Monday, November 16, 2009

ചന്ദ്രനില്‍ വലിയ തോതില്‍ ജലസാന്നിധ്യം

'അമേരിക്കന്‍ ബോംബിങ്' ലക്ഷ്യം കണ്ടു

ഇന്ത്യയുടെ 'ചന്ദ്രയാന്‍-ഒന്ന്' ആ സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ട് അധികമായിട്ടില്ല, അതിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ചന്ദ്രപ്രതലത്തില്‍ നേരിയ തോതില്‍ ജലാംശം ഉണ്ടെന്നാണ് ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) തിരിച്ചറിഞ്ഞതെങ്കില്‍, ഭൂമിയുടെ ഉപഗ്രഹത്തിന്റെ ധ്രുവങ്ങളില്‍ വലിയ അളവില്‍ ജലമുണ്ടെന്നാണ് നാസയുടെ 'എല്‍-ക്രോസ്' ദൗത്യം നല്‍കുന്ന വിവരം. ചന്ദ്രന്റെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ വെള്ളമുണ്ടാകാം എന്ന സംശയത്തിന് നിവാരണമായിരിക്കുകയാണ് ഇതോടെ.

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുള്‍മൂടിയ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങിയ 'ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റ്‌ലൈറ്റ്' (എല്‍ക്രോസ്) പേടകമാണ് അവിടെ വന്‍തോതില്‍ വെള്ളമുണ്ട് എന്നതിന് തെളിവ് നല്‍കിയിരിക്കുന്നത്. തണുത്തുറഞ്ഞ കേബിയസ് ഗര്‍ത്തത്തില്‍ എല്‍ക്രോസ് ദൗത്യത്തിന്റെ ഭാഗമായ സെന്റോര്‍ റോക്കറ്റ് ഇടിച്ചിറങ്ങിയപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ ഹിമധൂളികളുമുണ്ടായിരുന്നു.

'ചന്ദ്രനില്‍ വലിയ അളവില്‍ വെള്ളമുണ്ടെന്നാണ് ഞങ്ങള്‍ കണ്ടെത്തയിരിക്കുന്നത്', എല്‍ക്രോസില്‍ നിന്നുള്ള വിവരങ്ങള്‍ അറിയിച്ചുകൊണ്ട്, പേടകത്തിന്റെ മുഖ്യഗവേഷകനായ അന്തോണി കൊലാപ്രീറ്റ് പറഞ്ഞു. 'ചന്ദ്രനില്‍ അമേരിക്കയുടെ ബോബാക്രമണം' എന്നാണ് എല്‍ക്രോസ് പരീക്ഷണത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 2200 കിലോഗ്രാം ഭാരമുള്ള സെന്റോര്‍ റോക്കറ്റ് ആദ്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്ന രീതിയിലായിരുന്നു പരീക്ഷണം. ഇടിയുടെ ആഘാതത്തില്‍ വന്‍തോതില്‍ ധൂളീപടലങ്ങള്‍ ഉയരുമ്പോള്‍, പിന്നാലെ പതിക്കുന്ന എല്‍ക്രോസ് പേടകം അതെക്കുറിച്ച് പഠനം നടത്തുകയായിരുന്നു ലക്ഷ്യം.

റോക്കറ്റ് പതിക്കുന്ന സ്ഥലത്ത് മഞ്ഞുപാളികളുണ്ടെങ്കില്‍ ഇടിയുടെ ആഘാതത്തില്‍ ഹിമധൂളികളും മുകളിലേക്ക് ഉയരും. സ്വാഭാവികമായും പിന്നാലെയെത്തുന്ന പേടകത്തിലെ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററിന് അത് മനസിലാക്കാന്‍ കഴിയും. റോക്കറ്റ് പതിക്കുമ്പോള്‍ അതിന്റെ ആഘാതത്തില്‍ പത്തു കിലോമീറ്റര്‍ ഉയരത്തില്‍ ധൂളീപടലങ്ങള്‍ ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഭൂമിയിലുള്ള ടെലിസ്‌കോപ്പുകള്‍ക്കു കൂടി ചന്ദ്രനില്‍ അത് നിരീക്ഷിക്കാനാകും എന്നും കരുതിയിരുന്നു. എന്നാല്‍, 1.6 കിലോമീറ്റര്‍ ഉയരത്തില്‍ മാത്രമേ ധൂളീപടലങ്ങള്‍ ഉയര്‍ന്നുള്ളു.

റോക്കറ്റിടിയുടെ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ എല്‍-ക്രോസിലെ ഉപകരണത്തിന് മഞ്ഞുകണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞു. ഹൈഡ്രോക്‌സില്‍ (HO) തന്മാത്രകളുടെ സാന്നിധ്യം മനസിലാക്കാന്‍ ആള്‍ട്രാവയലറ്റ്-വിസിബിള്‍ സ്‌പെക്ട്രോമീറ്ററും സഹായിച്ചു. ജലസാന്നിധ്യത്തിന്റെ രാസമുദ്രയുമായി യോജിക്കുന്ന വര്‍ണരാജി എല്‍-ക്രോസ് ഡേറ്റയില്‍ നിന്ന് ലഭിച്ചതായി ഡോ. കൊലാപ്രീറ്റ് അറിയിക്കുന്നു.

നൂറ് കിലോഗ്രാമിലേറെ വെള്ളത്തിന്റെ സാന്നിധ്യം എല്‍ക്രോസ് ഡേറ്റയില്‍ നിന്ന് ഗവേഷകര്‍ക്ക് മനസിലാക്കാനായി. സെന്റോര്‍ റോക്കറ്റ് ഇടിച്ചിറങ്ങിയ സ്ഥലത്ത് രൂപപ്പെട്ട 20-30 മീറ്റര്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയതാണ് അത്രയും ഹിമധൂളീപടലം. ഇപ്പോഴത്തേത് പ്രാഥമിക കണക്കുകള്‍ മാത്രമാണെന്നും, വെള്ളത്തിന്റെ കൃത്യമായ അളവും മറ്റ് കാര്യങ്ങളും മനസിലാക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ അറിയിച്ചു.

'ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, എല്‍-ക്രോസ് പരീക്ഷണം ഒരു സ്ഥലത്തെ ജലസാന്നിധ്യമാണ് പരിശോധിച്ചത് എന്നതാണ്'-പരീക്ഷണത്തിന് നേതൃത്വം വഹിക്കുന്നവരില്‍ ഒരാളായ ബ്രൗണ്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഷൂള്‍സ് പറഞ്ഞു. 'ഒരു സ്ഥലത്ത് ഇത്രയും വെള്ളമുണ്ടെങ്കില്‍, ഇത്തരം വേറെയും സ്ഥലങ്ങള്‍ അതിനടുത്ത് കണ്ടത്താന്‍ സാധ്യതയുണ്ട്'.

ഭൂമിയിലെ ഏത് മരുഭൂമിയെക്കാളും ഊഷരമായ ഒന്നായാണ് ചന്ദ്രപ്രതലം കാണപ്പെടുന്നത്. എന്നാല്‍, ചന്ദ്രനില്‍ സ്ഥിരമായി നിഴല്‍ വീണുകിടക്കുന്ന ഗര്‍ത്തങ്ങളുണ്ട്. ഒരിക്കലും സൂര്യപ്രകാശമേല്‍ക്കാത്ത ആ സ്ഥലങ്ങളില്‍, അതിശീതാവസ്ഥയില്‍ തണുത്തുറഞ്ഞ രീതിയില്‍ വെള്ളമുണ്ടാകാം എന്നത്, ഗവേഷകരുടെ ഏറെക്കാലമായുള്ള അനുമാനമാണ്. അത് തെറ്റിയില്ല എന്നാണ് എല്‍ക്രോസ് നല്‍കിയ വിവരം തെളിയിക്കുന്നത്.

ഉപയോഗിക്കാന്‍ പാകത്തിലുള്ള വെള്ളമാണ് ചന്ദ്രന്റെ ധ്രുവങ്ങളിലേതെങ്കില്‍, ഭാവിയില്‍ മനുഷ്യന്റെ ഗോളാന്തരപര്യടനങ്ങള്‍ക്ക് സഹായകമായ ഒന്നാകും അത്. 'ചന്ദ്രനിലേത് കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയും'-നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ മുഖ്യഗവേഷകന്‍ മൈക്ക് വാര്‍ഗോ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ആ വെള്ളം വിഘടിപ്പിച്ചാല്‍ ജീവവായുവും ലഭിക്കും, അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ ഘടകങ്ങള്‍ ഓക്‌സിജനും ഹൈഡ്രജനുമാകയാല്‍, അതിനെ റോക്കറ്റ് ഇന്ധമാക്കി മാറ്റാനും ചിലപ്പോള്‍ സാധിച്ചേക്കും.

1972-ലാണ് ഏറ്റവും ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയത്. അപ്പോളോ ദൗത്യത്തിന് ശേഷം ഇതുവരെ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല. 2020-ഓടെ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനാണ് നാസയുടെ പരിപാടി. അത്തരം ഭാവി ദൗത്യങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താനാകുന്നതാണ് ചന്ദ്രനിലെ ജലസാന്നിധ്യം.

ഇന്ത്യയുടെ ചന്ദ്രയാന്‍-ഒന്ന് ഉള്‍പ്പടെ മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ചന്ദ്രപ്രതലത്തില്‍ നേരിയ കനത്തില്‍ വെള്ളമുണ്ടെന്ന വിവരം പുറത്തു വന്നത് സപ്തംബറിലാണ്. സൂര്യനില്‍ നിന്നുള്ള ഹൈഡ്രജന്‍ അയണുകളാണ് ഈ ജലസാന്നിധ്യം ഉണ്ടാക്കുന്നതിന് കാരണമെന്നും, അങ്ങനെയുണ്ടാകുന്ന വെള്ളം കാലങ്ങളായി ധ്രുവങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നും ഗവേഷകര്‍ അനുമാനിച്ചിരുന്നു. ഒപ്പം ധൂമകേതുക്കള്‍ പതിച്ചും ചന്ദ്രപ്രതലത്തില്‍ വെള്ളമെത്തുന്നുണ്ട്.

ചന്ദ്രന്റെ നിഴല്‍ വീണ ധ്രുവഗര്‍ത്തങ്ങളില്‍ അതിശീതാവസ്ഥയാണുള്ളത്. എല്‍ക്രോസ് ഇടിച്ചിറങ്ങിയ കേബിയസ് ഗര്‍ത്തത്തില്‍ താപനില മൈനസ് 230 ഡിഗ്രി സെല്‍സിയസ് ആണ്. തണുത്തുറഞ്ഞ് ഇരുള്‍മൂടിയ അത്തരം ഗര്‍ത്തങ്ങള്‍ക്ക് ചന്ദ്രന്റെ മാത്രമല്ല സൗരയൂഥത്തിന്റെയും ചരിത്രം പറയാനായേക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

2009 ജൂണ്‍ 18-നാണ് എല്‍ക്രോസ്, ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍ഒ) എന്നീ ദൗത്യങ്ങളെ ഒരുമിച്ച് നാസ വിക്ഷേപിച്ചത്. എല്‍.ആര്‍.ഒ. ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച് നിരീക്ഷണം തുടരുകയാണ്. (അവലംബം: നാസ)

കാണുക

8 comments:

Joseph Antony said...

ഇന്ത്യയുടെ 'ചന്ദ്രയാന്‍-ഒന്ന്' ആ സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ട് അധികമായിട്ടില്ല, അതിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ചന്ദ്രപ്രതലത്തില്‍ നേരിയ തോതില്‍ ജലാംശം ഉണ്ടെന്നാണ് ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) തിരിച്ചറിഞ്ഞതെങ്കില്‍, ഭൂമിയുടെ ഉപഗ്രഹത്തിന്റെ ധ്രുവങ്ങളില്‍ വലിയ അളവില്‍ ജലമുണ്ടെന്നാണ് നാസയുടെ 'എല്‍-ക്രോസ്' ദൗത്യം നല്‍കുന്ന വിവരം. ചന്ദ്രന്റെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ വെള്ളമുണ്ടാകാം എന്ന സംശയത്തിന് നിവാരണമായിരിക്കുകയാണ് ഇതോടെ.

മുക്കുവന്‍ said...

its already written in both Bible and Qran.. :)

ശ്രീ said...

പോസ്റ്റ് വിജ്ഞാനപ്രദം!

ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് said...

നാളെ ഏകകോശ ജീവികളെയും കടെത്തി യേകും

Ashly said...

:) Nice

അങ്കിള്‍ said...

ജോസഫ് ആന്റണിയുടെ ഈ മെയിൽ വിലാസം തപ്പിയിട്ട് കിട്ടിയില്ല. അതു കൊണ്ടാണു ഈ സാഹസം.

ഈ ലിങ്കൊന്നു നോക്കൂ.

താങ്കൾക്ക് താല്പര്യമുള്ള വിഷയം.

Joseph Antony said...

മുക്കുവന്‍,
ശ്രീ,
ഉന്ന്യ....,
ക്യാപ്ടന്‍,
അങ്കിള്‍,
ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും സന്തോഷം, സ്വാഗതം.

അങ്കിള്‍, എന്റെ ഇ-മെയില്‍ വിലാസം josephamboori@gmail.com എന്നാണ്. അങ്കിള്‍ നല്‍കിയ ലിങ്ക് കണ്ടു, തീര്‍ച്ചയായും താത്പര്യജനകം. ഈ വിഷയം പക്ഷേ കുറിഞ്ഞി ഓണ്‍ലൈന്‍ ഏഴ് മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തതാണ്, അതിരുകള്‍ മായ്ക്കാന്‍ സിക്ത് സെന്‍സ് എന്ന പേരില്‍.

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

ശാസ്ത്ര ഗതിയിലെ പാപ്പുടി . [ മസ്റെരിന്റെ ലേഗനം കണ്ടോ നാസയുടെ തട്ടിപ്പാനേ എന്നാണേ പറയുന്നത് ] ?[
ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു.