അമേരിക്കയില്‍ വന്‍കിട സ്ഥാപനങ്ങളിലെ ജോലി രാജിവെച്ചിട്ട്‌, ഗൂഗിളിന്റെ സഹായത്തോടെ സ്വന്തം ബ്ലോഗുകൊണ്ട്‌ പണമുണ്ടാക്കുന്ന പ്രവണത ഏറിവരുന്നതിനെക്കുറിച്ച്‌ അടുത്തയിടെ 'എക്കണോമിസ്റ്റ്‌ ' വാരിക ഒരു ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, മലയാളത്തില്‍ നിലവില്‍ ഗൂഗിളിന്‌ ഈ സേവനം ഇല്ല. ഇംഗ്ലീഷ്‌ പോലുള്ള ഇരുപതോളം ഭാഷകളെയേ ആഡ്സെന്‍സ്‌ പിന്തുണയ്ക്കുന്നുള്ളൂ.

11 comments:

Joseph Antony said...

വാക്കുകളെ ലേലത്തില്‍ വില്‍ക്കാം എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗൂഗിളായിരിക്കണം. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിക്കുകയാണ്‌-ഗൂഗിള്‍പരമ്പര മൂന്നാംഭാഗം.

sreeni sreedharan said...

ഗൂഗിളിനെയും രീതികളെയും പറ്റി വിവരിച്ചതിനു നന്ദി.
വള്രെ നന്നായിരിക്കുന്നൂ

myexperimentsandme said...

വളരെ വളരെ നന്നായി എഴുതിയിരിക്കുന്നു.

രസിച്ച് രസിച്ച് വായിച്ചു വായിച്ചു വരുമ്പോള്‍ പെട്ടെന്ന് തീര്‍ന്നുപോയതുപോലെ-ഏതൊരു നല്ല എഴുത്തിന്റെയും പ്രശ്‌നം ഇവിടെയും :)

അഭിനന്ദനങ്ങള്‍. വളരെയധികം വിജ്ഞാനപ്രദമായ ഒരു ബ്ലോഗ്.

ഉത്സവം : Ulsavam said...

നന്നായിരിയ്ക്കുന്നു പരമ്പര തുടരട്ടെ..
ഗൂഗിളിന്റെ സെറ്ച്ചിങ്ങ് പവറിനെക്കുറിച്ച്, മൊട്ടുസൂചി കളഞ്ഞ് പോയലും ഗൂഗിളില്‍ നോക്കി തപ്പിയെടുക്കാം എന്നൊരു തമാശ ഞങ്ങള്‍ പറയാറുണ്ടാ‍യിരുന്നു. ആ കാറ്ട്ടൂണ്‍ കണ്ടപ്പോള്‍ അതോറ്മ്മ വന്നു.:-)

Mubarak Merchant said...

ഗൂഗിളിനെക്കുറിച്ചുള്ള ഈ കുറിപ്പും ഇതിനുമുന്‍പുള്ളവയും വളരെ വിജ്ഞാനപ്രദമായി എന്ന്‍ പറയുന്നതോടൊപ്പം മറ്റൊന്നു കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ.
മാതൃഭൂമി തൊഴില്‍ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്ന ‘ഹരിശ്രീ’ എന്ന ബുക് ലെറ്റിന്റെ ഇക്കഴിഞ്ഞ ലക്കം ഗൂഗിളിനെക്കുറിച്ചുള്ള സ്പെഷല്‍ പതിപ്പായിരുന്നു. ഈ പോസ്റ്റുകളില്‍ കണ്ട അതേ വരികളും ചിത്രങ്ങളും വള്ളിപുള്ളിവ്യത്യാസമില്ലാതെ അതിലും വായിച്ചു.

കടപ്പാട് ആര്‍ക്ക് ആരോടാണെന്ന് പോസ്റ്റിന്റെ അവസാനം വ്യക്തമാക്കുന്നത് നന്നായിരിക്കും.

Kuttyedathi said...

ഇക്കാസേ, ജോസഫ് ആന്റണി മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വ്യക്തിയല്ലേ ? അപ്പോളാ ലേഖനവും ഇദ്ദേഹം തന്നെ എഴുതിയതായിരിക്കാമല്ലോ.

ജോസഫ്, വളരെ വളരെ നല്ല ലേഖനം. ഒരുപാട് പുതിയ വിവരങ്ങള്‍ കിട്ടി. നന്ദി.

Mubarak Merchant said...

‘മാതൃഭൂമി’യിലാണിദ്ദേഹം ജോലി ചെയ്യുന്നതെന്ന് കുട്ട്യേടത്തി പറഞ്ഞപ്പളാ അറിഞ്ഞത്.
അദ്ദേഹം തന്നെയാണത് ‘ഹരിശ്രീ’യിലുമെഴുതിയതെങ്കില്‍ അക്കാര്യം കൂടി ഇവിടെ ചേര്‍ത്താല്‍ നല്ലവനായ ഒരു വ്യക്തിയെ തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാനായേക്കും എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

വേണു venu said...

ലേഖനവും വിസ്മയാവഹം.
അഭിനന്ദനങ്ങള്‍.

രാജീവ്::rajeev said...

കൊച്ചു കുട്ടികള്‍ക്കു പോലും മനസ്സിലാവുന്ന ഭാക്ഷയില്‍ സാങ്കേതിക ലേഖനങ്ങള്‍ എഴുതുക എന്നത് വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. യൂറിക്കയിലെ പ്രൊ. ശിവദാസിന്റെ ലേഖനങ്ങളിലാണ് ഈ ലാളിത്യം ഇതിനു മുന്‍പ് കണ്ടിട്ടുള്ളത്. നമ്മള്‍ പോലും അറിയാതെ വിജ്ഞാനം നമ്മളിലേക്ക് കടന്നു വരുന്ന ശൈലി. തീര്‍ച്ചയായും താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

-രാജീവ്.

Siju | സിജു said...

കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി

t.k. formerly known as thomman said...

സൈറ്റ് മലയാളത്തിലാണെങ്കിലും ഗൂഗിള്‍ AdSense അനുവദിക്കും. പേജിന്റെ തലക്കെട്ട്, കീ വേഡുകള്‍ ഒക്കെ ഇംഗ്ലീഷില്‍ കൊടുക്കുകയാണെങ്കില്‍ പ്രസക്തമായ പരസ്യങ്ങള്‍ AdSense കാണിക്കാന്‍ സാധ്യതയുണ്ട്.