Saturday, December 19, 2009

കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം

മുഖംരക്ഷിക്കാന്‍ പേരിനൊരു ധാരണ, കാലാവസ്ഥാവ്യതിയാനം തുടരും

'കുറ്റവാളികളായ സ്ത്രീപുരുഷന്‍മാര്‍ വിമാനത്താവളത്തിലേക്ക് ഓടി രക്ഷപ്പെടുന്ന തരത്തിലൊരു കുറ്റകൃത്യമേഖലയായി കോപ്പന്‍ഹേഗന്‍ ഈ രാത്രിയില്‍ പരിണമിച്ചു'
-ജോണ്‍ സൗവന്‍, ഗ്രീന്‍പീസ്

രണ്ടുവര്‍ഷത്തെ മുന്നൊരുക്കം, പന്ത്രണ്ട് ദിവസത്തെ ചര്‍ച്ച, കഠിനമായ വിലപേശലുകള്‍...ഒടുവില്‍ 'മല എലിയെ പ്രസവിച്ചതുപോലെ' കരാറെന്നോ ധാരണയെന്നോ തീര്‍ത്തുപറയാനാകാത്ത ഒരു ഏര്‍പ്പാടും. കോപ്പന്‍ഹേഗന്‍ തെളിയിക്കുന്നത് എന്താണ്. അതേതായാലും ഭാവിതലമുറയോട് അഭിമാനത്തോടെ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒന്നല്ല, തീര്‍ച്ച.

യു.എന്നിന്റെ നേതൃത്വത്തിലുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ അവസാനിക്കുമെന്ന ആശങ്ക നേരത്തെ തന്നെ പലകോണുകളും പ്രകടിപ്പിച്ചിരുന്നു. ഉച്ചകോടിക്കിടെ ലഭിച്ച ചില സൂചനകള്‍ (യൂറോപ്യന്‍ യൂണിയന്‍ അവരുടെ വാതകവ്യാപന പരിധി ഉയര്‍ത്താന്‍ കൂട്ടാക്കാത്തത് ഉള്‍പ്പടെ) അത് ശരിവെയ്ക്കുകയും ചെയ്തു. ഡിസംബര്‍ ഏഴിന് ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 18-ന് അവസാനിക്കുമ്പോള്‍, ആ ആശങ്കകള്‍ ശരിയായിരുന്നു എ്ന്ന് തെളിയുകയാണ്.

ഏതായാലും കോപ്പന്‍ഹേഗന്‍ ഒരുകാര്യം അസന്നിഗ്ധമായി തെളിയിക്കുന്നു-ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന രാഷ്ട്രീയം കൊണ്ട് കാലാവസ്ഥാവ്യതിയാനം ചെറുക്കാനോ, ഭൂമി ചൂടുപിടിക്കുന്നത് തടയാനോ ഭാവിയെ പ്രതീക്ഷയോടെ നേരിടാനോ കഴിയില്ല. ഒരു പ്രതീക്ഷ, അമേരിക്ക അതിന്റെ മുന്‍നിലപാടില്‍ നിന്ന് മാറി, കാര്‍ബണ്‍ രാഷ്ട്രീയത്തിന്റെ മുഖ്യവേദിയില്‍ പ്രത്യക്ഷപ്പെട്ടു എന്നതുമാത്രം.

കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ഫലപ്രദമായ ഉടമ്പടിക്ക് രൂപം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍, അമേരിക്ക, ചൈന, ബ്രിസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ധാരണയുണ്ടാക്കുകയാണ് ഉച്ചകോടിക്കൊടുവില്‍ ചെയ്തത്. മുഖംരക്ഷിക്കാനുള്ള വിഫലശ്രമം എന്ന് അത് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.

ആഗോളതാപനിലയിലെ വര്‍ധന രണ്ട് ഡിഗ്രിയില്‍ താഴെ പിടിച്ചു നിര്‍ത്തുക ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് അഞ്ചുരാജ്യങ്ങളും ചേര്‍ന്ന് ധാരണയിലെത്തിയതെന്നും, 'അര്‍ഥവത്തായ കരാര്‍' ആണതെന്നും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ അവകാശപ്പെടുന്നു. ആഗോളനടപടിക്കുള്ള അടിത്തറയാണ് ഈ കരാറെന്നും, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, പല രാജ്യങ്ങളും ആ തട്ടിക്കൂട്ട് കരാറിന്റെ ഉള്ളടക്കത്തില്‍ അസന്തുഷ്ടരാണ്. 'ജനാധിപത്യവിരുദ്ധവും സുതാര്യതയില്ലാത്തതും അസ്വീകാര്യവുമായ' കരാര്‍ എന്നാണ് ബൊളീവിയന്‍ പ്രതിനിധികള്‍ അതിനെ വിശേഷിപ്പിച്ചത്. യു.എന്നിന് എതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'-വെനസ്വലയുടെ പ്രതിനിധി ക്ലാഡിയോ സലെര്‍നോ കാല്‍ഡെര കുറ്റപ്പെടുത്തി.

'മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഈ കരാര്‍ വഴിയെന്ന്, തുവാലുവെന്ന ചെറുദ്വീപ് രാഷ്ട്രത്തിന്റെ പ്രതിനിധി ഇയാന്‍ ഫ്രൈ വിലപിച്ചു. അതിനാല്‍ കരാര്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആഗോളതാപനം മൂലം സമുദ്രവിതാനമുയര്‍ന്ന് സമീപഭാവിയില്‍ തന്നെ വെള്ളത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ് തുവാലു.

ആഗോളതാപനില പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച വ്യക്തമായ പരിധി കരാറിലില്ല, നിയമപരമായ കരാറായിരിക്കുമതെന്ന് ഉറപ്പ് പറയുന്നില്ല, വാതകവ്യാപനം കുറയ്ക്കുന്നതിന് വ്യക്തമായ സമയപരിധിയില്ല - ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോള്‍ തന്നെ ഏറ്റുവാങ്ങാന്‍ തുടങ്ങിയിരിക്കുന്ന രാജ്യങ്ങള്‍ ഇത്തരമൊരു കരാറോ ധാരണയോ അല്ല കോപ്പന്‍ഹേഗനില്‍ നിന്ന് പ്രതീക്ഷിച്ചത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതഫലങ്ങള്‍ നേരിടാന്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് വികസ്വരരാഷ്ട്രങ്ങള്‍ക്ക് 3000 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് പഞ്ചരാഷ്ട്രകരാറിലുണ്ട്. 2020 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 10000 കോടി ഡോളര്‍ എന്ന കണക്കിനാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

എന്നാല്‍, ഈ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 193 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. എത്ര രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ജി 77 - ചൈന ഗ്രൂപ്പിന്റെ പ്രതിനിധിയായ ലുമുംബ സ്റ്റാനിസ്ലാസ് ഡി-അപിങ് കോപത്തോടെയാണ് പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ അറിവില്ലാതെ പിന്നാമ്പുറത്തുണ്ടായ കരാറാണിതെന്ന് അദ്ദേഹ പറഞ്ഞു.

'നിയമപരമായ പ്രാബല്യമില്ലാത്ത തരത്തിലൊരു കരാര്‍ ഉണ്ടാക്കിയതിലുള്ള നിരാശ ഞാന്‍ മറച്ചു പിടിക്കുന്നില്ല'-യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഷൂസെ മാനുവര്‍ ബരോസോ പറഞ്ഞു. 'പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന ഒന്നല്ല കരാര്‍'-അദ്ദേഹം അറിയിച്ചു.

''കരട് കരാര്‍ കുറ്റമറ്റതല്ല'-ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി സമ്മതിക്കുന്നു. എന്നാല്‍ ഒരു കരാറും ഉണ്ടാക്കാനായില്ലെങ്കില്‍, ഇന്ത്യയും ചൈനയും ഒരു തരത്തിലുള്ള നിയന്ത്രണത്തിലും പെടില്ല എന്നുവരും. ക്യോട്ടോ ഉടമ്പടിയില്‍ ഇല്ലാത്ത അമേരിക്കയ്ക്ക് ഏത് തരത്തിലുള്ള കരാറും ഉണ്ടാക്കാന്‍ സ്വാതന്ത്ര്യമുണ്ട്, പഞ്ചരാഷ്ട്രകരാറിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.

കോപ്പന്‍ഹേഗനില്‍ പയറ്റിയ രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ആഗോളതാപനം ചെറുക്കാന്‍ ആവശ്യം എന്ന് വ്യക്തമായതായി ഗ്രീന്‍പീസിന്റെ ജോണ്‍ സൗവന്‍ പറഞ്ഞത് വാസ്തവമാണ്. പക്ഷേ, പുതിയ രാഷ്ട്രീയം ലോകനേതാക്കള്‍ അഭ്യസിച്ചു വരുമ്പോഴേക്കും രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കുമോ ഭൂമിയെന്നേ സംശയമുള്ളു. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍).

കാണുക

8 comments:

Joseph Antony said...

രണ്ടുവര്‍ഷത്തെ മുന്നൊരുക്കം, പന്ത്രണ്ട് ദിവസത്തെ ചര്‍ച്ച, കഠിനമായ വിലപേശലുകള്‍...ഒടുവില്‍ 'മല എലിയെ പ്രസവിച്ചതുപോലെ' കരാറെന്നോ ധാരണയെന്നോ തീര്‍ത്തുപറയാനാകാത്ത ഒരു ഏര്‍പ്പാടും. കോപ്പന്‍ഹേഗന്‍ തെളിയിക്കുന്നത് എന്താണ്. അതേതായാലും ഭാവിതലമുറയോട് അഭിമാനത്തോടെ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒന്നല്ല, തീര്‍ച്ച.'മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഈ കരാര്‍ വഴിയെന്ന്, തുവാലുവെന്ന ചെറുദ്വീപ് രാഷ്ട്രത്തിന്റെ പ്രതിനിധി ഇയാന്‍ ഫ്രൈ വിലപിച്ചു. അതിനാല്‍ കരാര്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആഗോളതാപനം മൂലം സമുദ്രവിതാനമുയര്‍ന്ന് സമീപഭാവിയില്‍ തന്നെ വെള്ളത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ് തുവാലു.

Appu Adyakshari said...

ഇതിങ്ങനെയെ അവസാനിക്കൂ എന്ന് തുടക്കത്തിലെ അറിയാമായിരുന്നുവല്ലോ. അവസാനം പ്രകൃതിയെ നശിപ്പിക്കുന്ന മാനവരാശിക്കെതിരെ പ്രകൃതിതന്നെ തിരിഞ്ഞുകൊള്ളും. അന്ന് ചർച്ചചെയ്താലും പണം മുടക്കിയാലും തീരാവുന്ന രീതിയിലായിരിക്കില്ല കാര്യങ്ങളെന്നുമാത്രം.

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഇരപിടിയന്‍ മാര്‍

ടോട്ടോചാന്‍ said...

രാഷ്ട്രീയം ശാസ്ത്രത്തെ ഭരിക്കുന്നത് നാം എത്രയോ കാലമായി കാണുന്നു. ഹിരോഷിമമുതല്‍ ഇപ്പോള്‍ കോപ്പന്‍ഹേഗന്‍ വരെ...
ഹിരോഷിമക്ക് നാം സ്മാരകം പണിതു.. പക്ഷേ കോപ്പന്‍ഹേഗന് സ്മാരകം പണിയാന്‍ ആരുണ്ടാകും?

ടോട്ടോചാന്‍ said...

ഒരു ഓഫ് ടോപ്പിക്ക്
ബ്ലോഗിന്റെ ടെക്സ്റ്റ് ഫോണ്ട് കാര്‍ത്തിക ആണ് കിടക്കുന്നത്. യുണിക്കോഡ് ഫോണ്ട് അല്ലാത്തതിനാല്‍ റെന്‍ഡറിംഗ് ശരിയാവുന്നില്ല. ഏതെങ്കിലും ഒരു മലയാളം യുണിക്കോഡ് ഫോണ്ട് പകരം നല്‍കുക. ഇല്ലെങ്കില്‍ പ്രത്യേകിച്ച് ഒരു ഫോണ്ട് നല്‍കാതിരിക്കുക....ശ്രദ്ധിക്കുമല്ലോ...

Joseph Antony said...

അപ്പു,
ചിത്രങ്ങള്‍...,
ടോട്ടോചാന്‍,
ഇവിടെയെത്തുകയും അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്തതില്‍ സന്തോഷം.

ടോട്ടോചാന്‍, ഫോണ്ടിന്റെ കാര്യം പറഞ്ഞത് പിടികിട്ടിയില്ല. കാര്‍ത്തിക യുണീകോഡ് ഫോണ്ടല്ലേ. യുണീക്കോഡ് ഫോണ്ടല്ലെങ്കില്‍ Blogger സപ്പോര്‍ട്ട് ചെയ്യുമോ.

ടോട്ടോചാന്‍ said...

ML-TT-Karthika എന്ന ഫോണ്ട് ആണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ഫോണ്ട് ഫാമിലി വെറും karthika മാത്രം ആണ്. യുണിക്കോഡ് ആണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. യുണിക്കോഡ് മലയാളം ഫോണ്ട് പ്രത്യേകിച്ച് HTML ല്‍ പറയേണ്ട ആവശ്യം വരുന്നില്ല.എന്തായാലും എനിക്ക് ഇവിടെ റെന്‍ഡറിംഗ് ശരിയാവുന്നില്ല. ലിനക്സാണ് ഉപയോഗിക്കുന്നത്. ബാക്കി മലയാളം ബ്ലോഗുകള്‍ എല്ലാം തന്നെ ശരിയായി കിട്ടുന്നുണ്ട്..

Joseph Antony said...

ടോട്ടോച്ചാന്‍,
കാര്‍ത്തിക യുണീകോഡ് ഫോണ്ടാണ്. ML-TT-Karthika ആണെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല. ശ്യാമദ്രവ്യത്തെ കുറിച്ചുള്ള പുതിയ പോസ്റ്റില്‍ അഞ്ജലി ഓള്‍ഡ് ലിപിയാണ് ഉപയോഗിക്കുന്നത്, അതിന്റെ റെണ്ടറിങിന് പ്രശ്‌നമുണ്ടോ.