Wednesday, December 16, 2009

നീരാളിയുടെ നാളികേര ബിസിനസ്



തേങ്ങയുടെ ബിസിനസ് മനുഷ്യന് മാത്രമല്ല, നീരാളികള്‍ക്കുമുണ്ട്. തേങ്ങയുമെടുത്ത് കടലിന്നടിയിലൂടെ ഓടുന്ന നീരാളി ശാസ്ത്രലോകത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഓടുക മാത്രമല്ല, പൊട്ടിയ ചിരട്ടകളെ നീരാളി അതിന്റെ കൂടായും ഉപയോഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.

നീരാളികള്‍ ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ആദ്യ അവസരമാണ് ഈ നാളികേര
ഏര്‍പ്പാടെന്ന്, 'കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഓസ്‌ട്രേലിയയിലെ മ്യൂസിയം വിക്ടോറിയയിലെ ഗവേഷകനായ ഡോ. ജൂലിയാന്‍ ഫിന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നീരാളികളുടെ വിചിത്രസ്വഭാവം പഠനവിധേയമാക്കിയത്.

ആംഫിഒക്ടോപ്പസ് മാര്‍ജിനേറ്റസ് (Amphioctopus marginatus) എന്ന് ശാസ്ത്രീയനാമമുള്ള നീരാളികളാണ്, പൊട്ടിയ ചിരട്ട എടുത്തുകൊണ്ടോടുകയും കൂടാക്കുകയും ചെയ്യുന്നതായി കണ്ടത്. 1999-2008 കാലയളവില്‍ വടക്കന്‍ സുലാവെസി, ഇന്‍ഡൊനീഷ്യയിലെ ബാലി എന്നിവിടങ്ങളിലെ തീരക്കടലില്‍ വെച്ചാണ് ഇവയുടെ വീഡിയോ ലഭിച്ചത്. നീരാളികള്‍ ഇത്തരത്തില്‍ ചിരട്ട ഉപകരണമാക്കുന്നതിന് നാല് അവസരങ്ങള്‍ക്ക് ഗവേഷകര്‍ സാക്ഷ്യം വഹിച്ചു.

ചിരട്ടയുമെടുത്ത് നീരാളികള്‍ 20 മീറ്ററോളം ഓടുന്ന ദൃശ്യങ്ങള്‍ ഫിലിമിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. വേഗത്തിലാണ് പോക്ക്. ഒളിച്ചിരിക്കാന്‍ അധികം ഇടമില്ലാത്ത തുറസ്സായ മേഖലകളില്‍ നീരാളികള്‍ക്ക് ചിരട്ട ശരിക്കുമൊരു സംരക്ഷണസംവിധാനമാകുന്നു.

ഉപകരണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കാന്‍ കഴിയുകയെന്നത് മനുഷ്യന് മാത്രമുള്ള സവിശേഷ സിദ്ധിയെന്നാണ്
കരുതിയിരുന്നത്. എന്നാല്‍, കുരങ്ങുകളും മറ്റ് ചില സസ്തനികളും പക്ഷികളും പലവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ഇപ്പോള്‍ അറിയാം. ഒരു ഇഴജന്തുവിന് പക്ഷേ, ആ കഴിവുണ്ടെന്ന് ആദ്യമായി കണ്ടെത്തുകയാണ്, നീരാളിയുടെ ഉദാഹരണം വഴി, ശാസ്ത്രലോകം.

ഒരു ജീവി പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുനടന്ന് ഒരു സവിശേഷ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉപകരണം (tool) - ബ്രിട്ടനില്‍ ഇക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഇക്കോളജിക്കല്‍ ബയോളജിസ്റ്റായ പ്രൊഫ. ടോം ട്രെഗന്‍സ അഭിപ്രായപ്പെടുന്നു. ഒരു നീരാളിയെ സംബന്ധിച്ചിടത്തോളെ ചിരട്ട കൊണ്ടു നടക്കുകയെന്നത് മറ്റൊരു ഉപയോഗത്തിനുമല്ല, നിങ്ങള്‍ ഒരു കുട കൊണ്ടു നടക്കുന്നതുപോലെയാണത്-അദ്ദേഹം പറയുന്നു.
(അവലംബം: കറണ്ട് ബയോളജി).

കാണുക

3 comments:

Joseph Antony said...

തേങ്ങയുടെ ബിസിനസ് മനുഷ്യന് മാത്രമല്ല, നീരാളികള്‍ക്കുമുണ്ട്. തേങ്ങയുമെടുത്ത് കടലിന്നടിയിലൂടെ ഓടുന്ന നീരാളി ശാസ്ത്രലോകത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഓടുക മാത്രമല്ല, പൊട്ടിയ ചിരട്ടകളെ നീരാളി അതിന്റെ കൂടായും ഉപയോഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.നീരാളികള്‍ ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ആദ്യ അവസരമാണ് ഈ നാളികേര ഏര്‍പ്പാടെന്ന്, 'കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

Mr. K# said...

നീരാളിയുടെ ചിരട്ടക്കച്ചോടം‌‌‌‌‌‌.

അനോണി ആന്റണി said...

നീരാളികള്‍ ഒന്നൊന്നര പുലികളാണ്‌. മിമിക്രി നീരാളി തന്നെ പിടിക്കാന്‍ പാഞ്ഞുവരുന്ന മീനിന്റെ മുന്നില്‍ പെട്ടെന്ന് രൂപം മാറി കടല്പ്പാമ്പ് മാതിരി അഭിനയിച്ച് മീനിനെ വിരട്ടിയോടിക്കുമെന്ന് വായിച്ചപ്പോള്‍ കണ്ണു തള്ളിപ്പോയതാണ്‌ നേരത്തേ തന്നെ. ചിരട്ടയല്ല ഇവന്മാര്‍ ചിരവ എടുക്കും വേണമെങ്കില്‍ :)