ഒരു സഞ്ചാരത്തിന്റെ കഥയാണിത്. രണ്ട് നായികമാര്‍ ഇതിലുണ്ട്- നോയല്ലിയും ഡാര്‍വിനയും. ഇരുവരും കടലാമകള്‍, ലതര്‍ബാക്ക് വര്‍ഗക്കാര്‍, സ്വദേശം പശ്ചിമാഫ്രിക്കയിലെ ഗിബണ്‍. കടലായ കടലെല്ലാം ഇവര്‍ താണ്ടുന്നത് ഈ ക്രിസ്മസ് കാലത്ത്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പിന്തുടരുകയാണ് ഒരു സംഘം ഗവേഷകര്‍.
യാത്രയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ട്; www.seaturtle.org/tracking കാണുക. ബ്രിട്ടനിലെ ഇക്‌സെറ്റര്‍ സര്‍വകലാശാലയുടേതാണ് ഈ പദ്ധതി.
ഉപഗ്രഹമുപയോഗിച്ച് പിന്തുടരാവുന്ന ചെറിയ ഉപകരണം രണ്ട് ആമകളുടെയും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിന്റെ സഹായത്തോടെയാണ് ഇരുവരും എവിടെയെല്ലാം സഞ്ചരിക്കുന്നു, എത്ര ആഴത്തില്‍ നീന്തുന്നു എന്നൊക്കെ മനസിലാക്കുക.
ഡിസംബര്‍ ഏഴിനാണ് നോയല്ലിയും ഡാര്‍വിനയും ഇപ്പോഴത്തെ യാത്ര തുടങ്ങിയത്. ഇതിനകം ഇരുവരും 1280 കിലോമീറ്റര്‍ അകലത്തില്‍ എത്തിക്കഴിഞ്ഞു.
കൊടിയ വംശനാശഭീഷണി നേരിടുന്ന വര്‍ഗമാണ് ലെതര്‍ബാക്ക് കടലാമകള്‍ (leatherback turtles). വ്യവസായിക മത്സ്യബന്ധനം, എണ്ണപര്യവേക്ഷണം തുടങ്ങി പല കാരണങ്ങളാല്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നാശം നേരിടുന്നതാണ് ഈ വര്‍ഗം ഭീഷണിയിലാകാന്‍ കാരണം.
1980-കളിലും 1990-കളിലും ലെതര്‍ബാക്ക് കടലാമകളുടെ അംഗസംഖ്യ ഇന്തോ-പെസഫിക് മേഖലയില്‍ 90 ശതമാനത്തിലേറെ കുറഞ്ഞു. ഈ ജീവിവര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ (ഐ.യു.സി.എന്‍) ചുവപ്പ് പട്ടിക മുന്നറിയിപ്പ് നല്‍കുന്നു.
ഈ പശ്ചാത്തലത്തിലാണ് നോയല്ലിയും ഡാര്‍വിനയും എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നറിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. അക്കാര്യം കൃത്യമായി മനസിലാക്കുന്നത്, ഈ വര്‍ഗത്തിന്റെ സംരക്ഷണപ്രവര്‍ത്തനത്തിന് കരുത്തേകുമെന്ന് ഗവേഷകര്‍ കരുതുന്നു.
എന്നുവെച്ചാല്‍, സ്വന്തം വര്‍ഗത്തിന്റെ തന്നെ രക്ഷയ്ക്കാണ് നോയല്ലിയും ഡാര്‍വിനയും ക്രിസ്മസ് സഞ്ചാരം നടത്തുന്നതെന്ന് സാരം. (അവലംബം: ഇക്‌സെറ്റര്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).
2 comments:
ഒരു സഞ്ചാരത്തിന്റെ കഥയാണിത്. രണ്ട് നായികമാര്‍ ഇതിലുണ്ട്- നോയല്ലിയും ഡാര്‍വിനയും. ഇരുവരും കടലാമകള്‍, ലതര്‍ബാക്ക് വര്‍ഗക്കാര്‍, സ്വദേശം പശ്ചിമാഫ്രിക്കയിലെ ഗിബണ്‍. കടലായ കടലെല്ലാം ഇവര്‍ താണ്ടുന്നത് ഈ ക്രിസ്മസ് കാലത്ത്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പിന്തുടരുകയാണ് ഒരു സംഘം ഗവേഷകര്‍.യാത്രയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ട്.
നോയല്ലിയുടേയും ഡാര്‍വിന്റ്റേയും ക്രിസ്മസ് സഞ്ചാരത്തിനു് എല്ലാ ഭാവുകങ്ങളും.
അവരുടെ വംശം നശിക്കാതിരിക്കാനുള്ള ഉപായങ്ങള്‍ക്ക് അവരുടെ സഞ്ച്ചാരം ഉതകട്ടെ.
കഔതുകവും വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ക്ക് മാഷേ. നന്ദി.
Post a Comment