Sunday, December 06, 2009

ജീന്‍പരിശോധനയ്ക്കും ഇനി ഡെസ്‌ക്‌ടോപ് യന്ത്രം

രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്‌ക്‌ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.

മരുന്ന് നിശ്ചയിക്കുന്നതില്‍ രോഗിയുടെ ജനിതികവിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ളതാണ് 'ഫാര്‍മക്കോജിനോമിക് ടെസ്റ്റിങ്' (pharmacogenomic testing). ആ സങ്കേതം ചികിത്സാരംഗത്ത് മുഖ്യധാരയിലെത്താന്‍ എഫ്.ഡി.എ.യുടെ തീരുമാനം സഹായിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയില്‍ ഇല്ലിനോയിസിലെ നോര്‍ത്ത്ബ്രൂക്കില്‍ പ്രവര്‍ത്തിക്കുന്ന 'നാനോസ്ഫിയര്‍' (Nanosphere) എന്ന കമ്പനിയാണ് പുതിയ ജീന്‍യന്ത്രം നിര്‍മിച്ചിരിക്കുന്നത്. 'വെരിജീന്‍' (Verigene) എന്ന് പേരിട്ടിട്ടുള്ള ഈ സങ്കേതം ഉപയോഗിച്ച്, മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തിലെ ജനിതകവ്യതിയാനങ്ങള്‍ മനസിലാക്കാന്‍ കഴിയും. അതുവഴി ചില ഔഷധങ്ങള്‍ രോഗിക്ക് ഫലപ്രദമാകുമോ എന്ന് നിശ്ചയിക്കാനും സാധിക്കും.

ഒരു പ്ലാസ്റ്റിക് കാര്‍ട്രിഡ്ജിനുള്ളില്‍ ജീന്‍പരിശോധനാ സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൈക്രോഫഌയിഡിക്‌സ്, നാനോടെക്‌നോളജി എന്നിവയുടെ സമ്മേളനമാണ് വെരിജീന്‍ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. രക്തസാമ്പിളില്‍ നിന്ന് ഡി.എന്‍.എ.വലിച്ചെടുത്ത ശേഷം, അതിലെ വ്യത്യസ്ത ജനിതകശ്രേണികള്‍ സ്‌ക്രീന്‍ ചെയ്ത് ജനിതകവ്യതിയാനം മനസിലാക്കുകയാണ് ഇതില്‍ ചെയ്യുക. ലളിതമായ ഈ സംവിധാനം ഏത് ആസ്പത്രിയിലും ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാനോസ്ഫിയറിന്റെ മേധാവി വില്യം മോഫിറ്റ് പറയുന്നു.

ഒരേ ഔഷധത്തോട് പലരും പ്രതികരിക്കുക പല തരത്തിലാണ്. ഔഷധതന്മാത്രകളെ ഉപാപചയത്തിന് വിധേയമാക്കുന്ന രാസാഗ്നികള്‍ക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നതാണ് ഇതിന് ഒരു കാരണം. ഹൃദ്രോഗത്തിനുള്ള ഔഷധങ്ങള്‍, വേദനസംഹാരികള്‍, വിഷാദത്തിനെതിരെ പ്രയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങി കൂടുതലായി ശുപാര്‍ശ ചെയ്യപ്പെടുന്ന പല മരുന്നുകളുടെയും കാര്യത്തില്‍ ഇത് ശരിയാണ്.

സാധാരണഗതിയില്‍ അര്‍ബുദമരുന്നുകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ 'ഫാര്‍മകോജിനോമിക്‌സ് ടെസ്റ്റിങ്' അനുവര്‍ത്തിക്കാറുണ്ടെങ്കിലും, മേല്‍പ്പറഞ്ഞ തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മിക്ക ഔഷധങ്ങളുടെയും കാര്യത്തില്‍ ഇത് നടപ്പാക്കാറില്ല. രോഗിയുടെ ജനിതകവ്യതിയാനങ്ങള്‍ പരിശോധിച്ചറിയാനുള്ള സങ്കേതം വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍, ആ സങ്കേതമനുസിരിച്ച് പരിശോധനയ്ക്ക് ദിവസങ്ങളോ ആഴ്ചകളോ വേണം.

ചില രോഗങ്ങളുടെ കാര്യത്തില്‍ പരിശോധനാഫലം വൈകുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍, പല രോഗങ്ങളുടെയും കാര്യം അതല്ല. രോഗി ഡോക്ടറുടെ അടുത്തുള്ളപ്പോള്‍ തന്നെ പരിശോധനയുടെ ഫലം കിട്ടുന്നതാണ് നന്ന്. 'ഡി.എന്‍.എ. പ്രകാരം ഏത് ഔഷധമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമെന്ന് തീരുമാനിക്കാന്‍ കഴിയും'-നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മകോജിനോമിക്‌സ് ആന്‍ഡ് ഇന്‍ഡിവിഡ്വലൈസ്ഡ് തെറാപ്പിയുടെ ഡയറക്ടര്‍ ഡോ.ഹൊവാര്‍ഡ് മക്‌ലിയോഡ് പറയുന്നു. അവിടെയാണ് പുതിയ യന്ത്രത്തിന്റെ പ്രസക്തി (അവലംബം: ടെക്‌നോളജി റിവ്യു).

2 comments:

Joseph Antony said...

രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്‌ക്‌ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.

Anonymous said...

രോഗികൾക്ക് മരുന്നു കുറിച്ചുകൊടുക്കുന്നതിൽ യാതൊരു എത്തിക്സും പാലിക്കാത്തവരാണ് നമ്മുടെ നാട്ടിലെ മിക്ക ഡോക്റ്റർമാരും. വിപണിയിലുള്ള അനാവശ്യവും അപകടകാരിയുമായ മരുന്നുകൾ മരുന്നുകമ്പനികളുടെ മാ‍ത്രം താത്പര്യം നോക്കി കുറിക്കുന്ന അവർക്ക് ഈ ഉപകരണമൊന്നും ഒരു ആവശ്യമായിരിക്കില്ല, എന്നിരുന്നാലും ലേഖനം നന്ന്.