Friday, December 21, 2007

ഹൃദയത്തിന്‌ 'കാതോര്‍ക്കാന്‍'...

രോഗിയുടെ നെഞ്ചിടിപ്പ്‌ എപ്പോഴും ശ്രദ്ധിക്കുക ഡോക്ടറെ സംബന്ധിച്ച്‌ അസാധ്യമാണ്‌. അതിനാല്‍, ഹൃദയത്തിന്‌ താളഭംഗം വരുന്നതിന്റെ സൂചന മുന്‍കൂട്ടി മനസിലാക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയൊരു ഇലക്ട്രോണിക്‌ സങ്കേതത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ നെതര്‍ലന്‍ഡ്‌സിലെ ഗവേഷകര്‍.

രോഗിയുടെ നെഞ്ചിടിപ്പിന്‌ തുടര്‍ച്ചയായി കാതോര്‍ക്കാനും, അവിടെനിന്നുള്ള ഇലക്ട്രിക്‌ സിഗ്നലുകള്‍ രേഖപ്പെടുത്തി സൂക്ഷിച്ച്‌ ചികിത്സയില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന സങ്കേതമാണത്‌. ചെറിയൊരു ബാന്‍ഡേജ്‌ പോലെ നെഞ്ചില്‍ പതിപ്പിച്ചുവെച്ച്‌ വയര്‍ലസ്സായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌ പുതിയ ഇലക്ട്രോണിക്‌ ഉപകരണം.

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന പല ഉപകരണങ്ങളും ഇപ്പോള്‍ തന്നെ രംഗത്തുണ്ട്‌. എന്നാല്‍, ഹൃദയത്തില്‍നിന്ന്‌ പുറപ്പെടുന്ന വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുത്ത്‌ 'ഇലക്ട്രോകാര്‍ഡിയോഗ്രാമുകളാ' (EKGs) യി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ്‌ പുതിയ സങ്കേതത്തിന്റെ മെച്ചം. രോഗിയുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാക്കാന്‍ ഇതുവഴി ഡോക്ടര്‍ക്ക്‌ കഴിയും. ഈ ഇലക്ട്രോണിക്‌ സങ്കേതം ഭാവിയില്‍ ഹൃദ്രോഗ വിദഗ്‌ധരുടെ ഏറ്റവും വലിയൊരു സഹായിയായി മാറിയേക്കുമെന്ന്‌ 'ടെക്‌നോളജി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

നെതര്‍ലന്‍ഡ്‌സിലെ ഇന്‍ഥോവെനില്‍ പ്രവര്‍ത്തിക്കുന്ന നാനോടെക്‌നോളജി ഗവേഷണ സ്ഥാപനമായ 'ഇന്റര്‍യൂണിവേഴ്‌സിറ്റി മൈക്രോ ഇലക്ട്രോണിക്‌ സെന്ററി'(Interuniversity Micro-Electronic Centre) ലെ ഗവേഷകരാണ്‌ പുതിയ ഉപകരണം വികസിപ്പിച്ചത്‌. രോഗികള്‍ക്ക്‌ കൊണ്ടുനടക്കാവുന്ന ഇലക്ട്രോകാര്‍ഡിയോഗ്രാം ഉപകരണമായ 'ഹോള്‍ട്ടര്‍ മോണിറ്ററി' (Holter monitor)ന്റെ വകഭേദമാണ്‌ പുതിയ ഉപകരണമെന്ന്‌ പറയാം. ഹോള്‍ട്ടര്‍ മോണിറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പക്ഷേ, ഒട്ടേറെ ഇലക്ട്രോഡുകള്‍ ശരീരത്തില്‍ പതിച്ചുവെയ്‌ക്കണം. വയറുകളുടെ ശൃംഗല തന്നെ അതിലുണ്ട്‌. മാത്രമല്ല, വലിപ്പക്കൂടുതല്‍കൊണ്ട്‌ രോഗികള്‍ ഇടുപ്പില്‍ ബെല്‍റ്റ്‌ ഉപയോഗിച്ചാണ്‌ അത്തരം മോണിറ്ററുകള്‍ കൊണ്ടുനടക്കുക.

എന്നാല്‍, പുതിയ ഉപകരണത്തിന്‌ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കനംകുറഞ്ഞ ബാന്‍ഡേജ്‌ പോലെ രോഗിയുടെ നെഞ്ചില്‍ അത്‌ പതിപ്പിച്ചുവെയ്‌ക്കാം, വയറുകളില്ല. ആറ്‌ സെന്റീമീറ്റര്‍ നീളവും രണ്ട്‌ സെന്റീമീറ്റര്‍ വീതിയുമുള്ള ഉപകരണത്തില്‍, എല്ലാ ഇലക്ട്രോണിക്‌ സര്‍ക്കീട്ടുകളും സന്നിവേശിപ്പിച്ചിരിക്കും. അയവുള്ള ആ ബോര്‍ഡിന്റെ ആവരണത്തില്‍, ശരീരത്തില്‍ ഒട്ടിയിരിക്കാന്‍ സഹായിക്കുന്ന മൂന്നു സ്ഥാനങ്ങളുണ്ട്‌. ഇലക്ട്രോകാര്‍ഡിയോഗ്രാമിലെ ഇലക്ട്രോഡുകള്‍ പോലെ അവ പ്രവര്‍ത്തിക്കുമെന്ന്‌, ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്ററിന്റെ ഡയറക്ടര്‍ ബെര്‍ട്ട്‌ ഗൈസലിന്‍ക്‌സ്‌ അറിയിക്കുന്നു.

ഹൃദയത്തില്‍നിന്ന്‌ ലഭിക്കുന്ന സിഗ്നലുകള്‍ പത്തുമീറ്റര്‍ പരിധിക്കുള്ളില്‍ വെച്ചിട്ടുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ വലിപ്പമുള്ള ഒരു സ്വീകരണിയിലേക്ക്‌ വിനിമയം ചെയ്യും. കനംകുറഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്വീകരണി ഒരു സ്‌മാര്‍ട്ട്‌കാര്‍ഡ്‌ പോലെയാണ്‌. ബ്ലൂടൂത്തിന്റെ മാതൃകയിലാണ്‌ അതിന്റെ പ്രവര്‍ത്തനം. രോഗിയില്‍നിന്ന്‌ ലഭിക്കുന്ന സിഗ്നലുകള്‍, ഒന്നുകില്‍ രണ്ട്‌ ജി.ബി.വിവരസംഭരണശേഷിയുള്ള ഉപകണത്തില്‍ സൂക്ഷിച്ചുവെയ്‌ക്കും. അല്ലെങ്കില്‍, സെല്‍ഫോണ്‍ പോലൊരു ഉപകരണത്തിന്റെ സഹായത്തോടെ ക്ലിനിക്കിലേക്ക്‌ ആ സിഗ്നലുകള്‍ വിനിമയം ചെയ്യും. രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന താളഭംഗങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും പരിഹാരം തേടാനും ഇതുവഴി കഴിയും.

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്‌. ഹൃദയമിടിപ്പ്‌ രേഖപ്പെടുത്തി അത്‌ വയര്‍ലെസ്സായി വാച്ചിലെ സ്വീകരണിയിലേക്ക്‌ അയയ്‌ക്കുന്നവയും ലഭ്യമാണ്‌. എന്നാല്‍, ഇലക്ട്രോകാര്‍ഡിയോഗ്രാമുകള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്‌ അതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാണെന്ന്‌, വെയില്‍സില്‍ സ്വാന്‍സീ സര്‍വകലാശാലയിലെ ഡോ. മൈക്ക്‌ കിംഗ്‌സ്‌ലി അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ഹൃദയത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ വഴി മനസിലാക്കാനാകും. ഹൃദയത്തിന്റെ പെരുമാറ്റവും ആരോഗ്യവും വ്യക്തമാകാന്‍ അത്തരം വിവരങ്ങള്‍ കാര്‍ഡിയോളജിസ്‌റ്റിനെ സഹായിക്കും. രോഗനിര്‍ണയത്തില്‍ അതിന്‌ വളരെ പ്രാധാന്യമുണ്ട്‌-അദ്ദേഹം പറയുന്നു.

എന്നാല്‍, പുതിയ ഉപകരണത്തിന്‌ അതിന്റേതായ പരിമിതികളുമുണ്ട്‌. ഒരു ക്ലിനിക്കിലെ ഇലക്ട്രോകാര്‍ഡിയോഗ്രാം രേഖപ്പെടുത്തുന്ന അത്ര വലിയ തോതില്‍ ഹൃദയത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ അവയ്‌ക്കാവില്ല. ഹൃദയത്തിന്റെ പൂര്‍ണമായ അവസ്ഥ അത്‌ നല്‍കില്ല, മുഖ്യസൂചനകള്‍ മാത്രമേ ലഭിക്കൂ-കിംഗ്‌സ്‌ലി പറഞ്ഞു. എങ്കില്‍ പോലും, ഹൃദയസിഗ്നലുകളിലെ ഭ്രംശങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതുകൊണ്ട്‌ പുതിയ സങ്കേതം വളരെ ഉപയോഗപ്രദമാണെന്ന്‌, ടെക്‌സാസിലെ ഓസ്‌റ്റിനില്‍ 'മൊനെബോ'യിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസറായ ഡോ.ഹാന്‍സ്‌ സ്‌ട്രോമെയര്‍ പറയുന്നു.

രോഗപ്രതിരോധം ലക്ഷ്യമാക്കി ടെലിമെഡിസിന്‍ സങ്കേതങ്ങള്‍ വികസിപ്പിക്കാനുള്ള 'ഹ്യുമണ്‍++' (Human++) എന്ന ബ്രഹത്‌പദ്ധതിയുടെ ഭാഗമായാണ്‌ നെതര്‍ലന്‍ഡ്‌സ്‌ സംഘം ഹൃദയനിരീക്ഷണ ഉപകരണം രൂപപ്പെടുത്തിയത്‌. ആരോഗ്യമുണ്ടെന്ന്‌ കരുതുന്നവര്‍ക്ക്‌ പോലും ഈ നിരീക്ഷണ ഉപകരണം സഹായകമായേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഹൃദയത്തിന്‌ ഭാവിയില്‍ വരാവുന്ന വലിയ പ്രശ്‌നങ്ങളുടെ സൂചനകള്‍ മുമ്പേ മനസിലാക്കാനും, വേണ്ട കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും കഴിയും എന്നതാണ്‌ നേട്ടം. ഒറ്റയ്‌ക്കു കഴിയുന്ന പ്രായമേറിയവര്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്‌തേക്കും. മാത്രമല്ല, ഔഷധ പരീക്ഷണങ്ങള്‍ക്കും ഇത്‌ സഹായം ചെയ്യും. കൂടുതല്‍ ഇലക്ട്രിക്‌ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ പാകത്തില്‍ പുതിയ ഉപകരണം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ നെതര്‍ലാന്‍ഡ്‌സ്‌ സംഘമിപ്പോള്‍. (അവലംബം: ടെക്‌നോളജി റിവ്യു).

3 comments:

Joseph Antony said...

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്‌. ഹൃദയമിടിപ്പ്‌ രേഖപ്പെടുത്തി അത്‌ വയര്‍ലെസ്സായി വാച്ചിലെ സ്വീകരണിയിലേക്ക്‌ അയയ്‌ക്കുന്നവയും ലഭ്യമാണ്‌. എന്നാല്‍, ഇലക്ട്രോകാര്‍ഡിയോഗ്രാമുകള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍ അതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാണെന്ന്‌, വെയില്‍സില്‍ സ്വാന്‍സീ സര്‍വകലാശാലയിലെ ഡോ. മൈക്ക്‌ കിംഗ്‌സ്‌ലി അഭിപ്രായപ്പെടുന്നു. നെതര്‍ലാന്‍ഡിലെ ഒരു ഗവേഷകസംഘം രൂപപ്പെടുത്തിയ പുതിയൊരു ഹൃദയനിരീക്ഷണ ഉപകരണത്തെപ്പറ്റി.

Suraj said...

സാങ്കേതികവിദ്യകളുടെയും അത്ഭുതാനാവരണങ്ങളുടെയും ആഘോഷം തന്നെ...അല്ലേ മാഷേ..?
ഇനിയും മുന്നേറട്ടെ.
ശരിക്കും മഹാഭാഗ്യം തന്നെ, ഇങ്ങനൊരു യുഗസന്ധിയില്‍ ജീവിക്കാനായത്.

oru blogger said...

ഒരു ഹൃദയം പോലുമില്ലാതെ ഞങ്ങടെ വൈസ് പ്രസിഡന്റ് വര്‍ഷങ്ങളായി പയറുപോലെ ജീവിക്കുന്നു, അപ്പോഴാ ഇത്:)

മനു(തമ്പിയളിയന്‍)
Happy Holidays!