Sunday, March 30, 2008

ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ പുതിയ മാര്‍ഗം

ബാക്ടീരിയകളെ കൊല്ലാനുള്ള ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകളെക്കൊണ്ട്‌ തന്നെ ഉത്‌പാദിപ്പിക്കാന്‍ മാര്‍ഗം തെളിയുന്നു

പാമ്പിന്‍ വിഷത്തിന്‌ പ്രതിവിധി പാമ്പിന്‍ വിഷം തന്നെയാണല്ലോ. അതുപോലെ, ബാക്ടീരിയകളെ നേരിടാന്‍ ബാക്ടീരിയകളെത്തന്നെ ഉപയോഗിക്കാവുന്ന കാലം വരുന്നു. പ്രത്യേകതരം ബാക്ടീരിയകളെ മറ്റൊരിനവുമായി സമ്പര്‍ക്കത്തില്‍ വളരാന്‍വിട്ട്‌ പുതിയയിനം ആന്റിബയോട്ടിക്കുകള്‍ക്ക്‌ രൂപംനല്‍കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. നിലവിലുള്ള ആന്റിബയോട്ടിക്കുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധശേഷി നേടുന്ന സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കണ്ടെത്തലാണിത്‌.

പരീക്ഷണശാലയില്‍ പ്രത്യേകയിനം ബാക്ടീരിയത്തെ അതിന്റെ എതിരാളിയുമായി സമ്പര്‍ക്കത്തില്‍ വിടുകയാണ്‌, 'മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി' (എം.ഐ.ടി)യിലെ ഗവേഷകര്‍ ചെയ്‌തത്‌. ബാക്ടീരിയം അപ്പോള്‍ പുതിയൊരു ആന്റിബയോട്ടിക്ക്‌ പുറപ്പെടുവിച്ചു. ആമാശയഅള്‍സറിന്‌ കാരണമാകുന്ന 'എച്ച്‌.പൈലോറി'(H.pylori)യെന്ന രോഗാണുവിനെ കൊല്ലാന്‍ ശേഷിയുള്ളതാണ്‌ ആ പുതിയ ആന്റിബയോട്ട്‌. ഏതൊക്കെ സാഹചര്യങ്ങളില്‍ ബാക്ടീരിയകള്‍ ഇത്തരം രാസവസ്‌തുക്കള്‍ പുറപ്പെടുവിക്കുമെന്ന്‌ മനസിലാക്കാനും, അതുവഴി ഫലപ്രദമായ പുതിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താനും വഴി തുറക്കുന്നതാണ്‌ പുതിയ പഠനം.രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിച്ച്‌ രോഗമുക്തി നേടാനാണ്‌ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്‌.

ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍ നിലവിലുണ്ടെങ്കിലും രോഗാണുക്കള്‍ അവയ്‌ക്കെതിരെ പ്രതിരോധശേഷി നേടിക്കൊണ്ടിരിക്കുകയാണ്‌. 'സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷ'ന്റെ കണക്കനുസരിച്ച്‌, അമേരിക്കന്‍ ആസ്‌പത്രികളില്‍നിന്ന്‌ വര്‍ഷംതോറും 20 ലക്ഷം പേര്‍ക്ക്‌ അണുബാധയേല്‍ക്കുന്നുണ്ട്‌. അതില്‍ 90,000 കേസുകള്‍ മാരകവുമാണ്‌. ആസ്‌പത്രികളില്‍നിന്നു ബാധിക്കുന്ന അണുക്കളില്‍ 70 ശതമാനവും ഏതെങ്കിലും ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധശേഷി കൈവരിച്ചതാണ്‌ എന്നകാര്യം ആരോഗ്യവിദഗ്‌ധരുടെ ഉറക്കം കെടുത്തുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ കൂടുതല്‍ ഫലവത്തായ ആന്റിബയോട്ടികള്‍ കണ്ടെത്താനുള്ള ശ്രമം ലോകമെങ്ങും ഊര്‍ജിതമായി നടക്കുന്നത്‌. ഉപയോഗത്തിലുള്ള ആന്റിബയോട്ടിക്കുകളുടെ കരുത്തു വര്‍ധിപ്പിക്കാനാണ്‌ ചിലരുടെ ശ്രമമെങ്കില്‍, രോഗാണുക്കളുടെ പ്രതിരോധശേഷി നോക്കി പ്രഹരിക്കാനുതകുന്ന പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനാണ്‌ വേറെ ചില ഗവേഷണങ്ങള്‍ ലക്ഷ്യമിടുന്നത്‌. ഇതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌ത സമീപനമാണ്‌ പുതിയ ഗവേഷണത്തിലേത്‌. ബാക്ടീരിയകളില്‍ തന്നെ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്കുകള്‍ ചികിത്സാരംഗത്ത്‌ എത്തിക്കാനുള്ള ശ്രമമാണത്‌.

മണ്ണില്‍ കാണപ്പെടുന്ന 'റൊഡോകോക്കസ്‌ ഫാസിയാന്‍സ്‌' (Rhodococcus fascians) എന്ന ബാക്ടീരിയയുടെ ജിനോം അപകോഡീകരിച്ച എം.ഐ.ടി.യിലെ 'അന്തോണി സിന്‍സ്‌ക്കി ലാബി'ലെ ഗവേഷകര്‍ ശരിക്കും അമ്പരന്നു. ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍ ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ളതായി ഇതുവരെ അറിയില്ലായിരുന്ന ആ സൂക്ഷ്‌മാണുവില്‍, ആന്റിബയോട്ടിക്ക്‌ ഉത്‌പാദിപ്പിക്കാന്‍ സഹായിക്കുന്ന ചില ജീനുകളുണ്ടെന്ന കണ്ടെത്തലാണ്‌ ഗവേഷകര്‍ക്ക്‌ അമ്പരപ്പായത്‌. (വന്യചുറ്റുപാടുകളില്‍ അതിജീവന ഉപാധിയെന്ന നിലയ്‌ക്ക്‌ ശത്രുക്കളെ അമര്‍ച്ചചെയ്യാന്‍ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകള്‍ പുറപ്പെടുവിക്കാറുണ്ട്‌).

റോഡോകോക്കസ്‌ ബാക്ടീരിയകള്‍ പരീക്ഷണശാലയിലെ സാധാരണ സാഹചര്യങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ ഉത്‌പാദിപ്പിക്കുന്നില്ല. എന്നാല്‍, 'സ്‌ട്രെപ്‌ടോമൈസസ്‌ ഫാസിയാന്‍സ്‌' (Streptomycse facians) എന്നയിനം ബാക്ടീരിയകളുമായി സമ്പര്‍ക്കത്തില്‍ വളരാന്‍ വിട്ടപ്പോള്‍ കഥമാറി. അപ്പോള്‍, ആന്റിബയോട്ടിക്കുകളുടെ കുടുംബത്തില്‍പെട്ട 'റോഡോസ്‌ട്രെപ്‌ടോമൈസിന്‍'(rhodostreptomycin) എന്നു പേരിട്ടിട്ടുള്ള രാസവസ്‌തു ബാക്ടീരിയ പുറപ്പെടുവിക്കുന്നതായി ഗവേഷകര്‍ കണ്ടു.

പ്രഥമശുശ്രൂഷാലേപനങ്ങളിലും മറ്റും ഉപയോഗിക്കാറുള്ള 'നിയോമൈസിന്‍' (neomycin), ക്ഷയരോഗമരുന്നായ 'സ്‌ട്രെപ്‌ടോമൈസിന്‍' (streptomycin) തുടങ്ങിയവ ഉള്‍പ്പെടുന്ന 'അമിനോഗ്ലൈക്കോസൈഡ്‌സ്‌' (aminoglycosides) എന്ന ആന്റിബയോട്ടിക്കുകളുടെ വിഭാഗത്തില്‍പെട്ട രാസവസ്‌തുവാണ്‌ റോഡോസ്‌ട്രെപ്‌ടോമൈസിന്‍. ആമാശയഅള്‍സറിന്‌ കാരണമായ എച്ച്‌.പൈലോറി അണുക്കളെ വകവരുത്താന്‍ ഈ രാസവസ്‌തുവിന്‌ കഴിയുമെന്ന്‌ പ്രാഥമിക പരീക്ഷണങ്ങളില്‍ വ്യക്തമായി. ആമാശയത്തിലേതുപോലെ ഉയര്‍ന്നതോതില്‍ അമ്ലതയുള്ള സാഹചര്യങ്ങളില്‍ ഈ ആന്റിബയോട്ടിക്ക്‌ നശിക്കുന്നില്ലെന്നും ഗവേഷകര്‍ കണ്ടു.

മാത്രമല്ല, രാസപരമായി നവീനഘടനയുള്ള ഒരിനം സംയുക്തവും റോഡോസ്‌ട്രെപ്‌ടോമൈസിനിലുണ്ട്‌. പുതിയ മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള സാധ്യതയാണ്‌ അത്‌ തുറന്നു തരുന്നത്‌. രാസ-വൈവിധ്യ (chemical-diversity) ലോകത്ത്‌ പുതിയൊരു ഭൂമിക തുറന്നുകിട്ടിയിരിക്കുകയാണ്‌ ഈ രാസവസ്‌തുവിന്റെ കണ്ടെത്തലിലൂടെയെന്ന്‌ ഗവേഷകര്‍ പറയുന്നു. മൈക്രോബയോളജിസ്‌റ്റ്‌ കസുഹികോ കുറോസാവയും കൂട്ടരും നടത്തിയ കണ്ടെത്തലിന്റെ വിവരം 'ജേര്‍ണല്‍ ഓഫ്‌ ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി'യുടെ പുതിയ ലക്കത്തിലാണുള്ളത്‌.

എങ്ങനെയാണ്‌ റൊഡോകോക്കസ്‌ ബാക്ടീരിയയ്‌ക്ക്‌ പുതിയ രാസവസ്‌തു പുറപ്പെടുവിക്കാന്‍ കഴിയുന്നതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ശത്രുബാക്ടീരിയമായ സ്‌ട്രെപ്‌ടോമൈസസിനൊപ്പം വളര്‍ത്തിയ റൊഡോകോക്കസുകളില്‍ ഒരു സാമ്പിള്‍ മാത്രമാണ്‌ ആന്റിബയോട്ടിക്ക്‌ പുറപ്പെടുവിച്ചത്‌. ആ സാമ്പിളില്‍ റൊഡോകോക്കസിന്റെ ജിനോമില്‍ ശത്രുവിന്റെ കുറെ ഡി.എന്‍.എ.ഭാഗം കൂടിക്കലര്‍ന്നിട്ടുള്ളതായി കുറോസാവയും കൂട്ടരും കണ്ടു. വ്യത്യസ്‌ത ബാക്ടീരിയകള്‍ ഒരുമിച്ചു വളരുമ്പോള്‍ ജനിതകമായി കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണമാണെന്ന്‌ മുമ്പു തന്നെ തെളിഞ്ഞിട്ടുള്ളതാണ്‌. ബാക്ടീരിയകള്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നതില്‍ ഒരു മുഖ്യപങ്ക്‌ ഇത്തരം ആദാനപ്രദാന പ്രക്രിയയ്‌ക്കുണ്ട്‌.

പുതിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ ശ്രമം നടത്തുന്ന ഗവേഷകരെ കുറസോവയുടെയും കൂട്ടരുടെയും കണ്ടെത്തല്‍ ആവേശഭരിതരാക്കിയിരിക്കുകയാണ്‌. ബാക്ടീരിയകളില്‍ മറഞ്ഞിരിക്കുന്ന ആന്റിബയോട്ടിക്കുകള്‍ പുറത്തുകൊണ്ടുവരാനുള്ള പുതിയൊരു സമീപനമാണിതെന്ന്‌ അവര്‍ കരുതുന്നു. ജിനോം അപകോഡീകരണ സങ്കേതങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ, കൂടുതല്‍ വൈവിധ്യമേറിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താനാകുമെന്നാണ്‌ പ്രതീക്ഷ. ഭൂമുഖത്തുള്ളതില്‍ ലക്ഷക്കണക്കിന്‌ ബാക്ടീരികയകളെ ഇനിയും ശാസ്‌ത്രലോകം തിരിച്ചറിയാനുണ്ട്‌. അവയില്‍ കുറെയെണ്ണത്തിലെങ്കിലും ഇത്തരം ഔഷധങ്ങള്‍ കണ്ടെത്താനാകുമെന്നത്‌, സാധ്യതയുടെ പുത്തന്‍ ലോകമാണ്‌ തുറന്നു തരുന്നത്‌. (അവലംബം: ജേര്‍ണല്‍ ഓഫ്‌ ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി, കടപ്പാട്‌: മാതൃഭൂമി).

8 comments:

Joseph Antony said...

രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിച്ച്‌ രോഗമുക്തി നേടാനാണ്‌ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്‌. ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍ നിലവിലുണ്ടെങ്കിലും രോഗാണുക്കള്‍ അവയ്‌ക്കെതിരെ പ്രതിരോധശേഷി നേടിക്കൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫലവത്തായ ആന്റിബയോട്ടികള്‍ കണ്ടെത്താനുള്ള ശ്രമം ലോകമെങ്ങും ഊര്‍ജിതമായി നടക്കുകയാണ്‌. അത്തരം ഗവേഷണങ്ങളില്‍ വഴിത്തിരിവ്‌ സൃഷ്ടിക്കാന്‍ പര്യാപ്‌തമായ ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നു; ബാക്ടീരിയകളെക്കൊണ്ടുതന്നെ ആന്റിബയോട്ടിക്കുകള്‍ സൃഷ്ടിക്കാന്‍ സാഹായിക്കുന്ന കണ്ടെത്തല്‍.

Anonymous said...
This comment has been removed by a blog administrator.
vadavosky said...

നല്ല ലേഖനം. മാഷേ.

Suraj said...

ആന്റീ ബയോട്ടിക്കുകളുടെ കണ്ടുപിടിത്തത്തെക്കുറിച്ച് സാമാന്യജനത്തിന് ഒരു ഏകദേശധാരണ നല്‍കാന്‍ ജോസഫ് മാഷിന്റെ ഈ മനോഹരമായ കുറിപ്പിനു കഴിയും. നന്ദി.

ചെറിയൊരു കൂട്ടിച്ചേര്‍ക്കല്‍ - രാവിലെ പത്രത്തില്‍ കണ്ടപ്പോള്‍ തന്നെ എഴുതണമെന്നു വിചാരിച്ചതാണ്. “പാമ്പിന്‍ വിഷത്തിന്‌ പ്രതിവിധി പാമ്പിന്‍ വിഷം തന്നെയാണല്ലോ” എന്ന സാമാന്യ പ്രയോഗം തെറ്റിദ്ധരിക്കപ്പെടാം. പാമ്പിന്‍ വിഷത്തെ നേരിടാന്‍ പാമ്പിന്‍ വിഷമല്ല, ആ വിഷം കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളില്‍നിന്നും ശേഖരിക്കപ്പെടുന്ന ആന്റീ ബോഡികളാണ് ഉപയോഗിക്കാറ്. ഇതിനെ വ്യാവസായികാടിസ്ഥാനത്തിലുണ്ടാക്കുമ്പോള്‍ Antivenom എന്ന് പറയുന്നുവെന്നേയുള്ളൂ. സത്യത്തില്‍ അത് പാമ്പിന്‍ വിഷമല്ല.

യാരിദ്‌|~|Yarid said...

ആദ്യായിട്ടാണെന്നു തോന്നുന്നു ഈ ബ്ലോഗില്.എന്തായാലും നന്നായിരിക്കുന്നു ലേഖനം..:)

Joseph Antony said...

വടവോസ്‌കി,
സൂരജ്‌,
ആരോ ഒരാള്‍,
ഇവിടെയെത്തുന്നതില്‍ സന്തോഷം.
സൂരജ്‌, ആ കൂട്ടിച്ചേര്‍ക്കല്‍ ഉചിതമായി, നന്ദി.

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ, പതിവുപോലെ വിജ്ഞാനപ്രദം.
സൂരജിന്റെ കമന്റ് പുതിയൊരു അറിവായിരുന്നു.

ഇടിവാള്‍ said...

Very useful info!