Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Sunday, September 02, 2007

മലയാളംവിക്കി ഡോട്ട്‌ കോം

ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും തിരുത്താവുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. അതിന്റെ മലയാളം പതിപ്പില്‍ 3500 ലേഖനങ്ങള്‍ തികഞ്ഞിരിക്കുന്നു. കേരളത്തില്‍ അധികമാരും അറിയാത്ത 'മലയാളംവിക്കി' സംരംഭത്തെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്‌ പ്രവാസികളായ അല്ലെങ്കില്‍ അന്യസംസ്ഥാനത്ത്‌ കഴിയുന്ന മലയാളികളാണ്‌. കേരളത്തില്‍ മലയാളഭാഷ തികഞ്ഞ അവഗണന നേരിടുന്ന വേളയിലാണ്‌, മലയാളത്തിന്റെ ഓണ്‍ലൈന്‍ അടിത്തറ കെട്ടിപ്പൊക്കാനുള്ള ഈ ആഗോളശ്രമം ശക്തിപ്രാപിക്കുന്നത്‌.

യനാട്ടിലെ മാനന്തവാടിക്കടുത്ത്‌ വിന്‍സന്റ്‌ഗിരിയില്‍ 'കാവേരി' ഹോട്ടല്‍ നടത്തുന്ന പി.എന്‍.ചന്ദ്രന്റെ മകള്‍ ശാലിനി, ഇടയ്‌ക്കിടെ തന്റെ അഭ്യുദയകാംക്ഷികളുടെ സഹതാപത്തിന്‌ ഇരയാകാറുണ്ട്‌. ബി.എ.യ്‌ക്ക്‌ മുഖ്യവിഷയമായി മലയാളഭാഷ പഠിക്കുന്നു എന്നതാണ്‌ അവള്‍ നേരിടുന്ന സഹതാപ പ്രകടനങ്ങള്‍ക്ക്‌ അടിസ്ഥാനം. "കഷ്ടം, വേറെ ഒരു വിഷയവും കിട്ടിയില്ലേ പഠിക്കാന്‍", "മലയാളം പഠിച്ചിട്ട്‌ ഇന്നത്തെ കാലത്ത്‌ എന്തുചെയ്യാന്‍" എന്നിങ്ങനെയുള്ള ചോദ്യങ്ങളെ ആ പെണ്‍കുട്ടി നിറഞ്ഞ ചിരിയോടെ അവഗണിക്കും.

"പഠിക്കാന്‍ കൊള്ളാവുന്ന ഒന്നാണ്‌, അല്ലെങ്കില്‍ പഠിച്ചിട്ട്‌ എന്തെങ്കിലും പ്രയോജനമുള്ളതാണ്‌ മലയാളം എന്ന ചിന്ത ആളുകളില്‍ നിന്ന്‌ എങ്ങനെയോ പോയിരിക്കുന്നു"-ശാലിനി പറയുന്നു. മലയാളഭാഷ പഠിക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണത്തിലും ഈ മനോഭാവം പ്രതിഫലിക്കുന്നുണ്ട്‌. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വയനാട്ടിലെ വിദൂര പഠനകേന്ദ്രത്തില്‍ ബി.എ.മലയാളം ഫൈനല്‍ ഇയര്‍ ബാച്ചില്‍ മാനന്തവാടിയില്‍ നിന്ന്‌ ഇത്തവണ ആകെയുള്ളത്‌ രണ്ടുപേരാണ്‌; അതിലൊരാളാണ്‌ ശാലിനി. മാതൃഭാഷക്ക്‌ കേരളത്തില്‍ ലഭിക്കുന്ന 'സ്വീകാര്യത'യുടെ ഒരു നേര്‍ചിത്രമാണ്‌ ശാലിനിയുടെ അനുഭവം.

ഇനി മറ്റൊരു ഉദാഹരണം നോക്കുക. പാലക്കാട്‌ പനയംപാടം സ്വദേശിയാണ്‌ ഷിജു അലക്‌സ്‌. പുണെയില്‍ 'സൈബേജ്‌' കമ്പനിയില്‍ ടെക്‌നിക്കല്‍ റൈറ്റര്‍. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ വാടകവീട്ടിലെത്തിയാല്‍ കമ്പ്യൂട്ടറിന്‌ മുന്നില്‍ തപസ്സ്‌ തുടങ്ങുകയായി. 'മലയാളം വിക്കിപീഡിയ'യെന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുകയാണ്‌ ഉദ്ദേശം. ഇഷ്ടവിഷയമായ ജ്യോതിശാസ്‌ത്രമാകും മിക്കപ്പോഴും വിഷയം. നക്ഷത്രങ്ങളുടെ പിറവി, സൂപ്പര്‍നോവകളുടെ അനന്തമജ്ഞാത രഹസ്യങ്ങള്‍. ചിലപ്പോള്‍ നേരത്തെ പൂര്‍ത്തിയാക്കാതെ വിട്ട ലേഖനത്തിന്റെ കുറവു തീര്‍ക്കാനുണ്ടാകും, അല്ലെങ്കില്‍ മറ്റാരെങ്കിലുമെഴുതിയ വിക്കി ലേഖനത്തില്‍ അല്‍പ്പം എഡിറ്റിങ്‌.

അപ്പോഴേക്കും ലോകത്തിന്റെ വേറെയേതെങ്കിലും കോണില്‍ നിന്ന്‌ ഷിജുവിനെ തേടി 'ജിമെയില്‍ ടോക്കി'ല്‍ മറ്റൊരു വിക്കി പ്രവര്‍ത്തകന്റെ അന്വേഷണം വരും. സംശയം തീര്‍ക്കല്‍, അല്ലെങ്കില്‍ ചെറിയൊരു തര്‍ക്കം. ഏതെങ്കിലും ഇംഗ്ലീഷ്‌ വാക്കിനു തുല്യമായ മലയാളം വാക്ക്‌ ഏതാകാമെന്ന അന്വേഷണം. മലയാളംവിക്കിയെ എങ്ങനെ കൂടുതല്‍ മികച്ചതാക്കാം എന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ച. അതങ്ങനെ നീളും, രാത്രി വൈകും വരെ. ഇതിപ്പോള്‍ ഷിജുവിന്റെ ദിനചര്യയുടെ ഭാഗമാണ്‌.

ഷിജു മാത്രമല്ല, 'മലയാളംവിക്കി'ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ വേറെയും ചിലരുണ്ട്‌. അമേരിക്കയില്‍ ഫിലാഡല്‍ഫിയയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ തിരക്കുകള്‍ക്കിടയില്‍ മന്‍ജിത്‌ കൈനിക്കരയും, ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ദൈനംദിന വീര്‍പ്പുമുട്ടലുകള്‍ക്കിടെ ചാലക്കുടി സ്വദേശി സുനില്‍ വി.എസും, യു.എ.ഇ.യില്‍ 'ഗള്‍ഫ്‌ ബിസിനസ്‌ മെഷീന്‍സ്‌' കമ്പനിയില്‍ ടെക്‌നിക്കല്‍ സെയില്‍സ്‌ സ്‌പെഷ്യലിസ്റ്റിന്റെ ഉത്തരവാദിത്വത്തിനിടയില്‍ കൊല്ലം തങ്കശ്ശേരി സ്വദേശി ഫ്രാന്‍സിസ്‌ സിമി നസ്രേത്തും, ചാലക്കുടിയില്‍ ഓര്‍ത്തോഡന്റിസ്‌റ്റായ ഡോ.സി.പി.വിപിനും, മാഹി എം.ജി.ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജില്‍ അധ്യാപകനായ ഡോ.മഹേഷ്‌ മംഗലാട്ടും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍. തങ്ങളുടെ ദിവസത്തിന്റെ ഒരുഭാഗം ഇവര്‍ 'മലയാളംവിക്കി'ക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു.

ശരിക്കു പറഞ്ഞാല്‍ ഈ സമര്‍പ്പണം മലയാളഭാഷയ്‌ക്കു വേണ്ടി കൂടിയുള്ളതാണ്‌. വിജ്ഞാനവും വിവരങ്ങളും ഓണ്‍ലൈനില്‍ മലയാളത്തില്‍ എഴുതി സൂക്ഷിക്കാനുള്ള ഒരു ബൃഹത്‌സംരംഭത്തിന്റെ ഭാഗമാവുകയാണ്‌ ഇവര്‍; ലാഭേച്ഛയില്ലാതെ, തികഞ്ഞ നിസ്വാര്‍ത്ഥതയോടെ. വിവരവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ്‌ മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്റര്‍നെറ്റില്‍ മലയാളഭാഷ പിന്തള്ളപ്പെട്ടു പോകരുതെന്ന്‌ ആഗ്രഹിക്കുന്നവരുടെ യഥാര്‍ത്ഥ പ്രതിനിധികളാണ്‌ ഇവര്‍. നാളെ ഇന്റര്‍നെറ്റില്‍ നിന്ന്‌ മലയാളത്തിലും വിവരങ്ങള്‍ കിട്ടണമെങ്കില്‍, അതിന്റെ കേന്ദ്രസ്ഥാനത്ത്‌ മലയാളംവിക്കി പോലൊരു സംരംഭം ഉണ്ടെങ്കിലേ കഴിയൂ എന്ന തിരിച്ചറിവാണ്‌ ഇവരെ നയിക്കുന്നത്‌.

ഒരു ഭാഷ ജീവനോടെ നിലനില്‍ക്കണമെങ്കില്‍ അതിലൂടെ വിവരങ്ങളും വിജ്ഞാനവും വിനിമയം ചെയ്യപ്പെടണം. അതിനുള്ള അവസരം ഭാഷയ്‌ക്കു ലഭിക്കുന്നില്ലെങ്കില്‍, 'മൃതഭാഷ'യെന്ന വിധിയാകും അതിനെ കാത്തിരിക്കുക. സ്വാഭാവികമായും ഇന്റര്‍നെറ്റിലൂടെ (ഓണ്‍ലൈനിലൂടെ) ഏതെങ്കിലുമൊരു ഭാഷയില്‍ വിവരങ്ങള്‍ തേടാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്നത്തെ സ്ഥിതിയില്‍ ആ ഭാഷയ്‌ക്ക്‌ ഭാവിയില്ല എന്ന്‌ നിശ്ചയിക്കാം. ആ നിലയ്‌ക്ക്‌ മലയാളവും നാളെ ഉപയോഗിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈനിലൂടെ മലയാളത്തില്‍ വിവരങ്ങളും വിജ്ഞാനവും ലഭ്യമാക്കാന്‍ സാധിക്കണം. അതിനുള്ള ബലമുള്ള അടിത്തറയാണ്‌ 'മലയാളംവിക്കി'. ശാലിനിയുടെ അനുഭവം പോലെ കേരളത്തില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്ന വേളയിലാണ്‌, സംസ്ഥാനത്തിന്‌ പുറത്തിരുന്ന്‌ ഷിജുവിനെപ്പോലുള്ളവര്‍ ഗൃഹാതുരത്വത്തോടെ മലയാളത്തിന്‌ ഓണ്‍ലൈന്‍ അടിത്തറ കെട്ടിപ്പൊക്കുന്നത്‌.

ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, എല്ലാവര്‍ക്കും സ്വന്തമായ സ്വതന്ത്രവിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ ഇന്ന്‌ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശം. അതിന്റെ മലയാളം പതിപ്പാണ്‌ 'മലയാളംവിക്കി'(http://ml.wikipedia.org/). ഇന്റര്‍നെറ്റില്‍ ആര്‍ക്കു വേണമെങ്കിലും എവിടെയിരുന്നും മലയാളത്തില്‍ വിവരങ്ങള്‍ തേടാനും, മലയാളത്തില്‍ ലേഖനം എഴുതാനും, തിരുത്താനും 'മലയാളം വിക്കിപീഡിയ'അവസരം നല്‍കുന്നു. "വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ലെന്ന കാഴ്‌ചപ്പാടാണ്‌ വിക്കിപീഡിയയെ നയിക്കുന്നത്‌"-ഷിജു അലക്‌സ്‌ പറയുന്നു. ശരിക്കു പറഞ്ഞാല്‍ വിവരശേഖരണത്തിന്റെയും വിതരണത്തിന്റെയും യഥാര്‍ത്ഥ ജനാധിപത്യവത്‌ക്കരണമാണിത്‌. 'ജി.എന്‍.യു. ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സി'നാല്‍ വിക്കിപീഡിയ നിയന്ത്രിക്കപ്പെടുന്നു. അതിനാല്‍ അതിന്റെ ഉള്ളടക്കം എക്കാലവും സ്വതന്ത്രവും സൗജന്യവുമായിരിക്കും.

അഞ്ചുവര്‍ഷമായി 'മലയാളംവിക്കി' ആരംഭിച്ചിട്ട്‌. മലയാളത്തില്‍ ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭം പുരോഗമിക്കുന്നു എന്നറിയാവുന്നവര്‍ കേരളത്തില്‍ കുറവായിരിക്കും. വിക്കിയുടെ കാര്യമവിടെ നില്‍ക്കട്ടെ, ഇന്റര്‍നെറ്റില്‍ മലയാളം എഴുതാന്‍ കഴിയും എന്നകാര്യം പോലും പലര്‍ക്കും അജ്ഞാതമാണ്‌. മലയാളംവിക്കിയിലെ സജീവ പ്രവര്‍ത്തകനായ ചാലക്കുടി സ്വദേശി ഡോ. സി.പി.വിപിനിന്റെ അനുഭവം ഇതിന്‌ അടിവരയിടുന്നു. കമ്പ്യൂട്ടറുമായി 1992 മുതല്‍ ബന്ധമുള്ളയാളാണ്‌ അദ്ദേഹം. "പക്ഷേ, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ കഴിയും എന്ന്‌ മനസിലാകുന്നത്‌ 2006 സപ്‌തംബറില്‍ മാത്രമാണ്‌; ആ അറിവ്‌ ഒരു ആവേശമായിരുന്നു"-അദ്ദേഹം പറയുന്നു. ഏതാണ്ട്‌ അതേ സമയത്താണ്‌ 'മലയാളംവിക്കി'യെന്ന സംരംഭവും ഡോക്ടറുടെ ശ്രദ്ധയില്‍ വരുന്നത്‌. മലയാളം കമ്പ്യൂട്ടിങിനോടുള്ള ആവേശം വിക്കിയിലേക്കും പടര്‍ന്നു.

വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ്‌ സംരംഭത്തിന്റെ തുടക്കം 2001 ജനവരി 15-നായിരുന്നു. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ അന്ന്‌ തുടങ്ങിയത്‌. ഇപ്പോള്‍ 229 ലോകഭാഷകളില്‍ വിക്കിപീഡിയയ്‌ക്ക്‌ പതിപ്പുകളുണ്ട്‌ (മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും വിക്കിയിലൂടെ പുനര്‍ജനിക്കുന്നു). ആ പതിപ്പുകളില്‍ ഒന്നാണ്‌ 'മലയാളംവിക്കി'. മാതൃസംരംഭം ഉദ്‌ഘാടനം ചെയ്യപ്പെട്ട്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞ്‌, 2002 ഡിസംബര്‍ 21-ന്‌ മലയാളംവിക്കി ആരംഭിച്ചു. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരന്‍
എം.പി.യായിരുന്നു അതിനു പിന്നില്‍.

രണ്ടുവര്‍ഷത്തോളം മലയാളം വിക്കി നിലനിര്‍ത്താന്‍ യത്‌നിച്ചതും അദ്ദേഹം തന്നെയായിരുന്നു. ബാലാരിഷ്ടതയുടെ ആദ്യവര്‍ഷങ്ങള്‍. വിനോദ് പ്രഭാകരന്‍ മാത്രം ആദ്യം കുറെ നാള്‍ മലയാളംവിക്കി കൊണ്ടു നടന്നു. പിന്നീട്‌ ചില വിദേശ മലയാളികള്‍ ഒപ്പം കൂടി (ഇപ്പോഴും മലയാളംവിക്കിയുടെ മുഖ്യപ്രവര്‍ത്തകരെല്ലാം കേരളത്തിന്‌ വെളിയില്‍ ജോലി ചെയ്യുന്ന മലയാളികളാണ്‌). എങ്കിലും 2004 വരെ കാര്യമായ പുരോഗതിയുണ്ടായില്ല. മലയാളംവിക്കിയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു (2004 ഡിസംബറില്‍) എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ മന്ദഗതി മനസിലാക്കാമല്ലോ.

എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കിക്കും അനുഗ്രഹമായി. ഇക്കാലത്താണ്‌ മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായിത്തുടങ്ങിയത്‌. ഒപ്പം മലയാളം ബ്ലോഗുകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബ്ലോഗിങ്ങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിയ്‌ക്കും സംഭാവന ചെയ്യാന്‍ തയ്യാറായി രംഗത്തെത്തി.

ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഗൂഗിളില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന തൃശൂര്‍ തലോര്‌ സ്വദേശി സിബു ജോണി രൂപപ്പെടുത്തിയ 'വരമൊഴി'യെന്ന പ്രോഗ്രാമാണ്‌ പലരും ആദ്യകാലത്ത്‌ മലയാളം എഴുതാന്‍ ആശ്രയിച്ചിരുന്നത്‌. എഴുതേണ്ട മലയാളവാക്കുകള്‍ക്ക്‌ സമാനമായ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ടൈപ്പു ചെയ്യുന്ന ലിപിമാറ്റ (transliteration)രീതിയാണ്‌ വരമൊഴി അവലംബിച്ചിട്ടുള്ളത്‌. മൊഴിസ്‌കീം തന്നെ പിന്തുടരുന്ന 'കീമാന്‍' എന്ന പ്രഗ്രാം പിന്നീട്‌ രംഗത്തെത്തി. യു.എ.ഇ.യില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ പാലക്കാട്‌ പെരിങ്ങോട്‌ സ്വദേശി രാജ്‌ നായര്‍ ചിട്ടപ്പെടുത്തിയ ഈ പ്രോഗ്രാമിന്റെ പ്രത്യേകത, അതുപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറിലേക്ക്‌ നേരിട്ടു മലയാളം ടൈപ്പു ചെയ്യാം എന്നതാണ്‌. ഇന്ന്‌ ഭൂരിപക്ഷം മലയാളം ബ്ലോഗര്‍മാരും ആശ്രയിക്കുന്നത്‌ കീമാന്‍ ആണ്‌. ഒരു ഇന്‍ബില്‍റ്റ്‌ ടൂള്‍ മലയാളംവിക്കിയില്‍ അടുത്തയിടെ ചേര്‍ക്കപ്പെട്ടു (രാജ്‌ നായര്‍ തന്നെയാണ്‌ അതും രൂപപ്പെടുത്തിയത്‌). അതിന്റെ സഹായത്തോടെ മലയാളംവിക്കിയില്‍ ഇപ്പോള്‍ നേരിട്ട്‌ എഴുതാം.

കമ്പ്യൂട്ടറിന്‌ മലയാളവും വഴങ്ങുമെന്ന സ്ഥിതിയുണ്ടായ ആ സമയത്ത്‌, മലാളംവിക്കിയുടെ കാര്യത്തില്‍ മറ്റൊരു സംഗതി കൂടി സംഭവിച്ചു. കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത്‌ കൈനിക്കര അമേരിക്കയിലെത്തി. അദ്ദേഹം സജീവമാകുന്നതോടെയാണ്‌ മലയാളംവിക്കിയുടെ പുതിയ ഘട്ടത്തിന്റെ തുടക്കം. മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ മലയാളംവിക്കിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുമൊക്കെ മന്‍ജിത്‌ നടത്തിയ ശ്രമം ഒരു പരിധിവരെ ഫലം കണ്ടു. 2005 സപ്‌തംബറില്‍ മന്‍ജിത്‌ മലയാളംവിക്കിയുടെ ആദ്യ സിസോപ്പ്‌ ആയി ചുമതലയേറ്റു. ഒരു മാസത്തിന്‌ ശേഷം അദ്ദേഹം ഈ സംരംഭത്തിന്റെ ആദ്യ ബ്യൂറോക്രാറ്റും ആയി. സാങ്കേതിക കാര്യങ്ങളില്‍ മലയാളംവിക്കി ഏതാണ്ട്‌ സ്വയംപര്യാപ്‌തത നേടുന്നത്‌ ഈ സമയത്താണ്‌.

മലയാളം കമ്പ്യൂട്ടിങ്ങിലുണ്ടായ മുന്നേറ്റം ബ്ലോഗിങിലും മലയാളംവിക്കിയിലും ശരിക്കൊരു കുതിച്ചുചാട്ടമുണ്ടാക്കുന്നത്‌ 2006 മുതലാണ്‌. ബ്ലോഗിങിലൂടെ മലയാളം ടൈപ്പിങ്‌ അനായാസം പഠിച്ചെടുത്ത പലരുടെയും സജീവശ്രദ്ധ വിക്കിയിലേക്കും തിരിഞ്ഞു. മലയാളംവിക്കിയിലെ ഉള്ളടക്കത്തിന്റെ വൈവിധ്യവും ലേഖനങ്ങളുടെ എണ്ണവും വര്‍ധിച്ചു. 2006 ഏപ്രില്‍ പത്തിന്‌ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 1000-വും നവംബറില്‍ 1500-ഉം ആയി. ഈ മുന്നേറ്റം ഇപ്പോഴും തുടരുന്നു; നിലവില്‍ 3500 ലേഖനങ്ങള്‍ മലയാളംവിക്കിയിലുണ്ട്‌. ഇപ്പോഴത്തെ കണക്കു പ്രകാരം ഓരോ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ പുതിയതായി ചേര്‍ക്കപ്പെടുന്നു.

ലേഖനങ്ങള്‍ മാത്രമല്ല ഫോട്ടോകളും മറ്റു രേഖകളും വിക്കിക്ക്‌ സംഭാവന ചെയ്യുന്നവരുമുണ്ട്‌. "പണ്ടൊക്കെ കൈയിലുള്ള ക്യാമറയുടെ ഉപയോഗം എന്തെന്നു തന്നെ നിശ്ചയമില്ലായിരുന്നു"-ഡോ.വിപിന്‍ പറയുന്നു. ഇപ്പോള്‍ സ്ഥിതി മാറി. "എവിടെ പോകുമ്പോഴും ഒരു ഡിജിറ്റല്‍ ക്യാമറ എന്റെ പക്കലുണ്ടാകും, വിക്കിയില്‍ ചേര്‍ക്കാന്‍ പറ്റിയ ഒരു ചിത്രം എപ്പോഴാണ്‌ കിട്ടുക എന്നറിയില്ലല്ലോ"-അദ്ദേഹം പറയുന്നു. ഡോ.വിപിനിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല.

കൂട്ടായ്‌മയുടെ ഉത്തമ ഉദാഹരണമാണ്‌ വിക്കിയിലെ വിവരശേഖരണം. ആര്‍ക്കും എഴുതുകയും ആര്‍ക്കും തിരുത്തുകയും ചെയ്യാവുന്ന കൂട്ടായ്‌മ. ഇത്തരം കൂട്ടായ്‌മയില്‍ നിന്ന്‌ ഒരു വിജ്ഞാനകോശം എങ്ങനെയുണ്ടാകും എന്ന്‌ പലര്‍ക്കും സംശയമുണ്ടാകും. തെറ്റു വരില്ലേ, അബദ്ധങ്ങള്‍ കടന്നു കൂടില്ലേ; ഒരു വിജ്ഞാനകോശത്തില്‍ അത്‌ പാടുണ്ടോ. ഒരാള്‍ തെറ്റുവരുത്തിയാല്‍ വേറെയാരെങ്കിലും അത്‌ കണ്ടെത്തി തിരുത്തും എന്നതാണ്‌ വിക്കിയുടെ അനുഭവം. ഇംഗ്ലീഷ്‌വിക്കിയില്‍ വരുന്ന തെറ്റുകള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നൊരു പരിശോധന വിക്കി മീഡിയ ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി. അഞ്ചുമിനിറ്റിനകം തെറ്റുകള്‍ തിരുത്തപ്പെടുന്നു എന്നാണ്‌ തെളിഞ്ഞത്‌. കൂടുതല്‍ പേര്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരും എന്നതാണ്‌ വിക്കി അനുഭവം. ഉദാഹരണത്തിന്‌ മലയാളംവിക്കിയില്‍ ഒറ്റവരിയില്‍ തുടങ്ങിയ 'ചാലക്കുടി' ലേഖനത്തിന്റെ കാര്യമെടുക്കാം. പത്തോളം പേര്‍ ചേര്‍ന്ന്‌ മുന്നൂറിലേറെ പ്രാവശ്യം വെട്ടിയും തിരുത്തിയും അതിന്ന്‌ മലയാളംവിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ആന, ലോറി ബേക്കര്‍, ഇന്ത്യന്‍ റെയില്‍വെ, പറയിപെറ്റ പന്തീരുകുലം തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഉന്നത നിലവാരം നേടിയ മലയാളംവിക്കി ലേഖനങ്ങളാണ്‌.

വിക്കിയില്‍ സംഭാവന ചെയ്യുന്നവരെ നയിക്കുന്നത്‌ ഖ്യാതിയോ മറ്റെന്തെങ്കിലും നേട്ടമോ അല്ല. സ്വന്തം പേരുപയോഗിച്ച്‌ വിക്കിയില്‍ എഴുതുന്നവരുടെ എണ്ണം പോലും വളരെ കുറവാണ്‌. മിക്കവരും ഓരോ തൂലികാനാമങ്ങള്‍ക്ക്‌ പിന്നിലാണ്‌. എഴുതുന്നവര്‍ മാത്രമല്ല, ലേഖനങ്ങള്‍ തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നവരിലും അദൃശ്യരുണ്ട്‌. അറിവ്‌ മറ്റുള്ളവരുമായി പങ്കുവെക്കുന്നതൊടൊപ്പം, സ്വന്തം അറിവ്‌ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി വിക്കിയില്‍ സംഭാവന ചെയ്യുന്ന മിക്കവര്‍ക്കുമുണ്ട്‌. ഡോ. വിപിന്‍ അത്തരക്കാരിലൊരാളാണ്‌. കേരളചരിത്രമാണ്‌ അദ്ദേഹം വിക്കിയില്‍ കൂടുതലായി എഴുതാറ്‌. "എഴുതുമ്പോള്‍ നമ്മുടെ അറിവു വര്‍ധിക്കും. മാത്രമല്ല, പഠിച്ച കാര്യം പിന്നീട്‌ നോക്കണമെങ്കില്‍ കൂടെ കൊണ്ടുനടക്കേണ്ടതില്ല. വിക്കിയിലെഴുതിയത്‌ ഓണ്‍ലൈനിലുണ്ടാകും, ലോകത്തെവിടെയിരുന്നും നോക്കാം"-ഡോ.വിപിന്‍ പറയുന്നു. മലയാളം യുണീകോഡാണ്‌ വിക്കിയില്‍ ഉപയോഗിക്കുന്നത്‌. അതിനാല്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകള്‍ അതിനെ പിന്തുണയ്‌ക്കുന്നു. മലയാളം യുണീകോഡ്‌ ഉപയോഗിച്ച്‌ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയാല്‍ മലയാളംവിക്കിയിലെ വിവരങ്ങള്‍ മുന്നിലെത്തും.

ഗുണനിലവാരം അളക്കാനുള്ള വിക്കി ഏകകമായ 'പേജ്‌ഡെപ്‌ത്‌' പ്രകാരം ഇന്ത്യന്‍ഭാഷകളിലെ മറ്റ്‌ വിക്കികളെ അപേക്ഷിച്ച്‌ മലയാളംവിക്കി ഏറെ മുന്നിലാണ്‌. വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം, ലേഖനങ്ങളില്‍ എത്ര തിരുത്തലുകള്‍ നടന്നു, എത്ര അനുബന്ധ ലേഖനങ്ങള്‍ നിലവിലുണ്ട്‌ എന്നിങ്ങനെയുള്ള വിവരങ്ങള്‍ സമീകരിച്ചുണ്ടാക്കിയതാണ്‌ 'പേജ്‌ഡെപ്‌ത്‌' എന്ന ഏകകം. ഇംഗ്ലീഷ്‌ വിക്കിക്ക്‌ ഇത്‌ 320 ആണ്‌; മലയാളംവിക്കിയുടേത്‌ 70-ന്‌ മുകളിലും. 33,000 ലേഖനങ്ങളുള്ള തെലുഗുവിക്കിയുടേ പേജ്‌ ഡെപ്‌ത്‌ വെറും രണ്ടാണെന്നു കൂടി അറിയുക. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന്‌ തൊട്ടുപിന്നിലുള്ളത്‌ ബംഗാളിവിക്കിയാണ്‌. അതിന്റെ പേജ്‌ഡെപ്‌ത്‌ പക്ഷേ മലയാളത്തിന്റെ പകുതിയേ ഉള്ളു. പേജ്‌ഡെപ്‌ത്‌ വര്‍ധിച്ചതുകൊണ്ടു മാത്രം പക്ഷേ, ഗുണനിലവാരം ഒരു പരിധിയ്‌ക്കു മേല്‍ ഉയരില്ല. അതിന്‌ നല്ല മലയാളം എഴുത്തുകാരും തിരുത്തലുകാരും വിക്കിയില്‍ വന്നേ തീരൂ.

കേരളത്തെക്കുറിച്ചും കേരളീയരെക്കുറിച്ചും കേരളീയതയെക്കുറിച്ചുമുള്ള ലേഖനങ്ങളാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ വരേണ്ടതെന്ന കാര്യത്തില്‍ മിക്ക വിക്കിപ്രവര്‍ത്തകരും യോജിക്കുന്നു. ഇംഗ്ലീഷ്‌വിക്കിയില്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ സന്ദര്‍ശകരുള്ളത്‌. അത്തരം ലേഖനങ്ങള്‍ പക്ഷേ, മലയാളംവിക്കിയില്‍ കുറവാണ്‌. ഉള്ളവയുടെ തന്നെ (ചിലത്‌ മാറ്റി നിര്‍ത്തിയാല്‍) നിലവാരം വളരെ ശോചനീയമാണെന്ന്‌ ഡോ.മഹേഷ്‌ മംഗലാട്ട്‌ വിലയിരുത്തുന്നു. ലേഖനങ്ങളുടെ എണ്ണം ഇത്രയുണ്ടെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതിനേക്കാള്‍, ഉള്ള ലേഖനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കലാണ്‌ പ്രധാനമെന്ന നിലപാടാണ്‌ അദ്ദേഹത്തിന്റേത്‌. "തുറന്ന മനോഭാവവും അറിവു പങ്കുവെക്കാനുള്ള സന്നദ്ധതയും നമ്മുടെ പല ബുദ്ധിജീവികള്‍ക്കുമില്ല; അതും വിക്കി പോലുള്ള സംരംഭങ്ങള്‍ക്ക്‌ പ്രതിബന്ധമാണ്‌"-അദ്ദേഹം വിലയിരുത്തുന്നു. കേരളത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെ മലയാളഭാഷ എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നൊരു ചിന്താഗതി ഉണ്ടാകുന്നില്ല. മലയാളത്തിന്‌ കേരളത്തില്‍ നേരിടുന്ന അവഗണന ഇവിടെയും രൂക്ഷമായി പ്രതിഫലിക്കുന്നു.

"മലയാളംവിക്കിയ്‌ക്ക്‌ പുരോഗതി വേണമെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ കഴിവും സന്നദ്ധതയുമുള്ള കൂടുതല്‍ പേര്‍ അതിലേക്കു വരണം"-മന്‍ജിത്‌ കൈനിക്കര അഭിപ്രായപ്പെടുന്നു. തീര്‍ച്ചയായും അടുത്തകാലം വരെ കേരളത്തിലെ ഭൗതീക സാഹചര്യം ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭത്തിന്‌ അനുകൂലമായിരുന്നില്ല. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകളുടെ വന്‍ചെലവ്‌, ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവ്‌, ഇത്തരം സംഗതികളിലുള്ള ആളുകളുടെ ധാരണക്കുറവ്‌. ഇപ്പോള്‍ പക്ഷേ, കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇടത്തരക്കാര്‍ക്കു താങ്ങാന്‍ പറ്റുന്ന നിലയ്‌ക്ക്‌ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറഞ്ഞിരിക്കുന്നു, പ്രധാന നഗരങ്ങളിലെല്ലാം ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബാന്‍ഡ്‌ ലഭ്യമായിരിക്കുന്നു, അക്ഷയ പോലുള്ള സംരംഭങ്ങള്‍, കേരളത്തിലെ സ്‌കൂളുകള്‍ പോലും സ്വന്തം ബ്ലോഗും സൈറ്റുമൊക്കെ നിര്‍മിച്ച്‌ രംഗത്തെത്തി തുടങ്ങിയിരിക്കുന്നു. ഇതൊരു അനുകൂല സാഹചര്യമാണ്‌. ഈ സാഹചര്യം മലയാളംവിക്കിക്കും ഗുണകരമാക്കാന്‍ കഴിയണം. അല്ലാതെ, മലയാളമെന്നത്‌ ഭാവിയില്‍ വെറുമൊരു ഗൃഹാതുരത്വം മാത്രമായാല്‍ പോര.

അല്‍പ്പം ചരിത്രം

അസാധാരണമാം വിധം ലളിതമായ ഒരു സോഫ്‌ട്‌വേറാണ്‌ 'വിക്കി'(Wiki). വെറും അഞ്ചുവരിയുള്ള ഒരു കമ്പ്യൂട്ടര്‍ കോഡ്‌. ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ വെബ്‌സൈറ്റ്‌ ഉണ്ടാക്കുകയും അനുവദിക്കപ്പെടുന്ന ആര്‍ക്കും എഡിറ്റു ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒന്നാണത്‌. വാര്‍ഡ്‌ കന്നിങ്‌ഹാം എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്‌ 'വിക്കി'യുടെ പിതാവ്‌. 1995-ല്‍ മധുവിധുവിന്‌ ഹാവായിയിലെത്തിപ്പോഴാണ്‌ വിക്കിയെന്ന പേര്‌ കന്നിങ്‌ഹാമിന്‌ ലഭിച്ചത്‌; ഹോണോലുലു ദ്വീപിലെ വിമാനത്താവള ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ്‌ ആര്‍.ടി 52 ബസ്സിന്റെ പേരില്‍ നിന്ന്‌. ഹാവായിയന്‍ ഭാഷയില്‍ വിക്കിയെന്നാല്‍ 'വേഗത്തില്‍' എന്നാണര്‍ത്ഥം. 1995 മാര്‍ച്ച്‌ 25-ന്‌ കന്നിങ്‌ഹാം ഈ സോഫ്‌ട്‌വേറിനെ www.c2.com എന്ന സൈറ്റില്‍ കുടിയിരിത്തി. ഇന്ന്‌ എത്രയോ വന്‍കിട സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളുടെ വിജയത്തിന്‌ വിക്കിമാര്‍ഗ്ഗം തേടുന്നു.

വിക്കി സോഫ്‌ട്‌വേര്‍ ഉപയോഗിച്ച്‌ ജിമ്മി വേയ്‌ല്‍സ്‌ ആണ്‌ 'വിക്കിപീഡിയ'(www.wikipedia.org) യെന്ന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നത്‌; 2001 ജനുവരി 15-ന്‌. ഇംഗ്ലീഷ്‌ വിക്കിപീഡിയയിരുന്നു അന്ന്‌ ആരംഭിച്ചത്‌. ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ തന്നെയാണ്‌ വിക്കിപീഡിയയില്‍ സൗജന്യമായി എഴുതുന്നത്‌. ആദ്യവര്‍ഷം തന്നെ ഇംഗ്ലീഷ്‌ വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്നത്‌ ഇരുപതു ലക്ഷത്തോളമാണ്‌. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ ലേഖനങ്ങളുടെ എണ്ണം ഇതിലും എത്രയോ കുറവാണ്‌. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ബ്രിട്ടാണിക്കയ്‌ക്കൊപ്പം തന്നെയാണ്‌ വിക്കിപീഡിയയുടേയും സ്ഥാനമെന്ന്‌, പ്രശസ്‌ത ഗവേഷണ വാരികയായ 'നേച്ചര്‍' ഒരുവര്‍ഷം മുമ്പ്‌ തെളിയിക്കുകയുണ്ടായി. ഇപ്പോള്‍ ദിനംപ്രതി ആറുലക്ഷത്തിലേറെപ്പേര്‍ ഇംഗ്ലീഷ്‌ വിക്കിപീഡിയ സന്ദര്‍ശിക്കുന്നു. (വിക്കി സോഫ്‌ട്‌വേര്‍ സംബന്ധിച്ച്‌ ഇവിടെ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍, 2005 ജൂണ്‍ ആറിന്റെ 'ടൈം മാഗസിനി'ല്‍ വന്ന Wiki, Wiki, World എന്ന ലേഖനത്തില്‍ നിന്ന്‌ കടംകൊണ്ടതാണ്‌)
മറ്റ്‌ വിക്കി സംരംഭങ്ങള്‍

‍വിക്കിപീഡിയയ്‌ക്കുണ്ടായത്‌ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്‌. അതിന്റെ ചുവടുപിടിച്ച്‌, വിക്കിമീഡിയ ഫൗണ്ടേഷന്‍ മറ്റ്‌ വിവരശേഖരണ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ 'വിക്ഷ്‌ണറി', പഠനസഹായികളും മറ്റും ഉള്‍പ്പെടുന്ന 'വിക്കിബുക്‌സ്‌', പൗരവാര്‍ത്തകളുടെ സഹായത്തോടെയുള്ള 'വിക്കിന്യൂസ്‌', പകര്‍പ്പവകാശ കാലയളവു കഴിഞ്ഞ ഗ്രന്ഥങ്ങള്‍ ശേഖരിച്ചുവെയ്‌കുന്ന 'വിക്കിസോഴ്‌സ്‌', സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന 'വിക്കിവാഴ്‌സിറ്റി', ഉദ്ധരണികള്‍ ചേര്‍ത്തുവെക്കുന്ന 'വിക്കിക്വോട്‌സ്‌' എന്നിവയൊക്കെ വിക്കിപീഡിയയുടെ സഹസംരംഭങ്ങളാണ്‌.

വിക്കിസോഴ്‌സ്‌ മലയാളത്തില്‍ 'വിക്കിവായനശാല'(http://ml.wikisource.org/) എന്ന പേരില്‍ അറിയപ്പെടുന്നു. യുണീകോഡിലാകുന്ന ആദ്യമലയാള ഗ്രന്ഥമായ 'സത്യവേദപുസ്‌തകം (ബൈബിള്‍)' ഈ ആഗസ്‌തിലാണ്‌ വിക്കിവായനശാലയില്‍ ഇടംനേടിയത്‌. ഇവിടെയെത്തുന്ന ആദ്യഗ്രന്ഥമാണത്‌. താമസിയാതെ രാമയണവും എത്തും. വിക്ഷ്‌ണറി 'വിക്കിനിഘണ്ടു' (http://ml.wiktionary.org/) എന്നപേരിലാണ്‌ മലയാളത്തില്‍; വിക്കിബുക്‌സ്‌ 'വിക്കിപുസ്‌തകശാല' (http://ml.wikibooks.org/) എന്ന പേരിലും. പക്ഷേ ഈ പദ്ധതികളെല്ലാം അതിന്റെ പ്രാരംഭഘട്ടത്തിലാണ്‌. സന്നദ്ധരായ മലയാളികള്‍ കൂടുതലായി ഈ രംഗത്തെത്തിയാലേ ഇവയൊക്കെ അര്‍ത്ഥവത്തായ നിലയില്‍ പുരോഗമിക്കൂ.

വിക്കി പദാവലി

വിക്കിപീഡിയര്‍ - സേവന സന്നദ്ധരായി വിക്കിപീഡിയയില്‍ സഹകരിക്കുന്നവര്‍. ഇവരുടെ സമൂഹമാണ്‌ വിക്കിസമൂഹം. മലയാളംവിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം വിക്കിപീഡിയറുണ്ട്‌. രജിസ്റ്റര്‍ ചെയ്യാത്തവരുമുണ്ട്‌. വിക്കിപീഡിയരില്‍ ചിലര്‍ വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ തെറ്റുകള്‍ തിരുത്തുന്നു, മറ്റു ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു, വേറെ ചിലര്‍ പുതിയതായി വിക്കസമൂഹത്തില്‍ ചെരുന്നവരെ സ്വാഗതം ചെയ്യുന്നു. വിജ്ഞാനതൃഷ്‌ണയും സന്നദ്ധതയുമാണ്‌ വിക്കിപീഡിയരെ നയിക്കുന്നത്‌.

സിസോപ്പുകള്‍ - വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരാണ്‌ ഇവര്‍. വിക്കിപീഡിയയില്‍ സൃഷ്ടിക്കപ്പെടുന്ന ചപ്പും ചവറും മാറ്റുന്നതും, തങ്ങള്‍ക്കിടയിലേക്ക്‌ നുഴഞ്ഞു കയറിയേക്കാവുന്ന വിക്കിവിരുദ്ധരെ നിയന്ത്രിക്കുന്നതും സിസോപ്പുകളാണ്‌. ഒരേസമയം വിക്കിസമൂഹത്തിലെ തൂപ്പുകാരും പടയാളികളുമാണ്‌ ഇവരെന്നു പറയാം. സിസോപ്പുകളെ വിക്കിപീഡിയര്‍ തിരഞ്ഞെടുക്കുന്നു. മലയാളംവിക്കിയില്‍ ഏഴ്‌ സിസോപ്പുകളാണുള്ളത്‌.

ബ്യൂറോക്രാറ്റുകള്‍ - മുകളില്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളെയും അപേക്ഷിച്ച്‌ ജോലിഭാരം കൂടിയ വിഭാഗമാണ്‌ ബ്യൂറോക്രാറ്റുകള്‍. ഇവരെയും വിക്കപീഡിയര്‍ തിരഞ്ഞെടുക്കുകയാണ്‌ ചെയ്യുക. വൃത്തിയാക്കല്‍, സംരക്ഷണം തുടങ്ങിയ ജോലികള്‍ക്കു പുറമെ, പുതിയതായെത്തുന്ന സിസോപ്പുകളെയും മറ്റും പരിശീലിപ്പിച്ചെടുക്കുകയെന്നതും ബ്യൂറോക്രാറ്റുകളുടെ ജോലിയാണ്‌. മലയാളംവിക്കിയില്‍ ഒരു ബ്യൂറോക്രാറ്റാണുള്ളത്‌.

നിങ്ങള്‍ക്കും പങ്കുചേരാം

വിക്കിപീഡിയയുടെ ഏറ്റവും വലിയ സവിശേഷത എത്ര കൂടുതല്‍ ആളുകള്‍ അതില്‍ പങ്കു ചേരുന്നുവോ അത്രയും ഗുണനിലവാരം വര്‍ധിക്കുമെന്നതാണ്‌. മലയാളംവിക്കിയുടെ കാര്യവും വ്യത്യസ്‌തമല്ല. മലയാളംവിക്കിയില്‍ ഇപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം അംഗങ്ങളുണ്ടെങ്കിലും, ലേഖനങ്ങള്‍ രചിച്ചും ചിത്രങ്ങള്‍ ചേര്‍ത്തും വിക്കിയെ പരിപോഷിക്കുന്നവരുടെ സംഖ്യ ഇരുപതില്‍ താഴെ മാത്രമാണ്‌. ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടാകണം. എല്ലാ തരത്തിലും പെട്ട കേരളീയര്‍ മലയാളംവിക്കിയുടെ ഭാഗമാകണം.

ഇന്‍ര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളിയെ സംബന്ധിച്ച്‌ വിക്കിയില്‍ സഹകരിക്കുക ഇന്നൊരു പ്രശ്‌നമേയല്ല. അതില്‍ എങ്ങനെ ലേഖനങ്ങള്‍ എഴുതാം, തിരുത്താം എന്നൊക്കെയുള്ള വിവരങ്ങള്‍ വിക്കിയില്‍ തന്നെയുണ്ട്‌. അല്‍പ്പം സമയവും സന്നദ്ധതയും കാട്ടണമെന്നു മാത്രം. ഒരുപക്ഷേ, അക്ഷരത്തെറ്റു മാറ്റിയാകാം ഒരു വിക്കിലേഖനത്തെ നിങ്ങള്‍ക്ക്‌ നന്നാക്കാന്‍ കഴിയുക. അല്ലെങ്കില്‍ ഒരു പിശക്‌ തിരുത്തി, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ താത്‌പര്യമുള്ള ഒരു ലേഖനം തുടങ്ങി. അതേ താത്‌പര്യമുള്ള മറ്റാരെങ്കിലുമൊക്കെ ചേര്‍ന്ന്‌ അത്‌ പൂര്‍ത്തിയാക്കിക്കൊള്ളും. ഇതൊന്നുമല്ലെങ്കില്‍ ഒരു ചിത്രം സംഭാവന ചെയ്‌ത്‌, ഒരു രേഖാചിത്രം വരച്ചു കൊടുത്ത്‌. അങ്ങനെ, അങ്ങനെ, മലയാളത്തെ ഈ കൂട്ടായ്‌മയിലൂടെ ഭാവിക്കായി നിലനിര്‍ത്താന്‍ ഓരോ മലയാളിക്കും കഴിയും.
(2007 സപ്‌തംബര്‍ രണ്ടിന്റെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഷിജു അലക്‌സ്‌, മന്‍ജിത്‌ കൈനിക്കര, ഫ്രാന്‍സിസ്‌ സിമി നസ്രേത്ത്‌. ചിത്രീകരണം: സജീവന്‍ എന്‍.എന്‍,കടപ്പാട്‌: മാതൃഭൂമി).

Tuesday, August 14, 2007

കടലാസില്‍ വൈദ്യുതി സംഭരിക്കാം

ഊര്‍ജരംഗത്ത്‌ വിപ്ലവവുമായി മലയാളി ഗവേഷകര്‍ബാറ്ററിയുടെ പരിമിതികളില്ലാതെ കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാനും, ബാറ്ററിക്കു പകരം ചാര്‍ജുചെയ്‌ത കടലാസ്‌ ഉപോയോഗിക്കാനും മാര്‍ഗ്ഗം തെളിയുന്നു. ഊര്‍ജസാങ്കേതിക രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടുപിടിത്തത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ രണ്ട്‌ മലയാളി ഗവേഷകര്‍. വിമാനങ്ങള്‍ക്കു മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുവരെ ഭാവിയില്‍ തുണയായേക്കാവുന്ന 'ബാറ്ററി കടലാസ്‌ ' യാഥാര്‍ത്ഥ്യമാകുന്നത്‌ നാനോ ടെക്‌നോളജിയുടെ സഹായത്തോടെയാണ്‌.

അമേരിക്കയില്‍ റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ പ്രൊഫസറായ കൊടുങ്ങല്ലൂര്‍ സ്വദേശി പുളിക്കല്‍ എം.അജയന്‍ നേതൃത്വം നല്‍കിയ സംഘമാണ്‌ ഈ മുന്നേറ്റം നടത്തിയത്‌. ഗവേഷകനായ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത്‌ ഈ ഉത്‌പന്നം വികസിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചു. ഇന്ത്യക്കാരായ വിക്ടര്‍ പുഷ്‌പരാജ്‌, അശ്വനി കുമാര്‍, ശരവണബാബു മുരുകേശന്‍ തുടങ്ങിയവരും ഗവേഷക സംഘത്തിലുണ്ട്‌. കടലാസില്‍ കാര്‍ബണ്‍ നാനോട്യൂബുകള്‍ പതിപ്പിച്ചു നിര്‍മിച്ച ഇതിന്‌ പരമ്പരാഗത ബാറ്ററിയുടെ പരിമിതികളൊന്നുമില്ല. കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം കടലാസിന്‌ കറുത്ത നിറമായിരിക്കും എന്നു മാത്രം.

"കനം കുറവ്‌, ഭാരം കുറവ്‌, എങ്ങനെ വേണമെങ്കിലും വളയ്‌ക്കാം, തിരിക്കാം, മടക്കാം, മുറിക്കാം. ഏത്‌ രൂപകല്‍പ്പനയ്‌ക്കും വഴങ്ങും. ഭാവിയിലെ ഉപകരണങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊര്‍ജ്ജസ്രോതസ്സായിരിക്കും ഇത്‌"-ടെലിഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഡോ. ഷൈജുമോന്‍ പറഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകള്‍ ഇതില്‍ ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കും. ജലംശമില്ലാത്ത അയണീകൃത ദ്രാവകമാണ്‌ ഇലക്ട്രോലൈറ്റ്‌. ജലംശം ഇല്ലാത്തതിനാല്‍ ഈ 'ബാറ്ററി' ഏത്‌ ഉയര്‍ന്ന ഊഷ്‌മാവിലും താഴ്‌ന്ന ഊഷ്‌മാവിലും പ്രവര്‍ത്തിക്കും.


"ഒരേ സമയം ലിഥിയം-അയണ്‍ ബാറ്ററിയായും, സൂപ്പര്‍ കപ്പാസിറ്ററായും പ്രവര്‍ത്തിക്കുന്ന തരത്തിലാണ്‌ ഈ ഉത്‌പന്നം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌"-ഡോ. ഷൈജുമോന്‍ അറിയിച്ചു. ഇലക്ട്രോലൈറ്റിന്റെ അസാന്നിധ്യത്തില്‍ മനുഷ്യ ശരീരത്തിലെ വിയര്‍പ്പും രക്തവുമൊക്കെ ബാറ്ററി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. "ഏറ്റവും വലിയ പ്രത്യേകത, സാധാരണ ബാറ്ററിയില്‍ കാണപ്പെടുന്ന അപകടകാരികളായ വിഷവസ്‌തുക്കളൊന്നും ഇതിലില്ല എന്നതാണ്‌. കടലാസിന്റെ ഘടകമായ സെല്ലുലോസ്‌ ആണ്‌ ഇതില്‍ 90 ശതമാനവും. കാര്‍ബണും വിഷവസ്‌തുവല്ല. ആ നിലയ്‌ക്ക്‌ തികച്ചും പരിസ്ഥിതിക്കിണങ്ങുന്ന ഊര്‍ജസംഭരണ മാര്‍ഗ്ഗമാണിത്‌"-ഡോ.ഷൈജുമോന്‍ പറഞ്ഞു.

വിഷവസ്‌തുക്കളില്ലാത്തതിനാല്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കൃത്രിമ അവയവങ്ങള്‍ക്കുമാകും 'ബാറ്ററി കടലാസ്‌' ഏറ്റവും വലിയ അനുഗ്രഹമാകുക. ഇത്തരം കടലാസ്‌ ബാറ്ററിയായി ഉപയോഗിച്ചാല്‍, സെല്‍ഫോണുകളുടെയും മറ്റും കനം എത്ര കുറയും എന്ന്‌ സങ്കല്‍പ്പിച്ചു നോക്കുക. കാറുകളുടെ വാതില്‍ തന്നെ ബാറ്ററിയായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഭാവിയില്‍ രൂപകല്‍പ്പന ചെയ്യാനാകും. ലാപ്‌ടോപ്പുകളും മറ്റും കടലാസ്‌ പോലെ കനംകുറഞ്ഞതാകും. സാധ്യതകളുടെ അപാരതയാണ്‌ ഈ ഊര്‍ജ സംഭരണമാര്‍ഗ്ഗം മുന്നോട്ടു വെക്കുന്നത്‌.

പക്ഷേ, പുതിയ ഉത്‌പന്നം വിപണിയിലെത്താന്‍ വര്‍ഷങ്ങള്‍ ഇനിയും കാക്കേണ്ടി വരും. കണ്ടുപിടിത്തത്തിന്റെ മാതൃകാവകാശത്തിന്‌ (പേറ്റന്റിന്‌) അപേക്ഷ നല്‍കിയതായി ഡോ.ഷൈജുമോന്‍ അറിയിച്ചു. കടലാസിന്റെ ഊര്‍ജസംഭരണ ക്ഷമത വര്‍ധിപ്പിക്കാനും, ഉത്‌പാദനത്തിന്‌ വിവിധ സങ്കേതങ്ങള്‍ ആവിഷ്‌ക്കരിക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു. ഭാവിയില്‍ ഇത്തരം ബാറ്ററികടലാസ്‌ പത്രം പോലെ അച്ചടിച്ചിറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'(പി.എന്‍.എ.എസ്‌) ന്റെ പുതിയ ലക്കത്തില്‍ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ പ്രൊഫ. അജയന്‍. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ടെക്‌ നേടിയ അദ്ദേഹം ഇപ്പോള്‍ റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ്‌ അന്‍ഡ്‌ എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ്‌ പ്രൊഫസറാണ്‌. നാനോകാര്‍ബണ്‍ ഗവേഷണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രൊഫ. അജയന്‍, പോളിടെക്‌നിക്കിലെ 'കാര്‍ബണ്‍ നാനോമെറ്റീരിയല്‍സ്‌ റിസര്‍ച്ച്‌ ഗ്രൂപ്പി'ന്റെ മേധാവിയാണ്‌. ഈ ഗ്രൂപ്പാണ്‌ കടലാസില്‍ ബാറ്ററി സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചത്‌.

കണ്ണൂര്‍ നടുവില്‍ മാണിക്കോത്ത്‌ കുടുംബത്തിലെ ടി.പി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും അധ്യാപിക എം.എം. സുഭദ്രയുടെയും മകനാണ്‌ ഡോ. ഷൈജുമോന്‍. തളിപ്പറമ്പ്‌ സര്‍ സയ്യദ്‌ കോളേജില്‍ നിന്ന്‌ ഭൗതീകശാസ്‌ത്രത്തില്‍ ബിരുദവും തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ നിന്ന്‌ ബിരുദാന്തര ബിരുദവും നേടിയ ഷൈജുമോന്‍, മദ്രാസ്‌ ഐ.ഐ.ടി.യില്‍ നിന്ന്‌ കാര്‍ബണ്‍ നാനോടെക്‌നോളജിയില്‍ ഗവേഷണ ബിരുദം നേടിയ ശേഷമാണ്‌ അമേരിക്കയിലെത്തുന്നത്‌. പ്രഫുല്ലയാണ്‌ ഭാര്യ.പ്രൊഫ. അജയനും ഡോ.ഷൈജുമോനും സപ്‌തംബര്‍ ഒന്നു മുതല്‍ ടെക്‌സാസിലെ റൈസ്‌ യൂണിവേഴ്‌സിറ്റിയിലേക്ക്‌ പ്രവര്‍ത്തനം മാറ്റുകയാണ്‌.
(അവലംബം: റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, ഡോ.ഷൈജുമോന്‍ എം.മാണിക്കോത്തുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം. കടപ്പാട്‌: മാതൃഭൂമി)

Friday, April 13, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-14: പുതുമന ചോമാതിരി

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കേരളീയ ഗണിതശാസ്‌ത്ര പ്രതിഭയാണ്‌ പുതുമന ചോമാതിരി. 'കരണപദ്ധതി'യെന്ന സുപ്രധാന ഗ്രന്ഥം അദ്ദേഹമാണ്‌ രചിച്ചത്‌

ഭൗതീകശാസ്‌ത്രത്തിലെ തന്റെ കണ്ടെത്തലുകള്‍ക്ക്‌ ഗണിതശാസ്‌ത്രത്തിന്റെ അടിത്തറ നല്‍കാനാണ്‌ ഐസക്‌ ന്യൂട്ടണ്‍ (1642-1727) കലിതം (കാല്‍ക്കുലസ്‌) രൂപപ്പെടുത്തിയത്‌. മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ലെബ്‌നിറ്റ്‌സും കലിതം കണ്ടെത്തി. ഈ പശ്ചാത്യപ്രതിഭകളുടെ സമകാലികനായിരുന്നു പുതുമന ചോമാതിരിയെന്ന കേളരീയ ഗണിതജ്ഞന്‍. ത്രികോണമിതി, കലനം തുടങ്ങിയ ഗണിതശാസ്‌ത്രശാഖകള്‍ പാശ്ചാത്യലോകത്ത്‌ വികാസം പ്രാപിക്കുന്നതിനും മുമ്പ്‌ കേരളത്തിലെ പ്രതിഭകള്‍ അവ കണ്ടെത്തിയിരുന്നു എന്ന്‌ തെളിയിക്കുന്ന ഒട്ടേറെ കൃതികളുണ്ട്‌. ആ ഗ്രന്ഥപരമ്പരയില്‍ സുപ്രധാന സ്ഥാനം അര്‍ഹിക്കുന്ന കൃതിയാണ്‌ 'കരണപദ്ധതി'. അതിന്റെ കര്‍ത്താവാണ്‌ പുതുമന ചോമാതിരി. ത്രികോണമിതി, അനന്തശ്രേണികളുടെ ഉപയോഗം, `പൈ'യുടെ കൃത്യമായ മൂല്യനിര്‍ണയം ഒക്കെ കരണപദ്ധതിയിലുണ്ട്‌.

പുതാതന ഭാരതത്തില്‍ ജ്യോതിശാസ്‌ത്രവും ഗണിതശാസ്‌ത്രവും ജോതിഷവും കൂടിക്കുഴഞ്ഞാണ്‌ കിടന്നത്‌. അതിനാല്‍ ഇവ ഒറ്റശാസ്‌ത്രമായി കണക്കാക്കപ്പെട്ടു. നമ്മുടെ പല ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളും ഗണിതശാസ്‌ത്രഗ്രന്ഥങ്ങളും ജ്യോതിഷഗ്രന്ഥങ്ങളായും ശാസ്‌ത്രജ്ഞര്‍ വെറും ജ്യോതിഷികളായും ഇന്നും തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരത്തില്‍ വേണ്ടത്ര അറിയപ്പെടാതെ പോയ കേരളീയ ഗണിതപ്രതിഭകളില്‍ പുതുമന ചോമാതിരിയും പെടുന്നു. ചോമാതിരിയുടെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രകടിപ്പിട്ടുണ്ട്‌. 'ദൃഗ്ഗണിതം' എന്ന മഹാഗണിതഗ്രന്ഥം രചിച്ച വടശ്ശേരി പരമേശ്വരന്റെ(1360-1455) കാലത്താണ്‌ ചോമാതിരിയും ജീവിച്ചിരുന്നതെന്ന്‌, വടക്കുംകൂര്‍ രാജരാജവര്‍മ, മഹാകവി ഉള്ളൂര്‍ തുടങ്ങിയവര്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, പ്രശസ്‌ത പണ്ഡിതനായ കെ.വി.ശര്‍മയാണ്‌ ചോമാതിരിയുടെ കാലം കണ്ടെത്തിയത്‌.

കെ.വി.ശര്‍മ നടത്തിയ കണക്കുകൂട്ടല്‍ പ്രകാരം, 1660-ല്‍ തൃശൂരില്‍ പുതുമന ഇല്ലത്താണ്‌ ചോമാതിരി (സോമയാജി) ജനിച്ചത്‌. 1732-ല്‍ അദ്ദേഹം കരണപദ്ധതി രചിച്ചു. 1740-ല്‍ അന്തരിച്ചു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന രണ്ട്‌ ഗണിതപദ്ധതികളാണ്‌ പരഹിതവും ദൃക്കും. എ.ഡി.683-ല്‍ ഹരിദത്തന്‍ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണ്‌ പരഹിതം. 1430-ല്‍ വടശ്ശേരി പരമേശ്വരന്‍ ആണ്‌ ദൃക്‌ സമ്പ്രദായം ആവിഷ്‌ക്കരിച്ചത്‌. പരഹിത സമ്പ്രദായമനുസരിച്ച്‌ കേരളത്തില്‍ ജ്യോത്സ്യന്‍മാര്‍ മുഹൂര്‍ത്തം ഗണിക്കുന്നത്‌ ഇപ്പോഴും പതിവാണ്‌; ഗ്രഹണം മുതലായവ ഗണിക്കുന്നത്‌ ദൃക്‌ സമ്പ്രദായം അനുസരിച്ചും. ഈ രണ്ട്‌ ഗണിതപദ്ധതികളും ചോമാതിരി 'കരണപദ്ധതി'യില്‍ ഉപയോഗിച്ചിട്ടുണ്ട്‌. കരണപദ്ധതിയുടെ പഴയ കൈയെഴുത്തു പ്രതികള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ ആ പ്രദേശങ്ങളില്‍ പ്രചാരം സിദ്ധിച്ചിരുന്നു എന്നതിന്‌ തെളിവാണിത്‌.

കേരളത്തിലെ ഗണിത-ജ്യോതിശ്ശാസ്‌ത്രപാരമ്പര്യത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌-ഗണിതഭാഗവും ഫലഭാഗവും. ആദ്യത്തേത്‌ ശുദ്ധശാസ്‌ത്രമാണ്‌. ജാതകഗണനം ഫലപ്രവചനം എന്നിവ ഉള്‍പ്പെടുന്ന ജ്യോതിഷമാണ്‌ രണ്ടാംഭാഗം. ഇവ സംബന്ധിച്ച കൃതികള്‍ക്കു പുറമേ, നമ്പൂതിരിമാരുടെ ആചാരങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ കൃതികള്‍ ചോമാതിരി രചിച്ചു. ജാതകാദേശമാര്‍ഗം, ആശൗചം, ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം, വേണ്വാരോഹാഷ്‌ടകം, പഞ്ചബോധം, ന്യായരത്‌നം, ഗ്രഹണഗണിതം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പെടുന്നു. ജാതകാദേശം എന്നത്‌ ചോമാതിരി രചിച്ച പ്രശസ്‌ത ജ്യോതിഷകൃതിയാണ്‌. മാനസഗണിതം എന്നൊരു കൃതി രചിച്ചിട്ടുള്ളതായി സൂചനയുണ്ടെങ്കിലും അത്‌ കണ്ടുകിട്ടിയിട്ടില്ല.

പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായ സംഗമഗ്രാമ മാധവന്‍ രചിച്ച വേണ്വാരോഹം എന്ന കൃതിയുടെ ചുവടുപിടിച്ച്‌ ചോമാതിരി രചിച്ച ഗ്രന്ഥമാണ്‌ വേണ്വാരോഹാഷ്ടകം. ചന്ദ്രന്‌ ഓരോ കാലങ്ങളിലുള്ള സ്ഥാനവ്യതിയാനം കൃത്യമായി ഗണിക്കാന്‍ സഹായിക്കുന്നു ഈ ഗ്രന്ഥം. ഗ്രഹചലനത്തെക്കുറിച്ചുള്ള ആധികാരിക പഠനം അവതരിപ്പിക്കുന്ന എട്ട്‌ അധ്യായങ്ങളുള്ള കൃതിയാണ്‌ ന്യായരത്‌നം. കാവ്യരൂപത്തില്‍ എഴുതപ്പെട്ട ഗ്രന്ഥമാണിത്‌. ആശൗചം, ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം എന്നീ കൃതികള്‍ ധര്‍മശാസ്‌ത്രം എന്ന വിഭാഗത്തില്‍ പെടുത്താവുന്നവയാണ്‌. നമ്പൂതിരിമാരുടെ മരണസമയത്ത്‌ ആചരിക്കേണ്ട കാര്യങ്ങളുടെ വിശദീകരണമാണ്‌, മലയാളത്തില്‍ രചിക്കപ്പെട്ട ആശൗചം എന്ന കൃതിയുടെ ഉള്ളടക്കം. അതില്‍ 18 ശ്ലോകങ്ങളുണ്ട്‌. 173 ശ്ലോകങ്ങളില്‍ രചിക്കപ്പെട്ട സംസ്‌കൃതകൃതിയാണ്‌ ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം. ഉപനയനം, വിവാഹം തുടങ്ങിയവയ്‌ക്ക്‌ ലോപം സംഭവിച്ചാല്‍ നമ്പൂതിരിമാര്‍ അനുഷ്‌ഠിക്കേണ്ട കാര്യങ്ങളാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌.

Friday, April 06, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-13: വടശ്ശേരി പരമേശ്വരന്‍

കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന 'ദൃഗ്ഗണിതം' രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ആ മഹാഗ്രന്ഥത്തെക്കുറിച്ചോ വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയാവുന്ന മലയാളികള്‍ കുറവാണ്‌

കേരളത്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനുള്ള നിയോഗം ഒരാള്‍ സ്വയം ഏറ്റെടുത്തു. ഭാരതപ്പുഴയുടെ തീരത്ത്‌ 55 വര്‍ഷക്കാലം അയാള്‍ അതിനായി സമയം ചെലവിട്ടു. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത കാലം. എന്നിട്ടും ആ നിരീക്ഷകന്റെ തപസ്യ നിഷ്‌ഫലമായില്ല. താന്‍ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളില്‍ നിന്ന്‌ ലഭിച്ച ഉള്‍ക്കാഴ്‌ച അയാള്‍ താളിയോലകളില്‍ സംസ്‌കൃതത്തില്‍ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായി ആ കുറിപ്പുകള്‍ മാറി. 'ദൃഗ്ഗണിതം' എന്നാണ്‌ ആ ഗ്രന്ഥത്തിന്റെ പേര്‌. ഗ്രന്ഥകര്‍ത്താവ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികള്‍ കുറവാണ്‌.

കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരന്‍. 'ദൃഗ്ഗണിതം' എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. ജ്യോതിശാസ്‌ത്രത്തില്‍ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളില്‍ ഒന്നാണ്‌ 'ദൃക്‌'. 'പരഹിതം' വേറൊന്ന്‌. ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങള്‍ക്കു കൃത്യതയുണ്ടാക്കാന്‍ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ 'പരഹിത'വും 'ദൃക്കും'.

തിരുനാവായ സ്വദേശിയായ ഹരിദത്തന്‍ (എഡി 650 - 700) എന്ന ഗണിതജ്ഞന്‍ എഡി. 683-ല്‍ ആവിഷ്‌ക്കരിച്ചതാണ്‌ 'പരഹിത' പദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകള്‍ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ ഇത്‌. 'മഹാമാര്‍ഗനിബന്ധനം', 'ഗ്രഹാചാരനിബന്ധനം' എന്നീ സംസ്‌കൃതകൃതികള്‍ വഴി ഹരിദത്തന്‍ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതില്‍ 'മാഹാമാര്‍ഗനിബന്ധനം' ഇതുവരെ കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്കായിട്ടില്ല. കേരളത്തില്‍ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാന്‍ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ്‌ വര്‍ഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയില്‍ ചോദ്യംചെയ്യപ്പെടാതെ തുടര്‍ന്നു.

പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരന്‍ 1430-ല്‍ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നല്‍കിയത്‌. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വര്‍ഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും, ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌, നീലകണ്‌ഠ സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനുള്ള ഗണിതരീതി പരമേശ്വരന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകള്‍ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതന്‍ കെ.വി.ശര്‍മയാണ്‌.

പാലക്കാട്ട്‌ ആലത്തൂരിലെ വടശ്ശേരി ഇല്ലത്തില്‍ 1360-ലാണ്‌ പില്‍ക്കാലത്ത്‌ വടശ്ശേരി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. 'മുഹൂര്‍ത്തരത്‌നം', 'മുഹൂര്‍ത്ത പദവി' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തലക്കുളത്തു ഗോവിന്ദഭട്ടതിരി (1237-1295)യുടെ ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവന്‍, രുദ്രന്‍ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍. പരമേശ്വരന്റെ മകന്‍ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു.

ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ്‌ കരുതുന്നത്‌. 'ദൃഗ്ഗണിതം'(1430), മൂന്നുകൃതികള്‍ ഉള്‍പ്പെട്ട 'ഗോളദീപിക'(1443), 'ഗ്രഹണാഷ്ടകം', 'ഗ്രഹണമണ്ഡനം', 'ഗ്രഹണന്യായദീപിക', 'ചന്ദ്രഛായാഗണിതം', 'വാക്യകാരണം' എന്നിവ പരമേശ്വരന്‍ രചിച്ച മൗലീക കൃതികളാണ്‌. 'ആര്യഭടീയം', 'മഹാഭാസ്‌കരീയം', 'മഹാഭാസ്‌കരീയഭാഷ്യം', 'ലഘുഭാസ്‌കരീയം', 'സൂര്യസിദ്ധാന്തം', 'ലഘുമാനസം', 'ലീലാവതി' തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച 'വാക്യദീപിക', 'ഭാ ദീപിക' എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 'ആചാരസംഗ്രഹം', 'ജാതകപദ്ധതി', 'സദ്‌വര്‍ഗഫലം' തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Thursday, March 29, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-12: നീലകണ്‌ഠ സോമയാജി

സംഗമഗ്രാമ മാധവനെപ്പോലെ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ മറ്റൊരു കേരളീയ പ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി.അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ചത്‌ അദ്ദേഹമാണ്‌

സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയവരെപ്പോലെ വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു കേരളീയ ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി. `പൈ' ഒരു അഭിന്നകസംഖ്യ (irrational number)യാണെന്ന്‌ ആധുനികഗണിതശാസ്‌ത്രത്തില്‍ സ്ഥാപിച്ചത്‌ 1671-ല്‍ ലാംബെര്‍ട്ടാണ്‌. അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ അവതരിപ്പിച്ചു. വൃത്തത്തിന്റെ ചുറ്റളവ്‌ അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്നാണ്‌ സോമയാജി വാദിച്ചത്‌. വ്യാസത്തെ `പൈ'യെന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക.

അതുപോലെ തന്നെ, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌ക്കരിച്ചതും നീലകണ്‌ഠ സോമയാജിയാണ്‌. ഒന്നിനൊന്ന്‌ തുടര്‍ന്നു വരുന്ന പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്ന രീതിയിലെഴുതുന്ന അനുക്രമമാണ്‌ അഭിസാരിശ്രേണി. ഇവയുടെ പദങ്ങള്‍ അനന്തമാണെങ്കിലും, പദങ്ങളുടെ തുകയ്‌ക്ക്‌ പരിധിയുണ്ടാകും. ഉദാഹരണം 1, 1/3, 1/9, 1/27, 1/81, . . . . ഈ ശ്രേണിയില്‍ പദങ്ങളുടെ തുകയുടെ പരിധി മൂന്ന്‌ (3) ആണ്‌.

എന്നുവെച്ചാല്‍, ഇതില്‍ അടുത്തടുത്തു വരുന്ന ഏത്‌ പദമെടുത്താലും കുറഞ്ഞ പദത്തെ മൂന്നുകൊണ്ടു ഗുണിച്ചാല്‍ കൂടിയ പദം കിട്ടും എന്നര്‍ത്ഥം. 'ആര്യഭടീയഭാഷ്യ'ത്തില്‍ തന്നെയാണ്‌ സോമയാജി ഇത്തരം ശ്രേണികളെക്കുറിച്ച്‌ എഴുതിയതും. വൃത്തഭാഗമായ ചാപത്തെ ഞാണുകളുടെ തുകയായി കാണുന്ന രീതി ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ രീതി ആവിഷ്‌ക്കരിച്ചത്‌. പാശ്ചാത്യഗണിതശാസ്‌ത്രജ്ഞര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും രണ്ടുനൂറ്റാണ്ട്‌ മുമ്പാണ്‌, കേരളത്തിലിരുന്ന്‌ സോമയാജി ഇവ താളിയോലകളില്‍ കോറിയിട്ടത്‌.

തൃക്കണ്ടിയൂരില്‍ കേളല്ലൂര്‍ എന്ന നമ്പൂതിരി കുടുംബത്തിലാണ്‌ സോമയാജി ജനിച്ചത്‌; 1444 ഡിസംബറില്‍. ജാതവേദസ്സ്‌ എന്നായിരുന്നു അച്ഛന്റെ പേര്‌. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി (1360-1455) യുടെ ആലത്തൂരുള്ള വീട്ടില്‍ നിന്നാണ്‌ സോമയാജി ഗണിതത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും ജ്യോതിഷത്തിലും പ്രാവിണ്യം നേടിയത്‌. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരന്‍ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. 'മുഹൂര്‍ത്ത ദീപിക'യുടെ വ്യാഖ്യാനമായ 'ആചാരദര്‍ശനം' രചിച്ച രവി നമ്പൂതിരി (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരന്‍ ശങ്കരനും വേണ്ട പ്രോത്സാഹനം നല്‍കിയത്‌ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു.

ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയില്‍ മിക്കവയും. `തന്ത്രസംഗ്രഹം'(1500), `ഗ്രഹണനിര്‍ണയം', `ഗോളസാരം', `സിദ്ധാന്തദര്‍പ്പണം', `സുന്ദരരാജ പ്രശ്‌നോത്തരം', `ഗ്രഹപരീക്ഷാ കര്‍മം' എന്നിവയും`ആര്യഭടീയ ഭാഷ്യ'വുമാണ്‌ സോമയാജിയുടെ മുഖ്യകൃതികള്‍. ഇവയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ 'ആര്യഭടീയഭാഷ്യ'മാണ്‌. നൂറുവര്‍ഷം ജീവിച്ചിരുന്ന സോമായജി 1545-ല്‍ അന്തരിച്ചു.

Wednesday, March 21, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-11: സംഗമഗ്രാമ മാധവന്‍

അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാര്‍ഗ്ഗങ്ങള്‍ പാശ്ചാത്യപണ്ഡിതര്‍ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അത്‌ കണ്ടെത്തിയ കേരളീയനാണ്‌ സംഗമഗ്രാമ മാധവന്‍

ഭാരതീയ ശാസ്‌ത്രചരിത്രത്തില്‍, വിശേഷിച്ചും ഗണിത-ജ്യോതിഷരംഗത്ത്‌, മൂല്യവത്തായ സംഭാവന നല്‍കിയ പ്രമുഖരില്‍ ഒട്ടേറെ കേരളീയരും ഉള്‍പ്പെടുന്നു. പല പാശ്ചാത്യ ഗണിതശാസ്‌ത്രജ്ഞരുടെയും പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തങ്ങള്‍ അവര്‍ക്കു മുമ്പേ ആവിഷ്‌ക്കരിച്ച ഗണിതപ്രതിഭകള്‍ കേരളത്തില്‍ ജീവിച്ചിരുന്നു. മുമ്പേ പറന്ന പക്ഷികളായിരുന്നു അവര്‍. സംഗമഗ്രാമ മാധവന്‍, നീലകണ്‌ഠ സോമയാജി, പുതുമന ചോമാതിരി, ഹരിദത്തന്‍, വടശ്ശേരി പരമേശ്വരന്‍....എന്നിങ്ങനെ ആ പട്ടിക നീളുന്നു.

പക്ഷേ, സാമാന്യജനങ്ങളിലേക്ക്‌ വിജ്ഞാനം എത്താന്‍ കഴിയാത്ത തരത്തിലുള്ള സാമൂഹ്യഘടനയും, സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായ സംസ്‌കൃതത്തിലായിരുന്നു ഇത്തരം വിജ്ഞാനമണ്ഡലം വികസിച്ചത്‌ എന്നതും, നമ്മുടെ പണ്ഡിതന്‍മാരുടെ സംഭാവനകള്‍ ചെറിയൊരു വൃത്തത്തില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ കാരണമായി. ലോകമറിയുന്നവരായി അവര്‍ മാറിയില്ല. ബാഹ്യലോകമറിയുമ്പോഴേക്കും ആ കണ്ടെത്തലുകളുടെ ഖ്യാതി പാശ്ചാത്യപണ്ഡിതല്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണമാണ്‌ സംഗമഗ്രാമ മാധവന്‍ എന്ന കേരളീയ ഗണിതശാസ്‌ത്ര പ്രതിഭ. 1340-ല്‍ ജനിച്ച മാധവനാണ്‌, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തില്‍ നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചത്‌. ജെയിംസ്‌ ഗ്രിഗറി, ലെബനിറ്റ്‌സ്‌, ലാംബെര്‍ട്ട്‌ തുടങ്ങിയ പാശ്ചാത്യ പണ്ഡിതര്‍ ഇതേ മാര്‍ഗ്ഗത്തിലൂടെ വൃത്തപരിധി നിര്‍ണയിക്കാനുള്ള രീതി കണ്ടെത്തിയത്‌ മൂന്നു നൂറ്റാണ്ടിനു ശേഷമാണെന്നോര്‍ക്കുക. പക്ഷേ, ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടര്‍ക്കുമാണ്‌.

'പൈ'യുടെ വില ഒരു ശ്രേണിയുടെ തുകയായി കണക്കാക്കാമെന്ന്‌, വൃത്തത്തിന്റെ ചുറ്റളവു കണ്ടുപിടിക്കുന്നതിനെക്കുറിച്ചുള്ള ശ്ലോകത്തില്‍ മാധവന്‍ സൂചിപ്പിച്ചു. ശ്രേണിയുടെ തുകയായി 'പൈ'യുടെ മൂല്യം നിര്‍ണയിക്കാമെന്ന്‌ ലെബനിറ്റ്‌സ്‌ കണ്ടെത്തിയത്‌, മധാവന്‍ ഇക്കാര്യം പറഞ്ഞ്‌ മൂന്നു നൂറ്റാണ്ടിന്‌ ശേഷമാണ്‌; 1673-ല്‍. പതിനാലാം നൂറ്റാണ്ടില്‍ മാധവന്‍ ആവിഷ്‌ക്കരിച്ച സൂത്രവാക്യം അനുസരിച്ച്‌ 'പൈ'യുടെ ഏകദേശമൂല്യം 3.14159265359 ആണ്‌. ആധുനിക ഗണിതശാസ്‌ത്രം അംഗീകരിച്ചിരിക്കുന്ന ഏകദേശമൂല്യം 3.14159265 ആണെന്നോര്‍ക്കുക.

ഇതുമാത്രമല്ല, പില്‍ക്കാല ഭാരതീയ ഗണിതശാസ്‌ത്രത്തിന്‌ മാര്‍ഗ്ഗദര്‍ശകങ്ങളായ ഒട്ടേറെ സംഭാവനകള്‍ മാധവന്‍ നല്‍കി. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ ഓരോ കാലത്തും കൃത്യമായി കണക്കാക്കാനുള്ള മാര്‍ഗ്ഗം, Sin(A+B) തുടങ്ങിയ ത്രികോണമിതി വാക്യങ്ങളുടെ വികസനം എന്നിങ്ങനെ മാധവന്റെ സംഭാവനകള്‍ ഒട്ടേറെയാണ്‌. ചന്ദ്രഗണനത്തിന്‌ വേണ്ടിയുള്ള 248 ചന്ദ്രവാക്യങ്ങള്‍ അദ്ദേഹം രചിച്ചു. ഗോളഗണിതത്തില്‍ പ്രാമാണികനായിരുന്നു മാധവന്‍.

1400-ല്‍ താളിയോലയില്‍ 74 ശ്ലോകങ്ങളിലായി സംസ്‌കൃതത്തില്‍ എഴുത്തപ്പെട്ട 'വേണ്വാരോഹം' ആണ്‌ മാധവന്റെ പ്രമുഖ കൃതി. ജ്യോതിഷികള്‍ക്ക്‌ സഹായകമാം വിധം ചന്ദ്രന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള നൂതനമാര്‍ഗ്ഗങ്ങളാണ്‌ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്‌. ബുധന്‍, ചൊവ്വ, ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ എ.ഡി. 1236, 1276, 1354, 1396, 1398, 1418 എന്നീ വര്‍ഷങ്ങളിലെ സ്ഥാനം എന്തായിരുന്നു എന്നും മാധവന്‍ ഗണിച്ചിട്ടുണ്ട്‌. ആകാശനിരീക്ഷണത്തിനുള്ള സംവിധാനങ്ങളൊന്നും വികസിക്കാത്ത കാലത്തായിരുന്നു മാധവന്‍ ഈ മുന്നേറ്റം നടത്തിയതെന്ന്‌ ഓര്‍ക്കണം.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ്‌ മാധവന്റെ ജനനം. സംഗമഗ്രാമക്കാരനായ മാധവന്‍ എന്നാണ്‌ തന്റെ കൃതികളില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടുള്ളത്‌. സംഗമഗ്രാമം ഇരിങ്ങാലക്കുടയാണ്‌. ബ്രാഹ്മണവിഭാഗത്തില്‍ പെട്ട എമ്പ്രാന്‍ ജാതിയിലാണ്‌ മാധവന്‍ ജനിച്ചത്‌. ഇലിഞ്ഞിപ്പള്ളിയെന്നായിരുന്നു വീട്ടുപേര്‌. `ദുഗ്ഗണിതം' എന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരന്റെ ഗുരു മാധവനായിരുന്നു. 1425-ല്‍ മാധവന്‍ അന്തരിച്ചു. ലഗ്നപ്രകരണം, മഹാജ്യാനയാന പ്രകാരം, മധ്യമാനയാനപ്രകാരം, അഗണിതം, അഗണിത പഞ്ചാംഗം, അഗണിത ഗ്രഹാചാരം എന്നിവ മാധവന്‍ രചിച്ചതായി കരുതുന്ന മറ്റു കൃതികളാണ്‌.

കെ.വി. ശര്‍മയെപ്പോലുള്ള ഒട്ടേറെ പണ്ഡതന്‍മാരുടെ ശ്രമഫലമായാണ്‌ മാധവന്റെ സംഭാവനകള്‍ കുറെയെങ്കിലും ഇന്നു ലോകമറിയുന്നത്‌. കെ.വി. ശര്‍മയുടെ ആമുഖത്തോടെ 1956-ല്‍ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്ന്‌ 'വേണ്വാരോഹം' പ്രസിദ്ധീകരിക്കപ്പെട്ടു. തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടിയുടെ മലയാള വ്യാഖ്യാനത്തോടുകൂടിയും അവിടെ നിന്ന്‌ ഈ ഗ്രന്ഥം പുറത്തുവന്നിട്ടുണ്ട്‌. മാധവന്റെ ചന്ദ്രവാക്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രസിദ്ധീകരിച്ചതും കെ.വി.ശര്‍മയാണ്‌.