Tuesday, January 09, 2007

ഭാരതീയശാസ്ത്രജ്ഞര്‍-2: സുശ്രുതന്‍

ശസ്ത്രക്രിയയുടെ പിതാവെന്ന്‌ ലോകം അംഗീകരിക്കുന്ന പുരാതന ഭാരതീയശാസ്ത്രപ്രതിഭയാണ്‌ സുശ്രുതന്‍. ഇന്ന്‌ സര്‍ജന്‍മാര്‍ പറയുന്ന പലതും 2600 വര്‍ഷം മുമ്പ്‌ സുശ്രുതന്‍ പറഞ്ഞുവെച്ചതാണ്‌

ധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സര്‍ജറിയെന്ന്‌ പലരും കരുതുന്നു. എന്നാല്‍, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സര്‍ജന്‍മാര്‍ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതന്‍ ചെയ്ത ശസ്ത്രക്രിയകളില്‍ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യമാണെന്ന്‌ അറിയുമ്പോഴോ? അതാണ്‌ സത്യം. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സര്‍ജറിയുടെ പിതാവായി ലോകം അംഗീകരിക്കുന്നു. സിസേറിയന്‍ നടത്താന്‍ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയില്‍ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ.

തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകള്‍ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകള്‍ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതന്‍. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുള്‍പ്പെടെ 101 തരം ഉപകരണങ്ങള്‍ സുശ്രുതന്‍ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗത്ഭനായ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. വൈദ്യന്‍മാര്‍ പാലിക്കേണ്ട ധര്‍മ്മങ്ങളും മര്യാദകളും ശിക്ഷ്യന്‍മാര്‍ക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യര്‍ക്കു നല്‍കിയിരുന്ന നിര്‍ദ്ദേശം.

വിശ്വാമിത്ര മഹര്‍ഷിയുടെ മകനായ സുശ്രുതന്‍, ആയുര്‍വേദ വിദഗ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിക്ഷ്യനായിരുന്നു. വാരണാസിയില്‍ വെച്ച്‌ സുശ്രുതന്‍ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയില്‍ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പില്‍ക്കാലത്ത്‌ അദ്ദേഹം വിദഗ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുര്‍വേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ എ.ഡി. മൂന്നോ നാലോ ശതകത്തില്‍ നാഗാര്‍ജുനന്‍ എന്നയാള്‍ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.

സുശ്രുതന്‍ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍

ചരകത്തെക്കാള്‍ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങള്‍ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉള്‍പ്പെട്ടതാണ്‌ 'സുശ്രുതസംഹിത'. അഥര്‍വേദത്തിന്റെ ഉപാംഗമാണ്‌ ആയുര്‍വേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയില്‍ പ്രധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കല്‍), ഭേദ്യം(പിളര്‍ക്കല്‍), ലേഖ്യം(മാന്തല്‍), വേധ്യം(തുളയ്ക്കല്‍), ഏഷ്യം(ശസ്ത്രം കടത്തല്‍), ആഹാര്യം(പിടിച്ചെടുക്കല്‍), വിസ്രാവ്യം(ചോര്‍ത്തിയെടുക്കല്‍), സീവ്യം(തുന്നല്‍) എന്നിങ്ങനെ.

ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കല്‍പകസ്ഥാനം എന്നീ ഭാഗങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ.വാസുദേവശര്‍മയാണ്‌. സൂത്രസ്ഥാനം വടക്കേപ്പാട്ടു നാരായണ്‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നീ ഭാഗങ്ങള്‍ എം. നാരായണന്‍ വൈദ്യനും മലയാളിത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വര്‍ഷം മുമ്പാണ്‌ ഈ മഹാവൈദ്യന്‍ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതന്‍ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.

6 comments:

Joseph Antony said...

ശസ്ത്രക്രിയയുടെ പിതാവെന്ന്‌ ലോകം അംഗീകരിക്കുന്ന സുശ്രുതനെക്കുറിച്ച്‌, 'ഭാരതീയശാസ്ത്രജ്ഞര്‍' എന്ന പരമ്പരയിലെ രണ്ടാം ഭാഗം.

അനംഗാരി said...

ലേഖനം നന്നായി.അഭിനന്ദനങ്ങള്‍.

സജിത്ത്|Sajith VK said...

".......പ്ലാസ്റ്റിക്‌ സര്‍ജറിയുടെ പിതാവായി ലോകം അംഗീകരിക്കുന്നു."....

സര്‍ജറിയുടെ പിതാവായല്ലേ, പ്ലാസ്റ്റിക്‌ സര്‍ജറിയുടെ പിതാവായല്ലല്ലോ? ഒരു ആശയക്കുഴപ്പം..

Unknown said...

നല്ല സംരംഭം

അഭിനന്ദനങ്ങള്‍

സു | Su said...

:)

Unknown said...

സുശ്രുതന് തന്നെയാണ് ഉത്തരം