Wednesday, October 14, 2009

ഇവന്‍, വെള്ളത്തിന് മീതെ നടക്കുന്നവന്‍

കേരളത്തില്‍ എത്രയോ അണ്ണന്‍മാര്‍ ഫുള്‍ വെള്ളത്തിന് മീതെയാണ് നടക്കുന്നത്, ബിവറേജസ് കോര്‍പ്പറേഷന്റെ വെള്ളത്തിന് മീതെ!

അതല്ലാതെ യഥാര്‍ഥ വെള്ളത്തിന് മീതേ നടക്കുകയെന്നത് ബൈബിളില്‍ മാത്രമുള്ള സംഗതിയാണെന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, അതത്ര ശരിയല്ല. മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്. ഇവരുടെ വിളിപ്പേര് പോലും 'ജീസസ് ലീസാഡ്' എന്നാണ്.

ഇത്തരം രണ്ട് ചങ്ങാതിമാര്‍ ഒരു കുളത്തിലെ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ആദ്യമായി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡില്‍ 2000 ഫ്രേമുകള്‍ എന്ന കണക്കിനുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്, ശരിക്കും സ്ലോമോഷനില്‍ കാണാവുന്നത്.

ജലത്തിന്റെ പ്രതലബലത്തെ അതിലംഘിക്കാതെ ഇവന്‍മാര്‍ എങ്ങനെ വെള്ളത്തിന് മീതെ നടക്കുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്, ബി.ബി.സി.നാച്ചുറല്‍ ഹിസ്റ്ററി പരമ്പരയായ 'ലൈഫി'ന്റെ നിര്‍മാതാക്കളാണ്.

മധ്യ അമേരിക്കയില്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ പുഴകളുടെ വക്കത്ത് താമസിക്കുകയും ആവശ്യമുള്ളപ്പോള്‍ വെള്ളത്തിന് മീതെ സഞ്ചരിച്ച് (ശരിക്കു പറഞ്ഞാല്‍, വെള്ളത്തിന് മീതെ ഓടി) അക്കരെ കടക്കുകയും ചെയ്യുന്ന ഇവന്‍മാരുടെ യഥാര്‍ഥ പേര് 'ബാസിലിക്‌സ് പല്ലികള്‍' (basilisk lizards) എന്നാണ്, ശാസ്ത്രീയ നാമം ബാസിലസ്‌കസ് വിറ്റാറ്റസ് (Basiliscus vittatus).

ധൃതഗതിയിലാണ് ഇവന്‍മാരുടെ നീക്കം. ജലോപരിതലത്തില്‍ പാദം പതിക്കുന്നിടത്ത് കുമിളകളുണ്ടാവുകയും, അവ പൊട്ടും മുമ്പ് ഇവര്‍ മുന്നോട്ടു നീങ്ങുകയുമാണ് ചെയ്യുന്നത്.

ദിവസവും വെയില്‍ കാഞ്ഞ് സുഖിക്കുകയെന്നത് ഈ പല്ലി വര്‍ഗത്തിന്റെ ജീവിതചര്യയാണ്. അതുവഴി, ഇവന്‍മാര്‍ മാര്‍ജാരന്‍മാര്‍ക്കും പക്ഷികള്‍ക്കും ഇരയാവാന്‍ സാധ്യത വര്‍ധിക്കുന്നു. അത് മറികടക്കാനുള്ള ഒരു പലായനമാര്‍ഗമാണ് പ്രകൃതി ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ശത്രുക്കളെ കണ്ടാല്‍ വെള്ളത്തില്‍ ചാടുക. എന്നിട്ട്, വെള്ളത്തിന് മീതെ വേഗത്തില്‍ ഓടി രക്ഷപ്പെടുക.

നിശ്ചിത വേഗത്തില്‍ ഓടിയാലേ വെള്ളത്തിന് മീതെ ഇവര്‍ക്ക് പോകാനാകൂ. വേഗം കുറച്ചാല്‍ മുങ്ങും-'ലൈഫി'ന്റെ നിര്‍മാതാവ് സിമോണ്‍ ബ്ലാക്കിനീ പറയുന്നു.

മെക്‌സിക്കോയ്ക്ക് തെക്കുള്ള മധ്യ അമേരിക്കന്‍ രാജ്യമായ ബെലിസിന്റെ തലസ്ഥാനമാണ് ബെലിസ് സിറ്റി. അവിടെ നിന്ന് 60 കിലോമീറ്റര്‍ അകലെ മഴക്കാടുകളിലെ ഒരു കുളത്തില്‍ നിന്നാണ് ബ്ലാക്കിനീയും സഹപ്രവര്‍ത്തകരും, പല്ലികള്‍ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

'ബാസിലിക്‌സ് പല്ലികള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തില്‍ ചാടിയാല്‍ 80 ശതമാനം സമയവും വെള്ളത്തില്‍ നീന്തുകയാവും ചെയ്യുക, ബാക്കി 20 ശതമാനം നേരമാണ് വെള്ളത്തിന് മീതെ ഓടുക'.

നീന്തുന്നത് ഷൂട്ട് ചെയ്യുന്നതും വെള്ളത്തിന് മീതെ നടക്കുന്നത് ഷൂട്ടു ചെയ്യുന്നതും തികച്ചും വ്യത്യസ്തമായ സംഗതികാളാണ്. നീന്തല്‍ അവസാനിപ്പിച്ച് നടക്കുന്നത് ഷൂട്ടു ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഇവര്‍ ഫ്രേമില്‍ നിന്ന് പുറത്തായിട്ടുണ്ടാകും.

ഇത്തരം പല്ലികളുടെ പാദം ജലത്തില്‍ ചെലുത്തുന്ന ബലത്തിന്റെ സവിശേഷതയാണ്, അവയെ വെള്ളത്തിന് മീതെ നടക്കാന്‍ പ്രാപ്തരാക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്നു. ഹാര്‍വാഡ് സര്‍വകലാശാലയിലെ ഷി-ടോങ് ടോനിയ ഹ്‌സീഹ് ഇതു സംബന്ധിച്ച് പഠനം നടത്തിയയാളാണ് (പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, നബംബര്‍ 16, 2004).

പല്ലികള്‍ വെള്ളത്തിന് മീതെ സഞ്ചരിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി അതിന്റെ സഹായത്തോടെ, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ഷി-ടോങും സംഘവും പഠനം നടത്തിയത്. എന്നാല്‍, ഇവയുടെ ചലനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് പുതിയ സംഘം പകര്‍ത്തിയ സ്ലോമോഷന്‍ ദൃശ്യങ്ങള്‍. (കടപ്പാട്: ബി.ബി.സി).

(പല്ലികള്‍ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ നാഷണല്‍ ജ്യോഗ്രഫിക് വീഡിയോ).

5 comments:

Joseph Antony said...

കേരളത്തില്‍ എത്രയോ അണ്ണന്‍മാര്‍ ഫുള്‍ വെള്ളത്തിന് മീതെയാണ് നടക്കുന്നത്, ബിവറേജസ് കോര്‍പ്പറേഷന്റെ വെള്ളത്തിന് മീതെ! അതല്ലാതെ യഥാര്‍ഥ വെള്ളത്തിന് മീതേ നടക്കുകയെന്നത് ബൈബിളില്‍ മാത്രമുള്ള സംഗതിയാണെന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, അതത്ര ശരിയല്ല. മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്. ഇവരുടെ വിളിപ്പേര് പോലും 'ജീസസ് ലീസാഡ്' എന്നാണ്.ഇത്തരം രണ്ട് ചങ്ങാതിമാര്‍ ഒരു കുളത്തിലെ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ആദ്യമായി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡില്‍ 2000 ഫ്രേമുകള്‍ എന്ന കണക്കിനുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്, ശരിക്കും സ്ലോമോഷനില്‍ കാണാവുന്നത്.

Anonymous said...

Beautiful. Thank You.

itecnews said...

ഇനി അവരെ പാബ്ബിനു പകരം പല്ലി എന്ന് വിൽള്ളിക്കാം
.സജു

yousufpa said...

പുതിയ അറിവാണ് അതിന്‍റെ പേര്‍.

Salim PM said...

ഓന്ത് വെള്ളത്തിനു മുകളില്‍ കൂടി ഓടുന്ന കാഴ്ച്ച നമ്മുടെ നാട്ടില്‍ സര്‍‌വ്വ സാധാരണമഅണല്ലോ?