Monday, November 02, 2009

ഭൂമിയുടെ ജലചക്ര രഹസ്യം തേടി

ഭൗമജലചക്രത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'സ്‌മോസ്' ഉപഗ്രഹം യാത്രയായി. ഭൂമിയില്‍ വിവിധ അവസ്ഥകളില്‍ കാണപ്പെടുന്ന ജലത്തിന്റെ വിതരണവും സ്വാധീനവും സംബന്ധിച്ച് പുതിയ ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ ഈ ഉപഗ്രഹത്തിന്റെ നിരീക്ഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഭൗമോപരിതലത്തിലെ മണ്ണില്‍ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ അളവും, സമുദ്രങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെ തോതും മനസിലാക്കാന്‍ സഹായിക്കുന്ന ആഗോളമാപ്പ് ആദ്യമായി ഈ ഉപഗ്രഹം തയ്യാറാക്കും.

കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാക്കാനും, വെള്ളപ്പൊക്കം മുതലായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹം കണ്ടെത്തുന്ന വിവരങ്ങള്‍ സഹായിക്കും. 'ദി സോയില്‍ മോയ്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ സലയ്‌നിറ്റി' എന്നതിന്റെ ചുരുക്കപ്പേരാണ് സ്‌മോസ്.

റഷ്യയിലെ പ്ലിസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് സ്‌മോസ് ഉപഗ്രഹം വിക്ഷേപിച്ചത്. കുറഞ്ഞത് മൂന്ന് വര്‍ഷക്കാലം സ്‌മോസ് ഭൂമിയെ നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷ.

ആകെ ഒറ്റ ഉപകരണമേയുള്ള ഈ ഉപഗ്രഹത്തില്‍-'മിറാസ്' എന്ന പേരിലറിയപ്പെടുന്ന ഒരു ഇന്റര്‍ഫെറോമെട്രിക് റേഡിയോമീറ്റര്‍ മാത്രം. മണ്ണിലെ ജലാംശത്തിന്റെ വ്യത്യാസവും കടല്‍ജലത്തിലെ ലവണവ്യതിയാനവും അളക്കുക ഈ ഉപകരണമാണ്. ഭൗമോപരിതലത്തില്‍ നിന്ന് പ്രതിഫലിച്ചെത്തുന്ന മൈക്രോവേവ് തരംഗങ്ങളുടെ സഹായത്തോടെയാണ് മിറാസിന്റെ നിരീക്ഷണം.


ഭൗമപര്യവേക്ഷണ പരിപാടിയുടെ ഭാഗമായുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹങ്ങളില്‍ ഒന്നാണ് സ്‌മോസ്. എട്ട് ഉപഗ്രഹങ്ങളാണ് ഈ പരിപാടിയിലുള്ളത്. അവയില്‍ ആദ്യ ഉപഗ്രഹമായ 'ഗോസ്' (Goce) മുമ്പ് തന്നെ ഭ്രമണപഥത്തിലെത്തിയിരുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലങ്ങളിലുണ്ടാകുന്ന സൂക്ഷ്മവ്യതിയാനങ്ങള്‍ രേഖപ്പെടുത്തുകയാണ് ഗോസ് ഉപഗ്രഹത്തിന്റെ ദൗത്യം.

ഇതില്‍ രണ്ടാമത്തെ ഉപഗ്രഹമാണ് സ്‌മോസ് (Smos). ഈ പരമ്പരയില്‍ മൂന്നാമത്തെ ഉപഗ്രഹമായ 'ക്രയോസാറ്റ-2്' (Cryosat) അടുത്ത ഫിബ്രവരിയില്‍ വിക്ഷേപിക്കും. ഭൗമോപരിതലത്തിലെ ഹിമാവരണത്തിന്റെ സ്ഥിതിയാണ് ഈ ഉപഗ്രഹം പഠനവിധേയമാക്കുക.

ലേസറുകളുടെ സഹായത്തോടെ കാറ്റിന്റെ കണക്കെടുപ്പ് നടത്താനുള്ള ഇയോലസ് (Aeolus), ഭൂമിയുടെ കാന്തികമണ്ഡലം മാപ്പ് ചെയ്യാനുള്ള ഉപഗ്രഹത്രയമായ സ്വാം (Swarm), മേഘങ്ങളുടെ സ്വാധീനം മനസിലാക്കാനുള്ള എര്‍ത്ത്‌കെയര്‍ (Earthcare) എന്നിവയാണ് ഭൗമപര്യവേക്ഷണ പരമ്പരയിലെ മറ്റ് മൂന്ന് ഉപഗ്രഹങ്ങള്‍. ഇനി രണ്ടെണ്ണം കൂടി ഈ പരമ്പരയിലുണ്ട്. അവയുടെ തിരഞ്ഞെടുപ്പും ലക്ഷ്യങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളു.

ഏതാണ്ട് 46.5 കോടി ഡോളര്‍ (2200 കോടി രൂപ) ആണ് സ്‌മോസ് പദ്ധതിയുടെ ചെലവ്. ഫ്രാന്‍സും സ്‌പെയിനുമാണ് പദ്ധതിക്കായി മുന്‍കൈയെടുത്ത രാജ്യങ്ങള്‍. ഉപഗ്രഹത്തിലെ നിരീക്ഷണോപകരണം ശരിക്കു പ്രവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷം കൂടി അതിന്റെ കാലാവധി നീട്ടാനാകുമെന്ന്, ഇ.എസ്.എ. യിലെ മിഷന്‍ മാനേജര്‍ ഡോ.സുസന്നെ മെക്‌ലെന്‍ബര്‍ഗ് പറയുന്നു. (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി)

1 comment:

Joseph Antony said...

ഭൗമജലചക്രത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'സ്‌മോസ്' ഉപഗ്രഹം യാത്രയായി. ഭൂമിയില്‍ വിവിധ അവസ്ഥകളില്‍ കാണപ്പെടുന്ന ജലത്തിന്റെ വിതരണവും സ്വാധീനവും സംബന്ധിച്ച് പുതിയ ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ ഈ ഉപഗ്രഹത്തിന്റെ നിരീക്ഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ.