ചില സംഗതികളുണ്ട്, എല്ലാവര്‍ക്കും അറിയാമന്ന് നമ്മള്‍ ചുമ്മാ അങ്ങ് കരുതും. ആരോടെങ്കിലും അത് ചോദിക്കുന്നതോടെ നമ്മുടെ ധാരണ പാടെ പൊളിയുകയും ചെയ്യും.
നായ കടിച്ചാല്‍ പ്രാഥമികമായി എന്താണ് വേണ്ടത്? സത്യം പറയാമല്ലോ, ഇതിനുള്ള ഉത്തരം എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു എന്റെ വിചാരം. നൂറുകണക്കിന് തെരുവ് നായകള്‍ കറങ്ങി നടക്കുന്ന നമ്മുടെ നാട്ടില്‍ ഏത് സമയവും സംഭവിക്കാവുന്നതാണ് പട്ടികടി എന്നതിനാല്‍ പ്രത്യേകിച്ചും!
കഴിഞ്ഞയാഴ്ച ഒരു ക്ലാസില്‍ ഇക്കാര്യം ചോദിക്കാന്‍ ഇടവന്നു. ഡിഗ്രി കഴിഞ്ഞ നാല്പതോളം യുവാക്കളും യുവതികളുമാണ് ക്ലാസിലുണ്ടായിരുന്നത്.
'നായ കടിച്ചാല്‍ നിങ്ങള്‍ ആദ്യം എന്തുചെയ്യും?'
'ഇതൊക്കെ ഇത്ര ചോദിക്കാനെന്തിരിക്കുന്നു' എന്ന ഭാവത്തില്‍ ഭൂരിപക്ഷം പേരും ഇങ്ങനെ മറുപടി നല്‍കി: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും'.
'നല്ലത്, പക്ഷേ അടുത്ത് ആസ്പത്രിയില്ലെങ്കില്‍' - ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ആര്‍ക്കുമില്ലായിരുന്നു (അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല. നായ കടിച്ചാല്‍ അടിയന്തരമായി എന്താണ് വേണ്ടതെന്നതിന് രണ്ട് പേര്‍ ശരിയായ ഉത്തരം നല്‍കി).
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീട്ടിലെത്തിയ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന മകളോട് ഇക്കാര്യം ഫോണില്‍ ചോദിച്ചു. കിട്ടിയ മറുപടി അതുതന്നെയായിരുന്നു: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും!'
നായകടിച്ചാല്‍ അടിയന്തരമായി വേണ്ടത്, വെള്ളം നന്നായൊഴിച്ച് മുറിവ് കഴുകുക എന്നതാണ്. ഓര്‍ക്കുക: മുറിവ് കഴകുന്നത് സോപ്പുപയോഗിച്ചാണെങ്കില്‍ വളരെ നല്ലത്. പക്ഷേ, സോപ്പ് കിട്ടിയില്ലെന്ന് കരുതി കഴുകാന്‍ വൈകിക്കൂടാ. ഇത് ചെയ്തിട്ട് വേണം രോഗിയെ ആസ്പത്രിയിലെത്തിക്കാന്‍.
ഇത്ര പ്രധാനപ്പെട്ട സംഗതി അറിയാതെയാണ്, തെരുവുപട്ടികള്‍ തേരാപാരാ നടക്കുന്ന നാട്ടില്‍ നമ്മുടെ കുട്ടികള്‍ വളരുന്നതെന്ന് പറഞ്ഞാല്‍ അത്ഭുതമല്ലേ! ഇതുപോലെ ഇനിയും എത്ര അത്ഭുതങ്ങള്‍ അറിയാന്‍ കിടക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
വാല്‍ക്കഷണം: നായയോ പൂച്ചയോ കടിക്കുമ്പോള്‍ മുറിവില്‍ അവയുടെ ഉമിനീര്‍ പറ്റിയാണ് പേവിഷബാധയ്ക്ക് കാരണമായ റാബിസ് വൈറസ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. മുറിവ് ഉടന്‍ നന്നായി വെള്ളമൊഴിച്ച് കഴുകിയാല്‍, 80 ശതമാനം വൈറസും നശിക്കും. പേവിഷബാധയേല്‍ക്കാനുള്ള സാധ്യത അത്രയും കുറയും. അതുകഴിഞ്ഞ് ആസ്പത്രിയിലെത്തിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം റാബിസ് വാക്‌സിന്‍ എടുക്കുകയാണ് വേണ്ടത്.
('ഇതൊക്കെ ഇവിടെ വിളമ്പാന്‍ താനാരുവാ' എന്ന ചോദ്യം പ്രതീക്ഷിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പ്രൊഫസര്‍ ഡോ.ബി.പത്മകുമാറിനോട് ഫോണ്‍ മുഖേന സംസാരിച്ച് സംഗതി സ്ഥരീകരിച്ചിട്ടുണ്ട്).
#FBPost
No comments:
Post a Comment