Sunday, December 02, 2007

അര്‍ബുദം ബാധിക്കാത്ത എലി

ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധയിലേക്ക്‌
നിതകമാറ്റത്തിലൂടെ അര്‍ബുദം ബാധിക്കാത്ത എലിയെ സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധനേടുന്നു. അമേരിക്കയില്‍ കുടിയേറിയ മുംബൈ സ്വദേശിയായ ഡോ.വിവേക്‌ രംഗ്‌നേക്കറുടെ കണ്ടെത്തല്‍, അര്‍ബുദ ചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാമെന്നാണ്‌ വിലയിരുത്തല്‍. ആരോഗ്യമുള്ള കോശങ്ങള്‍ക്ക്‌ തകരാര്‍ വരാതെ അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കാനും രോഗമുക്തി നേടാനും ഭാവിയില്‍ ഈ ജനിതക സങ്കേതം സഹായകമായേക്കും.

രോഗബാധിത കോശങ്ങളെ 'മരിക്കാന്‍' പ്രേരിപ്പിക്കുന്ന 'പാര്‍-4'(Par-4) എന്ന ജീനിന്റെ സഹായത്തോടെയാണ്‌, അര്‍ബുദം ബാധിക്കാത്ത ലോകത്തെ ആദ്യ 'സൂപ്പര്‍ എലി'യെ ഡോ.രംഗ്‌നേക്കറും സംഘവും സൃഷ്ടിച്ചത്‌. മനുഷ്യരിലെ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദ ഭാഗങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ ഈ ജീനിനെ 1990-കളുടെ തുടക്കത്തിലാണ്‌ കണ്ടുപിടിച്ചത്‌. സാധാരണഗതിയില്‍ വേഗം അര്‍ബുദ ബാധയുണ്ടാകുന്ന ഒരിനം എലിയുടെ അണ്ഡത്തില്‍ ഈ ജീനിനെ സന്നിവേശിപ്പിച്ചാണ്‌ പുതിയയിനം എലിക്ക്‌ രൂപംനല്‍കിയത്‌.

പുതിയയിനം എലിക്ക്‌ അര്‍ബുദബാധ ഉണ്ടായില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ കാലം ജീവിക്കുകയും ചെയ്‌തു- അമേരിക്കയില്‍ കെന്റക്കി സര്‍വകലാശാലയിലെ റേഡിയേഷന്‍ മെഡിസിന്റെ പ്രൊഫസറായ ഡോ. രംഗ്‌നേക്കര്‍ അറിയിക്കുന്നു. ട്യൂമര്‍ കോശങ്ങളെ ഈ ജീനിന്റെ സാന്നിധ്യം നശിപ്പിക്കുന്നതായി കണ്ടു. 'പാര്‍-4' ജീനിന്‌ അര്‍ബുദ ചികിത്സയില്‍ വലിയ പങ്കു വഹിക്കാനാകുമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. 'കാന്‍സര്‍ റിസര്‍ച്ച്‌' ജേര്‍ണലിലാണ്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങി നിലവില്‍ അര്‍ബുദ ചികിത്സയ്‌ക്കുള്ള ചികിത്സകളുടെ പ്രശ്‌നം അവ കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ്‌. അര്‍ബുദ ബാധിത കോശങ്ങള്‍ക്കൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളും നശിക്കുന്നതാണ്‌ ഇതിന്‌ മുഖ്യകാരണം. എന്നാല്‍, പുതിയ ജനിതക സങ്കേതം തികച്ചും സുരക്ഷിതമായിരിക്കും. കാരണം ആരോഗ്യമുള്ള കോശങ്ങളെ 'പാര്‍-4' ജീന്‍ ബാധിക്കില്ല-ഡോ.രംഗ്‌നേക്കര്‍ പറയുന്നു. ഗവേഷണം പ്രാഥമിക പക്ഷേ, ഘട്ടത്തില്‍ മാത്രമാണെന്നും മനുഷ്യരില്‍ ഈ മാര്‍ഗം പരീക്ഷിക്കാന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മധ്യമുംബൈയില്‍ ജനിച്ച രംഗ്‌നേക്കര്‍, അന്ധേരിയിലെ എം.വി.കോളേജില്‍ നിന്ന്‌ ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന്‌ ഗവേഷണ ബിരുദവും നേടി. ഷിക്കാഗോ സര്‍വകലാശാലയില്‍ ഉപരി ഗവേഷണം നടത്തിയ ശേഷമാണ്‌ അദ്ദേഹം കെന്റക്കി സര്‍വകലാശാലയില്‍ ചേര്‍ന്നത്‌. 'സൂപ്പര്‍ എലി'യെ സൃഷ്ടിച്ച സങ്കേതം വിവിധ അര്‍ബുദങ്ങളുടെ കാര്യത്തില്‍ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാകുന്നു എന്നാണ്‌ ഇനി പഠിക്കാന്‍ പോകുന്നതെന്ന്‌ അദ്ദേഹം അറിയിക്കുന്നു.(അവലംബം: കാന്‍സര്‍ റിസര്‍ച്ച്‌).

3 comments:

Joseph Antony said...

ജനിതകമാറ്റത്തിലൂടെ അര്‍ബുദം ബാധിക്കാത്ത എലിയെ സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധനേടുന്നു. അമേരിക്കയില്‍ കുടിയേറിയ മുംബൈ സ്വദേശിയായ ഡോ.വിവേക്‌ രംഗ്‌നേക്കറുടെ കണ്ടെത്തല്‍, അര്‍ബുദ ചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാമെന്നാണ്‌ വിലയിരുത്തല്‍.

krish | കൃഷ് said...

കാച്ചിക്കുറുക്കിയ വിവരണം നന്നായി.

(ഇതേക്കുറിച്ച് ഇവിടെയും ഉണ്ട്)

Joseph Antony said...

കൃഷ്, താങ്കളുടെ ലേഖനം വായിച്ചു. നന്ദി