മനുഷ്യനിര്‍മിതമായ ഒരു റോബോട്ടിക് വാഹനം കടലില്‍ ഒരു കിലോമീറ്ററിലധികം താഴ്ചയിലെത്തുന്നു. കടലിന്നടിയില്‍ ഭീതിജനകമായി തീതുപ്പിക്കൊണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വതം. അത് തണുത്ത സമുദ്രജലാന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചുകൊണ്ട് ലാവ പ്രവഹിക്കുന്നതിന്റെ ദൃശ്യം തൊട്ടടുത്തെത്തി ആ വാഹനത്തിലെ ക്യാമറ പകര്‍ത്തുന്നു.
ഏതോ ഹോളിവുഡ് ത്രില്ലറിലെ രംഗമല്ല ഇത്. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ സമ്മേളനത്തില്‍ ഇത്തവണ അവതരിപ്പിക്കപ്പെട്ടപ്പെട്ട ഒരു പഠനപര്യവേക്ഷണത്തിന്റെ കഥയാണിത്.
ശാന്തസമുദ്രത്തില്‍ വിദൂര സമോവസ് ദ്വീപിന് 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി, സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മാറ്റ അഗ്നിപര്‍വത്തിന്റെ വീഡിയോദൃശ്യങ്ങളാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്നത്.
ഇത്രയും താഴ്ചയില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന്റെയും ലാവയൊഴുകുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ മനുഷ്യന് ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കയിലെ വുഡ്സ് ഹോല് ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിട്ട്യൂഷന്റെ 'യു.എസ്.ജാസന്‍' റോബോട്ടിക് യാനമാണ് സമുദ്രത്തില്‍ 1100 മീറ്റര്‍ താഴ്ചയിലെത്തി അഗ്നിപര്‍വത്തിന്റെ വീഡിയോ പകര്‍ത്തിയത്.
'അസാധാരണമായ പരിസ്ഥിതിയാണ് അവിടുള്ളത്'-പഠനപര്യടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ജോസഫ് റെസിങ് പറഞ്ഞു. ഏതാണ്ട് 1400 ഡിഗ്രി സെല്‍സിയസില്‍ ലാവ പ്രവഹിക്കുന്ന ആ ജലപരിസരം, സള്‍ഫര്‍ ഡയോക്സയിഡും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് അതീവ അമ്ലതയുള്ളതാക്കിയിരിക്കുന്നു, പി.എച്ച്. മൂല്യം 1.4 വരും.
'പക്ഷേ, അവിടെയും സൂക്ഷാണുക്കള്‍ കഴിയുന്നു. ഒപ്പം ആ സൂക്ഷ്മജീവികളെ തിന്ന് ഒരിനം കൊഞ്ചുകളും അഗ്നിപര്‍വതപരിസരത്ത് ഉണ്ട്'-റെസിങ് അത്ഭുതത്തോടെ വിവരിച്ചു. ഏത് പ്രതികൂലാവസ്ഥയിലും ജീവിവര്‍ഗങ്ങള്‍ കഴിയുമെന്നതിന് ഉദാഹരണമാണിത്. ചൂടും അമ്ലതയുമേറിയ ആ പരിസരത്ത് ജീവിക്കാന്‍ പാകത്തില്‍ സൂക്ഷ്മാണുക്കള്‍ക്കും കൊഞ്ചുകള്‍ക്കും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പൊക്കമുണ്ട് വെസ്റ്റ് മാറ്റ അഗ്നിപര്‍തത്തിന്. ഒന്‍പത് കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വിസ്താരവുമുള്ള ആ ആഗ്നിപര്‍വതം ടോന്‍ഗ-കെര്‍മഡെക് ട്രെഞ്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
പെസഫിക് ടെക്ടോണിക് ഫലകം, ഓട്രേലിയന്‍ ഫലകത്തിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന പ്രദേശമാണ് ആ ട്രെഞ്ച്. ഭൂഫലകം അടിയിലേക്ക് പോകുകയും പകരം ലാവയും ധൂളികളുമൊക്കെ പുറത്തുവന്ന് പുതിയ ശിലാപാളികള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് അത്. നിരന്തരമായ ഇത്തരം പ്രവര്‍ത്തനം മൂലം ഭൂമിയുടെ ഫലകം താരതമ്യേന ചെറുപ്പമായി നിലനില്ക്കുന്നു.
2008 നവംബറില്‍ വെസ്റ്റ് മാറ്റയില്‍ ലാവപ്രവാഹം നടക്കുന്ന കാര്യം കണ്ടെത്തി. എന്നാല്‍, 2009 മെയിലാണ് ജാസന്‍ യാനം സമുദ്രത്തിനടിയിലെത്തി അഗ്നിപര്‍വത്തെ അടുത്ത് നിരീക്ഷിക്കുന്നത്.
ലാവ പുറപ്പെടുന്നതിന് മൂന്ന് മീറ്റര്‍ അടുത്തുവരെയെത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ റോബോട്ടിക്ക് യാനത്തിന് കഴിഞ്ഞു. ഒരു മീറ്റര്‍ വരെ വിസ്താരമുള്ള ലാവാകുമിളകള്‍ പുറപ്പെടുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണാം.
വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമല്ല, ജാസന്റെ യന്ത്രക്കരങ്ങള്‍ അവിടെ നിന്ന് സാമ്പിളുകളും ശേഖരിച്ചു. ചൂടുവെള്ളം, ശിലാഖണ്ഡങ്ങള്‍, സൂക്ഷ്മജീവികള്‍, കൊഞ്ച് ഒക്കെ ആ സാമ്പിളുകളില്‍ പെടുന്നു.
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാകണം അഗ്നിപര്‍വത്തിനടുത്ത് ഇത്തരമൊരു ജീവലോകം രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. അതെക്കുറിച്ച് പഠിക്കുന്നതിനൊപ്പം ഭൂവല്‍ക്കം പുനരുത്പാദിപ്പിക്കപ്പെടുന്നതിന്റെ രീതി മനസിലാക്കാനും ഇത്തരം പര്യവേക്ഷണം സഹായിക്കും (കടപ്പാട്: ബി.ബി.സി).
2 comments:
ശാന്തസമുദ്രത്തില്‍ വിദൂര സമോവസ് ദ്വീപിന് 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി, സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മാറ്റ അഗ്നിപര്‍വത്തിന്റെ വീഡിയോദൃശ്യങ്ങളാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്നത്. ഇത്രയും താഴ്ചയില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന്റെയും ലാവയൊഴുകുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ മനുഷ്യന് ഇതുവരെ ലഭിച്ചിട്ടില്ല.
Thanks JA!
Post a Comment