Thursday, December 24, 2009

തന്മാത്രയില്‍ നിന്ന് ആദ്യട്രാന്‍സിസ്റ്റര്‍

ഒറ്റ തന്മാത്രയെ ട്രാന്‍സിസ്റ്ററാക്കി മാറ്റുന്നതില്‍ ഗവേഷകലോകം ആദ്യമായി വിജയിച്ചു. അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍.

സ്വര്‍ണവുമായി സ്പര്‍ശിക്കുന്ന നിലയില്‍ ക്രമീകരിച്ചിട്ടുള്ള ബെന്‍സീന്‍ തന്മാത്രയെ, സിലിക്കണ്‍ ട്രാന്‍സിസ്റ്ററിന്റെ അതേ സ്വഭാവമുള്ളതാക്കി മാറ്റാന്‍ സാധിച്ചതായി പുതിയ ലക്കം നേച്ചര്‍ വാരിക പറയുന്നു.

പ്രയോഗിക്കുന്ന വോള്‍ട്ടേജിനനുസരിച്ച് തന്മാത്രയെ വിവിധ ഊര്‍ജനിലകളിലാക്കി മാറ്റാന്‍ ഗവേഷകര്‍ക്കായി, അതുവഴി തന്മാത്രയിലൂടെ പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹത്തെ നിയന്ത്രിക്കാനും.

'കുന്നിന്‍ മുകളിലേക്ക് കല്ലുരുട്ടി കയറ്റുന്നതു പോലെയാണിത്. കല്ല് വൈദ്യുതപ്രവാഹത്തെയും ഉയരം തന്മാത്രയുടെ ഊര്‍ജനിലകളെയും പ്രതിനിധീകരിക്കുന്നു'-ഗവേഷണത്തില്‍ പങ്കാളിയായ യേല്‍ സര്‍വകലാശാലയിലെ മാര്‍ക്ക് റീഡ് പറയുന്നു.

'ഇവിടെ കുന്നിന്റെ ഉയരം ക്രമീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു'. അതുവഴി സാധാരണ ട്രാന്‍സിസ്റ്ററിനെപ്പോലെ തന്മാത്രയെ പരുവപ്പെടുത്താനും അവര്‍ക്കായി (സ്വര്‍ണസ്പര്‍ശം വഴി ബെന്‍സീന്‍ തന്മാത്രയിലെ വോള്‍ട്ടേജ് ക്രമീകരിക്കുന്നതാണ് ചിത്രത്തില്‍).

1990-കളില്‍ റീഡ് നടത്തിയ പഠനങ്ങള്‍ ആധാരമാക്കി നടത്തിയ പുതിയ ശ്രമത്തിലാണ്, ആദ്യതന്മാത്രാ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കാന്‍ കഴിഞ്ഞത്. ദക്ഷിണകൊറിയയില്‍ ഗ്വാങ്ജു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ടാഖീ ലീയും ഗവേഷണത്തില്‍ പങ്കാളിയായി.

ഇലക്ട്രോണിക് ഉപകരണങ്ങളെ തന്മാത്രാതലത്തിലേക്ക് ചുരുക്കാന്‍ സഹായിക്കുന്ന സുപ്രധാനമായ കണ്ടെത്തലാണിത്. എന്നാല്‍, ഒരു ശാസ്ത്രമുന്നേറ്റം എന്നല്ലാതെ പുതിയ കണ്ടെത്തലിന്റെ പ്രായോഗിക ഉപയോഗം വിലയിരുത്താന്‍ സമയമായിട്ടില്ല എന്നാണ് റീഡിന്റെ അഭിപ്രായം.

'അടുത്ത തലമുറ ഇന്റഗ്രേറ്റഡ് സര്‍ക്കീട്ടുകള്‍ (ഐ.സി) സൃഷ്ടിക്കാനല്ല ഞങ്ങളുടെ ശ്രമം. ഒരു പതിറ്റാണ്ടു നീണ്ട ശ്രമത്തിനൊടുവില്‍, തന്മാത്രകള്‍ക്ക് ട്രാന്‍സിസ്റ്ററുകളായി പ്രവര്‍ത്തിക്കാനാകും എന്ന് തെളിയിക്കുക എന്നത് മാത്രമാണ്'-അദ്ദേഹം ഓര്‍മിപ്പിക്കുന്നു. (അവലംബം: നേച്ചര്‍ വാരിക, യേല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)

2 comments:

Joseph Antony said...

ഒറ്റ തന്മാത്രയെ ട്രാന്‍സിസ്റ്ററാക്കി മാറ്റുന്നതില്‍ ഗവേഷകലോകം ആദ്യമായി വിജയിച്ചു. അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. സ്വര്‍ണവുമായി സ്പര്‍ശിക്കുന്ന നിലയില്‍ ക്രമീകരിച്ചിട്ടുള്ള ബെന്‍സീന്‍ തന്മാത്രയെ, സിലിക്കണ്‍ ട്രാന്‍സിസ്റ്ററിന്റെ അതേ സ്വഭാവമുള്ളതാക്കി മാറ്റാന്‍ സാധിച്ചതായി പുതിയ ലക്കം നേച്ചര്‍ വാരിക പറയുന്നു.

നന്ദന said...

good,
WORD VERIFICATION