Friday, December 02, 2016

ചെടികള്‍ നടുന്ന ഉറുമ്പുകള്‍

വൃക്ഷശിഖരങ്ങളില്‍ വിത്ത് നട്ട് ചെടി മുളപ്പിച്ച് അതിന് വളവും പോഷകങ്ങളും നല്‍കി വളര്‍ത്തി സ്വന്തം പാര്‍പ്പിടവും ഭക്ഷണവും ഒരുക്കുകയാണ് ഫിജിയിലെ ഒരിനം ഉറുമ്പുകള്‍. ഇതു വഴി വൃക്ഷങ്ങള്‍ക്ക് മുകളില്‍ ഒരു 'സസ്യനഗരം' തന്നെ ഇവ സൃഷ്ടിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍ 
മരക്കൊമ്പുകളിലെ ഉറുമ്പുകളുടെ സസ്യകൃഷി. ഫോട്ടോ കടപ്പാട്: Guillaume Chomicki, University of Munich

വാസയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ 'അവതാര്‍' എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പ്രമേയം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, 'പന്‍ഡോര'യെന്ന വിദൂര ഉപഗ്രഹവും അവിടുത്തെ നീലനിറമുള്ള പ്രാദേശിക 'നവി' ( Na'vi ) വര്‍ഗ്ഗക്കാരും 2154ല്‍ അവിടെയെത്തുന്ന മനുഷ്യരുമാണുള്ളത്.

പന്‍ഡോരയിലെ നവി വര്‍ഗ്ഗക്കാര്‍ പാര്‍ക്കുന്നത് വിശാലമായ 'ഭവനവൃക്ഷങ്ങളി'ല്‍ ( Hometree ) ആണ്. വളരെ പൊക്കത്തില്‍ വിശാലമായി വളരുന്ന ആ വിചിത്രവൃക്ഷങ്ങളാണ് അവരുടെ ജീവിതം സാധ്യമാക്കുന്നത്. ആ വൃക്ഷവിശാലതകളില്‍ പാര്‍പ്പിടങ്ങളുള്‍പ്പടെ എല്ലാം അവര്‍ ഒരുക്കുന്നു. ഒരുതരം ആകാശനഗരങ്ങള്‍ തന്നെ അവര്‍ സൃഷ്ടിക്കുന്നു.

ഫിജിയിലെ ഒരിനം ഉറുമ്പുകള്‍ വൃക്ഷങ്ങള്‍ക്ക് മുകളില്‍ കൃഷി നടത്തുകയും 'സസ്യനഗരങ്ങള്‍' സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന കണ്ടെത്തല്‍, അവതാറിലെ നവി ജനതയെയും ഭവനവൃക്ഷങ്ങളെയും ഓര്‍മിപ്പിക്കും. 'ഫിലിദ്രിസ് നാഗാസോ' ( Philidris nagasau ) എന്നയിനം ഉറുമ്പുകളാണ്, വൃക്ഷശിഖരങ്ങില്‍ 'സ്‌ക്വാമെല്ലാരിയ' ( Squamellaria ) ചെടികള്‍ നട്ടുവളര്‍ത്തി സ്വന്തം പാര്‍പ്പിടവും ഭക്ഷണവും ഒരുക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 
ഫിലിദ്രിസ് നാഗാസോ ഉറുമ്പ്. ഫോട്ടോ കടപ്പാട്: Guillaume Chomicki, University of Munich
ഉറുമ്പുകളെങ്ങനെ ചെടികള്‍ നടും, വൃക്ഷശിഖരങ്ങളില്‍ അവയ്‌ക്കെങ്ങനെ പാര്‍പ്പിടവും ഭക്ഷണവുമുണ്ടാക്കാന്‍ കഴിയും എന്നൊക്കെ ഇത് വായിക്കുമ്പോള്‍ സംശയം തോന്നാം. പക്ഷേ, സംഭവം സത്യമാണ്. പ്രകൃതിയുടെ രീതികള്‍ പലപ്പോഴും നമ്മുടെ സങ്കല്‍പ്പത്തിന് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം വിചിത്രങ്ങളാണ്. ഫിലിദ്രിസ് ഉറുമ്പുകളുടെ അതിജീവനത്തിന്റെ രഹസ്യം പഠിച്ച, ജര്‍മനിയില്‍ മ്യൂണിക്ക് സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ഗ്വില്ലോം ചോമിക്കിയും സംഘവും കണ്ടെത്തിയത് അതാണ്. 

ഫിലിദ്രിസ് ഉറുമ്പുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ഏര്‍പ്പാട്. കുറഞ്ഞത് 30 ലക്ഷം വര്‍ഷമായി അവ കൃഷി തുടങ്ങിയിട്ടെന്ന് 'നേച്ചര്‍ പ്ലാന്റ്‌സ് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ ഗ്വില്ലോം ചോമിക്കി, സൂസാന്‍ എസ്. റെന്നര്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ( https://goo.gl/h6ZjB7 ) പറയുന്നു. 

ഉറുമ്പുകള്‍ കൃഷി മുമ്പേ തുടങ്ങി

മനുഷ്യര്‍ കൃഷി തുടങ്ങിയ കാര്യം നമുക്കറിയാം. പതിനായിരം വര്‍ഷം മുമ്പാരംഭിച്ച കാര്‍ഷികവൃത്തിയാണ് ഇന്നത്തെ നിലയ്ക്ക് നാഗരികത കെട്ടിപ്പെടുക്കാന്‍ മനുഷ്യവര്‍ഗത്തെ പ്രാപ്തമാക്കിയത്. വേട്ടക്കാരനില്‍ നിന്ന് കൃഷിക്കാരനിലേക്കുന്ന മനുഷ്യന്റെ മാറ്റം, മാനവചരിത്രത്തിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവായിരുന്നു. 
 ഇലവെട്ടി ഉറുമ്പുകള്‍. ഫോട്ടോ കടപ്പാട്: Alex Wild

എന്നാല്‍, നിസ്സാരമായ ഉറുമ്പുകളുടെ അടുത്ത് ആയിരക്കണക്കിന് വര്‍ഷം മുമ്പ് കൃഷി തുടങ്ങിയെന്ന വീരവാദവുമായി ചെന്നാല്‍ നമ്മള്‍ നാണംകെട്ടുപോകും! കാരണം, ഭൂമുഖത്തെ ചിലയിനം ഉറുമ്പുകള്‍ കൃഷിചെയ്ത് ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങിയിട്ട് അഞ്ചുകോടി വര്‍ഷമെങ്കിലും ആയെന്നാണ് കണ്ടെത്തിയിട്ടുള്ളത്! അതുവെച്ച് നോക്കിയാല്‍ ഫിജിയില്‍ കണ്ടെത്തിയ ഫിലിദ്രിസ് ഉറുമ്പുകളുടെ കൃഷിക്ക് പോലും അത്രയധികം ചരിത്രമില്ല. 

ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന 'ഇലവെട്ടി ഉറുമ്പുകള്‍' ( leafcutters ) ആണ് തങ്ങള്‍ക്ക് ആഹാരമാക്കേണ്ട പോഷകസമൃദ്ധമായ ഫംഗസുകള്‍ അഞ്ചുകോടി വര്‍ഷമായി കൃഷിചെയ്തുണ്ടാക്കുന്നത്. ഈ ഉറുമ്പുകള്‍ മനുഷ്യരെപ്പോലെ കാലക്രമത്തില്‍ കൃഷിരീതി മെച്ചപ്പെടുത്തുകയും, വിളകളെ കൂടുതല്‍ പോഷകസമൃദ്ധമാക്കുകയും ചെയ്യുന്നന്നതായി രണ്ടുവര്‍ഷം മുമ്പ് ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. 

കോപ്പന്‍ഹേഗന്‍, ലുണ്ട് സര്‍വകലാശാലകളിലെ ഒരുസംഘം ഗവേഷകര്‍ 2014 ഡിസംബര്‍ ആദ്യം 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ( http://www.nature.com/articles/ncomms6675 ), ഇലവെട്ടി ഉറുമ്പുകള്‍ കാലക്രമത്തില്‍ തങ്ങളുടെ കൃഷിയും വിഭവവും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയത്. 
ഉറുമ്പുകള്‍ സൃഷ്ടിക്കുന്ന 'ഫംഗസ് തോട്ടങ്ങള്‍'. ഫോട്ടോ കടപ്പാട്: Alex Wild

ഇത്തരം ഉറുമ്പുകള്‍ ഇലക്കഷണങ്ങള്‍ വെട്ടിയെടുത്ത് തങ്ങളുടെ കൂട്ടിലെത്തിക്കുകയും, അവയെ പ്രത്യേക രാസാഗ്നികളുപയോഗിച്ച് ദ്രവിപ്പിച്ച് ഫംഗസുകള്‍ വളര്‍ത്തുകയുമാണ് ചെയ്യുക. ഇതാണ് കൃഷി. കാര്‍ബോഹൈഡ്രേറ്റുകളും ലിപ്പിഡുകളും രാസാഗ്നികളും ഉള്‍പ്പടെ ഉറുമ്പുകര്‍ഷകരുടെ എല്ലാ പോഷകാവശ്യങ്ങളും നിര്‍വഹിക്കാന്‍ പര്യാപ്തമായ ഫംഗസ് വിളയാണ് കൃഷി വഴി ലഭിക്കുക. 

ഇത്തരത്തില്‍ ഫംഗസുകളെ പോഷകസമൃദ്ധമായ ഫുഡ്പാക്കേജുകളാക്കി മാറ്റാന്‍ കാലക്രമത്തില്‍ ഉറുമ്പുകള്‍ക്ക് സാധിച്ചതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അഞ്ചുകോടി വര്‍ഷം മുമ്പ് ഫംഗസ് കൃഷി ആരംഭിച്ചെങ്കിലും, ഇത്തരം ഫുഡ്പാക്കേജുകള്‍ രൂപപ്പെടുത്താന്‍ ഉറുമ്പുകള്‍ ആരംഭിച്ചിട്ട് രണ്ടുകോടി വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഗവേഷകരുടെ നിഗമനം. 

പ്രകൃതിദത്തമായ തിരഞ്ഞെടുപ്പ് അഥവാ പ്രകൃതിനിര്‍ധാരണം ( natural selection ) വഴി സാവധാനത്തിലാണ് ഉറുമ്പുകൃഷി ഇന്നത്തെ നിലയ്ക്ക് പരിണമിച്ചത്. ഗവേഷകരുടെ അഭിപ്രായത്തില്‍, അഞ്ചുകോടി വര്‍ഷം മുമ്പ് ഉറുമ്പുകള്‍ കൃഷി ആരംഭിച്ച സമയത്തേക്കാള്‍ പതിനായിരം മടങ്ങ് വലുപ്പമുള്ളതാണ് ഇന്നത്തെ ഫംഗസ് കൃഷിയിടങ്ങള്‍. 

വിത്തും കൈക്കോട്ടും

കൃഷിയുടെ കാര്യത്തില്‍ ദക്ഷിണ അമേരിക്കയിലെ ഉറുമ്പുകളെ അപേക്ഷിച്ച് താരതമ്യേന നവാഗതരാണ് ഫിജിയിലെ ഫിലിദ്രിസ് ഉറുമ്പുകള്‍. 30 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ അവ കാര്‍ഷികവൃത്തി തുടങ്ങിയിട്ട്. അതുപക്ഷേ, നല്ല വൃത്തിയിലാണ് നിര്‍വഹിക്കുന്നത്. വെറുതെ ഇലവെട്ടിക്കൊണ്ടിട്ട് ഫംഗസുണ്ടാക്കലല്ല, പകരം വിത്ത് നട്ട് ചെടി മുളപ്പിച്ച് അതിന് വളവും പോഷകങ്ങളും നല്‍കി വളര്‍ത്തി, പാര്‍പ്പിടവും ഭക്ഷണവും ആ ചെടിയുടെ സഹായത്തോടെ സൃഷ്ടിക്കുകയാണ് അവ ചെയ്യുന്നത്. 

സ്‌ക്വാമെല്ലാരിയ ചെടികളുടെ നിലനില്‍പ്പിന് ഫിലദ്രിസ് ഉറുമ്പുകള്‍ കൂടിയേ തീരൂ. അതുപോലെ തന്നെ, ഫിലദ്രിസ് ഉറുമ്പുകള്‍ക്ക് സ്‌ക്വാമെല്ലാരിയ ചെടികള്‍ ഉണ്ടെങ്കിലേ പറ്റൂ. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതിയില്‍ രൂപപ്പെട്ട ഒരു പരസ്പരാശ്രയ സംവിധാനത്തിന്റെ കണ്ടെത്തല്‍ കൂടിയാണ് ഗ്വില്ലോം ചോമിക്കിയും സംഘവും ഫിജിയില്‍ നടത്തിയത്. 
സ്‌ക്വാമെല്ലാരിയ ചെടി. ചിത്രം കടപ്പാട്: Guillaume Chomicki, University of Munich 

'സസ്യനഗരങ്ങള്‍' സൃഷ്ടിക്കാന്‍ ഫിലദ്രിസ് ഉറുമ്പുകള്‍ ആദ്യം ചെയ്യുന്നത് സ്‌ക്വാമെല്ലാരിയ ചെടിയുടെ വിത്ത് നടലാണ്. വൃക്ഷങ്ങളുടെ വലിയ ശിഖരങ്ങിലെ തൊണ്ടിലും തൊലിയിലും പൊട്ടലുള്ള ഭാഗങ്ങളില്‍ വിത്തുകള്‍ 'നടുന്നു'. വിത്തിട്ട് സ്ഥലംവിടുകയല്ല ചെയ്യുക. അവിടെ തൊഴിലാളി ഉറുമ്പുകള്‍ തുടര്‍ച്ചയായി റോന്തുചുറ്റി ജാഗ്രത പാലിക്കും. ഒപ്പം തങ്ങളുടെ വിസര്‍ജ്യം ചെടിക്ക് വളമായി നല്‍കുകയും ചെയ്യും!

സ്‌ക്വാമെല്ലാരിയ ചെടി വളരുമ്പോള്‍, അവയുടെ വൃക്ഷശിഖരങ്ങളോടു ചേര്‍ന്നുള്ള കടഭാഗം തടിച്ചുവീര്‍ത്ത് പൊള്ളയായ ഒരു ഘടന രൂപപ്പെടുന്നു. 'ഡൊമാറ്റിയ' ( domatia ) എന്ന ആ ഭാഗം ഉറുമ്പുകള്‍ തങ്ങളുടെ കൂടാക്കി മാറ്റി താമസമുറപ്പിക്കും. ഭീമന്‍ ബള്‍ബുകള്‍ പോലെ അവ മരക്കൊമ്പുകളില്‍ കാണപ്പെടും. ചെടിയുടെ ഫലത്തിലെ മാംസളഭാഗങ്ങള്‍ തിന്നിട്ട് വിത്തുകള്‍ അടുത്ത കൃഷിക്കായി ഉറുമ്പുകള്‍ ഉപയോഗിക്കുന്നു. പഠനം നടത്തിയ ചോമിക്കിയും സൂസാനും കണ്ടെത്തിയത്, ഫിജിയില്‍ ആറിനം സ്‌ക്വാമെല്ലാരിയ ചെടികളെ ഫിലദ്രിസ് ഉറുമ്പുകള്‍ കൃഷിക്കും താമസത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്നു എന്നാണ്. ഈ ഇനങ്ങള്‍ക്കെല്ലാം വേരുകളുടെ പ്രത്യേകതകൊണ്ട് വൃക്ഷശിഖരങ്ങളില്‍ വളരാന്‍ കഴിയും. 

ചെടികള്‍ ചെറുപ്പമായിരിക്കുമ്പോഴേ, ഉറുമ്പുകള്‍ അവയുടെ കടഭാഗമായ ഡൊമിറ്റയത്തിലെ ചെറുസുക്ഷിരങ്ങളിലൂടെ കടന്ന് ചെടിക്ക് വളം നല്‍കാന്‍ തുടങ്ങുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഉറുമ്പുകള്‍ വളമിടുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ല. ഉറുമ്പുകള്‍ തങ്ങളുടെ വിസര്‍ജ്യം ചെടിക്ക് വളമായി നല്‍കുന്നുവെന്നാണ് അനുമാനം.


സ്‌ക്വാമെല്ലാരിയ ചെടിയുടെ വേരുകളുടെ സവിശേഷതകൊണ്ട് അവയ്ക്ക് വൃക്ഷശിഖരങ്ങളില്‍ വളരാന്‍ കഴിയുന്നു
ചെടി വളരുന്നതോടെ, ബള്‍ബിന്റെ ആകൃതിയില്‍ ഡൊമാറ്റിയം വലുതായി വികസിക്കും. വിത്തുകള്‍ ഉണ്ടാകുമ്പോള്‍ അത് ശേഖരിച്ച് മറ്റ് വൃക്ഷശിഖരങ്ങളില്‍ മറ്റു സ്ഥലത്ത് 'നടും'. എന്നിട്ട് അവയ്ക്ക് കാവലൊരുക്കും! അങ്ങനെയാണ് 'സസ്യനഗരങ്ങള്‍' ഉറുമ്പുകള്‍ സൃഷ്ടിക്കുന്നത്. ഗവേഷകര്‍ നിരീക്ഷിച്ച ഒരു 'നഗരം' 25 സ്‌ക്വാമെല്ലാരിയ ചെടികളടങ്ങിയ കോളനിയായിരുന്നു.

മധുരമുള്ള സഹകരണം 

ഒരു സസ്യവും ഒരു ജീവിയും തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ഉദാത്ത മാതൃകയാണ് സ്‌ക്വാമെല്ലാരിയ ചെടിയും ഫിലദ്രിസ് ഉറുമ്പുകള്‍ തമ്മില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ഇരുകൂട്ടരും നിലനില്‍ക്കുന്നത് ഈ സഹകരണം വഴിയാണ്. 
സ്‌ക്വാമെല്ലാരിയ ചെടി പൂര്‍ണവളര്‍ച്ചയെത്തിയാലും, അതിനുള്ളില്‍ പാര്‍ക്കുന്ന ഉറുമ്പുകള്‍ ചെടിക്ക് വളം നല്‍കുന്നത് തുടരും. പകരമായി മധുരിക്കുന്ന പഴങ്ങള്‍ ഉറുമ്പുകള്‍ക്ക് ചെടി നല്‍കും. 30 ലക്ഷം വര്‍ഷങ്ങളായി ഇത് തുടരുന്നുവെന്നാണ് ജനിതകപഠനങ്ങള്‍ വ്യക്തമാക്കിയത്. 

ഉറുമ്പുകള്‍ സൃഷ്ടിക്കുന്ന 'സസ്യനഗരങ്ങള്‍' അടുത്തടുത്തുള്ള അനേകം വൃക്ഷങ്ങളുടെ ശിഖരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടാകാം. ഇങ്ങനെ സ്‌ക്വാമെല്ലാരിയ ചെടികളുടെ വിത്തുകള്‍ പുതിയ സ്ഥലങ്ങളിലേക്ക് എത്താന്‍ ഫിലദ്രിസ് ഉറുമ്പുകള്‍ കൂടിയേ തീരൂ. ഇതിന് ഈ ചെടികള്‍ പൂര്‍ണമായി ആശ്രയിക്കുന്നത് ഉറുമ്പുകളെയാണ്. പകരം, ഉറുമ്പുകള്‍ക്ക് നിലനില്‍ക്കാന്‍ ഭക്ഷണവും പാര്‍പ്പിടവും ചെടികള്‍ നല്‍കുന്നു.


 ഉറുമ്പുകള്‍ സൃഷ്ടിക്കുന്ന ഓരോ 'സസ്യനഗരവും' സമീപത്തുള്ള അനേകം വൃക്ഷങ്ങളില്‍ വ്യാപിച്ചിട്ടുണ്ടാകാം. ഫോട്ടോ കടപ്പാട്: Guillaume Chomicki, University of Munich
പരസ്പരാശ്രിത സഹകരണത്തിന്റെ ഭാഗമായി ഉറുമ്പുകള്‍ ചെടികള്‍ കൃഷിചെയ്യുന്നതായുള്ള ആദ്യ കണ്ടെത്തലാണ് ഫിജിയില്‍ നിന്നുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു. അങ്ങേയറ്റം മികച്ച രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഫിലദ്രിസ് ഉറുമ്പുകള്‍ക്ക് ഇതിന് കഴിയുന്നതെന്ന്, ഓസ്‌ട്രേലിയയില്‍ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ കിര്‍സ്റ്റി ആബോട്ട് അഭിപ്രായപ്പെടുന്നു. 'നമ്മള്‍ കരുതുന്നതിലും സ്മാര്‍ട്ടാണ് ഈ ഉറുമ്പുകള്‍', അവര്‍ പറയുന്നു.

മനുഷ്യര്‍ കഴിഞ്ഞാല്‍ ഉറുമ്പുകളെപ്പോലെ അപൂര്‍വ്വം ചില ജീവികളേ സ്വന്തമായി കൃഷിചെയ്ത് ഭക്ഷണമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളൂ. യതി ഞണ്ടുകള്‍ ( Yati Crabs ) ആണ് അവയിലൊന്ന്. 2005ലാണ് ഈ ജീവിയെ സമുദ്രഗവേഷകര്‍ കണ്ടെത്തിയത് ( http://www.mbari.org/discovery-of-yeti-crab/). 

ഈസ്റ്റര്‍ ദ്വീപിന് തെക്കുഭാഗത്ത് പെസഫിക്-അത്‌ലാന്റിക് പ്രദേശത്ത് കടലിനടിയില്‍ നിന്ന് തിരിച്ചറിഞ്ഞ ഈ ജീവി, അവയുടെ കൈകളിലെ രോമക്കാടുകളില്‍ ബാക്ടീരിയയെ വന്‍തോതില്‍ വളര്‍ത്തി ഭക്ഷണമാക്കുന്നതായാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

എന്തൊക്കെയായാലും, ചെടികള്‍ നട്ടുവളര്‍ത്തുന്ന ഫിലദ്രിസ് ഉറുമ്പുകള്‍, ഈ രംഗത്ത് പുതിയൊരു അധ്യായമാണ്. 

(അവലംബം: 1. Obligate plant farming by a specialized ant, Nature Plants, Nov 21, 2016; 2. Symbiotic adaptations in the fungal cultivar of leaf - cutting ants, Nature Communications, Dec 1, 2014; 3. Arts Technica, Nov 24, 2016)

by ജോസഫ് ആന്റണി 

- മാതൃഭൂമി ഓണ്‍ലൈനില്‍ (നവംബര്‍ 27, 2016) പ്രസിദ്ധീകരിച്ച ലേഖനം 

No comments: