Tuesday, January 31, 2017

വനജ സ്റ്റാന്‍ഡ് വിട്ട് പോകണം!


ഇടുക്കിയില്‍ മാങ്കുളത്തേക്കുള്ള യാത്രാമധ്യേ വൈകുന്നേരം നാലുമണിക്കടുത്ത സമയത്താണ് അടിമാലി ബസ്റ്റാന്‍ഡിലെത്തുന്നത്. കോഴിക്കോട്ട് നിന്ന് യാത്രതിരിച്ച ഞാനും, തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട അനുജന്‍ ആന്റണിയും മൂവാറ്റുപുഴ വെച്ച് ഉച്ചകഴിഞ്ഞപ്പോള്‍ സന്ധിക്കുകയും, അവിടെ നിന്ന് ഒരുമിച്ച് അടിമാലിയിലെത്തുകയുമാണ് ചെയ്തത്.

അടിമാലി എനിക്ക് പുതിയ സ്ഥലമല്ല. രണ്ട് പതിറ്റാണ്ട് മുമ്പ്, ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളില്‍ പ്രധാന താവളം അടിമാലിയായിരുന്നു. നേര്യമംഗലത്തുനിന്ന് അടിമാലിയിലേക്കെത്തുമ്പോള്‍ ഇടതുവശത്ത് വലിയൊരു പര്‍വ്വതക്കെട്ടാണ്. അടിമാലി ജംഗ്ഷനില്‍ നിന്നുള്ള ഒരു ചരല്‍പ്പാത വഴി ആ പര്‍വ്വതക്കെട്ട് താണ്ടി, കഠിനമായ കയറ്റവുമിറക്കവും രണ്ടര മണിക്കൂര്‍ പിന്നിട്ടാല്‍, 'നൂറാങ്കരക്കുടി' എന്ന മുതുവാക്കോളനിയിലെത്താമെന്നും, രണ്ടുപതിറ്റാണ്ടുമുമ്പ് അവിടെ നിന്ന് എന്റെ സുഹൃത്തായ അയ്യാവു സ്വാമിയുടെ മലയാളവും തമിഴും കലര്‍ന്ന കവിതകള്‍ നിറഞ്ഞ കത്തുകള്‍ ഇടയ്ക്കിടെ എനിക്ക് കിട്ടിയിരുന്നുവെന്നും അനുജന്‍ ആന്റണിയോട് അടിമാലിയിലെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

അടിമാലി ബസ്റ്റാന്‍ഡില്‍ നിന്ന് 4.45 ന് മാങ്കുളം ബസ്സുണ്ട്, നാലുമണിക്ക് അത് ബസ്റ്റാന്‍ഡിലെത്തുംകൃത്യമായ ഇന്‍ഫര്‍മേഷന്‍ മുന്‍കൂട്ടി കിട്ടിയിരുന്നതിനാല്‍, അവിടെ എത്തിയതും എന്‍ക്വയറിയിലെത്തി മാങ്കുളത്തേക്കുള്ള ബസ്സ് വന്നോ എന്ന് ഞങ്ങള്‍ തിരക്കി. ടിപ്പിക്കല്‍ ഇടുക്കി സ്ലാങില്‍ അവിടെയിരുന്ന ചേട്ടന്‍ ഇങ്ങനെ പറഞ്ഞു: 'ലവ് ബേര്‍ഡ്‌സ് നാലുമണിക്കെത്തും. നാലേമുക്കാലിന് പോകും'.

'ആര്, ലവ് ബേര്‍ഡ്‌സോ'  അനുജന്‍ ആന്റണിക്ക് കൗതുകമടക്കാനായില്ല.

'അതെ, ലവ് ബേര്‍ഡ്‌സ്....മാങ്കുളത്തിനുള്ള ബസ്സ്', അടുത്തുനിന്ന കണ്ടക്ടര്‍ ഞങ്ങളോട് പറഞ്ഞു.

ലവ് ബേര്‍ഡ്‌സ് എവിടെയാണ് പിടിച്ചിടുക എന്നന്വേഷിച്ചിട്ട് ആ ഭാഗത്ത് തന്ത്രപരമായി നിലയുറപ്പിക്കാനും, പ്രണയപക്ഷികള്‍ വന്നാലുടന്‍ അതിനുള്ളില്‍ കയറിപ്പറ്റാനും യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കി. കാട്ടാക്കട നിന്ന് പണ്ട് വൈകുന്നേരത്തെ മായം ബസ്സ് പിടിക്കുന്ന ഞങ്ങള്‍ക്ക് 'ഇതൊക്കെ പുല്ലാണ്' മനസിലോര്‍ത്തു. പദ്ധതിയുടെ ഭാഗമായി നാലുമണിക്കു മുമ്പ് ചായകുടിച്ച് തയ്യാറായി. കേരളത്തില്‍ മറ്റേത് ബസ് സ്റ്റാന്‍ഡിലും കിട്ടുന്നതിലും വലുപ്പമുള്ള വടയും പഴക്കേക്കും പഴമ്പൊരിയുമൊക്കെ നിരത്തിവെച്ചിരിക്കുന്ന കടകളാണ് അടിമാലി ബസ്റ്റാന്‍ഡിലേതെന്ന് ആദ്യ നിരീക്ഷണത്തില്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ചായ കുടിച്ചു, കടി തിന്നു. ലോട്ടറി വില്‍ക്കാന്‍ വന്ന ചേട്ടനുമായി നോട്ട് റദ്ദാക്കലിനെപ്പറ്റി കുറച്ചു സമയം ബൗദ്ധികചര്‍ച്ചകള്‍ നടത്തി. അപ്പോഴേക്കും നാലുമണിയായി; ലവ് ബേര്‍ഡ്‌സ് വന്നു.

ഇടിച്ചുകയറി സീറ്റ് പിടിച്ചു. 'നാലേ മുക്കാലിനേ ഇത് പുറപ്പെടൂ, ആറ് മണിയാകും മാങ്കുളത്തെത്തുമ്പോള്‍', അപ്പുറത്തെ സീറ്റില്‍ ഇടംപിടിച്ച പെണ്‍കുട്ടി അല്‍പ്പം നാണത്തോടെ അറിയിച്ചു. അപ്പോള്‍ രണ്ടുമണിക്കൂര്‍ ഇതിനകത്തിരിക്കണംഞാനോര്‍ത്തു. മുക്കാല്‍ മണിക്കൂര്‍ ലവ് ബേര്‍ഡ്‌സ് അവിടെ പിടിച്ചിട്ടതിനിടെ, നോട്ട് നിരോധനത്തെപ്പറ്റി ചര്‍ച്ചനടത്തിയ ലോട്ടറി ചേട്ടന്‍ വീണ്ടും ബസ്സിനുള്ളിലെത്തി, എന്നെയും അനുജനെയും കണ്ടതോടെ തെല്ല് പരുങ്ങി. മൂപ്പരോട് ഞാന്‍ പറഞ്ഞു: 'നിങ്ങളെപ്പോലെ നോട്ട് നിരോധത്തെ എതിര്‍ക്കുന്നവരെ കണ്ടെത്താന്‍ നിയോഗിച്ച റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരാണ് ഞങ്ങളെന്ന് ഇനിയും മനസിലായില്ലേ'. അതുകേട്ടതും മൂപ്പര്‍ സ്ഥലം വിട്ടു. അപ്പുറത്തെ സീറ്റിലെ പെണ്‍കുട്ടി ഇത് കേട്ട് നിര്‍ത്താതെ ചിരിച്ചു.

ബസ്സ് അടിമാലിയില്‍ നിന്ന് പുറപ്പെടാന്‍ പിന്നെയും അരമണിക്കൂര്‍ ബാക്കി. പെട്ടന്ന് മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് കേട്ടു: 'വനജ സ്റ്റാന്‍ഡ് വിട്ട് പോകണം'. സംഭവം സത്യമായിരുന്നു. നോക്കുമ്പോള്‍ ഒരു യുവതി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്കു നടക്കുന്നു. 'അതായിരിക്കും വനജ', അനുജന്‍ പറഞ്ഞു!

അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ബസ്സുകളെക്കുറിച്ച് ഞാനോര്‍ത്തത്. അവിടെ ഒരു ബസ്സില്‍ നിങ്ങള്‍ രണ്ടുമണിക്കൂര്‍ ഇരിക്കേണ്ടി വന്നാല്‍, 'വനജ സ്റ്റാന്‍ഡ് വിട്ട് പോകുന്നത്' ശ്രദ്ധിക്കാനൊന്നും സമയം കിട്ടില്ല. ബസ്സിന്റെ മുന്‍പിലായി രണ്ടുവശത്തും ഓരോ ടിവി കാണും. അതിലേതെങ്കിലും സൂപ്പര്‍ഹിറ്റ് മൂവി ഫുള്‍ വോള്യത്തില്‍ ഓടുന്നുണ്ടാകും. രണ്ടല്ല, നാല് മണിക്കൂറായാലും യാത്രക്കാര്‍ അറിയില്ല. പോണ്ടിച്ചേരിയില്‍ നിന്ന് തഞ്ചാവൂരിലേക്ക് ഒരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ വിജയിന്റെ ഒരു സിനിമയും, തിരികെ വരുമ്പോള്‍ ഇപ്പോഴും എനിക്ക് പേരറിയാത്ത ഒരു ആക്ഷന്‍ ഹീറോയുടെ സിനിമയും പൂര്‍ണമായും കണ്ടകാര്യം ഓര്‍ക്കുന്നു.

കേരളത്തിലെ പ്രൈവറ്റ് ബസ്സുകാര്‍ എന്നാണ് ഇതുപോലെ പുരോഗമിക്കുക!

# Adimali #FBPost

1 comment:

സുധി അറയ്ക്കൽ said...

നല്ല കാര്യമായി.കേരളത്തിലെ പ്രൈവറ്റ്‌ ബസ്സുകളേക്കുറിച്ചാണോ നട്ടാൽക്കുരുക്കുവേലാത്ത അപഖ്യാതി പറഞ്ഞുണ്ടാക്കുന്നത്‌?!?!?!??!