Wednesday, December 16, 2009

ചായയും കാപ്പിയും പ്രമേഹസാധ്യത കുറയ്ക്കും-പഠനം

ചായയും കാപ്പിയും പതിവായി കുടിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനം. ഏതാണ്ട് അഞ്ചുലക്ഷം പേര്‍ ഉള്‍പ്പെട്ട 18 വ്യത്യസ്ത പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ജീവിതശൈലീരോഗങ്ങളില്‍ പ്രധാനിയായ ടൈപ്പ്-രണ്ട് പ്രമേഹം വരാനുള്ള സാധ്യതയാണ് കാപ്പിയും ചായയും വഴി കുറയുകയെന്ന് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൂന്നോ നാലോ കപ്പ് ചായയോ കാപ്പിയോ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന് പഠനം വ്യക്തമാക്കി.

അതേസമയം, കഫീന്‍ ഒഴിവാക്കിയ കാപ്പിയോ ചായയോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമത്രേ, രോഗസാധ്യത മൂന്നിലൊന്നായി കുറയുന്നു!

ടൈപ്പ്-രണ്ട് പ്രമേഹം വരാന്‍ ജനിതകമായി സാധ്യത കൂടുതലുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന്യമര്‍ഹിക്കുന്നതാണ് ഈ പഠനം.

നാല്പത് കഴിഞ്ഞവരെയാണ് സാധാരണഗതിയില്‍ ടൈപ്പ്-രണ്ട് പ്രമേഹം പിടികൂടുക. ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പാക്കുള്ള ശേഷി കുറയുകയോ, അല്ലെങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് രോഗകാരണം.

ആഹാരക്രമത്തിലെ മാറ്റവും വ്യായാമവുമാണ് രോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടാറ്. അതുകൊണ്ട് സാധിക്കാതെ വന്നാല്‍ ഔഷധം കഴിക്കേണ്ടി വരും. രോഗം തീവ്രമായാല്‍ ഇന്‍സുലിന്‍ കുത്തിവെയ്ക്കകേണ്ട അവസ്ഥയില്‍ രോഗിയെത്തും.

പുതിയ പഠനം ശരിയാണെങ്കില്‍ വ്യായാമത്തിനൊപ്പം കാപ്പിയും ചായയും ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചേക്കാം.

ഓരോ കപ്പ് ചായ (അല്ലെങ്കില്‍ കാപ്പി) കഴിക്കുമ്പോഴും, ഏഴ് ശതമാനം വീതം രോഗസാധ്യത കുറയുന്നു എന്ന അത്ഭുതകരമായ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.

കഫീന്‍ ഒഴിവാക്കിയ പാനീയങ്ങള്‍ കുടുതല്‍ ഫലം ചെയ്യുന്നു എന്നതിനര്‍ഥം, രോഗസാധ്യത കുറയുന്നതിന് കഫീന്‍ മാത്രമല്ല കാരണം എന്നാണ്-പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.റേച്ചല്‍ ഹക്‌സ്‌ലി പറയുന്നു. ഓസ്‌ട്രേലിയയില്‍ സിഡ്്‌നി സര്‍വകലാശാലയിലെ ഗവേഷകയാണ് അവര്‍.

കാപ്പിയിലും ചായയിലും കാണപ്പെടുന്ന മഗ്നീഷ്യം അല്ലെങ്കില്‍ ലിഗ്നാന്‍സ് തുടങ്ങിയ നിരോക്‌സീകാരികള്‍ അതുമല്ലെങ്കില്‍ ക്ലോറോജനിക് ആസിഡുകള്‍ തുടങ്ങിയ രാസവസ്തുക്കളാകണം രോഗപ്രതിരോധശേഷി നല്‍കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.

ഏത് രാസവസ്തുക്കളാണ് ഗുണം ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍, പ്രമേഹ ചികിത്സയ്ക്ക് പുതിയ വഴി തുറക്കലാകും അത്.

എന്നാല്‍, ടൈപ്പ്-രണ്ട് പ്രമേഹവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ - പഠനത്തില്‍ ഉള്‍പ്പെട്ടവരുടെ ഭക്ഷണക്രമം, ശരീരഭാരം, വ്യായാമരീതി തുടങ്ങിയവ - വ്യക്തമാകാതെ പഠനഫലം ഉറപ്പിക്കാനാകില്ലെന്ന്, ഡയബറ്റിസ് യു.കെ.യിലെ ഡോ. വിക്ടോറിയ കിങ് അഭിപ്രായപ്പെടുന്നു.

'ഇത്തരം പ്രമേഹബാധയുടെ കാര്യത്തില്‍ ഒരു സംഗതി വ്യക്തമാണ്' അവര്‍ പറയുന്നു, 'ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗമാണിത്'. വ്യായാമം പോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും, ആരോഗ്യകരവും സംതുലിതവുമായ ഭക്ഷണം (കൊഴുപ്പും ഉപ്പും മധുരവും കുറഞ്ഞത്, പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയത്) ശീലമാക്കുകയും ചെയ്താല്‍ ടൈപ്പ്-രണ്ട് പ്രമേഹത്തെ അകറ്റി നിര്‍ത്താം. (അവലംബം: ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍).

5 comments:

Joseph Antony said...

ചായയും കാപ്പിയും പതിവായി കുടിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനം. മൂന്നോ നാലോ കപ്പ് ചായയോ കാപ്പിയോ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന്.....

Siju | സിജു said...

See this
http://www.nhs.uk/news/2009/12December/Pages/Tea-coffee-and-diabetes-risk.aspx

പ്രിയ said...

സന്തോഷായി .... അപ്പോ ഇനിതൊട്ട് പാലിത്തിരി കൂടിയാലും "പഞ്ചാരയൊട്ടും" കുറക്കാതെ ചായങ്ങട്ട് കുടിക്കാം ല്ലേ?

doubt is പഞ്ചസാര ഇടാത്ത ചായയാണോ കുടിക്കേണ്ടത്?

Joseph Antony said...

സിജു, സന്തോഷം, ഇവിടെയെത്തിയതിനും ആ ലിങ്ക് ചൂണ്ടിക്കാട്ടിയതിനും.

പ്രിയ, പഞ്ചസാരയില്ലാതെ എന്തോന്ന് ചായ...സന്തോഷമായി കുടിയെന്നേയ്.

പാലും പഞ്ചസാരയും ചേര്‍ത്ത് ചായയെ 'മലിനീകരണം' നടത്താന്‍ തുടങ്ങിയത് ഏതാനും നൂറ്റാണ്ട് മുമ്പ് സായിപ്പായിരുന്നുവത്രേ. നമ്മള്‍ ശുദ്ധമായ ചായ ഒരു മേമ്പൊടിയും ചേര്‍ക്കാതെ, അതിന്റെ യഥാര്‍ഥ രുചിയായ ചവര്‍പ്പും കയ്പും നുണഞ്ഞു തന്നെ കുടിച്ചിരുന്നവരായിരുന്നത്രേ. ആ സുവര്‍ണകാലത്തേക്ക് തിരിച്ചു പോകണമെങ്കില്‍, ചായയില്‍ നിന്ന് പാലും പഞ്ചസാരയും ഒഴിവാക്കാം. തെക്കന്‍ കേരളത്തില്‍ കാട്ടിനുള്ളില്‍ കഴിയുന്ന കാണിക്കാരില്‍ നല്ലൊരു പങ്ക് ഇപ്പോഴും പാലോ പഞ്ചസാരയോ ചായയില്‍ ചേര്‍ക്കാറില്ല.

itecnews said...

ചായക്കം കപ്പിക്കം വേണ്ടി എല്ലാവര്‍ഷവും ഗവേഷന്ണറിപ്പോര്‍ട്ട് വരാറുണ്ടു .അതിന് വലിയവാര്‍ത്താ പ്രാധാന്യവും ലഭിക്കാറുണ്ട്.
അതിനുപിന്നില്‍ വലിയവാണിജ്യ താല്‍പര്യം ഉള്ള കന്‍ബിനികളാന്ണ്.അടുത്തവര്‍ഷം ഇതുപോലൊരുഗവേഷണ റിപ്പോര്‍ട്ട് വരും കാത്തിരിക്കുക.
സജു.ആര്‍
തിരുവനന്തപുരം.