
നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവയെ സൂക്ഷ്മദര്‍ശനി എങ്ങനെയാണോ കാണിച്ചു തരുന്നത്, അത്തരത്തില്‍ സൂക്ഷ്മലോകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സഹായിക്കുന്ന 'സൂക്ഷ്മശ്രാവി' (micro-ear)ക്കാണ് പുതിയ സങ്കേതത്തിന്റെ സഹായത്തോടെ ഗവേഷകര്‍ രൂപംനല്‍കുന്നത്. കോശങ്ങളുടെ പ്രവര്‍ത്തനവും തന്മാത്രകളുടെ കൂട്ടിമുട്ടലുകളില്‍ പുറപ്പെടുന്ന ശബ്ദവുമൊക്കെ സൂക്ഷ്മശ്രാവി നമുക്ക് കേള്‍പ്പിച്ചു തരും. ഭാവിയില്‍ സാധാരണ ലബോറട്ടറി ഉപകരണമാകാന്‍ സാധ്യതയുള്ള ഒന്നാണിതെന്ന് ഗവേഷകര്‍ കരുതുന്നു.
ബ്രിട്ടനിലെ ഗ്ലാസ്‌കോ സര്‍വകലാശാല, ഓക്‌സ്ഫഡ് സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവിടങ്ങളിലെ ഗവേഷകര്‍ സഹകരിച്ചാണ് സൂക്ഷ്മശ്രാവി നിര്‍മിക്കുന്നത്. നിലവിലുള്ള ഒരു ലേസര്‍സങ്കേതം പരിഷ്‌ക്കരിച്ചാണ് പുതിയ ഉപകരണത്തിനായി ഉപയോഗിക്കുന്നത്. തന്മാത്രാ തലത്തിലുള്ള സൂക്ഷ്മബലങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്ന 'ഓപ്ടിക്കല്‍ ട്വീസറുകളി' (optical tweezers) ലെ ലേസര്‍വിദ്യയാണത്.

'സൂക്ഷ്മപ്രതികരണങ്ങള്‍ മനസിലാക്കാനുള്ള ഓപ്ടിക്കല്‍ ട്വീസറുകളുടെ സാധ്യത സൂക്ഷ്മശ്രാവിയായി പരിവര്‍ത്തനം ചെയ്യുകയാണ് ഞങ്ങള്‍ ഇതിലൂടെ'- പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഗ്ലാസ്‌കോ സര്‍വകലാശാലയിലെ പ്രൊഫ. ജോന്‍ കൂപ്പര്‍ അറിയിക്കുന്നു. 'പികോന്യൂട്ടണ്‍ (piconewton) ബലങ്ങള്‍ അളക്കാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും ഓപ്ടിക്കല്‍ ട്വീസറുകള്‍ക്ക് കഴിയും'-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. (മേശപ്പുറത്ത് നിശ്ചലമായിരിക്കുന്ന ഉപ്പുതരി പ്രയോഗിക്കുന്ന ബലത്തിന്റെ പത്തുലക്ഷത്തിലൊരംശമാണ് ഒരു പികോന്യൂട്ടണ്‍ ബലം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്).
ഓപ്ടിക്കല്‍ ട്വീസറുകളുടെ കാര്യത്തില്‍ പല ഗവേഷകരും ഒരു ലേസര്‍ കിരണമാണ് ഒരു മൊട്ടുമായി ബന്ധിപ്പിക്കുക. എന്നാല്‍, വലയരൂപത്തില്‍ ക്രമീകരിച്ചിരിക്കുന്ന മൊട്ടുകളാണ് സൂക്ഷ്മശ്രാവിയില്‍ ഉപയോഗിക്കുന്നത്. 'കേള്‍ക്കേണ്ട' സൂക്ഷ്മവസ്തുവിന്

ഒരു ഹൈസ്പീഡ് ക്യാമറയുടെ സഹായത്തോടെ, വലയരൂപത്തില്‍ ക്രമീകരിച്ചിട്ടുള്ള മൊട്ടുകളുടെ ചലനം നിരീക്ഷിക്കുകയും അതിന്റെ ഉറവിടം മനസിലാക്കുകയും ചെയ്യാം. കമ്പനം ചെയ്യുന്ന മൊട്ടുകളെ ഒരു സ്പീക്കറുമായി ഘടിപ്പിച്ചാല്‍, സൂക്ഷ്മജീവി അല്ലെങ്കില്‍ തന്മാത്രയുണ്ടാക്കുന്ന ശബ്ദം കേള്‍ക്കാനാകും. 'ബ്രൗണിയന്‍ ചലനം' (Brownian motion) സൃഷ്ടിക്കുന്ന ശബ്ദം റിക്കോര്‍ഡ് ചെയ്യാന്‍ ഇതിനകം ഗവേഷകര്‍ക്ക് സാധിച്ചു. ഈ സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്ന ഗവേഷണം തുടരുകയാണ്.
സൂക്ഷ്മശ്രാവി നിര്‍മിച്ചു കഴിഞ്ഞാല്‍ ഗവേഷകരുടെ ആദ്യലക്ഷ്യം ഇ-കോളി പോലുള്ള ബാക്ടീരിയകളുടെ സഞ്ചാരത്തെക്കുറിച്ച് പഠിക്കുകയാണ്. ബാക്ടീരിയകളുടെ സഞ്ചരം സാധ്യമാക്കുന്നത് 'ഫ്‌ലജല്ല' (flagella) യെന്ന സംവിധാനമാണ്. അതെപ്പറ്റി പഠിക്കുക വഴി ആ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഡോ. റിച്ചാര്‍ഡ് ബെറിയും സംഘവുമാണ് ഇക്കാര്യം പഠിക്കുക. വ്യത്യസ്ത ഫഌജല്ല സംവിധാനമുള്ള മറ്റ് സൂക്ഷ്മജീവികളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ പുതിയ സങ്കേതം വഴിയൊരുക്കും.(കടപ്പാട്: ബി.ബി.സി)