Thursday, May 31, 2007

വിഷാദമകറ്റാന്‍ പുകവലി ഉപേക്ഷിക്കുക

ഇതുവരെ അറിവായ കാര്യങ്ങള്‍ കൊണ്ടൊന്നും പുകവലിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങള്‍ അവസാനിക്കുന്നില്ല. പുകവലിക്കാര്‍ക്ക്‌ കടുത്ത വിഷാദം ബാധിക്കാന്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതല്‍ സാധ്യതയെന്ന്‌ പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു

വിഷാദത്തിന്റെ പിടിയില്‍നിന്ന്‌ രക്ഷനേടാനും മനസ്സിനെ ഉണര്‍ത്താനും സിഗരറ്റ്‌ വലിച്ചാല്‍ മതിയെന്നു സമാധാനിക്കുന്നവര്‍ ഏറെയുണ്ട്‌. അത്തരക്കാര്‍ ഓര്‍ക്കുക കടുത്ത വിഷാദരോഗത്തിലേക്കും ഒരുപക്ഷേ, അതുവഴി ആത്മഹത്യയിലേക്കമാകാം നിങ്ങളുടെ പോക്ക്‌. ഈ രോഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന്‌ കരകയറാന്‍ പുകവലി പൂര്‍ണമായും ഉപേക്ഷിച്ചേ മതിയാവൂ-പുതിയൊരു പഠനം നല്‍കുന്ന മുന്നറിയിപ്പാണിത്‌. ഇതുവരെ അറിവായതു കൊണ്ടൊന്നും പുകവലിയുടെ ദൂഷ്യവശങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ്‌ ഈ പഠനം വ്യക്തമാക്കുന്നത്‌.

ഇരട്ടകളായ നാലായിരം പുരുഷന്മാരുടെയും അയ്യായിരം സ്‌ത്രീകളുടെയും പുകവലിശീലവും ആരോഗ്യപ്രശ്‌നങ്ങളും 15 വര്‍ഷം നിരീക്ഷിച്ചാണ്‌ ഫിന്നിഷ്‌ ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലെത്തിയത്‌. തുടര്‍ച്ചയായി പുകവലിക്കുന്നവര്‍ക്ക്‌, പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ കടുത്ത വിഷാദരോഗം വരാന്‍ സാധ്യത കൂടുതലെന്നായിരുന്നു കണ്ടെത്തല്‍. പുകവലി നിര്‍ത്തുന്നവരില്‍ സമീപനാളുകളില്‍ വിഷാദത്തിന്റെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, പിന്നീടവര്‍ രോഗത്തില്‍ നിന്ന്‌ പൂര്‍ണമായി മുക്തരാകുന്നതായി ഗവേഷകര്‍ കണ്ടു. ഹെല്‍സിങ്കി സര്‍വകലാശാലയിലെ പബ്ലിക്‌ ഹെല്‍ത്ത്‌ വിഭാഗമാണ്‌ പഠനം നടത്തിയത്‌.

'പരോക്ഷപുകവലി'(പാസീവ്‌ സ്‌മോക്കിങ്‌) ക്കെതിരെ ശക്തമായ താക്കീതുമായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ) ഇത്തവണ പുകയിലവിരുദ്ധദിനം (മെയ്‌ 31) ആചരിക്കുന്ന വേളയിലാണ്‌, പുകവലിയുടെ അറിയപ്പെടാത്ത മറ്റൊരു ദുരന്തഫലം പുറത്തുവന്നിരിക്കുന്നത്‌. വീടുകളും ജോലിസ്ഥലങ്ങളും പൊതുസ്ഥലങ്ങളും നൂറുശതമാനം 'പുകവിമുക്തമാക്കാന്‍' നിയമം പാസാക്കാന്‍ ഡബ്ല്യു.എച്ച്‌.ഒ. ലോകരാഷ്ട്രങ്ങളോട്‌ ആവശ്യപ്പെടുന്നു. ലോകത്താകെയുള്ള കുട്ടികളില്‍ പകുതിപ്പേര്‍ (70 കോടി) മുതിര്‍ന്നവരുടെ പുകവലി മൂലം പരോക്ഷപുകവലിക്ക്‌ ഇരയാകുന്നു എന്നാണ്‌ കണക്ക്‌.

ലോകത്താകെ മരിക്കുന്ന പ്രായപൂര്‍ത്തിയായവരില്‍ പത്തുശതമാനം പേര്‍ക്കും അതു സംഭവിക്കുന്നത്‌, പുകവലിയുടെയോ പുകയില ഉപയോഗത്തിന്റെയോ ഫലമായാണെന്ന്‌ ഡബ്യു.എച്ച്‌.ഒ.പറയുന്നു. പ്രായപൂര്‍ത്തിയാ 54 ലക്ഷം പേരാണ്‌ ഇത്തരത്തില്‍ വര്‍ഷം തോറും മരിക്കുന്നത്‌. 2030 ആകുമ്പോഴേക്കും ഈ സംഖ്യ പ്രതിവര്‍ഷം 83 ലക്ഷമാകുമെന്നാണ്‌ മുന്നറിയിപ്പ്‌. യു.എന്നിനു കീഴിലെ അന്താരാഷ്ട്രതൊഴില്‍സംഘടന (ഐ.എല്‍.ഒ)യുടെ കണക്കു പ്രകാരം, ജോലിസ്ഥലത്തെ പരോക്ഷപുകവലി മൂലം വര്‍ഷംതോറും അകാലചരമമടയുന്ന തൊഴിലാളികളുടെ സംഖ്യ രണ്ടുലക്ഷമാണ്‌.

പരോക്ഷപുകവലി തടയുകയെന്നന്നത്‌ ഒരു നിരോധനത്തിന്റെ പ്രശ്‌നമല്ലെന്ന്‌, ഡബ്യു.എച്ച്‌.ഒ.യുടെ പുകയിലവിരുദ്ധ വിഭാഗം മേധാവി അര്‍മാന്‍ഡോ പെരൂഗ പറയുന്നു. എവിടെ പുകവലിക്കണം എവിടെ പാടില്ല എന്നുള്ള പൊതുസമൂഹത്തിന്റെ തീരുമാനമാണത്‌. ഇക്കാര്യത്തില്‍ വിജയകരമായ നടപടിയെടുത്ത രണ്ട്‌ പ്രദേശങ്ങള്‍ അയര്‍ലന്‍ഡും ഉറൂഗ്വായുമാണ്‌. അവയുടെ മാതൃക പിന്തുടരാനാണ്‌ ഈ ദിനത്തില്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നത്‌(അവലംബം: ഹെല്‍സിങ്കി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ലോകാരോഗ്യസംഘടന, കടപ്പാട്‌: മാതൃഭൂമി).

6 comments:

Joseph Antony said...

ലോകത്ത്‌ ഓരോ വര്‍ഷവും പുകവലിയുടെയോ പുകയിലയുപയോഗത്തിന്റെയോ ഫലമായി കുറഞ്ഞത്‌ 54 ലക്ഷം പേര്‍ മരിക്കുന്നു. ലോകത്താകെയുള്ള കുട്ടികളില്‍ പകുതിയോളം (70 കോടി) പേര്‍ മുതിര്‍ന്നവരുടെ പുകവലിയുടെ ഫലമായി പരോക്ഷപുകവലിക്ക്‌ ഇരയാകുന്നു. മാത്രമല്ല, പുകവലിക്കാരെ കടുത്ത വിഷാദരോഗം പിടികൂടാന്‍ സാധ്യത കൂടുതലാണെന്നും പുതിയൊരു പഠനം പറയുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ അതെപ്പറ്റി.

സു | Su said...

പുകവലിക്കുന്നവരെപ്പറ്റി രണ്ട് ദിവസം മുമ്പ് പറഞ്ഞേയുള്ളൂ, ഞാനും കൂട്ടുകാരിയും കൂടെ. പുകവലിക്കുന്നവര്‍, അവനവന് മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പുകവലി നിര്‍ത്താ‍ന്‍ എല്ലാവര്‍ക്കും മനസ്സുണ്ടാകട്ടെ.

ഉണ്ണിക്കുട്ടന്‍ said...

ഓ ആകാര്യം മറന്നിരിക്കുവാരുന്നു ഇപ്പോ വരാട്ടാ..താങ്ക്സ്..

ചുമ്മ പറഞ്ഞതാട്ടോ..പുകവലിക്കരേ മാനസാന്തരപ്പെടൂ..

മുസ്തഫ|musthapha said...

വലിച്ചുതള്ളുന്നവര്‍ അറിയുന്നില്ല, അവര്‍ സ്വയവും മറ്റുള്ളവര്‍ക്കും വരുത്തി വെക്കുന്ന വിനകള്‍, അല്ലെങ്കില്‍ അതിന് ഗൌരവം കൊടുക്കുന്നില്ല.

ഒരു രസത്തിന് വേണ്ടി തന്നെയാണ് ബഹുഭൂരിപക്ഷവും പുകവലി തുടങ്ങുന്നത്. പുകച്ചുരുള്‍ വിടുന്നതിലെ ആനന്ദം, അല്ലെങ്കില്‍ കൌതുകം. ക്രമേണ അതിനടിമകളായി മാറുന്നു,
പക്ഷെ പലരും അത് സമ്മതിച്ച് തരില്ലെന്ന് മാത്രം...

‘ഇതൊരു രസം, എനിക്കെപ്പോ വേണമെങ്കിലും നിറുത്താവുന്നതേയുള്ളൂ...’ എന്നായിരിക്കും മറുപടി. പക്ഷെ പലര്‍ക്കും വിചാരിച്ച പോലെ അത് നിറുത്താന്‍ പറ്റുന്നില്ല എന്നതാണ് വാസ്തവം.

പലരും ഫ്ലാറ്റുകളിലെ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് സിഗരറ്റ് പുകച്ച് തള്ളുന്നത് കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ കൂടെ ആരോഗ്യനില അവര്‍ തകരാറിലാക്കുന്നു.

തിരിച്ചറിവും ഇച്ഛാശക്തിയും തന്നെയാണ് പുകവലി ഉപേക്ഷിക്കാനുള്ള വഴി.

നന്നായി ഈ പോസ്റ്റ്

[5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും പുകവലിക്കാരനായിരുന്നു]

നിമിഷ::Nimisha said...

ഞാന്‍ ഭാഗ്യവതി, ജീവിതയാത്രയിലെ എന്റെ കൂട്ടുകാരന് പുക വലിയ്ക്കുന്ന ശീലം ഇല്ലാത്തതിന്...പുകവലിക്കുന്നവരെ ചുറ്റും കാണുമ്പോല്‍ എനിയ്ക്ക് തോന്നുന്നത്..

വിവരദോഷി said...

പുകവലി ആരോഗ്യത്തിനു ഹാനികരം.
ആരോഗ്യം പുകവലിക്കും ഹാനികരം.
നല്ല പോസ്റ്റ്.

ഇനിയൊരു പുകയെടുക്കട്ടെ..!!