കോഴിക്കോട്ടുനിന്ന് ഇന്റര്‍സിറ്റിയില്‍ ആലുവായ്ക്കുള്ള യാത്രയ്ക്കിടയിലാണ് ആലിക്കോയയെ പരിചയപ്പെട്ടത്. കോഴിക്കോട് നഗര പരിസരത്തെ അരീക്കാട് സ്വദേശി. 18 വര്‍ഷം മുമ്പ് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വിരമിച്ചു. സ്വദേശത്തെ അനാഥാലയത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അതിന്റെ ആവശ്യത്തിന് സഹപ്രവര്‍ത്തകനൊപ്പം തൃശ്ശൂരിന് പോവുകയായിരുന്നു ഞാന്‍ കാണുമ്പോള്‍ അദ്ദേഹം.
തീവണ്ടി ഫറൂഖ് വിടുമ്പോള്‍ അദ്ദേഹം അടുത്ത സീറ്റിലിരുന്ന എന്നോട് സംസാരം തുടങ്ങി. അവിടെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വളരുന്ന ഒരിനം മരത്തെക്കുറിച്ചായിരുന്നു വിവരണം. തിരൂരിനും ഫറൂഖിനുമിടയ്‌ക്കേ അത്തരം മരം കാണപ്പെടുന്നുള്ളൂ എന്ന മൂപ്പരുടെ നിരീക്ഷണം കേട്ടപ്പോഴാണ്, ഞാനത് ശ്രദ്ധിച്ചത്. ഞങ്ങള്‍ അമ്പൂരിയിലൊക്കെ മൊട്ടല്‍ എന്ന് വിളിക്കുന്ന മരത്തിനോട് സാമ്യമുള്ള ഒന്ന് (അതോ സംഭവം മൊട്ടല്‍ മരം തന്നെയോ എന്നും സംശയം തോന്നി). വിറകിനാണ് ഞങ്ങളത് കാര്യമായി ഉപയോഗിക്കുന്നത്. നന്നായി ഉണങ്ങാത്ത മൊട്ടല്‍ പോലും അടുപ്പിലെത്തിയാല്‍ നിന്ന് കത്തും.
പിന്നീട് സംഭാഷണം ഇത്തവണ മഴ കുറഞ്ഞതിനെക്കുറിച്ചായി...അവിടുന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വയല്‍നികത്തല്‍ തുടങ്ങിയ വിഷയങ്ങളും കടന്നുവന്നു. 'ഞാന്‍ അധികം സംസാരിക്കുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണേ', ഇടയ്ക്ക് മൂപ്പര്‍ ഇങ്ങനെ എന്നോട് അപേക്ഷിക്കുന്നുമുണ്ട്. 'എനിക്ക് ആരോടെങ്കുലുമൊക്കെ സംസാരിച്ചിരിക്കണം സര്‍, അതെന്റെ ശീലമാണ്....ഇതിപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് സര്‍. എനിക്കെത്ര സന്തോഷമുണ്ടെന്നോ' - വേണ്ടാ, വേണ്ടാന്ന് പറഞ്ഞിട്ടും പുള്ളിക്കാരന്‍ സര്‍ വിളി തുടരുകയാണ്.
പൊതുവെ മറ്റുള്ളവരെ കത്തിവെച്ച് ബോറടിപ്പിക്കുന്നയാള്‍ എന്നൊരു ദുഷ്‌പ്പേര് എന്നെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്റെ സ്വഭാവം വെച്ച് അതിനവരെ കുറ്റംപറയാനും പറ്റില്ല. എങ്കിലും, പ്രായം കൂടുതലുള്ളവരുമായി സംസാരിക്കുമ്പോള്‍ കഴിയുന്നതും അവരെക്കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറ്.
ഇതിന് രണ്ട് കാരണങ്ങളുണ്ട്: നമ്മളെക്കാള്‍ അനുഭവപരിചയമുള്ളവര്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നത് പല കാര്യങ്ങളെക്കുറിച്ചും നമ്മുക്കുള്ള ധാരണ വര്‍ധിപ്പിക്കാനും, ധാരണ പുതുക്കാനും അത് സഹായിച്ചേക്കും എന്നത് ഒരു കാരണം. രണ്ടാമത്തേത്, കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ് പ്രായമേറിയവര്‍. അവരെ ആരും ശ്രദ്ധിക്കുന്നില്ല, അവര്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്നൊരു തോന്നല്‍ അവര്‍ക്ക് ശക്തമായുണ്ട്. അതിന്റെ ആത്മവിശ്വാസക്കുറവും ഉണ്ടാകും. ആ വ്യഥയ്ക്ക് ചെറിയ മറുമരുന്നാണ്, അവര്‍ പറയുമ്പോള്‍ നമ്മള്‍ കേട്ടിരിക്കുക എന്നത്. അത് ഒരു തരത്തില്‍ അവരെ ആദരിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു (ചിലരുടെ വര്‍ത്തമാനം സഹിക്കാനാവില്ല എന്നത് വേറെ കാര്യം).
അപൂര്‍വ്വമായി ഒറ്റയ്ക്ക് കിട്ടുമ്പോള്‍ അമ്മയോട് ഞാന്‍ പഴയകാര്യങ്ങള്‍ ചോദിക്കാറുണ്ട്. നല്ല വ്യക്തതയോടെ, അമ്മ അതെല്ലാം വിവരിക്കും, ഞാന്‍ കേട്ടിരിക്കും. അമ്മ നന്നേ ചെറുപ്പമായിരിക്കുമ്പോഴാണ് അവരുടെ കുടുംബം അമ്പൂരിക്കടുത്ത് മായത്ത് കുടിയേറുന്നത്. അക്കാലത്തെ കാര്യങ്ങളെകുറിച്ച് എനിക്കുള്ളതില്‍ 90 ശതമാനം വിവരങ്ങളും അമ്മയുടെ സംസാരത്തില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുള്ളതാണ്.
ആലിക്കോയയെപ്പോലെ യാത്രയ്ക്കിടെ പരിചയപ്പെട്ടിട്ടുള്ള ചിലര്‍ ജീവിതത്തിന്റെ ഭാഗമായ അനുഭവവും ഉണ്ട്. അതില്‍ വയനാട് പെരിക്കല്ലൂര്‍ സ്വദേശി ചിന്നമ്മ അമ്മച്ചിയെക്കുറിച്ചും (
'സംസാരിക്കാതെ മനുഷ്യന്‍മാര്‍ക്ക് എങ്ങനെ കഴിയാനൊക്കും എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്', ആലിക്കോയ സംസാരം തുടര്‍ന്നു. 'എന്റെ വീട്ടിനടുത്ത് ഒരു ഡോക്ടറുണ്ട്. മൂപ്പരും ഭാര്യയും മാത്രമേയുള്ളൂ. രണ്ടുപേര്‍ക്കും കുറച്ച് പ്രായമുണ്ട്. വീടിന്റെ മുകളിലത്തെ നിലയിലാണ് അവര്‍ താമസം. ഡോക്ടര്‍ പോയാല്‍ പിന്നെ പകല്‍ മുഴുക്കെ ആ സ്ത്രീ ഒറ്റയ്ക്കാണവിടെ. ആരോടും സംസാരിക്കാതെ അവരെങ്ങനെ കഴിയുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്'.
'അവര്‍ ആരോടും സംസാരിക്കുന്നില്ല എന്നത് ആലിക്കോയ മാഷിന്റെ തോന്നലായിരിക്കും. അവര്‍ക്ക് ഫോണില്‍ മക്കളുമായും ബന്ധുക്കളുമായും സംസാരിക്കാമല്ലോ....', ഞാന്‍ പറഞ്ഞു.
'അതെ ശരിയാരിക്കാം. മൊബൈലൊക്കെ വന്നതോടെ കാര്യങ്ങള്‍ മാറിയില്ലേ'.
ട്രെയിന്‍ തൃശ്ശൂരെത്താറായപ്പോഴേക്കും ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. സെല്‍ഫിയും എടുത്തു. 'വിളിക്കാം', എന്ന് വാക്കുപറഞ്ഞ് പിരിഞ്ഞു. ആര്‍ക്കറിയാം, എന്തൊക്കെ യാദൃശ്ചികതകള്‍ നമ്മളെ ആരുടെയൊക്കെ സുഹൃത്തുക്കളാക്കുമെന്ന്!
#FBPost
No comments:
Post a Comment