Tuesday, December 15, 2009

ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്ന്

ഇതുവരെയുള്ളത് മറക്കുക, അടുത്ത തവണ ഒരു ചൈനക്കാരനെ/ചൈനക്കാരിയെ മുന്നില്‍ കാണുമ്പോള്‍ മനസിലോര്‍ക്കുക, 'ഇതാ എന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍'! ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യക്കാരായിരുന്നു എന്ന് പുതിയ ജിനോം പഠനം പറയുന്നതിന് ഇതാണ് അര്‍ഥം. ചൈനക്കാര്‍ മാത്രമല്ല, കിഴക്കന്‍ ഏഷ്യക്കാരില്‍ മിക്കവരും നമ്മുടെ പിന്‍മുറക്കാരാണത്രേ. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്' എന്നത് 'എല്ലാ പൂര്‍വേഷ്യക്കാരും എന്റെ....' എന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുകയാണ്.

ആഫ്രിക്ക ആദിമവാസഗേഹമായിരുന്നു മനുഷ്യന്. ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്'എന്ന മനുഷ്യന്‍ പില്‍ക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകുടിയേറ്റം ഏഷ്യയിലേക്കായിരുന്നു; 60,000 വര്‍ഷം മുമ്പ്. 50,000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ് യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ് അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഫോസില്‍ പഠനങ്ങളും ജിനോം വിവരങ്ങളുമാണ് നരവംശത്തിന്റെ ആദിമകുടിയേറ്റത്തെക്കുറിച്ച് ഇത്തരമൊരു നിഗമനത്തിലെത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്.

എന്നാല്‍, ഈ പൊതുചിത്രത്തില്‍ ഇനിയും പൂരിപ്പിക്കേണ്ട കൂടുതല്‍ ഭാഗങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെ പത്ത് ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും സംയുക്തമായി നടത്തിയ 'മാപ്പിങ് ഹ്യുമണ്‍ ജനറ്റിക് ഹിസ്റ്ററി ഇന്‍ ഏഷ്യ' എന്ന പഠനത്തിലാണ്, മനുഷ്യകുടിയേറ്റത്തെ സംബന്ധിച്ച് നിലവിലുള്ള ചില നിഗമനങ്ങള്‍ തിരുത്തേണ്ടതായ കണ്ടെത്തലുകളുള്ളത്. ആഫ്രിക്കയില്‍ നിന്ന് ആദ്യം ഇന്ത്യയിലും പിന്നീട് മറ്റൊരു ഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്ന് ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യവര്‍ഗം കുടിയേറിയെന്നാണ് ഫോസില്‍ പഠനങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത് ആഫ്രിക്കയില്‍ നിന്ന ഒറ്റ കുടിയേറ്റമേ ഉണ്ടായിട്ടുള്ളു, അത് ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യക്കാരുടെ പിന്‍മുറക്കാരാണ് ചൈനയിലും ജപ്പാന്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളത്.

ഹ്യുമണ്‍ ജിനോം ഓര്‍ഗനൈസേഷന് കീഴില്‍ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ 40 ലാബുകളിലാണ് അഞ്ച് വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. ഇസ്റ്റിട്ട്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി), സെന്റര്‍ ഫോര്‍ ജിനോമിക്‌സ് ആപ്ലിക്കേഷന്‍സ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും പഠനത്തില്‍ പങ്കുവഹിച്ചു. ഐ.ജി.ഐ.ബി.യിലെ ഗവേഷകനും മലയാളിയുമായ ഡോ. വിനോദ് സ്‌കറിയ (ഇന്ത്യയിലാദ്യമായി മാനവജിനോം മാപ്പിങ് പൂര്‍ത്തിയാക്കിയ സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞന്‍, കോഴിക്കോട് മലാപ്പറമ്പ് പെരുഞ്ചേരില്‍ കുടുംബാംഗം) ഉള്‍പ്പടെ 90 ശാസ്ത്രജ്ഞരാണ് പഠനത്തില്‍ സഹകരിച്ചത്.

ഇന്ത്യ, ചൈന, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ 73 ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് 1900 പേരുടെ ജനിതക വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. കഴിഞ്ഞയാഴ്ചത്തെ 'സയന്‍സ്' ഗവേഷണവാരിക(ഡിസംബര്‍ 11, 2009)യില്‍ റിപ്പോര്‍ട്ട് പസിദ്ധീകരിച്ചു. പഠനവിധേയമാക്കിയവരുടെ ജിനോമിലെ അമ്പതിനായിരത്തിലേറെ 'സിങ്കിള്‍-ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസംസ്' (SNPs) ആണ് താരതമ്യം ചെയ്തത്.

ഡി.എന്‍.എ.ശ്രേണിയിലെ ചെറുഭാഗങ്ങളിലുണ്ടാകന്ന ഒറ്റയാന്‍ വ്യതികരണങ്ങളാണ് എസ്.എന്‍.പി.കള്‍. രണ്ട് വ്യക്തികള്‍ ജനിതകമായി എത്രത്തോളെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ ഈ വ്യതികരണങ്ങള്‍ താരതമ്യം ചെയ്താല്‍ മതി. ഏഷ്യയിലുടനീളം മനുഷ്യരില്‍ ജനിതക സമാനതകള്‍ നിലനില്‍ക്കുന്നതായാണ് പഠനത്തില്‍ കണ്ടത്. വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നതായും കണ്ടു.

തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നു എന്നതിനര്‍ഥം, അവരാണ് പൂര്‍വികര്‍ എന്നാണ്. ഒരു വിഭാഗം എത്ര കൂടുതല്‍ കാലം നിലനിന്നോ, അതിനനുസരിച്ച് അവര്‍ക്കിടയിലെ ജനിതകവൈവിധ്യം വര്‍ധിക്കും. 'ചൈനീസ് സമൂഹം വളരെ വലുതാണെങ്കിലും അവര്‍ക്കിടയില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചെറുജനവിഭാഗങ്ങളെ അപേക്ഷിച്ച്, ജനിതകവൈവിധ്യം വളരെ കുറവാണ്. കാരണം ചൈനീസ് സമൂഹം അടുത്തയിടയാണ് രൂപപ്പെട്ടത്. പതിനായിരം വര്‍ഷത്തിനിടെ നെല്‍കൃഷി വികസിച്ചതിനെത്തുടര്‍ന്നായിരുന്നു അത്'-പഠനം നടത്തിയ കണ്‍സോര്‍ഷ്യത്തിലെ പ്രമുഖനും സിങ്കപ്പൂര്‍ ജിനോം ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനുമായ എഡിസണ്‍ ലിയു പറയുന്നു.

'ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യകുടിയേറ്റം തെക്കേ ഇന്ത്യയിലേക്കായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ ജനവിഭാഗങ്ങളില്‍ ഏറിയപങ്കിന്റെയും ആദിമപൂര്‍വികരെ കണ്ടെത്താനാവുക തെക്കേ ഇന്ത്യയിലാണ്'-പഠനവിവരം പുറത്തുവിട്ടുകൊണ്ട് സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ജനറല്‍ സമീര്‍ ബ്രഹ്മചാരി പറഞ്ഞു. (കേരളീയരാവുമോ ഇവരുടെയെല്ലാം പൂര്‍വികര്‍, ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്കായിരിക്കുമോ ആദിമ നുഷ്യന്‍ എത്തിയിട്ടുണ്ടാവുക!) കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളിലെ ജനവിഭാഗങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കുന്ന ആദ്യപഠനമാണിത്'-പഠനത്തില്‍ പങ്കാളികളായിരുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷുഹുവ ഷു അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ആദിമ കുടിയേറ്റം എങ്ങനെയൊക്കെയായിരുന്നു എന്നറിയാന്‍ മാത്രമല്ല പുതിയ പഠനം സഹായിക്കുക, സമീര്‍ ബ്രഹ്മചാരി ഓര്‍മിപ്പിക്കുന്നു. ഔഷധ ഗവേഷണരംഗത്തും വലിയ പ്രധാന്യമുണ്ട് ഈ പഠനത്തിന്. ജനിതക അടിത്തറ ഒന്നായതിനാല്‍, പകര്‍ച്ചപ്പനികള്‍, എയ്ഡ്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുഔഷധങ്ങള്‍ രൂപപ്പെടുത്തുന്നതിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കാര്യമായ സഹകരണം സാധ്യമാകും-അദ്ദേഹം പറയുന്നു. മാത്രമല്ല, ഔഷധപരീക്ഷണങ്ങളും പൊതുവായി നടത്താന്‍ ഇത് സഹായിക്കും. (അവലംബം: സയന്‍സ്, വിവിധ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍).

മനുഷ്യന് ആഫ്രിക്കയില്‍ സംഭവിച്ചത്

പരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം

3 comments:

Joseph Antony said...

ഇതുവരെയുള്ളത് മറക്കുക, അടുത്ത തവണ ഒരു ചൈനക്കാരനെ/ചൈനക്കാരിയെ മുന്നില്‍ കാണുമ്പോള്‍ മനസിലോര്‍ക്കുക, 'ഇതാ എന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍'! ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യക്കാരായിരുന്നു എന്ന് പുതിയ ജിനോം പഠനം പറയുന്നതിന് ഇതാണ് അര്‍ഥം. ചൈനക്കാര്‍ മാത്രമല്ല, കിഴക്കന്‍ ഏഷ്യക്കാരില്‍ മിക്കവരും നമ്മുടെ പിന്‍മുറക്കാരാണത്രേ. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്' എന്നത് 'എല്ലാ പൂര്‍വേഷ്യക്കാരും എന്റെ....' എന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുകയാണ്.

ബിജു ചന്ദ്രന്‍ said...

വയനാട്ടിലെ പണിയ ആദിവാസി സമൂഹവും നീഗ്രോകളും തമ്മില്‍ അസാധാരണമായ സാമ്യമുണ്ട്‌. ശരീരവലിപ്പമൊഴിച്ചാല്‍ ബാക്കി പലതിലും അസാമാന്യ സാമ്യം. ചുരുണ്ട മുടി , പതിഞ്ഞ മൂക്ക്, കറുത്ത നിറം മുതലായവ. ആഫ്രിക്കന്‍ കുടിയേറ്റത്തിന്റെ സമയത്ത് കേരളത്തില്‍ ഒറ്റപ്പെട്ട ഒരു സംഘം ആവാന്‍ വഴിയുണ്ട് ഇന്നത്തെ പണിയരുടെ പൂര്‍വികര്‍.

Baiju Elikkattoor said...

valare interesting aaya vishayam. chinakkarkku poorveshyakkarkkum mangolian look engine aayirikkum vannathu?

"വയനാട്ടിലെ പണിയ ആദിവാസി സമൂഹവും നീഗ്രോകളും തമ്മില്‍ അസാധാരണമായ സാമ്യമുണ്ട്‌"

ee vivaram paanoorinte 'keralathile africa' enna pusthakathil vaayichathayi orkkunnu.