ധ്രുവത്തിന്റെയും ഡോള്‍ഫിന്റെയും വര്‍ഷമായിരിക്കും 2007. അന്താരാഷ്ട്ര ഡോള്‍ഫിന്‍ വര്‍ഷമായി 2007-നെ യു.എന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര സയന്‍സ് കൗണ്‍സിലും(ISC), ലോക കാലാവസ്ഥാസംഘടനയും(WMO) ചേര്‍ന്നാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ധ്രുവവര്‍ഷ(International Polar Year-IPY)മായി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലനില്‍പ്പിന് ഭീഷണി നേരിടുന്ന ഡോള്‍ഫിനുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടാനും, ധ്രുവപ്രദേശങ്ങളെ ആഴത്തില്‍ മനസിലാക്കുക വഴി ആഗോളതാപനം പോലെ ലോകം നേരിടുന്ന വന്‍വിപത്തുകളെക്കുറിച്ച് വ്യക്തതയുണ്ടാക്കാനും ഈ വര്‍ഷാചരണങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ
ധ്രുവവര്‍ഷം
2007 മാര്‍ച്ചിലാണ് അന്താരാഷ്ട്രധ്രുവവര്‍ഷവുമായി ബന്ധപ്പെട്ട ഗവേഷണപദ്ധതികള്‍ ആരംഭിക്കുക. അവ 2009 മാര്‍ച്ച് വരെ നീളും. 60 രാജ്യങ്ങള്‍ പങ്കുചേരുന്ന ധ്രുവര്‍ഷാചരണത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 150 മുതല്‍ 200 കോടി പൗണ്ട് വരെ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നാലാമത്തെ ധ്രുവവര്‍ഷാചരണമാണ്. 1882-83, 1932-33, 1957-58 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് ധ്രുവവര്‍ഷാചരണം നടന്നത്. 'ഇന്റര്‍നാഷണല്‍ ജിയോഫിസിക്കല്‍ വര്‍ഷ'മായിരുന്നു 1957-58 ലേത്. ഇതുവരെയുള്ള വര്‍ഷാചരണങ്ങളിലെല്ലാം ആര്‍ട്ടിക്ക്, അന്റാര്‍ട്ടിക്ക് മേഖലകളുടെ ഭൗതീകവും ഭൂമിശാസ്ത്രപരമവും ജൈവപരവുമായ പ്രത്യേകതകള്‍ മനസിലാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇത്തവണ പക്ഷേ, ആഗോളതാപനഭീഷണിയുടെ പശ്ചാത്തലത്തിലാണ് ധ്രുവവര്‍ഷം ആചരിക്കുന്നത്. മാത്രമല്ല, ആര്‍ട്ടിക്കില്‍ ജീവിക്കുന്ന ഇന്യൂറ്റ്സ്(Inuits) വര്‍ഗ്ഗക്കാരുടെ സജീവസഹകരണവും ഈ സംരംഭത്തിനുണ്ടാകും.
'ധ്രുവങ്ങളെപ്പറ്റി ഇന്ന് ലഭ്യമായ വിവരങ്ങളില്‍ 60 ശതമാനവും 1958-ലെ ധ്രുവഗവേഷണപദ്ധതികളുടെ ഫലമാണ്'-ആര്‍ട്ടിക്കിനെപ്പറ്റി പഠിക്കുന്ന കനേഡിയന്‍ ഗവേഷണ ശൃംഗലയായ 'ആര്‍ട്ടിക്ക് നെറ്റി'(അൃരശേരചലി)ന്റെ സയന്റിഫിക് ഡയറക്ടര്‍ ലൂയിസ് ഫോര്‍ട്ടിയര്‍ അറിയിക്കുന്നു. അന്റാര്‍ട്ടിക്ക് മഞ്ഞുപാളിയുടെ കനമളന്നതും, അന്റാര്‍ട്ടിക്കയെ സമാധാനത്തിന്റെയും ശാസ്ത്രത്തിന്റെയും ഭൂഖണ്ഡമായി പ്രഖ്യാപിക്കുന്ന 'അന്റാര്‍ട്ടിക്ക് ഉടമ്പടി'യുമൊക്കെ ആ ധ്രുവവര്‍ഷാചരണത്തിന്റെ ഫലമാണ്. അത്തരമൊരു കുതിപ്പായിരിക്കും ഇപ്പോഴത്തെ ധ്രുവവര്‍ഷാചരണത്തിലുമുണ്ടാവുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാനഡയാണ് ഇത്തവണത്തെ സംരംഭത്തിന് മുന്‍നിരയിലുള്ളത്. 60 രാജ്യങ്ങളില്‍ നിന്നായി ഗവേഷകരുള്‍പ്പടെ, 50,000 പേര്‍ ധ്രുവവര്‍ഷാചരണത്തില്‍ പങ്കുചേരുമെന്ന് കരുതുന്നു. വ്യാപകമായ പ്രചാണപ്രവര്‍ത്തനങ്ങളും നടക്കും.
ആഗോളകാര്‍ബണ്‍ചക്രത്തിന്റെ ഗതിവിഗതികള്‍ അറിയണമെങ്കില്‍, ആഗോളജലചക്രത്തെക്കുറിച്ച് അറിയണമെങ്കില്‍, ആഗോളകാലവാസ്ഥാചക്രത്തെപ്പറ്റി അറിയണമെങ്കില്‍, എന്തിന് ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വ്യക്തത ലഭിക്കണമെങ്കില്‍, നിങ്ങള്‍ ധ്രുവപ്രദേശങ്ങളെക്കുറിച്ച് പഠിച്ചേ തീരൂ-അന്താരാഷ്ട്ര ധ്രുവവര്‍ഷത്തിന്റെ പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഡേവിഡ് കാള്‍സണ്‍ പറയുന്നു. 'ഇത് ധ്രുവശാസ്ത്രമായിരിക്കാം, പക്ഷേ അതിന്റെ സ്വാധീനം ആഗോളതലത്തിലാണ് '-അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ധ്രുവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടുന്നു നൂറുകണക്കിന് ഗവേഷണപദ്ധതികളാണ് ലോകമെമ്പാടും ഈ വര്‍ഷാചരണവേളയില്‍ നടക്കുക.
ഡോള്‍ഫിന്‍ വര്‍ഷം
2007 'ഡോള്‍ഫിന്റെ വര്‍ഷമായിരിക്കുമെന്ന് 'യു.എന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ മൈഗ്രേറ്ററി സ്പീഷിസ്'(UN Convention on Migratory Species) ആണ് പ്രഖ്യാപിച്ചത്. കടലിന് ഭീഷണിയായ അടക്കംകൊല്ലി വലകളും, സമുദ്രമലിനീകരണവും, കടലില്‍ ആവശ്യത്തിന് ഭക്ഷണമില്ലാത്തതും, വേട്ടയുമൊക്കെ മൂലം കടുത്ത ഭീഷണി നേരിടുന്ന ഡോള്‍ഫിനുകളുടെ സംരക്ഷണത്തിന് ആക്കംകൂട്ടാനാണ് ഈ വര്‍ഷാചരണം ലക്ഷ്യമിടുന്നത്. ഡോള്‍ഫിനുകളെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തും. സുസ്ഥിരവികസനവിദ്യാഭ്യാസത്തിനുള്ള യു.എന്‍.പതിറ്റാണ്ടിന്റെ(UN Decade for Sustainable Development Education)ന്റെ ഭാഗമായാണ് ഡോള്‍ഫിന് വര്‍ഷാചരണം.
ഒരുകോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ജലസസ്തനികളാണ് ഡോള്‍ഫിനുകള്‍. നാലടി മുതല്‍ 30 അടി വരെ നീളമുള്ളവയുണ്ട്; 40 ഇനങ്ങളിലായി. മത്സ്യങ്ങളും നീരാളികള്‍, കണവ മുതലായവയുമാണ് ഇഷ്ടഭക്ഷണം. സംഘങ്ങളായി സഞ്ചരിക്കുന്ന ഇവയുടെ ഗര്‍ഭകാലം പത്തുമുതല്‍ പതിനൊന്നു മാസം വരെയാണ്. ജനിച്ചുവീഴുമ്പോള്‍ ഒരു മീറ്ററോളം നീളമുണ്ടാകും. മൂന്നുവയസില്‍ ലൈംഗീകപക്വത നേടുന്ന ഡോള്‍ഫിനുകള്‍, ജീവികളില്‍ വെച്ച് ഏറ്റവും ബുദ്ധിയുള്ളവയാണെന്ന് കരുതപ്പെടുന്നു. മനുഷ്യരുമായി എളുപ്പം ഇണങ്ങും. സൈനികാവശ്യങ്ങള്‍ക്കും രക്ഷാദൗത്യങ്ങള്‍ക്കുമൊക്കെ പരിശീലനം ലഭിച്ച ഡോള്‍ഫിനുകളെ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും കടല്‍മൈനുകള്‍ കണ്ടെത്താനും, കപ്പല്‍ അപകടത്തില്‍ കാണാതായവരെ തിരയാനുമൊക്കെ ഡോള്‍ഫിനുകളെ ഉപയോഗിച്ചു വരുന്നു.(കടപ്പാട്: എ.എഫ്.പി, റോയിട്ടേഴ്സ്, ബിബിസി ന്യൂസ്)
1 comment:
ധ്രുവങ്ങളുടെയും ഡോള്‍ഫിന്റെയും വര്‍ഷം. അതാണ് 2007.
Post a Comment