Thursday, October 08, 2009

നോബല്‍ സമ്മാനം 2009-രസതന്ത്രം

രസതന്ത്രനോബലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

രസതന്ത്രത്തിനുള്ള നൂറ്റിയൊന്നാമത്തെ നോബല്‍ സമ്മാനം ഇന്ത്യയുടെയും യശ്ശസുയര്‍ത്തുന്നു. ഇന്ത്യന്‍വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഇത്തവണത്തെ രസതന്ത്ര നോബല്‍ പങ്കിട്ടു. ഡോ. രാമകൃഷ്ണനൊപ്പം ഇസ്രായേലി സ്വദേശി ആദ എ.യോനാത്, അമേരിക്കന്‍ ഗവേഷകന്‍ തോമസ് എ. സ്‌റ്റെയ്റ്റ്‌സ് എന്നിവരാണ്, 'കോശങ്ങളിലെ പ്രോട്ടീന്‍ഫാക്ടറി' എ്ന്നറിയപ്പെടുന്ന റൈബോസോമുകളുടെ ത്രിമാനഘടനയും ധര്‍മങ്ങളും കണ്ടെത്തിയതിന് അംഗീകാരം നേടിയത്.

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചു എന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇപ്പോള്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലൂടെ ഇന്ത്യ വീണ്ടും ബഹുമാനിക്കപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച ഡോ. രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജീവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ രഹസ്യം കണ്ടെത്തുന്നതിലാണ് അദ്ദേഹവും, നോബല്‍ പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ടുപേരും വിജയിച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന റൈബോസോം തന്മാത്രയുടെ ആറ്റമികതലത്തിലുള്ള ഘടനയും, ആ തന്മാത്രകളുടെ ധര്‍മവും കണ്ടെത്തുകയാണ് നോബല്‍ ജേതാക്കള്‍ ചെയ്തത്.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളൊക്കെ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനമോ ഫലമോ ആണ്. ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ.യിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കോശങ്ങളില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുക. എന്നാല്‍, നേരിട്ട് പ്രോട്ടീന്‍ നിര്‍മാണം നടത്താനുള്ള കഴിവ് ഡി.എന്‍.എയ്്ക്കില്ല. അതിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപംകൊടുക്കുന്നത് റൈബോസോമുകള്‍ എന്ന ഇടനിലക്കാരാണ്. അതിനാല്‍, കോശങ്ങളിലെ 'പ്രോട്ടീന്‍നിര്‍മാണ ഫാക്ടറി'യെന്ന് റൈബോസോമുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. ജീവന്റെ അടിസ്ഥാന പ്രക്രിയകള്‍ വ്യക്തമാകണമെങ്കില്‍ റൈബോസോമുകളുടെ ഘടനയും ധര്‍മങ്ങളും മനസിലാക്കിയാലേ കഴിയൂ.

ജീവന്റെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ മാത്രമല്ല റൈബോസോമുകളുടെ ഘടന സഹായിക്കുക. മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കളെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധതന്മാത്രകള്‍ രൂപപ്പെടുത്താനും സഹായിക്കും. നമ്മുടെ ശരീരത്തില്‍ വിഷമയമായ പ്രോട്ടീനുകള്‍ കലര്‍ത്തിയാണ് രോഗാണുക്കള്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരം പ്രോട്ടീനുകള്‍ തടയാന്‍, അതിന് കാരണമായ റൈബോസോമുകളെ തടഞ്ഞാല്‍ മതി. അക്കാര്യത്തില്‍ റൈബോസോമുകളുടെ ആറ്റമികതലത്തിലുള്ള ത്രിമാനഘടന പ്രധാനപ്പെട്ടതാണ്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയെന്ന ആധുനിക സങ്കേതത്തിന്റെ സഹായത്തോടെയാണ് റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തുന്നതില്‍ നോബല്‍ ജേതാക്കള്‍ വിജയിച്ചത്.

കുട്ടികള്‍ വിവിധ ആകൃതികളുള്ള കരുക്കള്‍ കൂട്ടിയോജിപ്പിച്ച് പുതിയ ആകൃതിയുള്ളവ നിര്‍മിക്കാറില്ലേ. ഇതിന് സമാനമായ രീതിയിലാണ് ഔഷധതന്മാത്രകള്‍ ബാക്ടീരിയകളെ നിര്‍വീര്യമാക്കുന്നത്. റൈബോസോമിന്റെ ത്രിമാനഘടനയില്‍ കുറ്റമറ്റ രീതിയില്‍ ചേര്‍ന്ന് അതിന്റെ ആകൃതി നശിപ്പിക്കാന്‍ ഔഷധതന്മാത്രകള്‍ക്ക് സാധിച്ചാല്‍, ബാക്ടീരിയകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാതെ വരും. ഇക്കാരണത്താല്‍, തന്മാത്രാതലത്തില്‍ പുതിയ ഔഷധതന്മാത്രകള്‍ക്ക് രൂപംനല്‍കുന്നതില്‍ റൈബോസോമുകളുടെ ഘടനയ്ക്ക് സുപ്രധാന പങ്കുണ്ട്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഡോ. രാമകൃഷ്ണന്റെ കണ്ടുപിടിത്തം പ്രധാനപ്പെട്ടതാകുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ ആന്റിബയോട്ടിക്കുകള്‍ക്കുള്ള അനന്തസാധ്യതയാണ് റൈബോസോമുകളുടെ ഘടന തുറന്നു തരുന്നത്.

കോശങ്ങളില്‍ ജനിതകവിവരങ്ങള്‍ ശേഖരിക്കപ്പെടുകയും തലമുറകളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്യുന്നതിനൊപ്പം, ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അതെങ്ങനെ സഹായകമാകുന്നു എന്നത് ജീവന്റെ നിലനില്‍പ്പിനൊപ്പം ജിവന്റെ തുടര്‍ച്ചയെ സംബന്ധിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന മൂന്നാമത്തെ നോബലാണ് ഇത്തവണത്തേത് എന്നു പറഞ്ഞാല്‍ തെറ്റില്ല. 1962-ലായിരുന്നു ആ പരമ്പരയിലെ ആദ്യത്തേത് സമ്മാനിക്കപ്പെട്ടത്. ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാന്‍സിസ് ക്രിക്കിനും ജയിംസ് വാട്‌സണും ഒപ്പം മൗറീസ് വില്‍ക്കിന്‍സും പുരസ്‌കാരം പങ്കിട്ടു.

ഡി.എന്‍.എ.യിലെ ജനിതകനിര്‍ദേശങ്ങള്‍, കോശങ്ങളിലെ സന്ദേശവാഹകരായ റൈബോന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) തന്മാത്രകളിലേക്ക് പകര്‍ത്തപ്പെടുന്നത് എങ്ങനെ എന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിയ റോജര്‍ ഡി. കോണ്‍ബെര്‍ഗ് 2006-ലെ നോബല്‍ സമ്മാനം നേടിയപ്പോള്‍, അത് ജീവന്റെ അടിസ്ഥാനപ്രശ്‌നം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായി. ആര്‍.എന്‍.എ. തന്മാത്രയിലേക്ക് പകര്‍ത്തപ്പെടുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കി അതിനനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപം നല്‍കുകയാണ് റൈബോസോമുകള്‍ ചെയ്യുക. അതിസങ്കീര്‍ണമാണ് റൈബോസോമുകളുടെ ഘടന. അത് കണ്ടെത്തുക വഴി, ജീവന്റെ അടിസ്ഥാനപ്രക്രിയയിലെ സുപ്രധാനമായ മറ്റൊരു വശം അനാവരണം ചെയ്യുകയാണ് ഇത്തവണത്തെ നോബല്‍ ജേതാക്കള്‍ ചെയ്തത്. അതിനാല്‍, ജീവന്റെ അടിസ്ഥാനപ്രക്രിയ മനസിലാക്കിയതിന് നല്‍കുന്ന മൂന്നാമത്തെ നോബലായി ഇത്തവണത്തേത്.

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍: അമേരിക്കന്‍ പൗരന്‍. നോബല്‍ പുരസ്‌കാരം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജന്‍. 1952-ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ചു. ബറോഡ സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. രാമകൃഷ്ണന്റെയും അതെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. രാജലക്ഷ്മിയുടെയും മകന്‍. കൂട്ടുകാര്‍ വെങ്കിട്ടിയെന്ന് വിളിച്ചിരുന്ന വെങ്കിട്ടരാമന്റെ ഇഷ്ടവിഷയം ഭൗതികശാസ്ത്രമായിരുന്നെങ്കിലും, മാതാപിതാക്കളുടെ താത്പര്യം മാനിച്ച് അദ്ദേഹം ബയോകെമിസ്ട്രി തിരഞ്ഞെടുക്കുകയായിരുന്നു.

ബറോഡ സര്‍വകലാശാലയില്‍ നിന്ന് 1971-ല്‍ അദ്ദേഹം ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.രാമകൃഷ്ണന്‍, 1976-78 കാലത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു. ആ സമയത്താണ് അദ്ദേഹം അറിയപ്പെടുന്ന ബയോകെമിസ്റ്റായ ഡോ. മൗറീഷ്യോ മോന്റലിന് കീഴില്‍ ഗവേഷണം നടത്തിയത്. ഭൗതീകശാസ്ത്രത്തില്‍ നിന്ന് ബയോകെമിസ്ട്രിയിലേക്കുള്ള ചുവടുമാറ്റം അങ്ങനെയാണുണ്ടായത്.

യേല്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയിരുന്ന വേളയില്‍ ഇ. കോളി ബാക്ടീരിയത്തിന്റെ ചെറുറൈബോസോം സബ്‌യൂണിറ്റുകളുടെ ന്യൂട്രോണ്‍ സ്‌കാറ്ററിങ് മാപ്പ് തയ്യാറാക്കുന്നതില്‍ മുഴുകി. കേംബ്രിഡ്ജില്‍ എം.ആര്‍.സി. ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ.രാമകൃഷ്ണന്‍ ഇപ്പോള്‍. റോയല്‍ സൊസൈറ്റി ഫെലോയും ആണ്. 2000-ല്‍ നേച്ചര്‍ വാരികയിലാണ് റൈബോസോം ഘടന സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്.

ആദ എ.യോനാത്: 1939-ല്‍ ജറുസലേമില്‍ ജനിച്ച യോനാത്, 1968-ല്‍ ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടുന്നത്. വീസ്‌മെന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ ഹെലന്‍ ആന്‍ഡ് മില്‍ട്ടണ്‍ എ.കിമ്മല്‍മാന്‍ സെന്റര്‍ ഫോര്‍ ബയോമോളിക്യുലാര്‍ സ്ട്രക്ച്ചര്‍ ആന്‍ഡ്് അസംബ്ലിയുടെ മേധാവിയാണ് അവര്‍ ഇപ്പോള്‍.

തോമസ് എ. സ്‌റ്റെയ്റ്റ്‌സ്: അമേരിക്കയിലെ മില്‍വൗക്കീയില്‍ 1940-ല്‍ ജനിച്ചു. 1966-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. യേല്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍. (അവലംബം: nobelprize.org)

കാണുക

Tuesday, October 06, 2009

നോബല്‍ സമ്മാനം 2009 - വൈദ്യശാസ്ത്രം

ക്രോമസോം രഹസ്യം തുറക്കുന്ന സാധ്യതകള്‍

വൈദ്യശാസ്ത്രത്തിനുള്ള നൂറാമത്തെ നോബല്‍ സമ്മാനമാണ് ഇത്തവണത്തേത്. 'ടെലോമിയെറും ടെലോമിറേസ് രാസാഗ്നിയും ചേര്‍ന്ന് ക്രോമസോമുകളെ എങ്ങനെ സംരക്ഷിക്കുന്നു' എന്ന് കണ്ടുപിടിച്ച അമേരിക്കന്‍ ഗവേഷകരായ എലിസബത്ത് എച്ച്. ബ്ലാക്ക്‌ബേണ്‍, കരോള്‍ ഡബ്ല്യു. ഗ്രെയ്ഡര്‍, ജാക്ക് ഡബ്ല്യു. സോസ്തക് എന്നിവര്‍ ചേര്‍ന്ന് 2009-ലെ വൈദ്യശാസ്ത്രനോബല്‍ പങ്കിട്ടു. നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഒന്നിലേറെ വനിതകള്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിടുന്നത്.

ജീവന്റെ രൂപരേഖയാണ് ജിനോം. അത് നമ്മുടെ എല്ലാ കോശങ്ങളിലുമുണ്ട്. കോശമര്‍മത്തിലെ ക്രോമസോമുകളില്‍ അത് ചുരുട്ടിയടുക്കി വെച്ചിരിക്കുന്നു. കോശങ്ങള്‍ വിഭജിക്കുന്ന വേളയില്‍, ക്രോമസോം അക്ഷരാര്‍ഥത്തില്‍ രണ്ട് സമാന കോപ്പികളായി മാറണം. എങ്കിലേ സന്തതികോശങ്ങളില്‍ ജീവന്റെ രൂപരേഖയായ ജീനോം ഒരു മാറ്റവും കൂടാതെ എത്തൂ.

ഡി.എന്‍.എ. ഘടന കണ്ടെത്തുന്നത് 1953-ലാണ്. എന്നാല്‍, ജീവന്റെ തന്മാത്രയെപ്പറ്റി കാര്യമായി ഒന്നുമറിയാത്ത 1930-കളില്‍ തന്നെ ക്രോമസോമുകളുടെ അഗ്രഭാഗങ്ങള്‍ക്ക് (ടെലോമിയെറുകള്‍ -telomeres എന്ന് പേര്) ഒരു സംരക്ഷണ ചുമതലയുള്ളതായി ഹെര്‍മാന്‍ മുള്ളറും (നോബല്‍ സമ്മാനം, 1946), ബാര്‍ബറ മക്ക്ലിന്റോക്കും (നോബല്‍ സമ്മാനം, 1983) കണ്ടെത്തിയിരുന്നു. എന്നാല്‍ എങ്ങനെ ടെലോമിയെറുകള്‍ അത് സാധിക്കുന്നു എന്നകാര്യം ഉത്തരമില്ലാതെ തുടര്‍ന്നു.

ജീവശാസ്ത്രത്തിലെ ഒരു സുപ്രധാന സമസ്യയാണ് കോശവിഭജനത്തിന്റെ വേളയില്‍ ക്രോമസോമുകളെ എങ്ങനെ പൂര്‍ണമായി കോപ്പി ചെയ്യാന്‍ സാധിക്കുന്നു എന്നത്, ഒപ്പം ക്രോമസോമുകള്‍ നശിക്കാതിരിക്കുകയും വേണം. അതിനുള്ള സംവിധാനം ക്രോമസോമുകളുടെ അഗ്രഭാഗമായ ടെലോമിയെറുകളാണ് ഒരുക്കുന്നതെന്നും അതിന് അവയെ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണെന്നും കണ്ടുപിടിക്കപ്പെടുന്നത് 1980-കളുടെ ആദ്യപകുതിയിലാണ്. ഇത്തവണത്തെ നോബല്‍ ജേതാക്കളാണ് ആ മുന്നേറ്റം നടത്തിയത്.

ജീവശാസ്ത്രത്തിലെ ഒരു സുപ്രധാന സമസ്യയ്ക്ക് ഉത്തരം ലഭിച്ചു എന്നു മാത്രമല്ല, അര്‍ബുദം വാര്‍ധക്യം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാനുള്ള പുതിയ സാധ്യതകളും ആ കണ്ടുപിടിത്തം വഴി ഗവേഷകലോകത്തിന് തുറന്നുകിട്ടി.

ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച് കൂട്ടിവിളക്കി വെച്ചിരിക്കുന്ന ഘടനയാണ് ടെലോമിയെറുകള്‍ക്കുള്ളത്. എലിസബത്ത് ബ്ലാക്ക്‌ബേണും ജാക്ക് സോസ്തകും ചേര്‍ന്ന്, ടെലോമിയെറുകളുടെ സവിശേഷമായ ഡി.എന്‍.എ.ശ്രേണി കണ്ടെത്തി. കരോള്‍ ഗ്രെയ്ഡറും ബ്ലാക്ക്‌ബേണും ചേര്‍ന്ന്, ടെലോമിയര്‍ ഡി.എന്‍.എ.യ്ക്ക് കാരണമാകുന്ന രാസാഗ്നിയായ ടെലോമിറേസ് കണ്ടെത്തി.

കണ്ടുപിടിത്തത്തിന്റെ വഴികള്‍

എലിസബത്ത് ബ്ലാക്ക്‌ബേണിന്റെ ആദ്യകാല ഗവേഷണം ഡി.എന്‍.എ.ശ്രേണികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ടെട്രാഹൈമിന എന്ന ഏകകോശജീവിയുടെ ജനിതകഘടന പഠിക്കുന്ന വേളയില്‍ ഒരു പ്രത്യേക ഡി.എ്ന്‍.എ. ശ്രേണി (CCCCAA) ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ഒട്ടേറെ തവണ ആവര്‍ത്തിച്ച് വരുന്നത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍, ആ ആവര്‍ത്തനശ്രേണിയുടെ കര്‍ത്തവ്യം എന്താണെന്ന് അറിയില്ലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെ, ജാക് സോസ്താക് മറ്റൊരു വസ്തുത സ്വന്തംനിലയ്ക്ക് നിരീക്ഷിക്കുകയുണ്ടായി. ഒരിനം മിനിക്രോമോസോം യീസ്റ്റ് കോശങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അത് വേഗം നശിക്കുന്നു എന്നതായിരുന്നു ആ നിരീക്ഷണം.

1980-ല്‍ ബ്ലാക്ക്‌ബേണ്‍ തന്റെ കണ്ടെത്തലുകള്‍ ഒരു ശാസ്ത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. അത് സോസ്താകിന്റെ ശ്രദ്ധയാകര്‍ഷിച്ചു. രണ്ട് നിരീക്ഷണങ്ങളെയും ജീവിവര്‍ഗങ്ങളുടെ അതിരുകള്‍ ഭേദിച്ച് പരിശോധിക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. ടെട്രാഹൈമിനയില്‍ നിന്ന് CCCCAA ശ്രേണി ബ്ലാക്ക്‌ബേണ്‍ വേര്‍തിരിച്ചെടുത്തത്, സോസ്താക് മിനിക്രോമസോമുമായി സംയോജിപ്പിച്ച് യീസ്റ്റില്‍ സന്നിവേശിപ്പിച്ചു. ആ പ്രത്യേക ഡി.എന്‍.എ.ശ്രേണി മിനിക്രോമസോമിനെ നാശത്തില്‍ നിന്ന് രക്ഷിക്കുന്നു എന്ന അത്ഭുതകരമായ ഫലമാണ് പരീക്ഷണത്തില്‍ കണ്ടത്. (1982-ല്‍ ഇത് ഇരുവരും ചേര്‍ന്ന് 'സെല്‍' മാഗസിനില്‍ പ്രസിദ്ധീകരിച്ചു).

വ്യത്യസ്തമായ ഒരു ജീവിയില്‍ നിന്നുള്ള ടെലോമിയര്‍ ഡി.എന്‍.എ.ക്ക്, മറ്റൊരു ജീവിയിലെ മിനിക്രോമസോമിനെ സംരക്ഷിക്കാന്‍ കഴിയുന്നു എ്ന്നു പറഞ്ഞാല്‍ എന്താണര്‍ഥം. അതുവരെ അറിയാത്ത ഒരു അടിസ്ഥാന ജൈവസംവിധാനമാണ് അതിലുള്ളത് എന്നാണ്. ടെലോമിയര്‍ ഡി.എന്‍.എ. അതിന്റെ സവിശേഷമായ ശ്രേണിയുമായി അമീബ മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവികളിലും, സസ്യങ്ങളിലും ഉള്ളതായി പിന്നീട് വ്യക്തമായി.

ബ്ലാക്ക്‌ബേണിന് കീഴില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു അക്കാലത്ത് കരോള്‍ ഗ്രെയ്ഡര്‍. ഇരുവരും ചേര്‍ന്ന് ടെലോമിയര്‍ ഡി.എന്‍.എ. ഏതെങ്കിലും രാസാഗ്നിയുടെ പ്രവര്‍ത്തനഫലമാണോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. 1984-ലെ ക്രിസ്മസ് ദിനത്തിലായിരുന്നു 'യുറീക്കാ നിമിഷം'. ഒരു രാസാഗ്നിയുടെ സാന്നിധ്യത്തെക്കുറിച്ച് ഗ്രേയ്ഡര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചു. ഗുരുവും ശിഷ്യയും ചേര്‍ന്ന് അതിന് ടെലോമിറേസ് രാസാഗ്നി എന്ന് പേരിട്ടു.

ടെലോമിറേസ് രാസാഗ്നിയെ സംശുദ്ധീകരിച്ചപ്പോള്‍ അതില്‍ ആര്‍.എന്‍.എ.യും പ്രോട്ടീനും ഉള്ളതായി തെളിഞ്ഞു. ആര്‍.എന്‍.എ.സംയുക്തത്തില്‍ CCCCAA ശ്രേണിയുള്ളതായി തെളിഞ്ഞു. അതാണ് ടെലോമിയറിന്റെ നിര്‍മാണത്തിന് വേണ്ട ചട്ടക്കൂട് ആയി പ്രവര്‍ത്തിക്കുക. നിര്‍മാണ പ്രവര്‍ത്തനം പ്രോട്ടീന്‍ നിര്‍വഹിച്ചു കൊള്ളും. ക്രോമസോമിനെ കോശവിഭജനത്തിന്റെ വേളയില്‍ പൂര്‍ണരൂപത്തില്‍ കോപ്പി ചെയ്യപ്പടാന്‍ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണ്.

ആന്തരഘടികാരം

ക്രോമസോമുകളുടെ അഗ്രഭാഗങ്ങളിലെ ടെലോമിയെര്‍ യഥാര്‍ഥത്തില്‍ കോശത്തിന്റെ ആന്തരഘടികാരമായാണ് പ്രവര്‍ത്തിക്കുന്നത്. കോശങ്ങളിലെ ഈ ആന്തരഘടികാരത്തിന് അര്‍ബുദവുമായും വാര്‍ധക്യവുമായും ബന്ധമുണ്ട്. കോശങ്ങളുടെ വിഭജനവും അന്ത്യവും തമ്മില്‍ ബന്ധമുള്ളതാണല്ലോ അര്‍ബുദവും വാര്‍ധക്യവും. ഒരാള്‍ക്ക് പ്രായമാകുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്കും പ്രായമാകുന്നു. കുഞ്ഞുങ്ങളില്‍ കോശങ്ങള്‍ ചെറുപ്പമാണെങ്കില്‍ മുതിര്‍ന്നവരില്‍ അവ മുതിര്‍ന്നതായിരിക്കും. ഒരു പരിധി കഴിയുന്നതോടെ കോശങ്ങള്‍ക്ക് വിഭജിക്കാന്‍ കഴിയാതെ വരുന്നതാണ് വാര്‍ധക്യം. കോശങ്ങളിലെ ആന്തരഘടികാരമാണ് ഇത് നിയന്ത്രിക്കുന്നത്. എന്നാല്‍, ഘടികാരം നിശ്ചമായാല്‍ കോശങ്ങള്‍ നശിക്കാതെ വിഭജിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കും. അതാണ് അര്‍ബുദത്തിന്റെ അടിസ്ഥാനം.

ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച് കൂട്ടിവിളക്കിയ രൂപത്തിലുള്ള ടെലോമിയറിന്റെ ക്രമീകരണം മൂലം, കോശവിഭജനവേളയില്‍ ജനിതക വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല. ക്രോമസോമുകളുടെ വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടുതന്നെ, വിഭജനം തുടരാന്‍ കോശങ്ങള്‍ക്ക് ടെലോമിറേസ് അവസരമൊരുക്കുന്നു.

ടെലോമിറേസ് രാസാഗ്നി സജീവമല്ലാത്തപ്പോള്‍, ഓരോ കോശവിഭജനം കഴിയുമ്പോഴും ടെലോമിയെറിന്റെ നീളം കുറയുന്നു. ആത്യന്തികമായി ജനിതകനിര്‍വീര്യതയിലേക്കും മരണത്തിലേക്കും കോശങ്ങളെ നയിക്കുന്നത് ഈ പ്രക്രിയയാണ്. ഭ്രൂണവിത്തുകോശങ്ങളുടെ അവസ്ഥ കഴിഞ്ഞാല്‍, ബാക്കി സയമത്തൊന്നും ഈ ടെലോമിറേസ് രാസാഗ്‌നി സജീവമായിരിക്കില്ല. ചെറുപ്പക്കാരുടെ കോശങ്ങളില്‍ ടെലോമിറേസിന്റെ നീളം കൂടുതലായിരിക്കും, പ്രായമാകുമ്പോള്‍ അത് ചെറുതായി വരും. ഒടുവില്‍ ടെലോമിയറിന്റെ നീളം ഏറ്റവും കുറഞ്ഞ ഘട്ടത്തില്‍ കോശം വിഭജനം നിര്‍ത്തും. അതാണ് ശരിക്കുള്ള വാര്‍ധക്യം.

എന്നാല്‍, അര്‍ബുദത്തിന്റെ കാര്യത്തില്‍ ടെലോമിയെര്‍ ചെറുതാകുന്നത് തടയപ്പെടുന്നു. കോശത്തെ സംബന്ധിച്ചിടത്തോളം സമയം നിശ്ചലമാക്കപ്പെടുകയാണ് അപ്പോള്‍ സംഭവിക്കുക. ടെലോമിറേസ് എന്ന രാസാഗ്‌നിയുടെ സ്വാധീനം മൂലമാണ് ഇത് സംഭവിക്കുന്നത്. കോശം ശത്രുതയോടെ പെരുകാനും ട്യൂമറുകള്‍ക്ക് വഴിവെക്കാനും കാരണം അതാണ്. ടെലോമിറേസ് രാസാഗ്‌നിയെ അമര്‍ച്ച ചെയ്താല്‍ അര്‍ബുദ ട്യൂമറുകളെ ചെറുക്കാന്‍ സാധിക്കും. അര്‍ബുദം വൈദ്യശാസ്ത്രത്തിന് കീഴടങ്ങും എന്നര്‍ഥം.

മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ് വാര്‍ധക്യം തടയുക എന്നത്. അക്കാര്യത്തിലും ടെലോമിറേസ് രാസാഗ്നി തുണയായേക്കും. ക്രോമസോമുകളുടെ അഗ്രത്തിലുള്ള ടെലോമിയെറിന്റെ നീളം തീരെക്കുറയുന്നതാണല്ലോ വാര്‍ധക്യത്തിലേക്ക് കോശങ്ങളെ നയിക്കുന്നത്. എന്നാല്‍, ടെലോമിറേസ് രാസാഗ്‌നിയുടെ സഹായത്തോടെ ഈ പ്രക്രിയ മെല്ലെയാക്കിയാക്കാനായാല്‍, കോശങ്ങള്‍ വിഭജനം നിര്‍ത്തില്ല, വാര്‍ധക്യം വരികയുമില്ല. അസാധാരണമായ സാധ്യതകളിലേക്കുള്ള ചവിട്ടുപടിയാണ് ടെലോമിയറും ടെലോമിറേസ് രാസാഗ്നിയുമെന്ന് സാരം.

എലിസബത്ത് ബ്ലാക്ക്‌ബേണ്‍: ഓസ്‌ട്രേലിയയില്‍ ടാസ്മാനിയയിലെ ഹൊബാര്‍ട്ടില്‍ 1948-ല്‍ ജനിച്ചു. മെല്‍ബണിലെ പഠനത്തിന് ശേഷം, 1975-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദം നേടി. അമേരിക്കയില്‍ ന്യൂ ഹവനിലെ യേല്‍ സര്‍വകലാശാല, ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1990 മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. അമേരിക്കന്‍ പൗരത്വവും ഓസ്‌ട്രേലിയന്‍ പൗരത്വവുമുണ്ട്.

കരോള്‍ ഗ്രെയ്ഡര്‍: കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയില്‍ 1961-ല്‍ ജനിച്ചു. ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന ബ്ലാക്ക്‌ബേണിന്റെ മേല്‍നോട്ടത്തില്‍ 1987-ല്‍ ഗവേണബിരുദം കരസ്ഥമാക്കി. കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണത്തിന് ശേഷം 1997 മുതല്‍ ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു.

ജാക്ക് സോസ്താക്: ലണ്ടനില്‍ 1952-ല്‍ ജനിച്ച സോസ്താക് കാനഡയിലാണ് വളര്‍ന്നത്. മോണ്‍ട്രിയളിലെ മക്ഗില്‍ സര്‍വകലാശാല, ന്യൂയോര്‍ക്ക് ഇഥാക്കയിലെ കോര്‍ണല്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ് പഠിച്ചത്. കോര്‍ണലില്‍ നിന്ന് 1977-ല്‍ ഗവേഷണബിരുദം നേടി. 1979 മുതല്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇപ്പോള്‍ ബോസ്റ്റണില്‍ മസാച്യൂസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ജനറ്റിക്‌സ് പ്രൊഫസറാണ്. അമേരിക്കന്‍ പൗരന്‍. (അവലംബം: http://nobelprize.org/)

കാണുക

Sunday, October 04, 2009

രോഗനിര്‍ണയത്തിന് സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ്

ചെലവു കുറഞ്ഞ സെല്‍ഫോണിനെ ഒരു അറ്റാച്ച്‌മെന്റിന്റെ സഹായത്തോടെ രോഗനിര്‍ണയ ഉപാധിയാക്കി മാറ്റുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. 'സെല്‍സ്‌കോപ്പ്' എന്നു വിളിക്കുന്ന ആ സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ക്ഷയരോഗവും മലമ്പനിയും മറ്റും തിരിച്ചറിയാന്‍ കഴിയുമെന്ന് വന്നാലോ. ചെലവു കുറഞ്ഞ ഈ രോഗനിര്‍ണയമാര്‍ഗം ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളിലും, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദൂരമേഖലകള്‍ക്കും അനുഗ്രഹമാകും.

അമേരിക്കയില്‍ ബര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായേക്കാവുന്ന സെല്‍സ്‌കോപ്പിന് രൂപംനല്‍കിയത്. കുഴലുപോലുള്ള ഒരു ഭാഗം സെല്‍ഫോണുമായി ബെല്‍റ്റ്ക്ലിപ്പ് ഉപയോഗിച്ച് ഘടിപ്പിച്ചാണ്, അതിനെ മൈക്രോസ്‌കോപ്പ് ആക്കി മാറ്റുക. പരമ്പരാഗത സൂക്ഷ്മദര്‍ശനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന സെല്‍സ്‌കോപ്പ് ഉപയോഗിച്ച് കഫവും രക്തവും പരിശോധിക്കാനാവും. സ്ലൈഡുകളിലെ സാമ്പിളുകളുടെ ദൃശ്യങ്ങള്‍ വലുതാക്കി വിശകലനം ചെയ്താണ് രോഗനിര്‍ണയം നടത്തുക. അല്ലെങ്കില്‍, ദൃശ്യങ്ങള്‍ നെറ്റ്‌വര്‍ക്ക് വഴി മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് അയച്ച് വിശകലനം സാധ്യമാക്കുന്നു. ഫഌറസെന്റ് പ്രതിഭാസമാണ് ഉപകരണത്തില്‍ പരിശോധനയ്ക്ക് സഹായിക്കുക.

ക്ഷയരോഗത്തിന്റെ കാര്യത്തില്‍ സ്ലൈഡിലെ കഫത്തിന്റെ സാമ്പിളുമായി വിലകുറഞ്ഞ ഒരു ഫഌറസെന്റ് ചായം സമ്മേളിപ്പിക്കുന്നു. സെല്‍ഫോണില്‍ ഘടിപ്പിക്കുന്ന കുഴല്‍ പോലുള്ള ഉപകരണത്തിനുള്ളില്‍ എതിര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി) പ്രത്യേക തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍, സ്ലൈഡിലെ സാമ്പിളില്‍ ക്ഷയരോഗാണു ഉണ്ടെങ്കില്‍ പ്രകാശം ആഗിരണം ചെയ്ത് പച്ചനിറത്തില്‍ തിളങ്ങും. അത്തരത്തില്‍ തിളങ്ങുന്ന ബാക്ടീരിയകളുടെ എണ്ണം ഉപകരണത്തിലെ സോഫ്ട്‌വേര്‍ കൃത്യമായി കണക്കാക്കുകയും രോഗം നിര്‍ണിയിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ആ ദൃശ്യം നെറ്റ്‌വര്‍ക്ക് വഴി അകലെയുള്ള ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്ത് രോഗം മനസിലാക്കാന്‍ കഴിയും.

ആരോഗ്യസംവിധാനങ്ങള്‍ അധികമില്ലാത്ത, ലോകത്തിന്റെ ഏത് ഭാഗത്തും പ്രയോജനകരമാണ് ഈ സെല്‍ഫോണ്‍ ഉപകരണമെന്ന്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അയ്‌ദോഗാന്‍ ഒസ്‌കാന്‍ അറിയിക്കുന്നു. ലെന്‍സില്ലാതെ സെല്‍ഫോണ്‍ ഇമേജിങ് സാധ്യമാക്കാന്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഗവേഷണത്തില്‍ പങ്കാളിയാണ് ഒസ്‌കാന്‍. 'പ്ലോസ് വണ്‍' ജേര്‍ണലിലാണ് പുതിയ ഉപകരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൊണ്ടുനടക്കാവുന്ന ഈ ഫഌറസെന്റ് ഉപകരണത്തിന്റെ സഹായത്തോടെ അരിവാള്‍ രോഗവും തിരിച്ചറിയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ഫഌറസെന്റ് മൈക്രോസ്‌കോപ്പി' എന്നത് സാധാരണഗതിയില്‍ ചെലവേറിയ സങ്കേതമാണ്. പാവപ്പെട്ട രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് അത് ലഭ്യമാക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍, പുതിയ സങ്കേതം ചെലവ് കാര്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്, ഗവേഷണത്തില്‍ പങ്കുവഹിക്കുന്ന ബയോഎന്‍ജിനിയര്‍ വില്‍ബര്‍ ലാം പറയുന്നു. സാധാരണഗതിയില്‍ ഫഌറസെന്റ് മൈക്രോസ്‌കോപ്പി സാധ്യമാക്കാന്‍ ഡാര്‍ക്ക് റൂം, മെര്‍ക്കുറി വിളക്ക്, മികച്ച പരിശീലനം നേടിയ വ്യക്തികള്‍ തുടങ്ങിയവയൊക്കെ ആവശ്യമാണ്. ചെലവേറിയ ഈ സൗകര്യങ്ങള്‍ വികസ്വരരാഷ്ട്രങ്ങളിലെ മിക്കയിടങ്ങളിലും ലഭ്യമാക്കുക പ്രായോഗികമല്ല. എന്നാല്‍, സെല്‍സ്‌കോപ്പിന്റെ കാര്യത്തില്‍ അത്തരം സൗകര്യങ്ങളുടെയോ ചെലവിന്റെയോ ഒന്നും ആവശ്യമില്ല. ഏത് വിദൂരമേഖലയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈയില്‍ കൊണ്ടുനടക്കാവുന്നതാണ് ഈ ഉപകരണം. രോഗനിര്‍ണയം അനായാസമാകുന്നതോടെ, കൂടുതല്‍ പേര്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യാമാക്കാന്‍ പുതിയ സങ്കേതം സഹായിക്കും.(കടപ്പാട്: ടെക്‌നോളജി റിവ്യു).

Friday, October 02, 2009

'ആര്‍ഡി'- മനുഷ്യപരിണാമത്തിലെ പുതിയ നായിക

'ലൂസി'ക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികരെ ചിമ്പാന്‍സിയിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്നും വ്യക്തമായിരിക്കുന്നു.

ജീവിച്ചിരുന്നെങ്കില്‍ അവളുടെ വയസ്സ് 44 ലക്ഷം വര്‍ഷമാകുമായിരുന്നു. മനുഷ്യന് തന്റെ പൂര്‍വികവര്‍ഗങ്ങളില്‍ ഇതുവരെ അറിയാത്ത ഒന്ന് എങ്ങനെയിരുന്നു എന്ന് നേരിട്ട് മനസിലാക്കാനും സാധിക്കുമായിരുന്നു. എത്യോപ്യയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനസ്ത്രീയുടെ ഫോസില്‍, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായമാവുകയാണ്. 'ആര്‍ഡി'യെന്നാണ് പരിണാമകഥയിലെ പുതിയ നായികയുടെ പേര്.

മനുഷ്യന്റെ പ്രാചീനപൂര്‍വികരില്‍ ഇതുവരെ ശരിക്കു വിവരിക്കപ്പെടാത്ത 'ആര്‍ഡിപിത്തക്കസ് റമിഡസ്' എന്ന വര്‍ഗത്തെ, പതിനൊന്ന് ഗവേഷണപ്രബന്ധങ്ങളിയായാണ് പുതിയ ലക്കം 'സയന്‍സ്' ഗവേഷണ വാരിക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 47 ഗവേഷകരുടെ ഒന്നര പതിറ്റാണ്ട് നീണ്ട ശ്രമഫലമായാണ് 'ആര്‍ഡി'യെന്ന് ചുരുക്കപ്പേര് നല്‍കിയിട്ടുള്ള ഈ വര്‍ഗത്തെ അടുത്തറിയാന്‍ കഴിഞ്ഞത്.

നരവംശശാസ്ത്രത്തില്‍ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടന്നത് 1974-ലാണ്. 32 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ ഭാഗിക ഫോസിലായിരുന്നു ആ കണ്ടെത്തല്‍. 'ലൂസി'യെന്ന് പേര് വിളിക്കപ്പെട്ട 'ഓസ്ട്രിലോപിത്തക്കസ് അഫാറന്‍സിസ്' എന്ന ആ വര്‍ഗം, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പു തന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ സഞ്ചരിച്ചു തുടങ്ങി എന്ന് 'ലൂസി'യാണ് ലോകത്തെ ബോധ്യപ്പെടുത്തിയത്.

ലൂസിക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വേണമെങ്കില്‍ 'ലൂസി'യുടെ മാതാവ് എന്ന് 'ആര്‍ഡി'യെ വിശേഷിപ്പിക്കാമെന്ന് ഗവേഷകര്‍. ലൂസിക്കും പത്തുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ കഴിഞ്ഞിരുന്ന വര്‍ഗമാണത്. ചിമ്പാന്‍സിയോ മനുഷ്യനോ അല്ലാത്ത ജീവി. ഇരുകാലില്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് രൂപഘടന. 120 സെന്റിമീറ്റര്‍ ഉയരം 50 കിലോഗ്രാം ശരീരഭാരം. മസ്തിഷ്‌ക്കം ചെറുത്. കായ്കളും കനികളും ചെറുജീവികളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം എന്നാണ് അനുമാനം.

മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും പൊതുപൂര്‍വികന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നത് 60 ലക്ഷംവര്‍ഷം മുമ്പാണ് എന്നാണ് കരുതുന്നത്. ഇപ്പോള്‍ വിവരിക്കപ്പെടുന്ന ആര്‍ഡി, ആ പൊതുവര്‍ഗത്തില്‍ പെട്ടതല്ല. അതേസമയം, പൊതുപൂര്‍വികന്റെ പല സവിശേഷതകളും ആര്‍ഡിയില്‍ കാണാമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യനും പൂര്‍വികരും ഉള്‍പ്പെട്ട 'ഹോമിനിഡുകളി'ല്‍, ലൂസിക്ക് മുമ്പുള്ള വര്‍ഗങ്ങളെക്കുറിച്ച് വലിയ ശൂന്യതയാണ് നരവംശശാസ്ത്രം അനുഭവിച്ചിരുന്നത്. ആര്‍ഡി വഴി അതാണ് ഒരു പരിധി വരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.

എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ നിന്ന് 1992-ലാണ് ആര്‍ഡിയെപ്പറ്റി ഗവേഷകര്‍ക്ക് ആദ്യസൂചന ലഭിച്ചെങ്കിലും, 1994-ലാണ് പൊട്ടിത്തകര്‍ന്ന നിലയില്‍ ആര്‍ഡിയുടെ ഭാഗികഫോസില്‍ ഗവേഷകര്‍ക്ക് കിട്ടിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ടിം വൈറ്റ് ഉള്‍പ്പെട്ട അന്താരാഷ്ട്ര 'മിഡില്‍ അവാഷ്' ഗവേഷണസംഘമാണ് ആര്‍ഡിയെ കണ്ടെത്തിയത്. ആര്‍ഡിയുടെ വര്‍ഗത്തില്‍ പെട്ട 35 അംഗങ്ങളുടെ ഫോസില്‍ ഭാഗങ്ങളും അവര്‍ക്ക് കിട്ടി. തൊട്ടാല്‍ പൊടിയുന്ന തരത്തിലായിരുന്ന ഫോസില്‍, വര്‍ഷങ്ങള്‍ കൊണ്ടാണ് വേര്‍തിരിച്ചെടുത്ത് പഠിക്കാന്‍ ഗവേഷകര്‍ക്കായത്.

പുതിയ കണ്ടെത്തലുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു പ്രധാന വസ്തുത, ആര്‍ഡിയുടെ ഭൂരിഭാഗം സവിശേഷതകളും ആഫ്രിക്കയിലെ ആള്‍ക്കുരങ്ങുകളില്‍ കാണപ്പെടുന്നില്ല എന്നതാണ്. അതിനര്‍ഥം പൊതുപൂര്‍വികരില്‍ നിന്ന് ഹോമിനിഡുകളും കുരങ്ങുകളും വേര്‍പിരിഞ്ഞ ശേഷം, കുരങ്ങുകള്‍ക്ക് കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ട് എന്നാണ്. അതിനാല്‍, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികനെ ചിമ്പാസികളിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.(അവലംബം: സയന്‍സ് ഗവേഷണ വാരിക, ഒക്ടോ.2, 2009).

കാണുക

Tuesday, September 29, 2009

പ്രവചനങ്ങള്‍ തെറ്റുന്നു; ഭൗമതാപനില നാല് ഡിഗ്രി വര്‍ധിക്കാം

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന് മുന്നറിയിപ്പ്. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

ബ്രിട്ടനിലെ മെറ്റ് ഓഫീസ് ഹാഡ്‌ലി സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവണത കണക്കിലെടുത്ത് നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തിലാണ് പുതിയ ഫലം ലഭിച്ചത്.

'ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറച്ചില്ലെങ്കില്‍, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് നമ്മള്‍ സാക്ഷികളാകും'-മെറ്റ് ഓഫീസിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ബെറ്റ്‌സ് അറിയിക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എന്‍വിരോണ്‍മെന്റല്‍ ചേഞ്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും നല്ല കണക്കുകൂട്ടല്‍ പ്രകാരം 2070 ആകുമ്പോഴേക്കും ശരാശരി താപനില നാല് ഡിഗ്രി വര്‍ധിക്കാം. ഒരുപക്ഷേ, അത് 2060 ആകുമ്പോഴേക്കും സംഭവിക്കാം- റിച്ചാര്‍ഡ് ബെറ്റ്‌സ് പറഞ്ഞു.

യു.എന്നിന് കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി), 2007-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അന്തരീക്ഷ താപനിലയില്‍ 1.8 ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനയുണ്ടാകാം. അതില്‍ കൂടുതല്‍ താപവര്‍ധനയ്ക്ക് സാധ്യത ഐ.പി.സി.സി. തള്ളിക്കളയുന്നുമില്ല.

എന്നാല്‍, ഈ നൂറ്റാണ്ട് പകുതി കഴിയുമ്പോള്‍ തന്നെ ഐ.പി.സി.സി. പ്രവചിച്ചതിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തും ഭൂമി എന്നാണ് ബ്രിട്ടീഷ് പഠനം സൂചന നല്‍കുന്നത്. 'നാല് ഡിഗ്രി ശരാശരി താപവര്‍ധന എന്നു പറഞ്ഞാല്‍, പല മേഖലകളിലും വന്‍വര്‍ധനയാണുണ്ടാവുക. വര്‍ഷപാതത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റം സംഭവിക്കും'-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മെറ്റ് ഓഫീസ് ഗവേഷകര്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനമനുസരിച്ച്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ വ്യത്യാസമായിരിക്കും താപവര്‍ധനയില്‍ സംഭവിക്കുക. പുതിയ പഠനം പ്രവചിക്കുംപോലെ സംഭവിച്ചാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ആര്‍ട്ടിക്ക് മേഖലകളില്‍ 15 ഡിഗ്രി വരെ താപനില വര്‍ധിക്കാം.

ആഫ്രിക്കയുടെ പടിഞ്ഞാറും തെക്കും മേഖലകള്‍ സാക്ഷിയാവുക ഇപ്പോഴത്തേതിലും പത്തുഡിഗ്രി വരെ താപവര്‍ധനയ്ക്കാകും. ആഫ്രിക്കയുടെ മറ്റ് പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി വരെ താപനില വര്‍ധിക്കാമെന്നും പഠനഫലം പറയുന്നു.

കോപ്പന്‍ഹേഗനില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക സമ്മേളനം ബാങ്കോക്കില്‍ ചേരാനിരിക്കെയാണ് പുതിയ പഠനഫലം പുറത്തു വന്നിരിക്കുന്നത്. 192 രാജ്യങ്ങളുടെ പ്രതിനിധികളാണ് ബാങ്കോക്കില്‍ ഒത്തുചേരുക. ഉച്ചകോടിക്ക് മുന്നോടിയായുള്ള അവസാനത്തെ മുന്നൊരുക്ക സമ്മേളനമാണ് ബാങ്കോക്കിലേത്.(കടപ്പാട്: ബി.ബി.സി.ന്യൂസ്)