മുംബൈ ഭീകരാക്രമണം കഴിഞ്ഞ് അധികം വൈകാതെ അവിടെ പുതിയൊരിനം ടൂറിസം ശക്തിപ്രാപിക്കുകയുണ്ടായി. 'ടെറര്‍ ടൂറിസം' എന്ന് പലരും അതിനെ വിശേഷിപ്പിച്ചു. താജ് ഹോട്ടലില്‍ ഭീകരര്‍ മുപ്പതുപേരെ വകവരുത്തിയ ആറാംനിലയായിരുന്നു ടെറര്‍ ടൂറിസത്തിന്റെ കേന്ദ്രബിന്ദു. ആക്രമണത്തിനിരയായ താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏറെപ്പേരെത്തി.
ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍തിരക്കായിരുന്നുവത്രേ. ഒരുവര്‍ഷം കഴിഞ്ഞിട്ടും, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് താജിലെ ആറാംനിലയിലെ റൂമുകളോടായിരുന്നു പ്രിയം!
ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും പാര്‍ക്കുക എന്ന വിചിത്രമായ മാനസികാവസ്ഥയായിരുന്നു അത്തരക്കാര്‍ക്ക്. ചുടലക്കളങ്ങളില്‍ രാത്രി ചെലവിട്ടിരുന്ന നാറാണത്ത് ഭ്രാന്തന്റെ ശരിക്കുള്ള പിന്‍ഗാമികള്‍.
ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇടുക്കി ജില്ലയില്‍ ശക്തിപ്രാപിക്കുന്ന പുതിയൊരിനം ടൂറിസത്തെക്കുറിച്ച് കേട്ടതാണ്. 'ഓഫ് റോഡ് ടൂറിസം' (' off road tourism ') എന്നാണ് സംഭവത്തിന്റെ പേരെന്ന് രാജാക്കാടുകാരനായ സുഹൃത്ത് Anish Chirackal പറയുന്നു. ഇടുക്കിയിലെ റോഡുകള്‍ ആധുനികവത്ക്കരിക്കപ്പെടുകയും, ജീപ്പുകളുടെ സ്‌പേസില്‍ സിസി പവര്‍ കൂടുതലുള്ള ഓട്ടോറിക്ഷകളും കാറുകളും ഇടംപിടിക്കുകയും ചെയ്തതാണ് പുതിയ ടൂറിസം സാധ്യതയ്ക്ക് വഴിതുറന്നത്.
ഓട്ടോറിക്ഷകളും കാറുകളും ഏത് കയറ്റവും കയറും എന്ന് വന്നതോടെ സ്വാഭാവികമായും ജീപ്പുകളുടെ ഡിമാന്റ് കുറഞ്ഞു. അപ്പോള്‍ ജീപ്പുകാര്‍ മഴിമാറി ചിന്തിച്ചു. നല്ല റോഡിലൂടെയല്ലേ ബസ്സും കാറും ഓട്ടോയും പോകൂ. പൊട്ടിപ്പൊളിഞ്ഞ പാതകളില്‍, അല്ലെങ്കില്‍ റോഡേ ഇല്ലാത്തിടത്ത് ജീപ്പ് തന്നെയല്ലേ ശരണം. അത്തരം ദുര്‍ഘടവഴികള്‍ എത്ര വേണമെങ്കിലുമുണ്ട് ഇടുക്കി ജില്ലയില്‍. അതിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്നതിന്റെ സാഹസികത മുതലാക്കാന്‍ അവര്‍ തീരുമാനിച്ചു....അതാണ് 'ഓഫ് റോഡ് ടൂറിസം'. ശ്വാസംപിടിച്ചിരുന്ന് ജീവന്‍പണയം വെച്ചുള്ള ജീപ്പുയാത്ര! അതിന് തയ്യാറായി ധാരാളം പേര്‍ എത്തുന്നുണ്ടത്രേ.
ഇതുകേട്ടപ്പോള്‍ എന്റെ തലയ്ക്കകത്ത് ബള്‍ബ് കത്തി....കേരളത്തില്‍ ഇതുപോലുള്ള ടൂറിസം സാധ്യതകള്‍ ഇനിയുമുണ്ട്. പെട്ടന്ന് തോന്നിയ ഐഡിയ പറയാം. 'ക്യൂ ടൂറിസം'. കേരളത്തിലെ പോലെ ഇത്ര ശാന്തസുന്ദരമായ ക്യൂവുകള്‍ കാണാനും, വേണമെന്ന് തോന്നിയാല്‍ ഒന്ന് ക്യൂനില്‍ക്കാനും പറ്റിയ സ്ഥലം ലോകത്ത് വേറെ എവിടെയുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യു മാത്രം പോരെ ഈ ആശയം വിജയിപ്പിക്കാന്‍. ബിവറേജസ് ക്യു മോശമാണെന്ന് തോന്നുന്നവരെ ചില്ലറയുള്ള ഏതെങ്കിലും എടിഎമ്മിന് മുന്നിലെ ക്യൂവിലെത്തിച്ചാല്‍ മതി, പ്രശ്‌നം സോള്‍വായിക്കോളും!
ആലോചിച്ചു നോക്കൂ. കണ്ടക്ടറ്റ് ടൂര്‍ നടത്തുന്ന ഏജന്‍സികള്‍ 'ക്യൂ ടൂറിസം' കൂടി അവരുടെ ലിസ്റ്റില്‍ പെടുത്തുന്ന കാര്യം. ടൂറിസ്റ്റിന് ക്യൂ നില്‍ക്കുകയും ചെയ്യാം, വൈകിട്ട് മിനുങ്ങാനുള്ള സാധനം നേരിട്ട് വാങ്ങുകയും ചെയ്യാം! കൂടെ ക്യൂ നില്‍ക്കുന്നവരുമായി ആശയവിനിമയമാകാം, ചങ്ങാത്തം കൂടാം, ലോക്കല്‍ കള്‍ച്ചറിനെക്കുറിച്ച് ധാരണ വര്‍ധിപ്പിക്കാം. മാത്രമല്ല, ക്യൂ നില്‍ക്കുന്നത് എന്തോ മോശം കാര്യമാണെന്ന തോന്നല്‍ നാട്ടുകാരില്‍ നിന്ന് മാറ്റുകയും ചെയ്യാം! ഒരുവെടിക്ക് എത്ര കൃഷികള്‍!
ഇതൊരു സാധ്യത മാത്രം. ഇതുപോലെ എത്രയെണ്ണം കിടക്കുന്നു.
# off road tourism #FBPost
No comments:
Post a Comment