Friday, December 18, 2009

സൗരയൂഥത്തിലെ അതിശൈത്യമേഖല ചന്ദ്രനില്‍

സൗരയൂഥത്തില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലാണെന്ന് കണ്ടെത്തല്‍. നാസയുടെ ചാന്ദ്രപേടകമായ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തില്‍ സ്ഥിരമായി നിഴലിലാണ്ട വശത്ത് ഉത്തരധ്രുവത്തില്‍, ചില ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ ശൈത്യകാലരാത്രികളില്‍ താപനില മൈനസ് 249 ഡിഗ്രി സെല്‍സിയസ് (26 കെല്‍വിന്‍) വരെ എത്താറുണ്ടെന്നാണ് എല്‍.ആര്‍.ഒ.യിലെ 'ഡിവൈനര്‍' ഉപകരണം കണ്ടെത്തിയത്.

താപവ്യത്യാസത്തെ സംബന്ധിച്ച് സൗരയൂഥത്തിലെ ഏറ്റവും വൈരുധ്യമേറിയ ഗോളമാണ് ചന്ദ്രന്‍- ഡിവൈനറിന്റെ മുഖ്യശാസ്ത്രജ്ഞനായ പ്രൊഫ. ഡേവിഡ് പെയ്ജി പറയുന്നു.

ഉച്ചസമയങ്ങളില്‍ ചന്ദ്രന്റെ മധ്യരേഖാപ്രദേശത്ത് 127 ഡിഗ്രി സെല്‍സിയസ് (400 കെല്‍വിന്‍) വരെയെത്തുന്നു താപനില - ലോസ് ആഞ്ജിലസില്‍ കാലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകന്‍ കൂടിയായ ആദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ (എ.ജി.യു) സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്.

ചന്ദ്രനിലേതിലും കുറഞ്ഞ താപനില കണ്ടെത്താന്‍, സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് (Kuiper Belt) കടന്നാലേ കഴിയൂ എന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജൂണിലാണ് എല്‍.ആര്‍.ഒ. വിക്ഷേപിച്ചത്. അതിലെ ഏഴ് പരീക്ഷണോപകരണങ്ങളില്‍ (പേലോഡുകളില്‍) ഒന്നായിരുന്നു ഡിവൈനര്‍ (കടപ്പാട്: ബി.ബി.സി).

5 comments:

JA said...

സൗരയൂഥത്തില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലാണെന്ന് കണ്ടെത്തല്‍. നാസയുടെ ചാന്ദ്രപേടകമായ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ചന്ദ്രപ്രതലത്തില്‍ സ്ഥിരമായി നിഴലിലാണ്ട വശത്ത് ഉത്തരധ്രുവത്തില്‍, ചില ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ ശൈത്യകാലരാത്രികളില്‍ താപനില മൈനസ് 249 ഡിഗ്രി സെല്‍സിയസ് (26 കെല്‍വിന്‍) വരെ എത്താറുണ്ടെന്നാണ് എല്‍.ആര്‍.ഒ.യിലെ 'ഡിവൈനര്‍' ഉപകരണം കണ്ടെത്തിയത്.

ശ്രീ said...

സൌരയൂഥത്തില്‍ എന്ന് പറയുമ്പോള്‍ വ്യാഴം, ശനി... അങ്ങനെ അപ്പുറത്തേയ്ക്കൊക്കെ അതിലും തണുപ്പുണ്ടാകാന്‍ സാധ്യത കൂടുതലല്ലേ... അത് അങ്ങനെ അല്ല എന്ന് നമുക്ക് പറയാന്‍ പറ്റുന്ന വല്ല തെളിവുകളും കിട്ടിയിട്ടുണ്ടോ മാഷേ?

വ്യാഴം സാധ്യത ഇല്ല... എന്നാലും സൂര്യനില്‍ നിന്ന് ദൂരെ എന്നേ ഉദ്ദേശിച്ചുള്ളൂ

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

Has dark matter finally been detected? vayiho

JA said...

ശ്രീ, സൗരയൂഥത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുതില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം എന്നേ കരുതേണ്ടതുള്ളു.

ഏതൊരു വസ്തുവിനും എത്താന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനിലയായ കേവലപൂജ്യം മൈനസ് 273.15 ഡിഗ്രി സെല്‍സിയസ് (പൂജ്യം കെല്‍വിന്‍) ആണല്ലോ. അതിനടുത്തുവരെ (മൈനസ് 249 ഡിഗ്രി സെല്‍സിയസ് വരെ) ചന്ദ്രനിലെ ചില ഗര്‍ത്തങ്ങളില്‍ താപനില എത്തുന്നു എന്നത് അത്ഭുതകരമല്ലേ. സൗരയൂഥത്തില്‍ നെപ്ട്യൂണിന് അപ്പുറത്ത് പ്ലൂട്ടോ ഉള്‍പ്പടെയുള്ള ഗോളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇരുണ്ട തണുത്ത ലോകമായ കിയ്പ്പര്‍ബല്‍റ്റിലോ അതിനപ്പുറത്തോ മാത്രമേ ഇത്രയും താഴ്ന്ന താപനില സ്ഥലം കണ്ടെത്താന്‍ സാധ്യതയുള്ളു എന്നാണ് പഠനം നടത്തിയ ഗവേഷകര്‍ തന്നെ അഭിപ്രായപ്പെടുന്നത്. തീര്‍ച്ചയായും സൗരയൂഥത്തില്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ ഇത്രയും തണുത്ത സ്ഥലം ഉണ്ടെന്ന് തെളിവ് കിട്ടിയിട്ടുണ്ടെങ്കില്‍ ഗവേഷകര്‍ അങ്ങനെ പറയുമായിരുന്നില്ലല്ലോ.

ചിത്രങ്ങള്‍ കഥ......., എന്താണ് dark matter കൊണ്ട് അര്‍ഥമാക്കിയത്, മനസിലായില്ല.

JA said...

ചിത്രങ്ങള്‍ കഥ.....,
ക്ഷമിക്കുക, കമന്‍റ് മനസിലായില്ല, അതുകൊണ്ടാണ് നേരത്തെ അങ്ങനെ ചോദിച്ചത്. DARK MATTER സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പിന്നീടാണ് കണ്ണില്‍പെട്ടത്. അത് ചൂണ്ടിക്കാട്ടിയതിന് നന്ദി.